Sunday, September 27, 2020

പണ്ഡിറ്റ് കറുപ്പനെ രാജാവ് രക്ഷിച്ചോ ? -------------------------------------

 പണ്ഡിറ്റ്   കറുപ്പനെ രാജാവ്  രക്ഷിച്ചോ  ?

-------------------------------------




ഒറ്റ വാചകത്തില്‍ പറഞ്ഞുപോകാവുന്നതല്ല ഈ വിഷയം ( മറ്റ് ഏതു ചരിത്രവിഷയവും ) .    വിശദമായ എഴുത്ത് വേണമെന്നു മനസ്സിലുണ്ട് . അതിലേയ്‌ക്കു വേണ്ട വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞിട്ടുമുണ്ട് . പക്‌ഷേ തത്‌കാലത്തെ എഴുത്തു ചുമതലകള്‍ ഒന്ന് ഒതുങ്ങാതെ അതിലേയ്‌ക്കു കടക്കാനാവില്ല .


         ജാതിവിവേചനങ്ങള്‍ ഒട്ടുവളരെ അനുഭവിച്ചിട്ടുണ്ടു  പണ്ഡിറ്റ് കെ. പി .  കറുപ്പന്‍ മാസ്‌റ്റര്‍ എന്ന് എല്ലാവര്‍ക്കുമറിയാം . എന്നുവച്ച് , അക്കാര്യങ്ങള്‍ പറയുന്നിടത്ത് ജാതിവാഴ്‌ചയുടെ നടത്തിപ്പുകാരെ വെള്ളപൂശാന്‍ സൗകര്യമുണ്ടാകരുത് . സംസ്‌കൃതപഠനത്തിന്‍റെ ഉയര്‍‌ന്ന ഘട്ടത്തിലെത്തിയ   കറുപ്പനെ  കൂടുതല്‍ പഠിക്കാന്‍  രാജര്‍ഷി രാമവര്‍‌മ തുണച്ചിട്ടുണ്ട്  ( ജാത്യാചാര നിര്‍‌ബന്ധത്തില്‍ മുമ്പനും   ദുർ‌വാശിക്കാരനും  സാമൂഹികവിരുദ്ധനുമായ ആ രാജാവിന്‍റെ ആ സമീപനം സ്വഭാവപരമല്ല , സാഹചര്യ സമ്മര്‍‌ദപരമാണ്  എന്നുമാത്രം തത്‌കാലം പറഞ്ഞുവയ്‌ക്കുന്നു  ) . ആ അടുപ്പം  , എറണാകുളം  സവര്‍ണ ബാലികാ പാഠശാലയില്‍ ടീച്ചറായി വരാനും , അവിടെയുണ്ടായെന്നു പറയുന്ന സവര്‍ണ പ്രതിഷേധം മറികടക്കാനും കാരണമായി എന്നതിന്   വസ്‌തുതാപരമായ   വല്ല തെളിവും  കണ്ടെത്താന്‍ ഇനിയും  കഴിഞ്ഞിട്ടില്ല  എനിക്ക് .  മുന്‍‌പ്  സെയ്‌ന്‍റ്  തെരേസാസ്  കോണ്‍‌വെന്‍റ്  സ്‌കൂളിലെ മാതൃകാ അധ്യാപകനും  സം‌സ്‌കൃത പണ്ഡിതനും എഴുത്തുകാരനുമെന്നു പേരെടുത്തിരുന്നു കറുപ്പന്‍ . അതുകൊണ്ടായിരിക്കണം " പൂര്‍‌വ്വാചാരവിരുദ്ധമായ  ആ നിയമനത്തെപ്പറ്റി ആരും അക്കാലത്തു കയര്‍‌ക്കുകയുണ്ടായില്ല " എന്ന് ആദ്യ കറുപ്പന്‍ സ്‌മാരക പ്രസിദ്ധീകരണത്തില്‍ (  ഇടക്കൊച്ചി  പി. കെ. എം. വായനശാല  , 1952 ) ,  മരുമകന്റെ സ്ഥാനത്തുള്ള  പി. കെ. ഡീവര്‍  എഴുതിയത്  .  