Tuesday, September 13, 2016

ഗവേഷണ പത്രത്തിന്‍റെ പോയ്‌മറഞ്ഞ പൂക്കാലം

                           




















 ഗവേഷണ പത്രത്തിന്‍റെ  പോയ്‌മറഞ്ഞ  പൂക്കാലം

------------------------------------------------------------------------------------------------------
    "  കേരള പഠനങ്ങള്‍ "  എന്നത്  ,   മലയാള സാംസ്‌കാരിക പത്ര  രംഗത്ത് ഒരിക്കല്‍ മാത്രം സംഭവിച്ച വസന്തമായിരുന്നു  . 1993 ഏപ്രില്‍ തൊട്ട്  1997 ജാനുവരി വരെ മാത്രം  ജീവിച്ച ത്രൈമാസ ഗവേഷണ പ്രസിദ്ധീകരണം .  പുറത്തിറങ്ങിയത് , 150- ഓളം പേജുകള്‍  വീതമുള്ള  6 ലക്കങ്ങള്‍  . വിഷയങ്ങളില്‍ മുന്‍‌തൂക്കം ചരിത്രത്തിനായിരുന്നു . ഓരോ വിഷയവും മലയാളത്തില്‍ ആദ്യത്തേതായിരുന്നു എന്നു പൊതുവേ പറയാം . ഇതോടൊപ്പം ചേര്‍ക്കുന്ന ഉള്ളടക്ക പേജുകള്‍ നോക്കിയാലറിയാം , എത്ര ഒറിജിനലായിരുന്നു പത്രത്തിന്‍റെ ഉള്ളടക്കമെന്ന് .  ഓരോ വാക്കിന്‍റെയും മുകളിലൂടെ   എഡിറ്ററുടെ പേന കടന്നുപോയിട്ടുണ്ട് എന്നു നമുക്കു വിശ്വാസം വരുന്ന വിധം നിലവാരമേറിയ ടെക്സ്റ്റാണ്  ഓരോ കൃതിയുടേതും . ഓരോ ലക്കവും കാത്തിരുന്നു വായിക്കാന്‍ , ഉയര്‍ന്ന തരം വായനക്കാരും ഗവേഷകരും ഒട്ടേറെയുണ്ടായിരുന്നു .  എഡിറ്റ് ചെയ്തത്  നമ്മുടെ ഡോ : കെ . ടി . റാംമോഹന്‍ സാര്‍ . എറണാകുളത്തെ ചിത്തിര പ്രിന്‍റേഴ്സ്  ‌ആന്‍ഡ്  പബ്ലിഷേഴ്സ്  ആയിരുന്നു പ്രസാധകര്‍ . ഒരു സാംസ്കാരിക - ഗവേഷണ പത്രം ഇതുപോലെ ഉന്നത നിലവാരത്തില്‍ ,  പക്വതയോടെ എഡിറ്റ് ചെയ്യപ്പെട്ട് മലയാളത്തില്‍ വായിക്കാന്‍ കിട്ടുമെന്ന്  അന്നോളം ഞാന്‍ കരുതിയിരുന്നില്ല . ധിഷണയുടെ വലിയ ഉയരങ്ങള്‍ കണ്ട , ഗവേഷകനായ ,  ഒരു എഡിറ്ററുടെ സാന്നിധ്യം ആധുനിക മലയാളത്തില്‍ ഞാന്‍ ആദ്യമായി കാണുകയായിരുന്നു . അതിന്‍റെ അകാല വിയോഗം  ഇന്നും ദുഃഖിപ്പിക്കുന്നു . (  ചെറുപ്പത്തിലേ വിടപറഞ്ഞ എം. മുരളീധരന്‍ എന്ന സാംസ്കാരിക പ്രതിഭയ്ക്കു സമര്‍പ്പിച്ചതാണ്  അവസാന ലക്കം  .  അതില്‍ ,  ജെ . ദേവിക ഗസ്റ്റ് എഡിറ്ററായി ,  " സ്ത്രീ പ്രമേയങ്ങള്‍ "  മുഖ്യമായ  , ലക്കം 7  പുറത്തിറങ്ങുമെന്ന പരസ്യം ചേര്‍ത്തിരുന്നു . ) രണ്ടു പതിറ്റാണ്ടായിട്ടും ആ പത്രത്തിനോ ആ എഡിറ്റര്‍ക്കോ പിന്‍ഗാമികള്‍ ഉണ്ടായില്ല എന്നത് ഒരു സത്യം വെളിവാക്കുന്നു  :  എല്ലാവര്‍ക്കും  വിജയിപ്പിക്കാന്‍ കഴിയുന്നതല്ല , അന്തസ്സുള്ള ആ എഡിറ്റിങ് ; എല്ലാവര്‍ക്കും ഏറ്റെടുക്കാന്‍ കഴിയുന്നതല്ല , ലാഭേച്ഛയില്ലാത്ത  ആ പത്രപ്രസാധനം .
                      വായനക്കാരെ  ആശിപ്പിച്ച്  " പെരുവഴിയിലാക്കിയ "  പത്രാധിപര്‍ക്ക്  ഒരു ബാധ്യതയുണ്ടെന്ന്  ഓര്‍മിപ്പിക്കാനാണ് ഈ കുറിപ്പ്  : ഗവേഷണ പത്ര രംഗത്ത് ഇവിടെ അങ്ങയെപ്പോലെ മറ്റൊരു എഡിറ്റര്‍ വന്നുചേരുമെന്നു കരുതാനാവുന്നില്ല . ആ  പീഠം കൈയേല്‍ക്കാന്‍ യോഗ്യതയുള്ള മറ്റൊരാള്‍  കണ്‍‌വെട്ടത്തില്ല . മലയാളം അര്‍ഹിക്കുന്നുണ്ട്  വീണ്ടും അങ്ങയുടെ സേവനം . ( അതിന്‍റെ മുന്നോടിയായി  , ഒന്നാം ഘട്ടത്തിലെ മുഴുവന്‍ ലക്കങ്ങളും ചേര്‍ത്ത് ഒരു പുസ്തകമായി പുറത്തിറക്കുക . മലയാളത്തിന്‍റെ അഭിമാനകരമായ ഈടുവ‌യ്പ്പിലേയ്ക്ക് അത് മുതല്‍ക്കൂട്ടാവട്ടെ . ) വരിക , ധിഷണയുടെ ആ പൂക്കാലം വീണ്ടും  തളിര്‍ക്കട്ടെ .