Monday, May 6, 2019

വള്ളോനും കായല്‍ സമ്മേളനവും , അയ്യന്‍‌കാളിയും പഞ്ചമിയും

FB , 5.5.19
വള്ളോനും കായല്‍ സമ്മേളനവും ,
അയ്യന്‍‌കാളിയും പഞ്ചമിയും
______________________________________

15 കൊല്ലം മുന്‍‌പാണ്   എന്‍റെ " കായലില്‍ രൂപംകൊണ്ട  പുലയസഭ "  മാതൃഭൂമി വാരികയില്‍ വന്നത്  (  2004

ഫെബ്രു. 22 , 29 ലക്കങ്ങള്‍ ) . അതിനു പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണമുണ്ടായിരുന്നു .  കെ . പി .

വള്ളോന്‍റെ ജീവിതഘട്ടത്തെ അടുത്തറിഞ്ഞിരുന്ന ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള വൃദ്ധജനങ്ങള്‍ അവരുടെ ഓര്‍‌മ

പങ്കുവച്ചിട്ടുണ്ട് എന്നോട് . വള്ളോന്‍റെ മകന്‍ അഡ്വ. കെ . വി . കുമാരന്‍ സാറുമായി പലവട്ടം , നീണ്ട

മണിക്കൂറുകള്‍ സംസാരിച്ചിട്ടുണ്ട് .  ഇത്തരം വാമൊഴിയറിവുകളോടൊപ്പം , ഒരു പടി കൂടുതലായി ഞാന്‍

വിലവച്ചത്   പണ്ഡിറ്റ് കെ . പി . കറുപ്പന്‍റെയും  ടി . കെ . കൃഷ്ണമേനോന്‍റെയും  മറ്റുള്ളവരുടെയും

ഓര്‍‌മക്കുറിപ്പുകളെയാണ് . ( അവ പരിശോധിക്കുന്ന എന്‍റെ ലേഖനവും ഉള്‍പ്പെടുന്ന 2009 -ലെ "

അയ്യന്‍‌കാളി‌യ്‌ക്ക്  ആദരത്തോടെ "  എന്ന പുസ്‌തകത്തിന്‍റെ  ലിങ്ക് ഇവിടെ ചേര്‍ക്കുന്നു :   https://drive.google.com/drive/folders/0B_WZxntPdha3fnpIQ2haRlVmMF9IaXpKYkFkU1BSdGVZdWxRYTNaX3EzekZCVXVSVkNoU28?usp=sharing   

.  എന്‍റെ " കെ . പി . വള്ളോന്‍ നിയമസഭയില്‍ "  എന്ന പുസ്‌തകത്തിന്‍റെയും ലിങ്ക് ചേര്‍ക്കുന്നു

:   https://drive.google.com/drive/folders/0B_WZxntPdha3fjdwNzdpckRTaW45aXkzY3oxVFJSUUxEeTVTQ19jWHg2VWJuZGtVRWlwUXM?

usp=sharing  ) . കൊച്ചിയിലെ കായല്‍ സമ്മേളനം അഥവാ " വള്ളംകെട്ടു സമ്മേളനം " എന്നു പില്‍‌ക്കാലത്ത്

അറിയപ്പെട്ട ആ മഹാ സംഭവം   ( 21 . 4 . 1913 )   എല്ലാ കാലങ്ങള്‍ക്കുമായി  റിപ്പോര്‍ട് ചെയ്ത ഒരേയൊരാളാണു

മേനോന്‍ . പില്‍ക്കാലത്ത് വലിയ ജനനായകനായി നാടു നിറഞ്ഞുനിന്ന വള്ളോന്‍റെ ഓരോ ഘട്ടത്തിനും

സാക്ഷിയായിരുന്നു അദ്ദേഹം . വാക്കുകള്‍ കൊണ്ടു വള്ളോന്‍  പ്രകമ്പനം കൊള്ളിച്ച കൊച്ചി നിയമസഭയുടെ

സെക്രട്ടറിയുമായിരുന്നു ആ സാംസ്‌കാരിക നായകന്‍ . അദ്ദേഹം സഹായിക്കാത്ത സാധു സമൂഹങ്ങള്‍ അന്നു

കുറവായിരിക്കും .  വള്ളോന്‍ ജീവിതം വിട്ടകന്ന്  8  കൊല്ലം പിന്നിട്ടപ്പോഴാണ് മേനോന്‍റെ ഇതിഹാസ മാനമുള്ള

ആത്‌മകഥ , " The Days That Were "   (  എറണാകുളം , 1949 )  പുറത്തുവരുന്നത് . അതിന്‍റെ  തര്‍‌ജുമ 2011-ല്‍

