Sunday, August 12, 2018

അംബേഡ്‌കര്‍ രചനകള്‍ ഇല്ലാതെ ഹിന്ദുമത ചര്‍ച്ചകള്‍ നേര്‍വഴിക്കാവില്ല

അംബേഡ്‌കര്‍ രചനകള്‍ ഇല്ലാതെ
ഹിന്ദുമത ചര്‍ച്ചകള്‍
നേര്‍വഴിക്കാവില്ല .
----------------------------------------------------------
നൂറ്റാണ്ടുകളോളം കോടാനുകോടി മനുഷ്യജീവികളെ അയിത്തം കല്‍പിച്ചു കൊല്ലാക്കൊല ചെയ്തിരുന്ന തെമ്മാടിവാഴ്ചയാണു ഹിന്ദു മതം എന്ന ബ്രാഹ്മണമതത്തില്‍ നടന്നിരുന്നത് ; കേരളത്തിനു വെളിയില്‍ ഇന്നും നടക്കുന്നത് . ( സതി എന്ന പേരില്‍ പെണ്ണുങ്ങളെ ചുട്ടുകൊല്ലുന്നതും , ഇഷ്ടക്കേടു തോന്നിയാല്‍ ഭ്രഷ്ട് കല്‍പിക്കുന്നതും പോലുള്ള കുറ്റവാളിത്തരങ്ങള്‍ വേറെ കിടക്കുന്നു . )
ആ ദുരധികാര വാഴ്ചയില്‍പെട്ടു തകര്‍ന്നുപോകുമായിരുന്ന ഒരു അയിത്തജാതിക്കാരന്‍ , നിശ്ചയ ദാര്‍ഢ്യം കൊണ്ടൂ പൊരുതിക്കയറിയ കഥയുടെ പേരാണ് ബാബാസാഹിബ് ഡോ : ബി . ആര്‍ . അംബേഡ്‌കര്‍ . ഞാനടക്കമുള്ള കോടിക്കണക്കിന് ഇന്‍ഡ്യക്കാരുടെ ഗുരുവാണ് ആ മഹാ പണ്ഡിതന്‍ . ആയുസ്സിന്‍റെ വലിയൊരു ഭാഗം ചെലവഴിച്ച് ആ ജന നായകന്‍ എഴുതിവച്ച ഗവേഷണ ഗ്രന്ഥങ്ങള്‍ കുറച്ചൊന്നുമല്ല . ഹിന്ദു മതത്തിന്‍റെ യാഥാര്‍ഥ്യം എന്തെന്നു പഠിക്കേണ്ടത് ആ രചനകള്‍ മുന്നില്‍ വച്ചു കൊണ്ടാവണം . മരിച്ച് ആറു പതിറ്റാണ്ടു കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ ഹിന്ദു മത പഠനങ്ങളിലെ ഒരു വാചകമെങ്കിലും ആര്‍ക്കെങ്കിലും തിരുത്താ ന്‍ കഴിഞ്ഞതായി കേട്ടിട്ടില്ല . അതുകൊണ്ട് , ആ രചനകളുടെ സ്‌പിരിറ്റ് ആണ് ഹിന്ദു മതത്തെക്കുറിച്ചു പറയാന്‍ ഞാന്‍ അടിസ്‌ഥാനമാക്കുന്നത് . അല്ലാതെ , വല്ല ആശ്രമങ്ങളിലും ചടഞ്ഞുകൂടിയിരുന്ന് ആത്‌മാവും പരമാത്‌മാവും ജീവാത്‌മാവും പറഞ്ഞു പാമരജനത്തെ വിഭ്രമിപ്പിക്കുന്നവരുടെ പാഴ്‌വാക്കുകളല്ല . ആയതിനാല്‍ , അംബേഡ്‌കര്‍ രചനകളുടെ സാന്നിധ്യത്തിലല്ലാതെ നടക്കുന്ന ഒരു ഹിന്ദുമത ചര്‍ച്ചയും നേര്‍വഴിക്കാവില്ല .
അംബേഡ്‌കര്‍ രചനകളുടെ ഇംഗ്‌ളിഷ് പി . ഡി . എഫ് . പതിപ്പുകളുടെ ലിങ്കുകള്‍ ഇവിടെ ഞാന്‍ ചേര്‍ക്കുന്നുണ്ട് . അവയുടെ മലയാള തര്‍‌ജുമ 40 വോള്യങ്ങളിലായി കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചതിന്‍റെ ലിസ്‌റ്റും ചേര്‍ക്കുന്നു .
പ്രാകൃതമായ ബ്രാഹ്മണമതത്തിന്‍റെ തനിനിറം കാണാന്‍ ഉപകരിക്കുന്ന " ശാംകര സ്‌മൃതി " എന്ന കേരള ഭരണഘടനയുടെ പുതിയ അച്ചടിപ്പതിപ്പില്‍ നിന്നു ചില പേജുകളും ചേര്‍ക്കുന്നു ( എന്‍റെ ഉത്‌സാഹത്തിലാണ് എന്‍ . ബി . എസ് . ഈയിടെ ആ പുസ്‌തകം പ്രസിദ്ധീകരിച്ചത് ) .
ആത്‌മാവും പരമാത്‌മാവും ജീവാത്‌മാവും പറഞ്ഞ് നികൃഷ്ടമായ ഹിന്ദു ജാതിവ്യവസ്‌ഥിതിക്കു താത്ത്വിക അടിത്തറ പണിയുന്ന പുനര്‍‌ജന്‍‌മ വിശ്വാസത്തെ പരിചയപ്പെടുത്താന്‍ , രണ്ടു പതിറ്റാണ്ടോളം മുന്‍‌പു ഞാന്‍ മൂന്നു പത്രങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച ഒരു പ്രബന്ധവും ചേര്‍ക്കുന്നു .    ( FB  , 5.8.2018  )