Monday, March 2, 2020

ഇത്രയൊക്കെ ചെയ്‌തോ അക്കാഡമി പത്രം !



  



ഇത്രയൊക്കെ ചെയ്‌തോ  അക്കാഡമി പത്രം   !     
_______________________________________    
FB , 02 .3 . 2020

  കേരള സാഹിത്യ   അക്കാഡമിയുടെ  " സാഹിത്യലോകം "  ദ്വൈ

മാസികയ്‌ക്കു പ്രായം അര നൂറ്റാണ്ട് കഴിഞ്ഞു . 1969 ജൂലൈയില്‍

ദ്വൈമാസികയായിട്ടായിരുന്നു  പിറവി . 6 കൊല്ലം കഴിഞ്ഞ്   74 ജൂലൈയില്‍

നിലച്ചു . ഒരാണ്ടു കഴിഞ്ഞ്   75 ജൂലൈയില്‍ വീണ്ടുമുയര്‍‌ത്തെഴുന്നേറ്റത്

ത്രൈമാസികയായിട്ടാണ് . 13  കൊല്ലം കഴിഞ്ഞ്  88 ജൂലൈയില്‍

പുറത്തുവന്നതും ,   പിന്നീടിന്നുവരെ തുടരുന്നതും  ദ്വൈമാസിക എന്ന

ക്രമത്തിലാണ് .

             എന്തു ചെയ്‌തു ഇക്കാലംകൊണ്ട്    അക്കാഡമി പത്രം  എന്നത്  അത്ര

പരിചിതമല്ലായിരുന്നു  പൊതു വായന സമൂഹത്തിന് . മറ്റു പ്രമുഖ

സാംസ്‌കാരിക  പത്രങ്ങളെപ്പോലെ  വ്യാപകമായി വിതരണംചെയ്യപ്പെടുന്നില്ല

എന്നതുതന്നെ  കാരണം . എന്നാല്‍ , ആ നിശ്ശബ്‌ദ പത്രപ്രവര്‍ത്തനം എത്ര

മൂല്യവത്തായ സേവനമാണു  മലയാളത്തിനു നല്‍‌കിക്കൊണ്ടിരിക്കുന്നതെന്ന്

പൊതുസമൂഹം ആദ്യമായി തിരിച്ചറിയുകയാണിപ്പോള്‍ . ഈയിടെ

അക്കാഡമി പ്രസിദ്ധീകരിച്ച  " സാഹിത്യലോകം മാസികാസൂചി 1969-2000 "

എന്ന  റെഫറന്‍‌സ്  ഗ്രന്ഥമാണ്  ഈ  " കണ്ടെത്തല്‍ "   സാധ്യമാക്കിയിരിക്കുന്നത്

.

      ഇനി പറയുന്ന  50-ഓളം  പ്രശസ്‌തരാണ്  പ്രസ്‌തുത ഘട്ടത്തിലെ  വിവിധ

പത്രാധിപസമിതി  അംഗങ്ങളായി പ്രവര്‍‌ത്തിച്ചത് :   സി. പി. ശ്രീധരന്‍ , വെട്ടൂര്‍

രാമന്‍‌നായര്‍ , വി. കരുണാകരന്‍‌നമ്പ്യാര്‍  , സുകുമാര്‍ അഴീക്കോട് , പി. സി.

കുട്ടി‌ക്കൃഷ്‌ണന്‍ , പൊന്‍‌കുന്നം വര്‍‌ക്കി . കെ. എം . ജോര്‍‌ജ് , ഓ. എന്‍. വി. ,

ജോര്‍‌ജ് ഓണക്കൂര്‍ ,  എം. എം. ബഷീര്‍ ,  വൈക്കം മുഹമ്മദ്  ബഷീര്‍ ,  എസ്. കെ

. പൊറ്റെക്കാട്ട് , എന്‍. പി. മുഹമ്മദ് , പവനന്‍ , എം. അച്യുതന്‍ ,  യേശുദാസന്‍ ,

എം. കെ. സാനു , പുതൂര്‍ ഉണ്ണിക്കൃഷ്ണന്‍ , എം. ലീലാവതി , എസ്. കെ. വസന്തന്‍ ,

എന്‍ . ശ്രീകണ്ഠന്‍‌നായര്‍ ,  എസ്. ഗുപ്‌തന്‍‌നായര്‍ ,  ടി. കെ. സി. വടുതല , കെ. എം.