കേരള സാഹിത്യ  അക്കാഡമി പ്രസിദ്ധീകരിച്ചിട്ടുണ്ട് . അതിലാണ്  ,  തന്‍റെ 21 . 4 . 1913 -ന്‍റെ

ഡയറിക്കുറിപ്പില്‍ നിന്ന് അദ്ദേഹം പകര്‍ത്തുന്നിടത്താണ് , കായല്‍ സമ്മേളനം എന്നു കരുതാവുന്ന

സംഭവത്തിന്‍റെ സൂചനയുള്ളത് . കൊച്ചിയിലെ അടിത്തട്ടു സമൂഹങ്ങളുടെ ഉയര്‍ച്ചയുമായി ബന്ധപ്പെട്ട

ആധികാരിക വിശദാംശങ്ങള്‍ ഒട്ടേറെയുള്ള പുസ്‌തകമാണത് . എന്നിട്ടും കായല്‍ സമ്മേളന കാലത്ത് വള്ളോന്‍

ചിത്രത്തിലേ ഇല്ല എന്നാണ് ആ രചനയില്‍ നിന്നു മനസ്സിലാകുന്നത്  .  കായലിലെ ആ കൂടിച്ചേരലിനു നേതൃത്വം

കൊടുത്തു എന്നു ന്യായമായും കരുതാവുന്നയാളാണു കറുപ്പന്‍ ( എന്നാല്‍ ,  കായല്‍ സമ്മേളനത്തെപ്പറ്റി

മാസ്റ്റര്‍ എവിടെയെങ്കിലും സൂചിപ്പിച്ചതായിപ്പോലും കണ്ടിട്ടില്ല ! ) കറുപ്പന്‍റെയും മേനോന്‍റെയും നേതൃത്വത്തില്‍

പിറ്റേ മാസം  25-ന്  എറണാകുളം സെയ്ന്‍റ്  അല്‍ബെര്‍ട്‌സ്  ഹൈസ്‌കൂളില്‍ ചേര്‍ന്ന

മഹാസമ്മേളനത്തിലാണ് " കൊച്ചി പുലയ സഭ " രൂപവത്‌കരിച്ചത് . അതുമായി ബന്ധപ്പെട്ട കറുപ്പന്‍റെ

വിശദമായ ലേഖനത്തിലും വരുന്നില്ല വള്ളോന്‍ . എന്തിന് , 5 കൊല്ലം കഴിഞ്ഞു കറുപ്പന്‍ തൃശ്ശൂരിലേയ്ക്കു സ്‌ഥലം

മാറ്റം കിട്ടി പോകുമ്പോള്‍ പോലും വള്ളോന്‍ നേതൃത്വത്തിലെത്തിയിട്ടില്ല ( കറുപ്പന്‍ 1934-ല്‍ ദേവധാര്‍ക്കു

സമര്‍പ്പിച്ച റിപ്പോര്‍ടില്‍ നിന്ന്  ,  കവിതിലകന്‍ പണ്ഡിറ്റ് കെ . പി . കറുപ്പന്‍റെ സമ്പൂര്‍‌ണ്ണ കൃതികള്‍ - 2 ,

ഇടക്കൊച്ചി , 1992  ) . കായല്‍ സമ്മേളനം പ്രത്യക്ഷത്തില്‍ തന്നെ വിഷയമാകുന്ന രണ്ട് ആദ്യ ലേഖനങ്ങളില്‍  ഒന്ന്

,  " എന്‍റെ ഗുരുനാഥന്‍ " എന്ന തലക്കെട്ടില്‍ കറുപ്പനെക്കുറിച്ച്  കെ . വി . കുമാരന്‍ ,  എഴുതിയതാണ്  (

കറുപ്പന്‍ സ്‌മാരക സോവിനിയര്‍ , ഇടക്കൊച്ചി , 1952 ) . അവിടെയുമില്ല വള്ളോന്‍ .  ( വളരെക്കഴിഞ്ഞാണ്

അദ്ദേഹം കായല്‍    സമ്മേളന നേതൃത്വം  വള്ളോന്‍റെ പേരിലാക്കുന്നത് .  അതിനുവേണ്ടി വള്ളോന്‍റെ

ജനനത്തീയതി  മാറ്റി മാറ്റി പറയേണ്ടിവന്നു !  )  പക്ഷെ , അദ്ദേഹത്തിന്‍റെതന്നെ മുന്‍‌കൈയില്‍  1981-ല്‍

പുറത്തുവന്ന " കെ . പി . വള്ളോന്‍ സ്‌മരണിക " ( തിരുവനന്തപുരം ) യില്‍   സത്യം തെളിഞ്ഞുകിടപ്പുണ്ട് .

