Sunday, December 8, 2019

ഇന്ദുലേഖ - സ്‌തുതിക്കപ്പെടേണ്ട ഗവേഷണം












































 

___________________________________________
130 കൊല്ലം മുന്‍‌പ്  ഓ. ചന്തുമേനോന്‍ എഴുതി പ്രസിദ്ധീകരിച്ച " ഇന്ദുലേഖ "  എന്ന ആദ്യ മലയാള നോവലിന്‍റെ   ആദ്യ അച്ചടിപ്പ് തന്നെ  അതേപടി  വീണ്ടും പ്രസിദ്ധീകരിച്ചിരിക്കയാണ്  മനോരമ ബുക്‌സ് . നവോത്ഥാന പ്രസ്‌ഥാനത്തിന്  ഉണര്‍‌വേകിയ  കഥാ പ്രസ്‌ഥാനത്തിലെ ഒരു നാഴികക്കല്ലാണ്  ഈ കൃതി .  പില്‍‌ക്കാലത്ത് ചില മലയാളി എഴുത്തുകാരുടെ വികലമായ ആസ്വാദന ബോധം മൂലം വെട്ടിമുറിച്ചു വികൃതമാക്കപ്പെട്ട  സാഹിത്യ ശില്‍‌പം . അതിന്‍റെ  പിറവി രൂപംതന്നെ നമുക്കു മുന്നില്‍  എത്തിയിരിക്കുന്നത്  ,  മലയാള മനോരമ  ദിനപത്രത്തിലെ ഗവേഷകനായ  ഈ. കെ.  പ്രേംകുമാറിന്‍റെ  നിരന്തര അന്വേഷണം വഴിയാണ് . പിറവി ഘട്ടത്തില്‍ തന്നെ ഇന്ദുലേഖയെ  വലുതായി തുണച്ച പത്രമാണു മനോരമ .  5 കൊല്ലമെങ്കിലും നീണ്ട  അലച്ചിന്  ഒടുവിലാണ്   ലണ്ടനിലെ  ഇന്‍ഡ്യ ഓഫിസ്  ലൈബ്രറിയില്‍നിന്ന്   മൂലരൂപം   പ്രേംകുമാര്‍  കണ്ടെത്തിയത് .     അതിന്‍റെ  ആവേശകരമായ നാള്‍‌വഴി ഈ പുസ്‌തകത്തിന്‍റെ  70  പേജിലായി  അദ്ദേഹം  കുറിച്ചിട്ടുണ്ട്  ( അതിന്‍റെ  ചുരുക്കമാണ്  നവംബര്‍ ലക്കം ഭാഷാപോഷിണിയിലുള്ളത് ) . ഇന്ദുലേഖയോടു ചേര്‍ന്നുനില്‍‌ക്കുന്ന ചരിത്രഘട്ടത്തെയും , നോവലുമായി ബന്ധപ്പെട്ടു 2019 വരെയുണ്ടായ  സംഭവങ്ങളെയും വിവരിക്കുന്ന , 15 പേജുള്ള മറ്റൊരു  നാള്‍‌വഴിയുമുണ്ട് .


          ഇന്ദുലേഖാ നിര്‍‌മിതിയില്‍  ചന്തുമേനോനു  പ്രചോദനമായെന്നു കരുതാവുന്ന പല സംഭവങ്ങളുടെയും  സൂക്‌ഷ്മ  തലങ്ങളിലൂടെ  പ്രേംകുമാറിന്‍റെ  അന്വേഷണം നീളുന്നുണ്ട് .  ഗവേഷണരംഗത്തുള്ളവര്‍‌ക്ക് , വിശേഷിച്ചു  വിദ്യാര്‍ഥികള്‍‌ക്ക്  , വഴികാട്ടിയാകാന്‍ തക്കവിധം മൂല്യവത്താണ്  ആ യത്‌നം . കുഴഞ്ഞുമറിഞ്ഞുപോയ  ഒരു ചരിത്രസംഭവ പരമ്പരയുടെ കുരുക്ക് അഴിച്ചെടുക്കുന്നതെങ്ങനെ എന്നു കാണിച്ചുതരികയാണു പ്രേംകുമാര്‍ .

        " ചുട്ടുകരിച്ച്   ഭസ്‌മം  അറബിക്കടലില്‍ കലക്കണം "  എന്ന്   ഇന്ദുലേഖയ്‌ക്കു നേരെ     ഗര്‍‌ജിച്ച യാഥാസ്‌തിതികര്‍ക്ക്   പുതിയകാലത്ത് വേറെ തരം  പിന്‍‌ഗാമികളുണ്ടായത്   പ്രേംകുമാറിന്‍റെ  ലേഖനത്തില്‍ കാണാം.  പൊള്ളയായ അവകാശവാദവുമായി വരുന്ന തര്‍‌ജുമക്കാരെയും , എട്ടും പൊട്ടും തിരിയാത്ത നിരൂപകരെയുമൊക്കെ  കൂട്ടിമുട്ടുന്നുണ്ട്  ഈ വഴിയില്‍ .   

     വ്യക്‌തിപരമായി പറഞ്ഞാല്‍ ,    തിരിച്ചുകിട്ടിയ  ഇന്ദുലേഖ  വായിക്കുന്നതിനെക്കാള്‍  ആവേശകരമാണ്  ,  നിശ്‌ചയദാര്‍ഢ്യത്തോടെ  ഒരു  ഗവേഷകന്‍  പിന്നിട്ട വഴികളുടെ  അക്‌ഷര സാക്‌ഷ്യത്തിലൂടെ കടന്നുപോകുന്നത് .    നന്ദി , പ്രേംകുമാര്‍ .