തരകന്‍ , കല്‍‌പറ്റ ബാലകൃഷ്‌ണന്‍ , എം. കെ. മാധവന്‍‌നായര്‍ , അക്കിത്തം , കെ.

രാമചന്ദ്രന്‍‌നായര്‍ ,  മാത്യു ഉലകം‌തറ , തിരുനെല്ലൂര്‍ കരുണാകരന്‍ , സിദ്ധാര്‍‌ഥന്‍

പരുത്തിക്കാട് , എരുമേലി പരമേശ്വരന്‍‌പിള്ള , മാടമ്പ് , തുമ്പമണ്‍ തോമസ് ,

പായിപ്ര രാധാകൃഷ്ണന്‍ , ഗോപി കൊടുങ്ങല്ലൂര്‍ , എം. ടി. , കമലാദാസ് , കെ. എല്‍.

മോഹനവര്‍‌മ , എം. എന്‍. കാരശ്ശേരി , വൈശാഖന്‍ ,  പി. വി. കൃഷ്ണന്‍‌നായര്‍  ,

ഹിരണ്യന്‍ , സി. വി. ശ്രീരാമന്‍ , എം. കുട്ടിക്കൃഷ്ണന്‍ ,  ദാമോദരന്‍ കാളിയത്ത് ,

കെ. പി. മോഹനന്‍ , കെ.പി. രാമനുണ്ണി , ഗ്രേസി , അഷ്ടമൂര്‍‌ത്തി , പി.കെ.

പാറക്കടവ്   . 
       മറ്റൊരു വലിയ പ്രാധാന്യമുണ്ട്  ഈ   മാസികാസൂചിയ്ക്ക് .  അര

നൂറ്റാണ്ടോളം മുന്‍‌പു വരെയുള്ള സാംസ്‌കാരികപത്ര ചലനങ്ങളുടെ

കണക്കെടുപ്പാണ് മലയാളം അവസാനമായി രേഖപ്പെടുത്തിവച്ചിരുന്നത് .

1971-ല്‍ നിലച്ചുപോയ " മംഗളോദയം " മാസികയുടെ  സൂചികയാണത് .

1983-ല്‍ അക്കാഡമിതന്നെയാണ്  അതു പ്രസിദ്ധീകരിച്ചത്  .  ആ

കാലഘട്ടത്തിന്‍റെ തുടര്‍ച്ചയായി  3 പതിറ്റാണ്ടിന്‍റെ  സാംസ്‌കാരികചലന

സര്‍‌വെയാണ് ,  മനീഷ പാങ്ങില്‍     എഡിറ്റ് ചെയ്‌ത  ഈ  പുതിയ 

മാസികാസൂചി  വഴി  പുറത്തുവന്നിരിക്കുന്നത് .  (  അതിനു  മുന്‍‌പ്    1978-ലും

1980-ലും  1983-ലുമായി 5  മാസികാസൂചികള്‍ കൂടി  അക്കാഡമി

പ്രസിദ്ധീകരിച്ചിട്ടുണ്ട്  :  രസികരഞ്‌ജിനി , സാഹിത്യപരിഷത്ത്

ത്രൈമാസിക-ദ്വൈമാസിക ,വിദ്യാവിനോദിനി , കവനകൗമുദി , ലക്‌ഷ്മീഭായി  .

 ആറെണ്ണവും എഡിറ്റ് ചെയ്‌തത്  തേറമ്പില്‍  ശങ്കുണ്ണിമേനോനാണ്  )                       

                     

         അക്കാഡമിക്കു കീഴില്‍   തൃശൂര്‍  അയ്യന്തോളിലുള്ള അപ്പന്‍ തമ്പുരാന്‍

സ്‌മാരകത്തിലെ മ്യൂസിയം  ഗൈഡും എഴുത്തുകാരിയുമാണു  മനീഷ 

പാങ്ങില്‍ ;  പ്രശസ്ത സാഹിത്യകാരന്‍  പാങ്ങില്‍ ഭാസ്‌കരന്‍റെ മകള്‍ .  മനീഷ

വര്‍‌ഷങ്ങളോളം നടത്തിയ യത്‌നമാണ്  മാസികാ സൂചിയായി രൂപപ്പെട്ടത് .

