Friday, May 24, 2019

കായലില്‍ രൂപംകൊണ്ട പുലയസഭ

 













പരമന്‍ കോടതിയില്‍ നിന്നു പുറത്തായതെങ്ങനെ ?









ദലിത കാലങ്ങള്‍ക്ക് അക്‌ഷര ശില്‍‌പം

ദലിത കാലങ്ങള്‍ക്ക് അക്‌ഷര ശില്‍‌പം 
________________________
മറ്റു വിശേഷണങ്ങളൊന്നും തൃപ്‌തികരമായി തോന്നാത്തതുകൊണ്ട് ചില നോവലുകളെ " ആധുനിക 
ക്‌ളാസ്സിക് " എന്നാണു ഞാന്‍ എനിക്കുവേണ്ടി തരംതിരിച്ചിരിക്കുന്നത് . മനസ്സു നിറയുന്ന വായനാനുഭവമാണ് 
അവ തരുന്നത് . മറ്റൊരാളോട് അതേപ്പറ്റി വിശദീകരിക്കേണ്ടി വരുമ്പോള്‍ എന്‍റെ ഭാഷ 
അപൂര്‍ണമായിപ്പോകാറാണു പതിവ് . സി . വി . രാമന്‍ പിള്ളയുടെ നോവല്‍ ത്രയങ്ങള്‍ , കേശവദേവിന്‍റെ " 
അയല്‍‌ക്കാര്‍ " , എസ് . ഇ . ജയിംസിന്‍റെ " സംവത്‌സരങ്ങള്‍ " തുടങ്ങി ഏതാനും രചനകളേയുള്ളൂ 
അത്തരത്തില്‍ ഞാന്‍ വായിച്ചതായിട്ട് . ഇപ്പോഴിതാ , എന്‍റെ ആ സ്വന്തം തരംതിരിവിലേയ്ക്ക് ഒരെണ്ണംകൂടെ 
എത്തിയിരിക്കുന്നു : " തീണ്ടാപ്പാട് " എന്ന നോവല്‍ ; മുടക്കാരിന്‍ എന്ന പുതിയ എഴുത്തുകാരന്‍റേതാണ് . ( 480 
പേജുണ്ട് ; 500 രൂപയാണു വില . എറണാകുളം പെരുമ്പാവൂരിലെ " യെസ് പ്രസ് ബുക്‌സ് " ആണു 
പ്രസാധകര്‍ ; മൊബൈല്‍ : 9142577778 , 9142088887 ).
തിരുവിതാംകൂറിലെ പറയ ജാതിക്കാരുടെ ഇതിഹാസ തുല്യമായ ദുരിത ജീവിത സഹനങ്ങളും , 
തമ്പുരാക്കന്‍‌മാരില്‍ ഉള്‍‌ക്കിടിലമുണ്ടാക്കിയ അവരുടെ അമാനുഷ കൈക്കരുത്തിന്‍റെ അഞ്‌ജാത കഥകളും , 
സംഘശക്‌തി കൊണ്ട് അനീതിക്കു തടയിടുന്ന " പൊയ്‌കയില്‍‌ക്കൂട്ട " ത്തിന്‍റെ അദ്‌ഭുത സ്വത്വം 
വെളിവാക്കുന്ന നിമിഷദര്‍ശനവും , വിദ്യ നേടി പൊരുതിക്കയറിയ പുതു തലമുറയുടെ മധുരതരമായ 
കടം‌വീട്ടലും , എറണാകുളം മഹാരാജാസ് കോളെജില്‍ പുതിയ ദലിത് യുവതയുടെ ഉയിര്‍പ്പും , യുവ 
കമ്യൂണിസ്‌റ്റുകള്‍ അവിടെ രാഷ്ട്രീയ മാടമ്പിത്തത്തെ ചെറുക്കുന്നതും ... ഇങ്ങനെ ഒട്ടേറെയുണ്ടു ചിത്രങ്ങള്‍ 
എടുത്തുകാട്ടാന്‍ . ജാതിഭേദ ചിന്ത പത്തിവിടര്‍‌ത്തിയാടിയിരുന്ന ദുഷിച്ച കാലത്തില്‍ത്തന്നെ , ഒന്നിനും 
അതിരിടാനാവാത്ത പ്രണയത്തിന്‍റെ മഹത്ത്വം ഒരു കുളിര്‍‌കാറ്റു പോലെ വായനക്കാരെ വന്നു 
തഴുകിക്കടന്നുപോകുകയാണ് . മുന്‍ തലമുറകളില്‍ നിന്നു പകര്‍‌ന്നു കിട്ടിയ അറിവുകളും , സ്വന്തം അനുഭവ - 
നിരീക്‌ഷണങ്ങളുമാകണം കഥയുടെ അടിത്തറ എന്നു ഞാന്‍ ഊഹിക്കുന്നു . അതിന്‍‌മേല്‍ എഴുത്തുകാരന്‍റെ 
ഭാവന സ്വതന്ത്രമായി വിഹരിച്ചപ്പോഴാണ് , വരും തലമുറകളിലും അനുവാചകര്‍ വാഴ്‌ത്തിപ്പാടാന്‍ ഇടയുള്ള 
ഈ രചന സാധ്യമായത് എന്നും കരുതുന്നു . ഒരു നവാഗതനില്‍ നിന്ന് ഒട്ടും പ്രതീക്‌ഷിക്കാനാവാത്ത വിധം 
ഉത്തമമായ ഭാഷ കൊണ്ട് അലങ്കരിച്ചിരിക്കുന്ന കഥ . ലാളിത്യമാണ് ഈ ഭാഷയെ ആകര്‍ഷകമാക്കുന്നത് . 
അഴകും കരുത്തുമുള്ള വാക്യങ്ങളും , സൂക്‌ഷ്‌മമായ വാക്‌പ്രയോഗങ്ങളും . അടിത്തട്ടു സമൂഹങ്ങള്‍ 
ഉപയോഗിച്ചിരുന്ന നാട്ടുഭാഷയുടെ തനിമയെന്തെന്ന് സമൃദ്ധമായി കാണാം . നീണ്ട കാലത്തെ പ്രയത്‌നം 
കൊണ്ടല്ലാതെ ഈ അക്‌ഷര ശില്‍‌പം മെനഞ്ഞുണ്ടാക്കുക സാധ്യമല്ല . ദലിത കാലങ്ങള്‍ കഥകളിലാക്കാന്‍ 
വരുന്നവര്‍ക്കു വഴികാട്ടിയായേക്കും " തീണ്ടാപ്പാട് " .








