Friday, July 19, 2019

സ്വദേശാഭിമാനി സിനിമയുടെ വഴിയേത് ?









സ്വദേശാഭിമാനി സിനിമയുടെ വഴിയേത് ? 
_____________________________________
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ചു സിനിമ വരുന്നു എന്നു 
കേട്ടതില്‍ വലിയ സന്തോഷം . നമ്മുടെ നവോത്ഥാനകാലത്തെപ്പറ്റി 
വിശദമായി ചര്‍ച്ചചെയ്യാന്‍ അവസരം കിട്ടുമല്ലോ . ഇതുവരെയുണ്ടായ 
സ്വദേശാഭിമാനി സാഹിത്യത്തില്‍നിന്നു വ്യത്യസ്‌തമായി സത്യസന്ധമായ 
സമീപനമായിരിക്കും സിനിമയുടേത് എന്ന് ആശിക്കുന്നു .
****
ഏതു സാമൂഹികവിരുദ്ധനെയും മഹത്ത്വവത്‌കരിച്ചു സാഹിത്യ-കലാ 
രൂപങ്ങള്‍ ഉണ്ടാക്കുന്നത് ഭാരതപാരമ്പര്യത്തിന് ഇണങ്ങുന്നതാണ് . നമ്മുടെ 
പുരാണങ്ങളും ഇതിഹാസങ്ങളും മറ്റും സമ്പന്നമാണ് അക്കാര്യത്തില്‍ . 
കേരളത്തില്‍ത്തന്നെ തിരുവനന്തപുരത്തെ ഭരണകൂട ആസ്‌ഥാനമായ 
സെക്രട്ടേറിയറ്റിന്‍റെ തിരുമുറ്റത്തു സ്‌ഥാപിച്ചിരിക്കുന്നത് ആരുടെ പ്രതിമയാണ് 
_ കേരളക്കര കണ്ട ഏറ്റവും മുന്തിയ വംശഹത്യക്കാരനായ വേലുത്തമ്പി 
ദളവയുടേത് . സവര്‍ണ അധോലോകത്തിന്‍റെ ഹീന താത്‌പര്യമാണ് എല്ലാ 
രാഷ്‌ട്രീയ പാര്‍ടികളും ചേര്‍ന്നു നടത്തിക്കൊടുത്തത് . 1962-ല്‍ ആ 
കുറ്റവാളിയെക്കുറിച്ച് ഒരു സിനിമയും പുറത്തുവന്നു . തമ്പി യഥാര്‍‌ഥത്തില്‍ 
ആരായിരുന്നു എന്ന അന്വേഷണങ്ങള്‍ പുറത്തുവരുന്നത് , അടിത്തട്ടു 
സമൂഹങ്ങളുടെ ബൗദ്ധിക ഇടപെടല്‍ ഉയര്‍ന്നുവന്ന ശേഷമാണ് .
എന്നിട്ടുപോലും തമ്പിയുടെ വ്യാജ മഹത്ത്വത്തിന് ഒരു പോറലുമേറ്റിട്ടില്ല 
ഔദ്യോഗിക രംഗങ്ങളില്‍ .
****
ഇതുതന്നെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കാര്യവും . 
ദിവാന്‍റെ ദുര്‍‌ഭരണത്തിനെതിരെ പത്രംകൊണ്ടു പൊരുതിയതിനാണ് അയാളെ 
1910 -ല്‍ നാടുകടത്തിയതെന്നാണ് 1955 വരെയുണ്ടായിരുന്ന 
സ്‌തുതിപാഠനങ്ങള്‍ . എന്നാല്‍ , ഈ അപപാഠത്തിന്‍‌മേല്‍ വന്നു പതിക്കാന്‍ 
പാകത്തില്‍ പി. കെ . ബാലകൃഷ്ണന്‍ ഒരു ബോംബ് ഒരുക്കിവച്ചിരുന്നു 
അക്കൊല്ലത്തെ കൗമുദി വാരിക ഓണപ്പതിപ്പില്‍ . " ഒരു വീരപുളകത്തിന്‍റെ 
പിന്നിലെ കഥ " എന്നായിരുന്നു ആ പ്രത്യാക്രമണത്തിന്‍റെ തലക്കെട്ട് . 