ആദ്യ ജീവിതചരിത്രകാരനും , കറുപ്പന്‍റെ  ശിഷ്യ ശ്രീമതി ചെമ്മയുടെ മകനുമായ  കെ.പി. വിജയരാഘവന്‍ ( സാഹിത്യ ഭടന്‍ , 1959 ) , വിജയരാഘവന്‍റെ  ഇളയച്ഛനും  കറുപ്പന്‍റെ ശിഷ്യനുമായ കെ. കെ. വേലായുധന്‍ ( പണ്ഡിറ്റ് കറുപ്പന്‍ ഓര്‍‌മ്മകളിലൂടെ , 1983 ) ഇവരും പ്രതിഷേധക്കാര്യം പറയുന്നതായി ഞാന്‍ ഓര്‍‌ക്കുന്നില്ല .   എന്നാൽ , കറുപ്പന്റെ  സുഹൃത്തായ ടി. എം. ചുമ്മാർ പറയുന്നത് ,  പ്രതിഷേധമുള്ള വിദ്യാർഥിനികൾ‌ക്കു ടി. സി.  കൊടുത്തുവിടാൻ രാജാവ്  " കൽ‌പന  പുറപ്പെടുവിക്കുകയാണുണ്ടായത് " എന്നാണ്   ( കവിതിലകൻ കെ. പി. കറുപ്പൻ  , 1974 ) .    ഈ  " കൽ‌പന  പുറപ്പെടുവി " ക്കലാകണം   കെ. എ. കൃഷ്‌ണന്‍ അഴീക്കോടിന്‍റെ  "  പണ്ഡിറ്റ്  കറുപ്പനും  മലയാള കവിതയും " എന്ന പുസ്‌തകത്തില്‍  ( മുക്കാൽ നൂറ്റാണ്ടിനു ശേഷം   1981-ൽ ) , പ്രതിഷേധക്കാര്‍‌ക്കെതിരെ  രാജാവ്  " തിരുവെഴുത്ത് "  പുറപ്പെടുവിച്ചെന്നു പറയുന്നതിന്റെ  അടിസ്‌ഥാനം  . രാജര്‍‌ഷിയുടെ  ഭരണകാല  ആര്‍ക്കൈവ്‌സ് രേഖകള്‍  വര്‍ഷങ്ങള്‍  ചെലവഴിച്ചു പരിശോധിച്ചിട്ടും  എനിക്കതു കാണാന്‍ കഴിഞ്ഞില്ലെന്നുവച്ച് ആ സാധ്യത തള്ളിക്കളയുന്നില്ല . ഇന്നുപോലും , അടിത്തട്ടു സമൂഹക്കാരായ സഹപ്രവര്‍‌ത്തകരോട്  ഓഫീസുകളില്‍  മേല്‍‌ജാതിക്കാരുടെ  പെരുമാറ്റം വല്ലാതെ മാറിപ്പോയെന്നു പറയാനാവില്ലല്ലോ . നൂറ്റാണ്ടു മുന്‍‌പ്  അത് ഒട്ടും അദ്‌ഭുതകരമല്ല . പക്ഷേ  അത് രാജാവിന്‍റെ  സവര്‍ണവിരുദ്ധ സാഹസ പ്രകടനാഖ്യാനമാക്കാന്‍ വെറും പറച്ചില്‍ പോരാ , തെളിവ് വേണം . (  പ്രതിഷേധക്കാരെ  ടി. സി. യുടെ കാര്യം പറഞ്ഞു രാജാവ് വായടപ്പിച്ചതായാണ്  ,  നാട്ടുകാരനും അടുപ്പക്കാരനും   ഗവേഷകനുമായ  വി. വി. കെ. വാലത്ത്  മാഷ് എഴുതുന്നത് : പണ്ഡിറ്റ്  കറുപ്പൻ , 1985 ) .