Thursday, May 16, 2019

വള്ളോനെ നേരിട്ടത് ഇങ്ങനെ .

വള്ളോനെ നേരിട്ടത് ഇങ്ങനെ .











Saturday, May 11, 2019

അടിമക്കച്ചവട രേഖകള്‍ കേരളം വീണ്ടെടുക്കണം

1 March,2019 , FB 



അടിമക്കച്ചവട രേഖകള്‍ കേരളം വീണ്ടെടുക്കണം
--------------------------------------------------------------------------------------
വിനില്‍ പോളിന്‍റെ " കാടും കടലും കടന്ന കേരളത്തിലെ അടിമകള്‍ " എന്ന ലേഖനത്തിന് ( മാതൃഭൂമി വാരിക , 17.2.2019 ) വലിയ വിലയുണ്ട് . അതില്‍ നിന്ന് അടിയന്തര പ്രാധാന്യമുള്ള ഒരു കാര്യം മാത്രം എടുത്തു കാണിക്കയാണ് എന്‍റെ ഉദ്ദേശ്യം .

ലേഖനത്തില്‍ പറയുന്ന കൊച്ചിയിലെ അടിമക്കച്ചവടത്തെപ്പറ്റിയുള്ള ഡച്ച് രേഖാ ശേഖരം ( Acten Van Transport ) 14 മാസം മുന്‍‌‌പാണു ഞാന്‍ ചെന്നൈയിലെ തമിഴ്‌നാട് സ്റ്റേയ്റ്റ് ആര്‍ക്കൈവ്‌സില്‍ കണ്ടുമുട്ടുന്നത് . ഏകദേശം 400 പേജ് വീതമുള്ള 27 ഫയലുകള്‍കിട്ടി . 1753 മുതല്‍ ആറ് പതിറ്റാണ്ടു നീളുന്ന കാലഘട്ടത്തിലേതാണ് അവ . 13 ഫയലുകള്‍ പരിശോധിച്ചു ഞാന്‍ ( ഇക്കാര്യം 20.10.2017 -ന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു ) .