കേരളത്തില്‍    ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ  ഏറ്റവും വലിയ

ശേഖരമാണ്   സ്‌മാരകത്തിലുള്ളത്  .   ഔദ്യോഗിക തിരക്കുകള്‍‌ക്കിടയിലും

മനീഷ സ്വന്തം താത്‌പര്യം കൊണ്ടു മാത്രം  തുടങ്ങിവച്ചതാണ് മാസികാ

സൂചിക്കു വേണ്ട വിവരശേഖരണം . പതിനായിരത്തോളം  ഇന്‍ഡെക്‌സ്

കാര്‍‌ഡുകളാണ്  , 31 വര്‍‌ഷത്തെ ഉള്ളടക്കത്തിനു   വേണ്ടി എഴുതി

തയ്യാറാക്കേണ്ടിവന്നത് .  മാസികാ സൂചി  പൂര്‍‌‌ത്തിയായപ്പോള്‍ അക്കാഡമി

അതിന്‍റെ പ്രസിദ്ധീകരണം ഏറ്റെടുക്കുകയായിരുന്നു .  132 ലക്കങ്ങള്‍  ഇതില്‍

വിശദമാക്കുന്നു എന്നാണു  മനസ്സിലാകുന്നത് .  612 പേജുള്ള  ഈ

പുസ്‌തകത്തിന്‍റെ  വില 650 രൂപയാണ് .    ഈ ലൈബ്രറി  എഡിഷന്‍റെ 

കടലാസും  അച്ചടിയും  ബൈന്‍റിങ്ങും   മികച്ചതാണ് .

      നാലു തരം ഇന്‍ഡെക്‌സുകളുണ്ട്  ഈ ഗ്രന്ഥത്തില്‍ :  92 പേജുള്ള  " മാസിക

ഉള്ളടക്കം " ,  129  പേജുള്ള  " ലേഖകസൂചി " , 167 പേജുള്ള  "  ലേഖനസൂചി " ,

185 പേജുള്ള  "  വിഷയസൂചി " .   ആദ്യത്തേത്  ഓരോ ലക്കത്തിലെയും

വിഷയങ്ങളുടെ തലക്കെട്ടും ലേഖകരുടെ  പേരും കാണിച്ചുതരുന്നു .

രണ്ടാമത്തേതില്‍ ,  ഓരോ ലേഖകനും ലേഖികയും ( അകാരാദിക്രമത്തില്‍ )  "

സാഹിത്യലോകം " ദ്വൈമാസികയില്‍  എഴുതിയ മൊത്തം കൃതികളുടെ  പേര്

വ്യക്‌തമാക്കുന്നു .   ( ദ്വൈമാസികയാണെങ്കിലും  " മാസികാ " സൂചി എന്നാണു

നമ്മുടെ  പുസ്‌തകത്തിന്‍റെ പേര്  !  )  മൂന്നാമത്തേതില്‍ ,  അകാരാദിക്രമം

പാലിച്ച്  ഓരോ കൃതിയുടെയും തലക്കെട്ടും ലേഖകരുടെ പേരും

ചേര്‍‌ത്തിരിക്കുന്നു . നാലാമത്തേതില്‍ ,   അകാരാദിക്രമത്തില്‍ത്തന്നെ ,

വിവിധ വിഷയങ്ങളെയും പ്രമുഖ  എഴുത്തുകാരെയും  സംബന്ധിക്കുന്ന

രചനകളുടെ തലക്കെട്ടുകളും  അതതു ലേഖകരുടെ  പേരുകളും  കാണാം .

ചുരുക്കത്തില്‍ ,  ഒരു ലേഖകന്‍റെ / ലേഖികയുടെ  ഏതു രചനയുടെ  വിവരവും

അനായാസം കണ്ടെത്താം . കൂടാതെ , ഏതു വിഷയവും അകാരാദിക്രമത്തില്‍

എളുപ്പം നോക്കിയെടുക്കാം .

     ഈ സൂചികയുടെ പരിശോധനാ കാലപരിധിയായ ആ  മൂന്നു

പതിറ്റാണ്ടിനകം ഒട്ടേറെ  പുതിയ വിഷയങ്ങള്‍  അവതരിപ്പിക്കുന്നുണ്ടു  "