പിള്ളയുടെ പുരോഗമന മുഖംമൂടി പിച്ചിച്ചീന്തി ആ ലേഖനം . ഉത്തരം 
മുട്ടിപ്പോയി സ്‌തുതിപാഠകര്‍ക്ക് എന്നാണ് അന്വേഷണത്തില്‍ നിന്നു ഞാന്‍ 
മനസ്സിലാക്കുന്നത് . എങ്കിലും പിറ്റേക്കൊല്ലം പുറത്തിറങ്ങിയ ആദ്യ " 
സ്വദേശാഭിമാനി " ജീവിതചരിത്രത്തില്‍ , മുന്‍ ജുഡ്‌ജിയായ ഗ്രന്ഥകാരന്‍ 
കെ. ഭാസ്‌കര പിള്ള ഒട്ടേറെ തട്ടിപ്പുകളിലൂടെ നായകനെ നന്‍‌മ മൂര്‍ത്തിയാക്കി 
വെളുപ്പിച്ചെടുത്തു . തുടര്‍ന്നാണ് തിരുവനന്തപുരത്ത് പിള്ളയുടെ പ്രതിമ 
രാഷ്ട്രപതി അടുത്ത കൊല്ലം അനാച്‌ഛാദനം ചെയ്തത് . ആ വ്യാജമഹത്ത്വ 
ബിംബം 21 കൊല്ലം കൂടി സ്‌തുതിപാഠനമേറ്റുവാങ്ങി വിളങ്ങിനിന്നു . 1978- ല്‍ 
പിള്ളയുടെ ജന്‍‌മശതാബ്‌ദി വേളയിലാണ് മഹാകവി എം. പി. അപ്പന്‍ , 
പൂഴ്‌ത്തിവയ്ക്കപ്പെട്ടിരുന്ന ഒരു സത്യത്തിന്‍റെ ഭീകര മുഖം തുറന്നുകാട്ടിയത് . 
1910-ല്‍ തിരുവിതാംകൂറില്‍ നടപ്പായ പുതിയ വിദ്യാഭ്യാസ കോഡിനെതിരെ 
പിള്ള " സ്വദേശാഭിമാനി " യില്‍ എഴുതിയ നികൃഷ്‌ടമായ 
എഡിറ്റോറിയലുകളെക്കുറിച്ച് അദ്ദേഹം , പണ്ഡിറ്റ് കറുപ്പന്‍റെ " ജാതിക്കുമ്മി " 
യുടെ പുനരച്ചടിപ്പതിപ്പിലെഴുതിയ അവതാരികയില്‍ വിശദീകരിച്ചു . ദലിത് 
കുട്ടികളെ പോത്തുകളായും സവര്‍ണകുട്ടികളെ കുതിരകളായും 
വിശേഷിപ്പിച്ചു പിള്ളയെഴുതിയ ആ ജാതിവെറിയന്‍ ദര്‍ശനാഭാസം കണ്ട് 
പുതിയ കേരളം ഞെട്ടിപ്പോയി . ഈ വ്യാജ പോരാട്ടക്കാരനെയാണല്ലോ 
പത്രസ്വാതന്ത്ര്യ ബിംബമായി ഇതുവരെ നാട് കൊണ്ടാടിയിരുന്നത് 
എന്നറിഞ്ഞപ്പോള്‍ സാംസ്‌കാരിക രംഗത്ത് വലിയ രോഷം അലയടിച്ചു . ( പി. 
കെ. ബാലകൃഷ്ണന്‍റെ ബോംബ് സ്‌ഫോടന കാലത്ത് ഇല്ലാഞ്ഞ 
അംബേഡ്‌കറൈറ്റുകളുടെ ഒരു തലമുറ അപ്പോഴേയ്ക്കും രംഗത്തു 
വന്നുകഴിഞ്ഞിരുന്നു . ആ രോഷപ്രകടനം ഒട്ടേറെ എഴുത്തുകാര്‍ ഇപ്പോഴും 
തുടരുന്നുണ്ട് ) .
