Thursday, June 18, 2020

ഗവേഷണ പത്രത്തിന്‍റെ പോയ്‌മറഞ്ഞ പൂക്കാലം

FB




ഗവേഷണ പത്രത്തിന്‍റെ  പോയ്‌മറഞ്ഞ  പൂക്കാലം 
-----------------------------------



    "  കേരള പഠനങ്ങള്‍ "  എന്നത്  ,   മലയാള സാംസ്‌കാരിക പത്ര  രംഗത്ത് ഒരിക്കല്‍ മാത്രം സംഭവിച്ച വസന്തമായിരുന്നു  . 1993 ഏപ്രില്‍ തൊട്ട്  1997 ജാനുവരി വരെ മാത്രം  ജീവിച്ച ത്രൈമാസ ഗവേഷണ പ്രസിദ്ധീകരണം .  പുറത്തിറങ്ങിയത് , 150- ഓളം പേജുകള്‍  വീതമുള്ള  6 ലക്കങ്ങള്‍  . വിഷയങ്ങളില്‍ മുന്‍‌തൂക്കം ചരിത്രത്തിനായിരുന്നു . ഓരോ വിഷയവും മലയാളത്തില്‍ ആദ്യത്തേതായിരുന്നു എന്നു പൊതുവേ പറയാം . ഇതോടൊപ്പം ചേര്‍ക്കുന്ന ഉള്ളടക്ക പേജുകള്‍ നോക്കിയാലറിയാം , എത്ര ഒറിജിനലായിരുന്നു പത്രമെന്ന് .  ഓരോ വാക്കിന്‍റെയും മുകളിലൂടെ   എഡിറ്ററുടെ പേന കടന്നുപോയിട്ടുണ്ട് എന്നു നമുക്കു വിശ്വാസം വരുന്ന വിധം നിലവാരമേറിയ ടെക്സ്റ്റാണ്  ഓരോ കൃതിയുടേതും . ഓരോ ലക്കവും കാത്തിരുന്നു വായിക്കാന്‍ , ഉയര്‍ന്ന തരം വായനക്കാരും ഗവേഷകരും ഒട്ടേറെയുണ്ടായിരുന്നു .  എഡിറ്റ് ചെയ്തത്  നമ്മുടെ ഡോ : കെ . ടി . റാംമോഹന്‍ സാര്‍ . എറണാകുളത്തെ ചിത്തിര പ്രിന്‍റേഴ്സ്  ‌ആന്‍ഡ്  പബ്ലിഷേഴ്സ്  ആയിരുന്നു പ്രസാധകര്‍ . ഒരു സാംസ്കാരിക - ഗവേഷണ പത്രം ഇതുപോലെ ഉന്നത നിലവാരത്തില്‍ ,  പക്വതയോടെ എഡിറ്റ് ചെയ്യപ്പെട്ട് മലയാളത്തില്‍ വായിക്കാന്‍ കിട്ടുമെന്ന്  അന്നോളം ഞാന്‍ കരുതിയിരുന്നില്ല . ധിഷണയുടെ വലിയ ഉയരങ്ങള്‍ കണ്ട , ഗവേഷകനായ ,  ഒരു എഡിറ്ററുടെ സാന്നിധ്യം ആധുനിക മലയാളത്തില്‍ ഞാന്‍ ആദ്യമായി കാണുകയായിരുന്നു . അതിന്‍റെ അകാല വിയോഗം  ഇന്നും ദുഃഖിപ്പിക്കുന്നു . രണ്ടു പതിറ്റാണ്ടായിട്ടും ആ പത്രത്തിനോ ആ എഡിറ്റര്‍ക്കോ പിന്‍ഗാമികള്‍ ഉണ്ടായില്ല എന്നത് ഒരു സത്യം വെളിവാക്കുന്നു  :  എല്ലാവര്‍ക്കും  വിജയിപ്പിക്കാന്‍ കഴിയുന്നതല്ല , അന്തസ്സുള്ള ആ എഡിറ്റിങ് ; എല്ലാവര്‍ക്കും ഏറ്റെടുക്കാന്‍ കഴിയുന്നതല്ല , ലാഭേച്ഛയില്ലാത്ത  ആ പത്രപ്രസാധനം .
                      വായനക്കാരെ  ആശിപ്പിച്ച്  " പെരുവഴിയിലാക്കിയ "  പത്രാധിപര്‍ക്ക്  ഒരു ബാധ്യതയുണ്ടെന്ന്  ഓര്‍മിപ്പിക്കാനാണ് ഈ കുറിപ്പ്  : ഗവേഷണ പത്ര രംഗത്ത് ഇവിടെ അങ്ങയെപ്പോലെ മറ്റൊരു എഡിറ്റര്‍ വന്നുചേരുമെന്നു കരുതാനാവുന്നില്ല . ആ  പീഠം കൈയേല്‍ക്കാന്‍ യോഗ്യതയുള്ള മറ്റൊരാള്‍  കണ്‍‌വെട്ടത്തില്ല . മലയാളം അര്‍ഹിക്കുന്നുണ്ട്  വീണ്ടും അങ്ങയുടെ സേവനം . ( അതിന്‍റെ മുന്നോടിയായി  , ഒന്നാം ഘട്ടത്തിലെ മുഴുവന്‍ ലക്കങ്ങളും ചേര്‍ത്ത് ഒരു പുസ്തകമായി പുറത്തിറക്കുക . മലയാളത്തിന്‍റെ അഭിമാനകരമായ ഈടുവ‌യ്പ്പിലേയ്ക്ക് അത് മുതല്‍ക്കൂട്ടാവട്ടെ . ) വരിക , ധിഷണയുടെ ആ പൂക്കാലം വീണ്ടും  തളിര്‍ക്കട്ടെ .