നികൃഷ്‌ടമായ ജാതിവാഴ്ചയുടെ മുഖ്യ നടത്തിപ്പുകാരായിരുന്നു , ജനാധിപത്യ യുഗപ്പിറവി വരെ നായര്‍ ജാതിക്കാര്‍ . എന്നാല്‍ , വാളും ചുഴറ്റിനടന്ന് അയിത്തജാതിക്കാരെ നേരിട്ടിരുന്ന അതേ പ്രമാണികളുടെ കൂട്ടത്തില്‍നിന്ന് , അതേ കാലത്ത് , കൊച്ചി രാജ്യത്തിലെ ഡച്ച് കോളനിവാഴ്ചക്കാര്‍ ആളുകളെപ്പിടിച്ച്അടിമകളാക്കിയിരുന്നു അയിത്തജാതിക്കാരോടൊപ്പം ! വിറ്റും ലേലം ചെയ്‌തും കപ്പല്‍ കയറ്റി അവരെയും വിദേശങ്ങളിലേയ്ക്ക് , വിശേഷിച്ച്
ആഫ്‌റിക്കയിലേയ്ക്ക് അയച്ചിരുന്നു അയിത്തക്കാരോടൊപ്പം ! പ്രസ്തുത Dutch Records പ്രകാരം തന്നെ , നീണ്ട ആറു പതിറ്റാണ്ടെങ്കിലും തുടര്‍ന്നു ആ രാജ്യാന്തര അടിമക്കച്ചവടം . നായന്‍മാരെയും ( Nayro ) അടിമകളാക്കി
കയറ്റിയയച്ചിരുന്നു എന്നത് ഒരു കേരളചരിത്ര രചനയിലും ഇടംപിടിച്ചിട്ടില്ല എന്നു തോന്നുന്നു . Jacob Canter Visscher എന്ന ഡച്ച് പാതിരിയുടെ കത്തുകള്‍ ചേര്‍ത്തുവച്ചു കേരളചരിത്രമെഴുതിയ കെ . പി . പദ്‌മനാഭമേനോന്‍റെ "
കൊച്ചിരാജ്യ ചരിത്ര " ത്തില്‍ പോലും കണ്ടില്ലല്ലോ ഇതേപ്പറ്റി ! ജാതിവാഴ്ചയുടെ അധികാരികളില്‍ ചിലര്‍ അതിന്‍റെ ഇരകളുടെ നിലയിലേയ്ക്കു താഴ്ന്നത് എങ്ങനെ എന്ന ചോദ്യത്തെക്കൂടിയാണ് നാമിപ്പോള്‍ നേരിടാന്‍ തുടങ്ങുന്നത് . ഇവിടെ പറയുന്ന അടിമക്കച്ചവട രേഖകള്‍ , നമ്മുടെ പേരുകേട്ട മറ്റു കേരളചരിത്ര രചനക്കാരും കണ്ടിട്ടില്ല !

കയറ്റുമതി ലിസ്റ്റില്‍ നായന്‍‌മാരെക്കാള്‍ പല പല മടങ്ങ് കൂടുതലുണ്ട് " Poelia " ( " Poelichie " - യും ) , " Parea " , " Chego " ( " Chegotty " - യും ) , " Oellad " , " Kanaka " , " Paniei " , " Corua " തുടങ്ങിയ അയിത്തജാതിക്കാര്‍ . വേട്ടുവ ജാതിയിലെ Aijapen പിന്നീടു Diana-യായും , Chakij പിന്നെ Rosinda-യായും , അഞ്ചു വയസ്സുകാരന്‍ Coren എന്ന പറയ കുട്ടി Februarij ആയും ,
Coemaren ചോവന്‍ ( Chego Coemaren ) Januarij ആയും , Aijen പുലയന്‍ Februarij ആയും , Ittij പുലയന്‍ Jupiter ആയും , Mattoe പുലയന്‍ April ആയും , മൂന്നു വയസ്സുകാരന്‍ Candon ചോവന്‍ Aron ആയും ,
Coelij എന്ന പറയി Dorotea ആയും , 11 വയസ്സുകാരി Manij എന്ന ചോവത്തി ( Chegotta caste ) Christina ആയും , പുലയരായ Ramen , Toemaoij എന്നിവര്‍ Februarij , Neptunus എന്നിവരായും , Ittij Callij
ചോവത്തി Helina-യായുമൊക്കെ പേരും മതവും മാറ്റപ്പെട്ടാണ് പല പല ഡച്ച് അധീന രാജ്യങ്ങളില്‍ ചെന്നുചേര്‍ന്നത് . മേല്‍ സൂചിപ്പിച്ച ഡച്ച് രേഖകളിലെ ഒരു ഫയല്‍ മാത്രം പഠനത്തിനുപയോഗിച്ച Linda Mbeki , Matthias van Rossum എന്നീ വിദേശ ഗവേഷകരുടെ " Private slave trade in the Dutch Indian Ocean world . . . " എന്ന പ്രബന്ധത്തിലുമുണ്ട് (http://www.tandfonline.com/…/…/10.1080/0144039X.2016.1159004)
ഇത്തരം വിവരങ്ങള്‍ .

അടിമകളെ ചന്തയിലെത്തിച്ചവരുടെ വീട്ടുപേരും സ്ഥലപ്പേരുമുണ്ടു മിക്ക രേഖകളിലും . ഇന്നും തിരിച്ചറിയാന്‍ കഴിയും അവ എന്നാണു തോന്നുന്നത് . അടിമകളെ വാങ്ങിയവരുടെ വിവരങ്ങളുമുണ്ട് . ഇവിടെയാണ് കേരളത്തിലെ
ഗവേഷകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും കഴിവ് മാറ്റുരയ്ക്കപ്പെടാന്‍ പോകുന്നത് . നമ്മുടെ പൂര്‍വികരുടെ ദുരിതജീവിത പ്രയാണത്തെക്കുറിച്ച് ഇത്രയധികം അറിവുകള്‍ കിട്ടാനുള്ളപ്പോള്‍ , അവരുടെ അക്കാലവും പിന്‍ തലമുറകളുടെ ഗതിവിഗതികളും തിരഞ്ഞു കണ്ടുപിടിക്കാന്‍ നമുക്ക് കഴിയേണ്ടതാണ് .

