Monday, January 6, 2020

അയ്യന്‍കാളി വീണ്ടും തമിഴില്‍












അയ്യന്‍കാളി വീണ്ടും തമിഴില്‍  

--------------------------------
18 കൊല്ലം മുന്‍‌പ് 2001-ലാണ് അയ്യന്‍കാളിയെക്കുറിച്ച് തമിഴില്‍ ആദ്യമായി ഒരു പുസ്‌തകം പുറത്തുവരുന്നത് : ' കേരളത്തിന്‍ മുതല്‍ ദളിത് പോരാളി അയ്യന്‍ കാളി ' ( തമിഴിനി , ചെന്നൈ , പേജ് 176 , വില 65 രൂപ ) . നിര്‍‌മാല്യ മണി എന്നാണു ഗ്രന്ഥകാരന്‍റെ പേര് . അദ്ദേഹത്തിന്‍റെയും ആകെ തമിഴിലെയും രണ്ടാമത്തെ അയ്യന്‍കാളിപ്പുസ്‌തകമാണ് , ഉടനെ പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന ' മഹാത്‌മാ അയ്യന്‍കാളി - കേരളത്തിന്‍ മുതല്‍ ദളിത് പോരാളി ' . നാഗര്‍കോവിലിലെ‌ പ്രശസ്‌തമായ ' കാലച്ചുവട് പതിപ്പകം ' ആണു പ്രസാധകര്‍ ( പേജ് 304 , വില 350 രൂപ ) . മലയാളത്തില്‍ വന്നിട്ടുള്ള അയ്യന്‍കാളിപ്പുസ്‌തകങ്ങളും മറ്റു വിവര ഉറവിടങ്ങളും അടിസ്‌ഥാനമാക്കിയാണു താന്‍ ' ദളിത് പോരാളി ' തയ്യാറാക്കിയതെന്നു പറഞ്ഞു ഗ്രന്ഥകാരന്‍ . ആര്‍‌ട്ടിസ്‌റ്റ് ഷണ്‍‌മുഖമാണ് മനോഹരമായ മുന്‍-പിന്‍ കവര്‍ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് . പ്രശസ്‌ത തമിഴ്-മലയാളം എഴുത്തുകാരന്‍ ജയമോഹന്‍റേതാണ് അവതാരിക . ജനുവരി 9 മുതല്‍ 21 വരെ നടക്കുന്ന ചെന്നൈ അന്താരാഷ്‌ട്ര
പുസ്‌തകോ‌ല്‍‌സവത്തിലാണു പ്രകാശനം .
മുന്‍‌പേ തമിഴില്‍ പ്രശസ്‌തനാണ് , മലയാളത്തിനു പ്രിയനാണ് , നിര്‍‌മാല്യ മണി . 1991 മുതലേ മലയാളത്തിലെ പ്രശസ്‌ത കൃതികള്‍ തമിഴിലേയ്‌ക്കു തര്‍‌ജുമ ചെയ്യുന്നുണ്ട് അദ്ദേഹം . ആയിനത്തില്‍ 15 പുസ്‌തകങ്ങളുണ്ട് . ആദ്യത്തേത് നിത്യചൈതന്യ യതിയുടെ ' മനുഷ്യ പുത്രനായ യേശു ' . യതിയുടെതന്നെ ' കലയുടെ മനശ്ശാസ്ത്രം ' , സച്ചിദാനന്ദന്‍റെ ' സച്ചിദാനന്ദന്‍റെ കവിതകൾ ' , മാധവിക്കുട്ടിയുടെ ചെറുകഥാ സമാഹാരമായ ' ചന്ദന മരങ്ങൾ ' എന്നിവയും പുറത്തുവന്നത് 2001- നു മുന്‍‌പാണ് . പിന്നെ , പക്ഷിയുടെ മണം ( മാധവിക്കുട്ടിയുടെ ചെറുകഥാസമാഹാരം) , എന്‍റെ കഥ ( മാധവിക്കുട്ടിയുടെ ആത്മകഥ ) , എന്‍റെ പ്രിയപ്പെട്ട കഥകൾ ( എന്‍. എസ്. മാധവന്‍റെ ചെറുകഥാ സമാഹാരം) , എം. ടി. യുടെ രണ്ട് തിരക്കഥകൾ , ചുവന്ന ചിഹ്നങ്ങൾ ( എം. സുകുമാരന്‍റെ ചെറുകഥാ സമാഹാരം ) , തട്ടകം (കോവിലന്‍റെ നോവൽ ) , ആലാഹയുടെ പെൺമക്കൾ ( സാറാ ജോസഫിന്‍റെ നോവൽ ) , ജാപ്പാണപ്പുകയില ( കാക്കനാടന്‍റെ ചെറുകഥാ സമാഹാരം ) , ചെങ്കോലില്ലാതെ കിരീടമില്ലാതെ ( നൂറനാട് ഹനീഫയുടെ നോവൽ ) , ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ ( എം.കെ.സാനു ) , മനുഷ്യന് ഒരു ആമുഖം ( സുഭാഷ് ചന്ദ്രന്‍റെ നോവൽ ) എന്നിവയും പ്രസിദ്ധീകരിക്കപ്പെട്ടു .
' തട്ടകം ' തര്‍ജുമയുടെ പേരില്‍ ശ്രീ : നിര്‍‌മാല്യത്തിന് 2010-ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് കിട്ടിയിട്ടുണ്ട് . തമിഴകവും പല ബഹുമതികള്‍ നല്‍‌കി ഈ സം‌സ്‌കാര സംയോജകനെ ആദരിക്കുന്നുണ്ട് .
ചെറുകാടിന്‍റെ ' ജീവിതപ്പാത ' കേന്ദ്ര സാഹിത്യ അക്കാഡമിക്കു വേണ്ടി തര്‍‌ജുമ ചെയ്‌തുകൊണ്ടിരിക്കയാണ് .
1963-ല്‍ ഊട്ടിയിലാണ് നിര്‍‌മാല്യത്തിന്‍റെ ജനനം . അവിടെ കുടിയേറിയ പാലക്കാട് കുത്തന്നൂരിലെ
ചാമിയാരുടെയും ലക്‌ഷ്‌മിയുടെയും 6 മക്കളിലൊരാള്‍ .
മാതൃഭാഷ തമിഴാണെങ്കിലും ജനനംകൊണ്ടുള്ള മലയാള ബന്ധം എഴുത്തിന്‍റെ അടിത്തറയായി .
ഊട്ടിയില്‍ ബിസിനസുകാരനാണു നിര്‍‌മാല്യം . ഭാര്യ അംബിക വടക്കാഞ്ചേരിക്കാരിയാണ് . സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ സിദ്ധാര്‍ഥ് യതീഷും എഞ്ചിനീയറിങ്
വിദ്യാര്‍ഥിയായ അമൃത് കിരണുമാണു മക്കള്‍ .


FB, 5.1.2020