           പരിസരബോധം ഉണ്ടായിരുന്നു രാജന് . അയിത്തജാതിക്കാരെ സര്‍‌ക്കാരും കൂടെ  ദ്രോഹിച്ചാല്‍ മതംമാറ്റം ചെറുതാവില്ല എന്ന ബോധം .  കായല്‍ സമ്മേളനശേഷം നടന്ന പുലയസമ്മേളനത്തിന്‍റെ  വിവരമറിഞ്ഞു സന്തോഷം പ്രകടിപ്പിച്ചതും ഇതേ രാജാവാണ് , ഇതേ വര്‍ഷമാണ് ( 1913 ) .     ഇതേ വര്‍ഷമാണ്  കറുപ്പന്‍  " ബാലാകലേശം "  എന്ന  ബോംബെറിഞ്ഞു കേരളത്തെ ഞെട്ടിച്ചത് . ടീച്ചറായി ചേര്‍‌ന്ന ഉടനെ കറുപ്പന്‍  ആദ്യം ചെയ്‌തത്  " തേവരയില്‍ നിന്നും ഒരു വാലപ്പെണ്‍‌കുട്ടിയെ ആ പള്ളിക്കൂടത്തില്‍ ചേര്‍‌ക്കുക എന്നതായിരുന്നു "  എന്നുകൂടെ ഡീവര്‍ പറയുന്നതും  ശ്രദ്ധിക്കേണ്ടതുണ്ട് . സാധ്യമാകുന്നിടത്തോളം  സവര്‍ണ കടുംപിടുത്തത്തിന് അയവു വരുത്താന്‍ ഭരണകൂടം തയ്യാറാകുന്നുണ്ടായിരുന്നു ആ ഘട്ടത്തില്‍ .   മാത്രമല്ല ,  പിന്നീടു പതിറ്റാണ്ടുകള്‍‌ക്കു  ശേഷം മാത്രം കേരളം  കാണാന്‍  തുടങ്ങിയ ജനകീയ ബലപ്രയോഗങ്ങളുണ്ടാകുന്നു , ചങ്കുറപ്പുള്ള     പത്രങ്ങള്‍  ഭരണകൂടത്തെ നേര്‍‌ക്കുനേര്‍ നിന്നു  വെല്ലുവിളിക്കുന്നു  ,     സ്വാമിവേഷത്തിലുള്ള  ചിലർ    ജനങ്ങളെ എന്തിനും തയ്യാറെടുപ്പിക്കുന്നു ; എന്തിനു പറയുന്നു , അതെല്ലാമായപ്പോൾ  പുലയ ഘോഷയാത്രയില്‍  ദിവാനും  അണിചേരുന്നു !   കൊച്ചിരാജ്യം  സ്വാതന്ത്ര്യത്തിലേയ്‌ക്കു  കുതിക്കാന്‍ തുടങ്ങിയത്  ആ പതിറ്റാണ്ടിലാണ് .  അതിന്‍റെ  ആദ്യ നാഴികക്കല്ലാണ്   1913 .  വാലന്‍ കറുപ്പനെ രക്ഷിക്കാന്‍ പുരോഗമനക്കാരനായ രാജാവ്  സ്വന്തം സവര്‍ണരോടുതന്നെ മല്ലിട്ടു എന്ന രോമാഞ്ചജനകമായ കഥയേയും    അവിടെത്തന്നെ   സ്‌ഥാപിക്കയാണു  ലളിതബുദ്ധികള്‍ .  .  . പണ്ഡിറ്റ്   കറുപ്പന്‍   മഹാരാജാസ് കോളെജില്‍   അധ്യാപകനാകുമ്പോഴേയ്ക്കും (1935 ) കൊച്ചി രാജ്യം  സാമൂഹിക സ്വാതന്ത്ര്യത്തില്‍ ഏറെ മുന്നേറിയിരുന്നു . വ്യക്‌തി വൈശിഷ്ട്യം കൊണ്ട് അദ്ദേഹം  ,  കാസ്‌റ്റ്   ഗേൾ‌സ് സ്‌കൂളിലെപ്പോലെതന്നെ കോളെജിലും  വലിയ ആദരം നേടി . . .   ഇവിടെ സൂചിപ്പിച്ചതില്‍ കുറച്ചു കാര്യങ്ങള്‍ ,  അടിസ്ഥാന രേഖകൾ സഹിതം അടുത്ത പുസ്‌തകത്തില്‍ ചേര്‍ക്കുന്നുണ്ട് .