വീരന്‍ എന്നു കേള്‍വിപ്പെട്ട , ക്രിമിനലും വന്‍ കച്ചവട പ്രമാണിയുമായിരുന്ന ശക്തന്‍ തമ്പുരാന്‍റെ റോള്‍ എന്തായിരുന്നു ഈ മനുഷ്യവിരുദ്ധ കൂട്ടിക്കൊടുപ്പില്‍ എന്നതാവണം മറ്റൊരു ഗവേഷണ വിഷയം . സ്‌തുതിപാഠകനും കൊച്ചി രാജ്യ സര്‍വാധികാര്യക്കാരുമായിരുന്ന പുത്തേഴത്ത് രാമന്‍ മേനോന്‍ എഴുതിയ ശക്തന്‍ ജീവിതചരിത്രത്തില്‍പോലുമുണ്ട് ഗവേഷകര്‍ക്കു ധാരാളം വഴിച്ചാലുകള്‍ . അടിമക്കച്ചവടത്തിന്‍റെ പങ്ക് കിട്ടിയോ ശക്തന് ? കൗതുകത്തിനുവേണ്ടി ധാരാളം കാപ്പിരി അടിമകളെ വാങ്ങി വളര്‍ത്തിയിരുന്ന അയാള്‍ അവരെ പിന്നീട് എന്തുചെയ്തു എന്ന് പുത്തേഴന്നും പറയാന്‍ കഴിയാത്തതുകൊണ്ട് , ആ നിഗൂഢതയിലേയ്ക്കും ഇറങ്ങിച്ചെല്ലേണ്ടത് പുതിയ കാലത്തിന്‍റെ കടമയാണ് . കൊന്നോ , തിന്നോ ? പാടവരമ്പ് ഉറപ്പിക്കാന്‍ വെട്ടിക്കൊന്നിട്ടു മൂടിയോ ? കോവിലകങ്ങളിലെ കുലദേവതകള്‍ക്കു ബലികൊടുത്തോ ? നമ്മുടെ പുലയ-പറയ ഓര്‍മകളില്‍ ഒരുപാടുണ്ടല്ലോ അത്തരം കഠിനക്കൈയുകള്‍ .

കേരളത്തിന്‍റെ , വിശേഷിച്ചു കൊച്ചി രാജ്യത്തിന്‍റെ , ഒന്നേ മുക്കാല്‍ നൂറ്റാണ്ടോളം നീളുന്ന ( 1657-1825 ) ഒരു ചരിത്ര ഘട്ടം അതി വിശദമായി ഒപ്പിയെടുത്തുവച്ചിരിക്കുന്ന 1633 ഫയലുകള്‍ ( കുറഞ്ഞത് മൂന്നു ലക്ഷത്തില്‍‌പ്പരം പേജുകള്‍ ) ചെന്നൈ ആര്‍ക്കൈസിലെ ഡച്ച് രേഖാ ശേഖരത്തിലുണ്ട് . അവയില്‍ മഹാഭൂരിപക്ഷവും സ്വന്തം ചെലവില്‍ സ്‌കാന്‍ ചെയ്ത് നെതര്‍ലാന്‍റിലെ ആംസ്‌ടെര്‍ഡാം യൂണിവേഴ്സിറ്റി കൊണ്ടുപോയിട്ടുണ്ട് ; അത് അവരുടെ ഡാറ്റ ബാങ്കില്‍ സൂക്ഷിച്ചിട്ടുമുണ്ട് . ഹാര്‍ഡ് ഡിസ്‌ക്കുകളുടെ കോപ്പി അവര്‍ ചെന്നൈ ആര്‍ക്കൈവ്‌സിനു നല്‍കിയിട്ടുണ്ട് . ഇന്നോളം നാം കണ്ടിട്ടില്ലാത്ത കേരള ചരിത്ര സത്യങ്ങളാണ് ആ രേഖകളില്‍ ഉറങ്ങിക്കിടാക്കുന്നത് . ഇതറിയാന്‍ , അവയുടെ കാറ്റലോഗിലേയ്ക്ക് ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി . കേരള ചരിത്രപഠനത്തിന് ഒഴിച്ചുകൂടാനാവാത്ത ഈ രേഖാശേഖരത്തിന്‍റെ കോപ്പി നമ്മുടെ ആര്‍ക്കൈവ്‌സിനു വേണ്ടി നേടിയെടുക്കേണ്ടതിന്‍റെ പ്രാധാന്യം ഞാന്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു . ( ഇങ്ങനെ ചെന്നൈയില്‍നിന്നു വീണ്ടെടുക്കേണ്ട പ്രധാന കേരളചരിത്ര രേഖകളുടെ ഒരു ലിസ്‌റ്റ് തന്നെ അന്നത്തെ ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ക്ക് അയച്ചു കൊടുത്തു . കാര്യം സര്‍ക്കാരിലേയ്ക്ക് എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം എന്നെ അറിയിച്ചതുമാണ് . ) അതിന്‍റെ ഗതി എന്തുതന്നെയായാലും സര്‍ക്കാര്‍ അടിയന്തിരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട് . കാരണം , കടലാസായാലും കമ്പ്യൂട്ടര്‍ ഡിസ്‌ക്കായാലും അവ
നീണ്ട കാലം ചെന്നൈയില്‍ സുരക്ഷിതമായിരിക്കും എന്നു പറയാനാവില്ല . ( ഞാന്‍ മാതൃഭൂമിവാരികയ്ക്ക് അയച്ചതിന്‍റെ പൂര്‍ണ രൂപം )