വള്ളോന്‍റെ അരുമ ശിഷ്യരും പില്‍‌ക്കാല മന്ത്രിമാരുമായ പി . കെ . ചാത്തന്‍ മാസ്‌റ്ററും കെ . കൊച്ചുകുട്ടനും

എഴുതിയ ലേഖനങ്ങളില്‍ വള്ളോന്‍റെ വയസ്സ് സൂചിപ്പിക്കുന്നുണ്ട് . 1941-ല്‍  " നാല്‍‌പത് വയസ്സു തികയുന്നതിനു

മുമ്പ് ശ്രീ . വള്ളോന്‍  മരണമടഞ്ഞു  "   എന്നു ചാത്തന്‍ മാസ്‌റ്ററും   ( പേജ് 76 ) ,  " മരിക്കുമ്പോള്‍

അദ്ദേഹത്തിന് 40 വയസില്‍ കവിയാന്‍ ഇടയില്ല " എന്നു കൊച്ചുകുട്ടനും ( പേജ് 54 )  പറയുന്നുണ്ട് .

    മുന്‍ കണ്ട കറുപ്പന്‍ സോവനീറില്‍ മറ്റൊരു വിശിഷ്‌ട വ്യക്‌തിയും എഴുതിയിട്ടുണ്ടു കായല്‍ സമ്മേളനത്തെപ്പറ്റി

. കറുപ്പന്‍റെ ശിഷ്യയും വള്ളോന്‍റെ സുഹൃത്തും , പഴയ എറണാകുളം പട്ടണത്തിന്‍റെ അഭിമാന സ്‌ഥാപനമായ

" അബലാശരണ " ത്തിന്‍റെ നായികയുമായ സിസ്‌റ്റര്‍ തപസ്വിനിയാണത് . കൃഷ്ണേതിയെക്കുറിച്ചല്ലാതെ ,

വള്ളോനെപ്പറ്റി സൂചിപ്പിക്കുന്നില്ല അവരും  ( പേജ് 119 ) . സമസ്ത കൊച്ചി പുലയ മഹാസഭാ നേതാവും , രാജ്യസഭാ

- നിയമസഭാ അംഗവും  മറ്റുമായിരുന്ന കെ . കെ . മാധവന്‍ മാസ്‌റ്റര്‍ 1983-ലെ കെ . പി . എം . എസ് .

സോവനീറില്‍ എഴുതിയ ലേഖനത്തിലും കടന്നുവരുന്നില്ല വള്ളോന്‍ ( മാസ്റ്റര്‍ എളങ്കുന്നപ്പുഴ സ്‌കൂളില്‍ നിയമനം

കിട്ടി ചെന്നപ്പോള്‍ മേശപ്പുറത്തു തൂമ്പ കൊണ്ടുവച്ച സവര്‍ണ തെമ്മാടികളെ , മണ്ണിന്‍റെ മക്കളുടെ കൈക്കരുത്ത്

 അറിയിച്ചുവിട്ടത് ഇതേ വള്ളോനും സംഘവുമായിരുന്നു എന്നു കേട്ടിട്ടുണ്ട്  ) . വള്ളോന്‍ തന്നെ  പഴയ

പുലയസഭാ രൂപവത്‌കരണത്തെപ്പറ്റി 26 . 2 .1932 - ന് കൊച്ചി നിയമസഭയില്‍  പ്രസംഗിക്കുന്നിടത്തുപോലുമില്ല

തന്‍റെ പങ്കാളിത്ത വിവരം . നവോത്ഥാന കൊച്ചിയെ കഥകളിലാക്കിയ നമ്മുടെ പ്രിയനായ ടി . കെ . സി .

വടുതലയുടെ ലേഖന സമാഹാരത്തിലെ ( വ്യക്‌തിമാഹാത്മ്യം , കെ. ആര്‍ . ബ്രദേഴ്‌സ് , കോഴിക്കോട് , 1959 )

കായല്‍ സമ്മേളന ഭാഗത്തും കാണുന്നില്ല വള്ളോനെ . 1928-ല്‍  കൊച്ചി നിയമസഭയില്‍ ആദ്യ പുലയ അംഗമായി

നിയമിതനായ  പി . സി . ചാഞ്ചന്‍റെ മകന്‍ പി . സി . കൊച്ചുകൃഷ്ണന്‍ എഴുതുന്നിടത്തും വരുന്നില്ല വള്ളോന്‍ (

ഇടക്കൊച്ചി ജ്‌ഞാനോദയം സഭ പ്‌ളാറ്റിനം ജൂബിലി സ്‌മരണിക , 1993 ) . ഇനിയും നിരത്താം തെളിവുകള്‍ .

