Saturday, July 6, 2019

മീഡിയ അക്കാഡമിയും ജാതിപ്പിള്ളയുടെ " ചുരുട്ടിയ മുഷ്‌ടി " യും




https://drive.google.com/drive/folders/0B_WZxntPdha3fmdlRWxLZFl2UzhGZWM0WWZ4SlNqSDIwZjYyaFRucjNEbmFFVmI4SHpLSjg?usp=sharing

മീഡിയ  അക്കാഡമിയും
 ജാതിപ്പിള്ളയുടെ  " ചുരുട്ടിയ  മുഷ്‌ടി "  യും
_____________________________________
   ആര്‍. എസ്. ബാബു എന്ന പത്രപ്രവര്‍ത്തകന്  തന്‍റെ ഇഷ്‌ടപ്പടി ആരെക്കുറിച്ചും സ്‌തുതിപാഠനമെഴുതാം . പക്‌ഷെ ,  അതൊക്കെ സ്വന്തം പത്രമായ " ദേശാഭിമാനി " യിലോ  മറ്റു സ്വകാര്യ പത്രങ്ങളിലോ  മാത്രമേ പാടുള്ളൂ  ( അങ്ങനെ ഒരിക്കല്‍ , മുഖ്യമന്ത്രി   ഇ .  എം.  എസ്.   നമ്പൂതിരിപ്പാട്  1958-ല്‍  നടത്തിയ    പിന്നാക്ക സംവരണപരമായ   ജനവഞ്ചനയെ വരെ ,    ദേശാഭിമാനിയില്‍  സ്‌തുതിപാഠന പരമ്പരയെഴുതി വെളുപ്പിച്ചെടുക്കാന്‍ യത്‌നിച്ചു  ടിയാന്‍ . അതിനെ , പഴുതില്ലാത്ത  ഒരു ലേഖന വിചാരണയിലൂടെ  2000-ല്‍ ഞാന്‍ തുറന്നുകാട്ടുകയായിരുന്നു . )  എന്നാല്‍ , ഒരു സര്‍‌ക്കാര്‍ പത്രത്തില്‍  അത്തരം നുണപ്രചാരണം നടത്താന്‍  ബാബുവിന് അവകാശമില്ല . താന്‍ ചെയര്‍‌മാനായിരിക്കുന്ന കേരള മീഡിയ  അക്കാഡമിയുടെ  മുഖപത്രമായ  " മീഡിയ " മാസികയുടെ  2019 ഏപ്രില്‍-മേയ്  ലക്കത്തിലെ എഡിറ്റോറിയലിലാണ്  ബാബുവിന്‍റെ പ്രചാരണ സാഹിത്യം വിളങ്ങുന്നത് .  പത്രത്തിന്‍റെ എഡിറ്റര്‍ - ഇന്‍ - ചീഫ്  കൂടിയാണ്  അദ്ദേഹം .   മൂവായിരത്തോളം മാധ്യമ പ്രവര്‍ത്തകരും ആയിരത്തോളം മാധ്യമ വിദ്യാര്‍ത്ഥികളും പങ്കാളികളായ സംരംഭം "  എന്ന് അദ്ദേഹം  വിശേഷിപ്പിക്കുന്ന  , കേരളാടി    സ്‌ഥാനത്തില്‍ നടത്തിയ   " മാധ്യമ ചരിത്രയാത്ര " യെപ്പറ്റിയുള്ളതാണ്  എഡിറ്റോറിയല്‍ . അതില്‍ ,  സ്‌തുതിപാഠനത്തിന്‍റെ  ഉച്ച‌സ്‌ഥായിയായി   അദ്ദേഹം എഴുതുന്നു :  "  മലയാള മാധ്യമ രംഗത്തെ ചുരുട്ടിയ മുഷ്‌ട്‌ടിയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാമം ഒരിക്കലും അസ്‌തമിക്കുന്നതല്ല . "