****
അതിന്‍റെ പ്രതികരണമെന്നോണമാണ് 1981-ല്‍ , പിള്ളയുടെ 
ചീത്തപ്പേര് കഴുകിക്കളയാന്‍ കേരള പ്രെസ് അക്കാഡമി ടി. 
വേണുഗോപാലനെ ചുമതലപ്പെടുത്തുന്നത് . 15 കൊല്ലത്തിനു ശേഷം 
1996-ലാണു വേണുഗോപാലന്‍റെ കപട ഗവേഷണ ഗ്രന്ഥം ( സ്വദേശാഭിമാനി - 
രാജദ്രോഹിയായ രാജ്യസ്‌നേഹി ) പുറത്തുവന്നതെങ്കിലും , അതിനിടയ്ക്ക് 
ചില വാരികകളിലായി ആ ഉള്ളടക്കം കുറെയേറെ അച്ചടിച്ചിരുന്നു . ആ 
ഘട്ടത്തില്‍ ഒരിയ്ക്കലും , പുസ്‌തകമായ ശേഷം കഴിഞ്ഞ രണ്ടു 
പതിറ്റാണ്ടിലേറെയും ആ കള്ളരേഖാ സമുച്ചയത്തെ ഞാന്‍ നിരന്തരം 
തുറന്നുകാട്ടിയിട്ടുണ്ട് . അവയുടെ ലിങ്ക് ചേര്‍ക്കുന്നു : ---https://drive.google.com/…/1JWexC5g4454ULqbeG5-uU57zeSr0hrl…
( 
കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ പൊതുപണം ഉപയോഗിച്ച് ജാതിവെറിയന്‍റെ 
രചനകള്‍ പുസ്‌തകങ്ങളാക്കുക എന്ന കുറ്റകൃത്യവും നടക്കുന്നുണ്ട് 
ഇതിനിടയില്‍ ) . പിള്ളയില്‍ തിങ്ങിനിന്ന ജാതി - വംശ വെറിയുടെ മറ്റു പല 
രേഖാ തെളിവുകളും ഞാന്‍ വായനക്കാര്‍ക്കു മുന്നില്‍ എത്തിച്ചിട്ടുണ്ട് . 
ഒരിയ്ക്കലെങ്കിലും , അവയിലൊന്നിനെയെങ്കിലും ഖണ്ഡിക്കാന്‍ ഒരാള്‍ക്കും 
കഴിഞ്ഞിട്ടില്ല . അതായത് , വംശവെറിയന്‍ പിള്ളയെക്കുറിച്ചു 
വസ്‌തുനിഷ്‌ഠമായി ചര്‍ച്ചചെയ്യാന്‍ കഴിവുള്ളവരാരുമില്ല ഭക്‌തരില്‍ . 
പിന്നെയുള്ളത് , സിനിമ പോലുള്ള മറ്റു വഴികളുപയോഗിച്ച് ആ വ്യാജ 
പുരോഗമനക്കാരന്‍റെ പുനഃപ്രതിഷ്‌ഠ നടത്താനാകുമോ എന്ന 
അന്വേഷണമാണ് . അതാണോ ഈ സിനിമയ്ക്കു പിന്നിലെന്നത് കണ്ടുതന്നെ 
അറിയണം . ദലിത് കുഞ്ഞുങ്ങളുടെ സ്‌കൂള്‍ പ്രവേശത്തിനെതിരെ 
വംശവെറി അച്ചടിച്ചുവിട്ട് , അവരെ സവര്‍ണ തെമ്മാടികള്‍ക്കു മുന്നിലേയ്ക്കു 
വലിച്ചെറിഞ്ഞു കൊടുത്ത സാമൂഹികവിരുദ്ധനെ വിശുദ്ധനാക്കാന്‍ ആരു 
യത്‌നിച്ചാലും അതു പാഴ്‌വേലയായിരിക്കും .