പറഞ്ഞുവരുന്നത് , ചരിത്ര സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്തു വേണ്ടത് ഭാവനയല്ല , വസ്‌തുതയും

തെളിവുകളും സാഹചര്യത്തെളിവുകളും സൂക്ഷ്മ വിശകലനവുമാണ് . നമ്മുടെ ഇഷ്ടപ്രകാരം ചരിത്രത്തെ

വളച്ചൊടിക്കുന്നത് ,   കഥയിലായാലും ലേഖനത്തിലായാലും ,അക്കാലത്തെ ജനങ്ങളോടു  ചെയ്യുന്ന

അനീതിയാണ് . സാധാരണക്കാര്‍ കാലങ്ങളായി പറഞ്ഞുവരുന്ന പലതും , വെറും കേട്ടുകേള്‍വി വച്ചു

പൊലിപ്പിച്ചെടുത്തതായിരിക്കും . അതില്‍ നിന്ന് , ചുരുങ്ങിയത് മേല്‍ വിവരിച്ചതുപോലെയെങ്കിലും സത്യം

കണ്ടെത്തുക എന്നതാണ് പുതിയ എഴുത്തുകാരുടെയും കലാ പ്രവര്‍ത്തകരുടെയും ഒന്നാമത്തെ കടമ .

അയ്യന്‍‌കാളിയാണ് കായല്‍ സമ്മേളനത്തിനു പിന്നിലെന്നു വരെ പറയുന്നവരെയും കാണാം . ആരെങ്കിലും

പറഞ്ഞു കേട്ടു എന്നതായിരിക്കും അവരുടെ ന്യായം ( അയ്യന്‍‌കാളിയോടുള്ള ആദരം മൂലം അതു നിഷേധിക്കാനും

മടിക്കും സാധാരണ കേള്‍വിക്കാരും വായനക്കാരും ) . തുടരന്വേഷണവും അലച്ചിലും പഠനവുമൊന്നും അത്തരം "

നിര്‍മാതാക്ക "ളെ അലട്ടുന്നേയില്ല . ഉത്തരവാദിത്വബോധമുള്ള എഴുത്തുകാരും മറ്റും ആ കെട്ടുകഥകളെ

പരിശോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ എന്തുണ്ടാകും എന്നതിന്‍റെ ഉദാഹരണമാണ്  " അയ്യന്‍‌കാളിയും

പഞ്ചമിയും " എന്ന  ആധുനിക കഥാ നിര്‍‌മിതി . ഒരു ഐതിഹ്യത്തെ വിശകലനം ചെയ്യുമ്പോള്‍ , രേഖാപരമായ

തെളിവുകളുണ്ടെങ്കില്‍ അവയ്ക്കാണു മുന്‍‌ഗണന നല്‍കേ‌ണ്ടതെന്നും , കേട്ടുകേള്‍‌വിയടി‌സ്‌ഥാനമാക്കിയുള്ള

എഴുത്തുകളെ ആ രേഖകളുടെ വെളിച്ചത്തിലാണു വിലയിരുത്തേണ്ടതെന്നും

തിരിച്ചറിയാതെപോയതുകൊണ്ടുണ്ടായ ദുരന്തമാണ് ആ മിത്ത് . മാത്രമല്ല , ഊരൂട്ടമ്പലം സ്‌കൂള്‍ പ്രവേശ

സമരത്തിലെ ദലിത് ക്രിസ്‌ത്യന്‍ പോരാളികളോടു ചെയ്യുന്ന കടുത്ത അനീതിയാണത് . അവര്‍ അനുഭവിച്ച

ബലാത്സംഗം ഉള്‍പ്പെടെയുള്ള ഭീകര മര്‍‌ദനങ്ങള്‍ മറച്ചുവയ്ക്കലാണ് . അവരാണ് സ്വന്തം പെണ്‍‌കുട്ടികളെ ചേര്‍ക്കാന്‍

ചെന്നതും ലഹളയില്‍ കലാശിച്ചതുമെന്നു വ്യക്‌തമാക്കുന്ന ആധികാരിക രേഖകളുണ്ട് (  29 . 12 . 2013 -നും  26 . 1

. 2014 - നും മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഞാന്‍ എഴുതിയിട്ടുണ്ട് അത് ) . പിറ്റേന്നു മുതലാണ് അയ്യന്‍‌കാളി ആ

സമരത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുന്നത് . ചുരുക്കത്തില്‍ , അന്വേഷണത്തിന്‍റെയും ഗവേഷണ

പഠനങ്ങളുടെയും ദുരിതം താങ്ങാന്‍ കരളുറപ്പുള്ള ആര്‍ക്കു മുന്നിലും തുറന്നുകിടപ്പുണ്ട് സത്യത്തിന്‍റെ വാതില്‍ .