                         **** എന്നാല്‍  , അയിത്തജാതിക്കാര്‍ക്കു മേലെയാണ്  ആ മുഷ്ടി വന്നു പതിച്ചിരുന്നതെന്ന്  ഒട്ടേറെ  എഴുത്തുകാര്‍ കുറെ കാലമായി  കേരളീയ സമൂഹത്തോടു സംവദിക്കുന്നുണ്ട്  . ഞാനും കാല്‍ നൂറ്റാണ്ടായി അതുതന്നെയാണു ചെയ്യുന്നത് .  ഏറ്റവും ഒടുവിലായി  17.9.2018 - ന്‍റെ  സമകാലിക മലയാളം വാരികയിലാണ്  പിള്ളയുടെ  ജാത്യന്ധതയുടെ ഭീകര മുഖം ഞാന്‍ തുറന്നുകാട്ടിയത്  (  അതടക്കം എന്‍റെ മിക്ക നിരൂപണങ്ങളുടെയും ലിങ്ക്  ഇവിടെ ചേര്‍ക്കുന്നു     https://drive.google.com/drive/folders/1JWexC5g4454ULqbeG5-uU57zeSr0hrlK?fbclid=IwAR1PiyCrs4CBUTZvOKiDdLTC0EYmC-10t650XTYk4wzpnpttNTsnmJCAxIg       ) .  എന്‍റെ ഇത്തരം ചോദ്യംചെയ്യലുകള്‍  അടിസ്‌ഥാനരഹിതമാണെന്നു തെളിയിക്കാന്‍  പിള്ളഭക്‌തരോ മറ്റാരെങ്കിലുമോ  രംഗത്തുവന്നിട്ടില്ല ഇന്നോളം . ഒരു കേസ്  കൊടുത്തിട്ടോ  , എന്തിന് , ഒരു കുറിപ്പുകൊണ്ടെങ്കിലും എന്‍റെ വസ്‌തുനിഷ്‌ഠ  പ്രത്യാഖ്യാനങ്ങളെ ചെറുക്കാന്‍ ത്രാണിയില്ലാത്ത പിള്ളഭക്‌തര്‍  വേറൊരു സൂത്രവിദ്യയാണ്  ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്   :   പത്രക്കടകളില്‍ നിന്ന്  പൊതുജനങ്ങള്‍ക്കു  വാങ്ങാന്‍ കിട്ടാത്ത ചില പ്രസിദ്ധീകരണങ്ങളില്‍ തങ്ങളുടെ സ്‌തുതിപാഠന - പ്രചാരണ സാഹിത്യങ്ങള്‍ എഴുതിവിടുക . അപ്പോള്‍ , എന്നെപ്പോലുള്ള വിമര്‍ശകരുടെ  കണ്ണില്‍പ്പെടാതെതന്നെ അവാസ്‌തവ ആഖ്യാനങ്ങള്‍ ഭക്‌തരുടെ  കൈയിലെത്തിക്കാനാവും ! പൊതുജനങ്ങള്‍ക്ക്  എളുപ്പം കടന്നുചെല്ലാവുന്ന പൊതുപത്രങ്ങളിലാണു  നുണകള്‍ എഴുതുന്നതെങ്കില്‍  , ഉറപ്പായും കിട്ടും തിരിച്ചടി ഉടന്‍ .    ടി. വേണുഗോപാലന്‍ ,  പി. കെ . രാജശേഖരന്‍ ,  എം . ജി .  രാധാകൃഷ്ണന്‍  ,   ഡോ :   കെ. എം. സീതി ,  ആര്‍ . സുനില്‍  തുടങ്ങിയവര്‍ക്കു   പരിചയമുണ്ട്  എന്‍റെ മറുപടികള്‍ . 