Monday, May 6, 2019

വള്ളോനും കായല്‍ സമ്മേളനവും , അയ്യന്‍‌കാളിയും പഞ്ചമിയും

FB , 5.5.19
വള്ളോനും കായല്‍ സമ്മേളനവും ,
അയ്യന്‍‌കാളിയും പഞ്ചമിയും
______________________________________

15 കൊല്ലം മുന്‍‌പാണ്   എന്‍റെ " കായലില്‍ രൂപംകൊണ്ട  പുലയസഭ "  മാതൃഭൂമി വാരികയില്‍ വന്നത്  (  2004

ഫെബ്രു. 22 , 29 ലക്കങ്ങള്‍ ) . അതിനു പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണമുണ്ടായിരുന്നു .  കെ . പി .

വള്ളോന്‍റെ ജീവിതഘട്ടത്തെ അടുത്തറിഞ്ഞിരുന്ന ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള വൃദ്ധജനങ്ങള്‍ അവരുടെ ഓര്‍‌മ

പങ്കുവച്ചിട്ടുണ്ട് എന്നോട് . വള്ളോന്‍റെ മകന്‍ അഡ്വ. കെ . വി . കുമാരന്‍ സാറുമായി പലവട്ടം , നീണ്ട

മണിക്കൂറുകള്‍ സംസാരിച്ചിട്ടുണ്ട് .  ഇത്തരം വാമൊഴിയറിവുകളോടൊപ്പം , ഒരു പടി കൂടുതലായി ഞാന്‍

വിലവച്ചത്   പണ്ഡിറ്റ് കെ . പി . കറുപ്പന്‍റെയും  ടി . കെ . കൃഷ്ണമേനോന്‍റെയും  മറ്റുള്ളവരുടെയും

ഓര്‍‌മക്കുറിപ്പുകളെയാണ് . ( അവ പരിശോധിക്കുന്ന എന്‍റെ ലേഖനവും ഉള്‍പ്പെടുന്ന 2009 -ലെ "

അയ്യന്‍‌കാളി‌യ്‌ക്ക്  ആദരത്തോടെ "  എന്ന പുസ്‌തകത്തിന്‍റെ  ലിങ്ക് ഇവിടെ ചേര്‍ക്കുന്നു :   https://drive.google.com/drive/folders/0B_WZxntPdha3fnpIQ2haRlVmMF9IaXpKYkFkU1BSdGVZdWxRYTNaX3EzekZCVXVSVkNoU28?usp=sharing   

.  എന്‍റെ " കെ . പി . വള്ളോന്‍ നിയമസഭയില്‍ "  എന്ന പുസ്‌തകത്തിന്‍റെയും ലിങ്ക് ചേര്‍ക്കുന്നു

:   https://drive.google.com/drive/folders/0B_WZxntPdha3fjdwNzdpckRTaW45aXkzY3oxVFJSUUxEeTVTQ19jWHg2VWJuZGtVRWlwUXM?

usp=sharing  ) . കൊച്ചിയിലെ കായല്‍ സമ്മേളനം അഥവാ " വള്ളംകെട്ടു സമ്മേളനം " എന്നു പില്‍‌ക്കാലത്ത്

അറിയപ്പെട്ട ആ മഹാ സംഭവം   ( 21 . 4 . 1913 )   എല്ലാ കാലങ്ങള്‍ക്കുമായി  റിപ്പോര്‍ട് ചെയ്ത ഒരേയൊരാളാണു

മേനോന്‍ . പില്‍ക്കാലത്ത് വലിയ ജനനായകനായി നാടു നിറഞ്ഞുനിന്ന വള്ളോന്‍റെ ഓരോ ഘട്ടത്തിനും

സാക്ഷിയായിരുന്നു അദ്ദേഹം . വാക്കുകള്‍ കൊണ്ടു വള്ളോന്‍  പ്രകമ്പനം കൊള്ളിച്ച കൊച്ചി നിയമസഭയുടെ