സാഹിത്യലോകം "    എന്ന അദ്‌ഭുതകരമായ  അറിവിലേയ്‌ക്കെത്തുകയാണു

വായനക്കാര്‍ ഇവിടെ . മറ്റ്   ഇന്‍‌ഡ്യന്‍  ഭാഷകളിലെയും  പ്രമുഖ

ലോകഭാഷകളിലെയും സാംസ്‌ക്കാരിക ചലനങ്ങളെ  തുടര്‍ച്ചയായി 

അവതരിപ്പിച്ചിരിക്കുന്നു .  മറ്റു പത്രങ്ങളില്‍ കാണാന്‍  കഴിയാത്ത

വിഷയങ്ങളുമുണ്ട്   ഇവിടെ . എന്തിന്  , ഏറ്റവും പുതിയ വൈജ്ഞാനിക

ശാഖയായ  ദലിത് സാഹിത്യവിചാരം പോലും ,  മിക്കവാറും യഥാസമയം  ഒരു

പ്രത്യേക പതിപ്പുപോലെ ചര്‍‌ച്ചചെയ്‌തിട്ടുണ്ട് .

      ആഹ്‌ളാദകരമായ  വിഷയ വൈവിധ്യമാണ്  ഇവിടെ കാണുന്നത് .   

സാംസ്‌കാരിക രംഗത്തെ   കുറെ വിശിഷ്ട  വ്യക്‌തിത്വങ്ങളുമായി  നടത്തിയ

അഭിമുഖങ്ങള്‍ പകര്‍‌ത്തിവച്ചിട്ടുണ്ട്  ഇതില്‍ . കേശവദേവ് ,    പുത്തേഴത്ത്

രാമന്‍‌മേനോന്‍ , മാധവിക്കുട്ടി ,  പ്രതിഭാറായി ,  എന്‍.എന്‍. പിള്ള , വടക്കുംകൂര്‍

രാജരാജവര്‍‌മ , പാലാ നാരായണന്‍‌നായര്‍ , കെ.പി. കേശവമേനോന്‍ , നീല

പദ്‌മനാഭന്‍ , തോപ്പില്‍ മുഹമ്മദ് മീരാന്‍ , വി. കെ. എന്‍.  തുടങ്ങിയവരാണ് 

കാലത്തോടു  നേരിട്ടു സംവദിക്കുന്നത് . ചങ്ങമ്പുഴയുടെ ഒരു കത്ത്  ജി.

പ്രിയദര്‍ശനനും , കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ  കത്തുകള്‍  എസ്.കെ. വസന്തനും

, ഒരു കൂട്ടം പഴയ കത്തുകള്‍  പി. ഭാസ്‌കരനുണ്ണിയും അവതരിപ്പിച്ചിരിക്കുന്നു.
 കേരളീയ കലകളെപ്പറ്റി 30-ഓളം എഴുത്തുകാരുടെ രചനകളുണ്ട് . മറ്റു

കൃതികള്‍   എണ്ണിനോക്കിയപ്പോള്‍  കിട്ടിയത്  ഇങ്ങനെയാണ്  : 

നിരൂപണം-പഠനം  434 ,   സ്ത്രീപക്ഷ  നിരൂപണം 23 ,   നോവല്‍  പഠനം 145 ,

നാടക പഠനം 72 ,ദലിത് സാഹിത്യം 11 ,  പരിതസ്‌തിഥി പഠനം 6 ,    ചെറുകഥാ

പഠനം 76 , വിദേശ സാഹിത്യം വിവര്‍‌ത്തനങ്ങള്‍ 106 , പത്രപ്രവര്‍‌ത്തനം 15 ,

നാടോടി സാഹിത്യം 12 , ജാതി ആചാരങ്ങള്‍  3 , തത്ത്വചിന്ത  11 ,  ഇസ്‌ളാം- അ

റബി സാഹിത്യം 7 ,  നിഘണ്ടുക്കള്‍ 6 ,  താരതമ്യ സാഹിത്യം 4 ,  ക്രൈസ്‌തവ

സാഹിത്യം 5 ,  ഗാന്ധിസം 6 ,    ഗാനങ്ങളും പാട്ടുകളും -ലേഖനങ്ങള്‍ 29 , കവിത

314 ,  കഥ 65 ,  എഴുത്തച്ഛന്‍ 14 ,  ഈ . എം. എസ് . 15 ,     സിനിമാ പഠനം 5 , മറ്റു

ഭാരതീയ സാഹിത്യം വിവര്‍‌ത്തനം 98 , ബാലസാഹിത്യം-ലേഖനങ്ങള്‍ 31 ,

ഭാഷ-വ്യാകരണം- അലങ്കാരം  70 , രാമായണം-ലേഖനങ്ങള്‍ 10 , വ്യക്‌തി

സ്മൃതികള്‍ 135 , കേരളചരിത്രം 27 , കേരള സംസ്‌കാരം  4 , ഗ്രന്ഥനിരൂപണം 164

, ഹാസ്യ സാഹിത്യം 7 , സാഹിത്യചരിത്രം 8 , സഘസാഹിത്യം 8 , മാര്‍‌ക്‌സിസം

3, യാത്രാവിവരണം 2 , ലൈബ്രറി സയന്‍‌സ് 6 , ശാസ്‌ത്രസാഹിത്യം 5 .