                              ****  ഇത്ര  വിപുലമായി , ഇത്ര രൂക്ഷമായി ,  അടിസ്‌ഥാന രേഖകള്‍ നിരത്തിവച്ചുതന്നെ  ജാതിപ്പിള്ളയുടെ   വ്യാജ പുരോഗാമിത്വത്തെ  ഞാന്‍ തുടര്‍ച്ചയായി     തുറന്നുകാട്ടിയിട്ടും ,     ആ  വംശമേന്‍‌മവാദിക്ക്   " മലയാള മാധ്യമ രംഗത്തെ ചുരുട്ടിയ മുഷ്‌ട്‌ടി " യെന്ന  കിരീടം ചാര്‍ത്തിക്കൊടുക്കുന്ന    നമ്മുടെ   സര്‍ക്കാര്‍  വക  പത്രാധിപ പ്രമാണിക്ക്   എന്തു തരം ചങ്കൂറ്റമാണുള്ളത്  !   വസ്‌തുനിഷ്‌ഠത  എന്നത്  ആയുധവും ആശയവും വഴികാട്ടിയുമായിരിക്കേണ്ട  തൊഴിലാണു  മാധ്യമപ്രവര്‍ത്തനം . സ്‌തുതിപാഠനമല്ലാതെ എന്തു  വസ്‌തുനിഷ്‌ഠതയാണ് ഈ   " ചുരുട്ടിയ മുഷ്‌ട്‌ടി "  പ്രയോഗത്തിലുള്ളത്   ?   വാര്‍ത്തയധിഷ്‌ഠിത പത്രമെഴുത്തില്‍ ,  കിരീടം വച്ച വംശീയവാദിയും  മഞ്ഞപ്പത്രക്കാരനും  അല്ലായിരുന്നു  പിള്ള  എന്നു തെളിയിക്കാന്‍  കഴിയുമോ നിങ്ങള്‍ക്ക്  ?   ദിവാന്‍റെ  തുണിയുടുക്കല്‍  വരെ നീളുന്ന    അശ്‌ലീലമെഴുത്തും   മറ്റ്  അവാസ്‌തവ ജല്‍‌പനങ്ങളുമല്ല  നാടുകടത്തലിനു വഴിവച്ചത്  എന്നു വിശദീകരിച്ചുതരാമോ  ?  ജാതിപ്പിള്ളയ്ക്കു  കൊള്ളരുതാത്തവനായിരുന്ന അതേ ദിവാന്‍  പി. രാജഗോപാല  ചാരി   ജോലിയൊഴിഞ്ഞു പോകുമ്പോള്‍  ,  തിരുവിതാംകൂറിന്‍റെ    തലസ്‌ഥാനം തൊട്ടു കൊച്ചി രാജ്യത്തിന്‍റെ  വടക്കേ അതിര്‍ത്തി വരെ അടിത്തട്ടു  ജനസമൂഹങ്ങള്‍   നീളേ നിരന്നുനിന്നു   നല്‍‌കിയ വിടവാങ്ങലിന്‍റെ  അര്‍ഥം  വിശദീകരിക്കാനാവുമോ  ഭക്‌തര്‍ക്ക് ?    അന്നു മറ്റു പത്രങ്ങള്‍   നടത്താഞ്ഞ എന്ത് അഴിമതിവിരുദ്ധ പോരാട്ടമാണു   ജാതിപ്പിള്ള  നടത്തിയത് എന്നു  പറഞ്ഞുതരാമോ ?  പുരോഗമന കൊടിയടയാളമായ  മാര്‍ക്‌സിന്‍റെ  ജീവിതചരിത്രം വരെ   പ്രസിദ്ധീകരിച്ച ശേഷമാണ്  പണ്ഡിറ്റ്  കറുപ്പനെ  ജാതിപറഞ്ഞ്  ഇകഴ്ത്തിയത്  എന്നതല്ല ചരിത്രം  എന്നു തെളിയിക്കാനാവുമോ ?   .....  നിരവധിയാണ്  അപ്പാര്‍‌തീഡ്  പിള്ളയുടെ  വിക്രിയകള്‍ .




                      ***** ഏതു  കക്‌ഷിയുടേതായാലും കേരള ഭരണകൂടത്തെ എല്ലാ കാലത്തും നിയന്ത്രിക്കുന്നത്  സവര്‍ണരുടെ സാമൂഹികവിരുദ്ധ താത്‌പര്യങ്ങളാണ് . അങ്ങനെയാണ് ,  യുദ്ധക്കുറ്റവാളിയെപ്പോലെ  പൂര്‍‌വകാല പ്രാബല്യത്തോടെ  വിചാരണചെയ്യേണ്ട  വംശവെറിയനായ പിള്ളയെ  പുരോഗമനവാദിവേഷം കെട്ടിച്ച്   അവര്‍  എഴുന്നള്ളിച്ചുകൊണ്ടിരിക്കുന്നത് .  പക്‌ഷെ ,   ദലിതരുടെ  സ്‌കൂള്‍ പ്രവേശ പോരാട്ട കാലത്ത്   അവര്‍ക്കെതിരെ  സ്വന്തം പത്രത്തില്‍ വംശവിദ്വേഷം അച്ചടിച്ചു പ്രചരിപ്പിച്ച് , അവരെ ജാതിവെറിയന്‍‌മാര്‍ക്കു മുന്നിലേയ്ക്കു  വലിച്ചെറിഞ്ഞുകൊടുത്ത പിള്ളയുടെ പ്രതിമയോടു സഹിഷ്ണുത കാട്ടാന്‍ ഏറെക്കാലം കഴിയുമോ , വെങ്ങാനൂരിന്‍റെ  സ്വന്തം  തിരുവനന്തപുരത്തിന്   ?  സാധുജനങ്ങള്‍ക്കു ദുരിതജീവിതം സമ്മാനിച്ച  ആ കുറ്റവാളിയെ  ന്യായീകരിക്കാന്‍ പേനയുന്തുന്ന വല്ല സ്‌തുതിപാഠകനും രക്‌ഷപ്പെടുമോ    ആ  ജനരോഷത്തില്‍നിന്ന്  ? പൊതുപണം  ധൂര്‍ത്തടിച്ചു   പിള്ളപ്പുസ്‌തകങ്ങള്‍  എമ്പാടും അച്ചടിച്ചു വിടുന്ന   കേരള ലൈബ്രറി കൗണ്‍സിലിലെ എട്ടുവീട്ടില്‍‌ പിള്ളപ്പിന്‍‌ഗാമികള്‍  വാക്കൈപൊത്തിനിന്നു  പിഴമൂളേണ്ടി  വരില്ലേ കേരളനാടിനോട് ?