സെക്രട്ടറിയുമായിരുന്നു ആ സാംസ്‌കാരിക നായകന്‍ . അദ്ദേഹം സഹായിക്കാത്ത സാധു സമൂഹങ്ങള്‍ അന്നു

കുറവായിരിക്കും .  വള്ളോന്‍ ജീവിതം വിട്ടകന്ന്  8  കൊല്ലം പിന്നിട്ടപ്പോഴാണ് മേനോന്‍റെ ഇതിഹാസ മാനമുള്ള

ആത്‌മകഥ , " The Days That Were "   (  എറണാകുളം , 1949 )  പുറത്തുവരുന്നത് . അതിന്‍റെ  തര്‍‌ജുമ 2011-ല്‍

കേരള സാഹിത്യ  അക്കാഡമി പ്രസിദ്ധീകരിച്ചിട്ടുണ്ട് . അതിലാണ്  ,  തന്‍റെ 21 . 4 . 1913 -ന്‍റെ

ഡയറിക്കുറിപ്പില്‍ നിന്ന് അദ്ദേഹം പകര്‍ത്തുന്നിടത്താണ് , കായല്‍ സമ്മേളനം എന്നു കരുതാവുന്ന

സംഭവത്തിന്‍റെ സൂചനയുള്ളത് . കൊച്ചിയിലെ അടിത്തട്ടു സമൂഹങ്ങളുടെ ഉയര്‍ച്ചയുമായി ബന്ധപ്പെട്ട

ആധികാരിക വിശദാംശങ്ങള്‍ ഒട്ടേറെയുള്ള പുസ്‌തകമാണത് . എന്നിട്ടും കായല്‍ സമ്മേളന കാലത്ത് വള്ളോന്‍

ചിത്രത്തിലേ ഇല്ല എന്നാണ് ആ രചനയില്‍ നിന്നു മനസ്സിലാകുന്നത്  .  കായലിലെ ആ കൂടിച്ചേരലിനു നേതൃത്വം

കൊടുത്തു എന്നു ന്യായമായും കരുതാവുന്നയാളാണു കറുപ്പന്‍ ( എന്നാല്‍ ,  കായല്‍ സമ്മേളനത്തെപ്പറ്റി

മാസ്റ്റര്‍ എവിടെയെങ്കിലും സൂചിപ്പിച്ചതായിപ്പോലും കണ്ടിട്ടില്ല ! ) കറുപ്പന്‍റെയും മേനോന്‍റെയും നേതൃത്വത്തില്‍

പിറ്റേ മാസം  25-ന്  എറണാകുളം സെയ്ന്‍റ്  അല്‍ബെര്‍ട്‌സ്  ഹൈസ്‌കൂളില്‍ ചേര്‍ന്ന

മഹാസമ്മേളനത്തിലാണ് " കൊച്ചി പുലയ സഭ " രൂപവത്‌കരിച്ചത് . അതുമായി ബന്ധപ്പെട്ട കറുപ്പന്‍റെ

വിശദമായ ലേഖനത്തിലും വരുന്നില്ല വള്ളോന്‍ . എന്തിന് , 5 കൊല്ലം കഴിഞ്ഞു കറുപ്പന്‍ തൃശ്ശൂരിലേയ്ക്കു സ്‌ഥലം

മാറ്റം കിട്ടി പോകുമ്പോള്‍ പോലും വള്ളോന്‍ നേതൃത്വത്തിലെത്തിയിട്ടില്ല ( കറുപ്പന്‍ 1934-ല്‍ ദേവധാര്‍ക്കു

സമര്‍പ്പിച്ച റിപ്പോര്‍ടില്‍ നിന്ന്  ,  കവിതിലകന്‍ പണ്ഡിറ്റ് കെ . പി . കറുപ്പന്‍റെ സമ്പൂര്‍‌ണ്ണ കൃതികള്‍ - 2 ,

ഇടക്കൊച്ചി , 1992  ) . കായല്‍ സമ്മേളനം പ്രത്യക്ഷത്തില്‍ തന്നെ വിഷയമാകുന്ന രണ്ട് ആദ്യ ലേഖനങ്ങളില്‍  ഒന്ന്

,  " എന്‍റെ ഗുരുനാഥന്‍ " എന്ന തലക്കെട്ടില്‍ കറുപ്പനെക്കുറിച്ച്  കെ . വി . കുമാരന്‍ ,  എഴുതിയതാണ്  (

കറുപ്പന്‍ സ്‌മാരക സോവിനിയര്‍ , ഇടക്കൊച്ചി , 1952 ) . അവിടെയുമില്ല വള്ളോന്‍ .  ( വളരെക്കഴിഞ്ഞാണ്

അദ്ദേഹം കായല്‍    സമ്മേളന നേതൃത്വം  വള്ളോന്‍റെ പേരിലാക്കുന്നത് .  അതിനുവേണ്ടി വള്ളോന്‍റെ

ജനനത്തീയതി  മാറ്റി മാറ്റി പറയേണ്ടിവന്നു !  )  പക്ഷെ , അദ്ദേഹത്തിന്‍റെതന്നെ മുന്‍‌കൈയില്‍  1981-ല്‍

പുറത്തുവന്ന " കെ . പി . വള്ളോന്‍ സ്‌മരണിക " ( തിരുവനന്തപുരം ) യില്‍   സത്യം തെളിഞ്ഞുകിടപ്പുണ്ട് .