       അതതു ഘട്ടത്തിലെ വലിയ എഴുത്തുകാരില്‍  വലിയൊരു പങ്ക്

അണിനിരന്നിട്ടുണ്ട്  ഈ പത്രത്തില്‍ . പുതുമുഖങ്ങളും കുറവല്ല .  പ്രമുഖരില്‍

ചിലര്‍  :    അക്കിത്തം ,  കെ. അജിത , പി. എസ്. അനന്തനാരായണശാസ്ത്രി , എം.

പി. അപ്പന്‍ , കെ. എ. അബ്ബാസ് ,  എ. അയ്യപ്പന്‍ , അയ്യപ്പപ്പണിക്കര്‍ , അശോകന്‍

ചരുവില്‍ ,  ആനന്ദ് , സി. എല്‍. ആന്‍റണി , ആശാപൂര്‍‌ണാദേവി , ആര്‍. ഇ . ആഷര്‍

, ആഷാമേനോന്‍ ,  കിക്കു  ഒ  തക്കാനോ  തുടങ്ങിയ  ജാപ്പനീസ് കവികള്‍ ,  എന്‍.

വി. പി. ഉണിത്തിരി , പുതൂര്‍ ഉണ്ണിക്കൃഷ്‌ണന്‍ ,  സി. ഉണ്ണിരാജ ,  എ. പി. ഉദയഭാനു

,    ഒ. വി. ഉഷ ,  എം.ആര്‍. ബി. , എസ്.എല്‍. പുരം , കെ. എന്‍. എഴുത്തച്ഛന്‍ , 

ഒക്‌ടോവിയോപാസ് ,  തിരുനെല്ലൂര്‍ കരുണാകരന്‍ , കാക്കനാടന്‍ , ഫ്രാന്‍‌സ്

കാഫ്‌ക , എം.എന്‍. കാരശ്ശേരി ,  കാവാബാത്താ യാസുനാരി ,  ഡി. സി . , ശൂരനാട്ട്

 കുഞ്ഞന്‍‌പിള്ള ,  പി. കുഞ്ഞിരാമന്‍‌നായര്‍ , കുഞ്ഞുണ്ണി , പി.സി.

കുട്ടിക്കൃഷ്‌ണന്‍ ,   ഒ. എന്‍. വി . ,  എന്‍. വി. കൃഷ്‌ണവാരിയര്‍ , കെ.ഇ.എന്‍. ,

കേശവദേവ് , കെ.കെ. കൊച്ച് , കോവിലന്‍ , വി.എം. ഗിരിജ ,  ഗുപ്‌തന്‍‌നായര്‍ ,

പി.കെ. ഗോപാലകൃഷ്‌ണന്‍ , ടി.എന്‍.ഗോപിനാഥന്‍‌നായര്‍ ,  കെ.എം.ഗോവി ,

ഇടശ്ശേരി ,  പി. ഗോവിന്ദപ്പിള്ള , ഗ്രേസി , ചന്ദ്രമതി , ചെമ്മനം ,  ജയമോഹന്‍ ,

ജോര്‍‌ജ് ഇരുമ്പയം , മുണ്ടശ്ശേരി , തിക്കോടിയന്‍ ,  കെ. ദാമോദരന്‍ ,   ഇ. എം. എസ്

. , നാരായന്‍ ,  കെ.പി. നാരായണ‌പിഷാരോടി , യതി , ഉള്ളൂര്‍ , പവനന്‍ , കെ.