അയ്യപ്പനെ ഗുരു തള്ളിപ്പറഞ്ഞെന്ന് !

FB

അയ്യപ്പനെ ഗുരു തള്ളിപ്പറഞ്ഞെന്ന് !
__________________________________________


സഹോദരനയ്യപ്പനെ മിശ്രഭോജന കാര്യത്തില്‍ നാരായണ ഗുരു   തള്ളിപ്പറഞ്ഞു എന്ന കള്ളക്കഥ  2 2 കൊല്ലം മുന്‍പുതന്നെ  ഞാന്‍ ദേശാഭിമാനി വാരികയില്‍  എഴുതിയ  ലേഖനത്തിലൂടെ  (  1994 ഏപ്രില്‍ 10 , 17 )  തുറന്നുകാട്ടിയിട്ടുള്ളതാണ്  .  ചെറായിയിലെ ഈഴവസഭക്കാര്‍ ചമച്ച കള്ളരേഖ വച്ചാണ്  ചിലര്‍ ഗുരുവിന്‍റെ  മിശ്രഭോജന വിരോധം സ്ഥാപിച്ചെടുക്കാന്‍  വൃഥാ യത്‌നിക്കുന്നതെന്ന് എന്‍റെ   ലേഖനം തെളിയിക്കുന്നുണ്ട് .