വള്ളോന്‍റെ അരുമ ശിഷ്യരും പില്‍‌ക്കാല മന്ത്രിമാരുമായ പി . കെ . ചാത്തന്‍ മാസ്‌റ്ററും കെ . കൊച്ചുകുട്ടനും

എഴുതിയ ലേഖനങ്ങളില്‍ വള്ളോന്‍റെ വയസ്സ് സൂചിപ്പിക്കുന്നുണ്ട് . 1941-ല്‍  " നാല്‍‌പത് വയസ്സു തികയുന്നതിനു

മുമ്പ് ശ്രീ . വള്ളോന്‍  മരണമടഞ്ഞു  "   എന്നു ചാത്തന്‍ മാസ്‌റ്ററും   ( പേജ് 76 ) ,  " മരിക്കുമ്പോള്‍

അദ്ദേഹത്തിന് 40 വയസില്‍ കവിയാന്‍ ഇടയില്ല " എന്നു കൊച്ചുകുട്ടനും ( പേജ് 54 )  പറയുന്നുണ്ട് .

    മുന്‍ കണ്ട കറുപ്പന്‍ സോവനീറില്‍ മറ്റൊരു വിശിഷ്‌ട വ്യക്‌തിയും എഴുതിയിട്ടുണ്ടു കായല്‍ സമ്മേളനത്തെപ്പറ്റി

. കറുപ്പന്‍റെ ശിഷ്യയും വള്ളോന്‍റെ സുഹൃത്തും , പഴയ എറണാകുളം പട്ടണത്തിന്‍റെ അഭിമാന സ്‌ഥാപനമായ

" അബലാശരണ " ത്തിന്‍റെ നായികയുമായ സിസ്‌റ്റര്‍ തപസ്വിനിയാണത് . കൃഷ്ണേതിയെക്കുറിച്ചല്ലാതെ ,

വള്ളോനെപ്പറ്റി സൂചിപ്പിക്കുന്നില്ല അവരും  ( പേജ് 119 ) . സമസ്ത കൊച്ചി പുലയ മഹാസഭാ നേതാവും , രാജ്യസഭാ

- നിയമസഭാ അംഗവും  മറ്റുമായിരുന്ന കെ . കെ . മാധവന്‍ മാസ്‌റ്റര്‍ 1983-ലെ കെ . പി . എം . എസ് .

സോവനീറില്‍ എഴുതിയ ലേഖനത്തിലും കടന്നുവരുന്നില്ല വള്ളോന്‍ ( മാസ്റ്റര്‍ എളങ്കുന്നപ്പുഴ സ്‌കൂളില്‍ നിയമനം

കിട്ടി ചെന്നപ്പോള്‍ മേശപ്പുറത്തു തൂമ്പ കൊണ്ടുവച്ച സവര്‍ണ തെമ്മാടികളെ , മണ്ണിന്‍റെ മക്കളുടെ കൈക്കരുത്ത്

 അറിയിച്ചുവിട്ടത് ഇതേ വള്ളോനും സംഘവുമായിരുന്നു എന്നു കേട്ടിട്ടുണ്ട്  ) . വള്ളോന്‍ തന്നെ  പഴയ

പുലയസഭാ രൂപവത്‌കരണത്തെപ്പറ്റി 26 . 2 .1932 - ന് കൊച്ചി നിയമസഭയില്‍  പ്രസംഗിക്കുന്നിടത്തുപോലുമില്ല

തന്‍റെ പങ്കാളിത്ത വിവരം . നവോത്ഥാന കൊച്ചിയെ കഥകളിലാക്കിയ നമ്മുടെ പ്രിയനായ ടി . കെ . സി .

വടുതലയുടെ ലേഖന സമാഹാരത്തിലെ ( വ്യക്‌തിമാഹാത്മ്യം , കെ. ആര്‍ . ബ്രദേഴ്‌സ് , കോഴിക്കോട് , 1959 )

കായല്‍ സമ്മേളന ഭാഗത്തും കാണുന്നില്ല വള്ളോനെ . 1928-ല്‍  കൊച്ചി നിയമസഭയില്‍ ആദ്യ പുലയ അംഗമായി

നിയമിതനായ  പി . സി . ചാഞ്ചന്‍റെ മകന്‍ പി . സി . കൊച്ചുകൃഷ്ണന്‍ എഴുതുന്നിടത്തും വരുന്നില്ല വള്ളോന്‍ (

ഇടക്കൊച്ചി ജ്‌ഞാനോദയം സഭ പ്‌ളാറ്റിനം ജൂബിലി സ്‌മരണിക , 1993 ) . ഇനിയും നിരത്താം തെളിവുകള്‍ .