പാനൂര്‍ , പാറപ്പുറം , എന്‍. എന്‍. പിള്ള , പൊറ്റെക്കാട്ട് , പ്രദീപന്‍ പാമ്പിരിക്കുന്ന് ,

പ്രഭാവര്‍‌മ ,  ജി . പ്രിയദര്‍ശനന്‍ ,   എം.എം. ബഷീര്‍ ,  കെ. കെ. ബാബുരാജ് ,

പി.കെ. ബാലകൃഷ്‌ണന്‍ ,  എ. ബാലകൃഷ്‌ണപിള്ള ,  ചുള്ളിക്കാട് ,

ബാലാമണിയമ്മ , പി. ഭാസ്‌കരനുണ്ണി , എം.ബി. മനോജ് ,  മഹാശേതാദേവി ,

വെട്ടം മാണി , കവിയൂര്‍ മുരളി , മുല്ലനേഴി , എന്‍.പി. മുഹമ്മദ് , വൈക്കം

മുഹമ്മദ് ബഷീര്‍ , എസ്. രമേശന്‍‌നായര്‍ , രാഘവന്‍ അത്തോളി , പുതുപ്പള്ളി

രാഘവന്‍ , മണമ്പൂര്‍ രാജന്‍‌ബാബു , ബി. രാജീവന്‍ , സി. രാധാകൃഷ്‌ണന്‍ ,

കടമ്മനിട്ട , ഏഴാച്ചേരി , അന്തര്‍‌ജനം , ആലങ്കോട് ലീലാകൃഷ്‌ണന്‍ , എം.

ലീലാവതി , എസ്.കെ.വസന്തന്‍ , വി.വി.കെ. വാലത്ത് , എം. ടി. , എം. എന്‍.

വിജയന്‍ , വിഷ്‌ണുനാരായണന്‍‌ നമ്പൂതിരി , കെ. വേണു , തായാട്ട് ,

എം.ജി.ശശിഭൂഷണ്‍ , കെ. എന്‍. ഷാജി , ഷാജി ജേക്കബ് , സക്കറിയ ,

സച്ചിദാനന്ദന്‍ , സണ്ണി എം. കപിക്കാട് , എം. കെ. സാനു , സാറാ ജോസഫ് ,

സാംകുട്ടി പട്ടംകരി , സിനിക് , അഴീക്കോട് , സുഗതകുമാരി , സുധാംശു

ചതുര്‍‌വേദി ,  സെബീന റാഫി , പി.എ. സെയ്‌തുമുഹമ്മദ് , സ്‌കറിയാ സക്കറിയ ,

എം.കെ. ഹരികുമാര്‍ , റഫീക്ക് അഹമ്മദ് , പോഞ്ഞിക്കര റാഫി .

       ഓരോ  ലക്കത്തിലും എത്ര പേജുണ്ട് എന്നറിയാന്‍ വഴിയില്ല . "

സാഹിത്യലോക " ത്തിന്‍റെ   വലുപ്പം എത്രയെന്നും സൂചനയില്ല . ടൈപ്പ്

സെറ്റിങ്ങിലെ പിശകു മൂലമാണോ  എന്നറിയില്ല , 1975 ഒക്‌റ്റോ-ഡിസം.

ലക്കത്തിലെ  വിഷയങ്ങള്‍  ഒരു വിഭാഗത്തിലും കാണുന്നില്ല ;  ഉള്ളടക്ക

വിഭാഗത്തില്‍  ഈ തീയതി മാത്രമേ ചേര്‍‌ത്തിട്ടുള്ളൂ .

    ഒരു പൂവ് ചോദിച്ചപ്പോള്‍ ഒരു പൂക്കാലംതന്നെ സമ്മാനിച്ചു എന്ന

പ്രയോഗത്തെയാണ്  മനീഷയുടെ മാസികാസൂചി  യത്‌നങ്ങള്‍

ഓര്‍‌മിപ്പിക്കുന്നത് . മറ്റ്  9  സാംസ്‌കാരിക പത്രങ്ങളുടെ സൂചികയും

തയ്യാറാക്കിക്കൊണ്ടിരിക്കയാണ്  അവര്‍ !  മാതൃഭൂമി  ആഴ്‌ചപ്പതിപ്പ് ,  1975

മുതലുള്ള  ഭാഷാപോഷിണി , നിലച്ചുപോയ " മലയാളനാട് " ,  കലാകൗമുദി ,

സമകാലിക മലയാളം വാരിക , മാധ്യമം വാരിക  , ദേശാഭിമാനി വാരിക ,

വിജ്ഞാന കൈരളി , പച്ചക്കുതിര , കേളി എന്നിവയാണു  പണിപ്പുരയിലുള്ളത് .

സഹപ്രവര്‍‌ത്തകയായ സി . എസ് . ജയയാണു  സഹായി .