പറഞ്ഞുവരുന്നത് , ചരിത്ര സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്തു വേണ്ടത് ഭാവനയല്ല , വസ്‌തുതയും

തെളിവുകളും സാഹചര്യത്തെളിവുകളും സൂക്ഷ്മ വിശകലനവുമാണ് . നമ്മുടെ ഇഷ്ടപ്രകാരം ചരിത്രത്തെ

വളച്ചൊടിക്കുന്നത് ,   കഥയിലായാലും ലേഖനത്തിലായാലും ,അക്കാലത്തെ ജനങ്ങളോടു  ചെയ്യുന്ന

അനീതിയാണ് . സാധാരണക്കാര്‍ കാലങ്ങളായി പറഞ്ഞുവരുന്ന പലതും , വെറും കേട്ടുകേള്‍വി വച്ചു

പൊലിപ്പിച്ചെടുത്തതായിരിക്കും . അതില്‍ നിന്ന് , ചുരുങ്ങിയത് മേല്‍ വിവരിച്ചതുപോലെയെങ്കിലും സത്യം

കണ്ടെത്തുക എന്നതാണ് പുതിയ എഴുത്തുകാരുടെയും കലാ പ്രവര്‍ത്തകരുടെയും ഒന്നാമത്തെ കടമ .

അയ്യന്‍‌കാളിയാണ് കായല്‍ സമ്മേളനത്തിനു പിന്നിലെന്നു വരെ പറയുന്നവരെയും കാണാം . ആരെങ്കിലും

പറഞ്ഞു കേട്ടു എന്നതായിരിക്കും അവരുടെ ന്യായം ( അയ്യന്‍‌കാളിയോടുള്ള ആദരം മൂലം അതു നിഷേധിക്കാനും

മടിക്കും സാധാരണ കേള്‍വിക്കാരും വായനക്കാരും ) . തുടരന്വേഷണവും അലച്ചിലും പഠനവുമൊന്നും അത്തരം "

നിര്‍മാതാക്ക "ളെ അലട്ടുന്നേയില്ല . ഉത്തരവാദിത്വബോധമുള്ള എഴുത്തുകാരും മറ്റും ആ കെട്ടുകഥകളെ

പരിശോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ എന്തുണ്ടാകും എന്നതിന്‍റെ ഉദാഹരണമാണ്  " അയ്യന്‍‌കാളിയും

പഞ്ചമിയും " എന്ന  ആധുനിക കഥാ നിര്‍‌മിതി . ഒരു ഐതിഹ്യത്തെ വിശകലനം ചെയ്യുമ്പോള്‍ , രേഖാപരമായ

തെളിവുകളുണ്ടെങ്കില്‍ അവയ്ക്കാണു മുന്‍‌ഗണന നല്‍കേ‌ണ്ടതെന്നും , കേട്ടുകേള്‍‌വിയടി‌സ്‌ഥാനമാക്കിയുള്ള

എഴുത്തുകളെ ആ രേഖകളുടെ വെളിച്ചത്തിലാണു വിലയിരുത്തേണ്ടതെന്നും

തിരിച്ചറിയാതെപോയതുകൊണ്ടുണ്ടായ ദുരന്തമാണ് ആ മിത്ത് . മാത്രമല്ല , ഊരൂട്ടമ്പലം സ്‌കൂള്‍ പ്രവേശ

സമരത്തിലെ ദലിത് ക്രിസ്‌ത്യന്‍ പോരാളികളോടു ചെയ്യുന്ന കടുത്ത അനീതിയാണത് . അവര്‍ അനുഭവിച്ച

ബലാത്സംഗം ഉള്‍പ്പെടെയുള്ള ഭീകര മര്‍‌ദനങ്ങള്‍ മറച്ചുവയ്ക്കലാണ് . അവരാണ് സ്വന്തം പെണ്‍‌കുട്ടികളെ ചേര്‍ക്കാന്‍

ചെന്നതും ലഹളയില്‍ കലാശിച്ചതുമെന്നു വ്യക്‌തമാക്കുന്ന ആധികാരിക രേഖകളുണ്ട് (  29 . 12 . 2013 -നും  26 . 1

. 2014 - നും മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഞാന്‍ എഴുതിയിട്ടുണ്ട് അത് ) . പിറ്റേന്നു മുതലാണ് അയ്യന്‍‌കാളി ആ

സമരത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുന്നത് . ചുരുക്കത്തില്‍ , അന്വേഷണത്തിന്‍റെയും ഗവേഷണ

പഠനങ്ങളുടെയും ദുരിതം താങ്ങാന്‍ കരളുറപ്പുള്ള ആര്‍ക്കു മുന്നിലും തുറന്നുകിടപ്പുണ്ട് സത്യത്തിന്‍റെ വാതില്‍ .