നന്ദികേടിന്‍റെ ഗോശ്രീ പാലങ്ങള്‍


നന്ദികേടിന്‍റെ  ഗോശ്രീ പാലങ്ങള്‍
_____________________________________ 


     വൈപ്പിന്‍ പാലങ്ങള്‍ നിര്‍ദേശിച്ചത്  , നവോത്ഥാനകാലത്തിന്‍റെ  പ്രിയനായ  ധിക്കാരി സഹോദരനയ്യപ്പനാണെന്നതു ശരി . ആ മഹനീയ നാമം പാലങ്ങളില്‍ ഓര്‍മിക്കപ്പെടുകയും  വേണം .  എന്നാല്‍ , ഈ മൂന്ന് പാലങ്ങള്‍  കൂട്ടിയോജിപ്പിക്കുന്ന  നാലു കരകളില്‍ മൂന്നെണ്ണത്തിലും  , ആധുനിക കേരളത്തിന്‍റെ അഭിമാനപാത്രങ്ങളായ  മറ്റു  സാമൂഹിക പോരാളികളും ജീവിച്ചിരുന്നു അക്കാലത്ത്  എന്നത് മറന്നുകൂടാ ; ആ  മറവി  ചരിത്രത്തോടു കാണിക്കുന്ന നന്ദികേടാണ് .
                 വൈപ്പിന്‍‌കരയില്‍ത്തന്നെ , നായരമ്പലത്ത് ,  സഹോദരന്നും    മുന്‍പേ സാമൂഹിക വിപ്ളവ മുദ്രാവാക്യമുയര്‍ത്തിയ  ചോതി ചാത്തനുണ്ട് . കേരളത്തിലെ  അറിയപ്പെടുന്ന   ആദ്യ ദലിത് എഴുത്തുകാരനാണ്  ,  " ആദി പുലയ കവി "  എന്നു  ഭാഷാപോഷിണി മാസിക   ഒരു നൂറ്റാണ്ടു മുന്‍പേ വിശേഷിപ്പിച്ച ,  നാടുനീളേ സാമൂഹികവിപ്ളവ ഗാനങ്ങള്‍ പാടിനടന്നിരുന്ന  ചോതി ചാത്തന്‍ .  കൊച്ചി രാജ്യത്തെ ആദ്യ ദലിത് നായക പോരാളിയായ കൃഷ്ണേതി ആശാനും , കൊച്ചി നിയമസഭയിലെ ആദ്യ ദലിത് പ്രതിനിധിയും  പണ്ഡിറ്റ് കറുപ്പന്‍  കവിതയിലെ  " ചാഞ്ചന്‍‌കുട്ടി " യുമായ   പി . സി . ചാഞ്ചനും മുളവുകാട്ടുകാരാണ് . കൊച്ചി നിയമസഭയേയും ഇന്‍ഡ്യന്‍ ഭരണഘടനാനിര്‍മാണസഭയേയും ത്രസിപ്പിച്ച ദാക്ഷായണി വേലായുധനും ആ ദ്വീപുകാരിയാണ് . ദലിത് സ്ത്രീ എന്ന നിലയില്‍  കൊച്ചിയിലും കേരളത്തിലും  ഇന്‍ഡ്യയിലാകെയും പല ഒന്നാം സ്ഥാനങ്ങള്‍ക്കും ഉടമയാണ് , ബൗദ്ധിക പെണ്‍ കരുത്തിന്‍റെ  പ്രതീകമായ ആ അധ്യാപിക . നിയമസഭയിലും പുറത്തും കൊച്ചിയിലെ ദലിത സമൂഹത്തിനു വേണ്ടി  പൊരുതിക്കയറിയ  കെ . പി .  വള്ളോനും ആ നാട്ടുകാരനാണ് . സ്വജീവിതം സഹജീവികള്‍ക്കു വേണ്ടി വലിച്ചെറിഞ്ഞ്  അകാലത്തില്‍ മരണം വരിച്ച്  , കൊച്ചിയുടെ മനഃസാക്ഷിയില്‍  എക്കാലത്തേയ്ക്കും  വിങ്ങലായി മാറിയ  വള്ളോന്‍  .  നവോത്ഥാനകാലാന്ത്യത്തില്‍  താന്‍‌പോരിമയുടെയും ആദര്‍ശദാര്‍ഢ്യത്തിന്‍റെയും ആള്‍രൂപമായ  കെ . കെ . മാധവന്‍ മാഷും  (  ദാക്ഷായണി ടീച്ചറിന്‍റെ സഹോദരന്‍ )  മുളവുകാട്ടുകാരനാണ് .  കേരളത്തിന്‍റെ  സാമൂഹികവിപ്ളവ രംഗത്ത്  ആദ്യ എഴുത്തുകാരനായി  ഉദയം ചെയ്ത പണ്ഡിറ്റ്  കെ . പി . കറുപ്പന്‍  , അടിമവര്‍ഗത്തിനുവേണ്ടി പട നയിച്ചത്  എറണാകുളം കരയില്‍ ജീവിച്ചുകൊണ്ടാണ് .  സാഹിത്യത്തിലെ  ധീരതയും  രംഗബോധവും എന്തെന്നു  മലയാളത്തെ  പഠിപ്പിച്ച   ആ  ഗുരുനാഥന്‍റെ  കാലടി പതിയാത്ത , ആ  ജീവിതവും  ആ പോരാട്ട തന്ത്രങ്ങളും  തൊട്ടുനില്‍ക്കാത്ത  ഒരിടവും എറണാകുളം കരയിലുണ്ടാവില്ല . . .   
                                                    ഈ കണ്ട മഹാ ജന‌സ്നേഹികളെ മറക്കരുത് , അവര്‍ നിലപാടു നിന്ന മനുഷ്യവാസ കേന്ദ്രങ്ങളെ ഒരുമിപ്പിക്കുന്ന  പാലത്തിനു പേരിടുമ്പോള്‍  (  ഒരു പാലത്തിനു മാത്രം  പേരിടുകയും ബാക്കി രണ്ടു പാലങ്ങളെ  ഒഴിച്ചുനിര്‍ത്തുകയും ചെയ്ത സംഘാടകരുടെ  യുക്തി എനിക്കു പിടികിട്ടുന്നില്ല  )   . മാത്രമല്ല , ഒരു ചരിത്രവിദ്യാര്‍ഥിയെന്ന നിലയില്‍ ഞാന്‍ അറിയുന്ന   " പുലയനയ്യപ്പ " നു  ഹിതകരമാകാനിടയില്ല , തന്നോടൊപ്പം ഒരു പോരാട്ട കാലം പങ്കുവച്ചു  ജനമനസ്സു കീഴടക്കിയ  സഹപ്രവര്‍ത്തകരോട്  പിന്‍‌തലമുറ കാണിക്കുന്ന ഈ പന്തിഭേദം . (  പാലങ്ങളുടെ  ഉദ്ഘാടനവേളയിലും  ഈ ആവശ്യം ഞാന്‍ പത്രങ്ങള്‍ വഴി ഉന്നയിച്ചിരുന്നു  , ബധിര കര്‍ണങ്ങള്‍ക്കുവേണ്ടി  !  തുടര്‍ന്ന് ,  സഹോദരന്‍റെ പേരുയര്‍ത്തി ചില കോമരങ്ങള്‍  പിന്നാലെ രംഗത്തുവന്നതും ചൂണ്ടിക്കാട്ടി  ഗോശ്രീവാദികള്‍  എളുപ്പത്തില്‍ ക്രിയ ചെയ്ത്   "  ഗോശ്രീ പാലങ്ങള്‍ "   എന്നു പേരിട്ടു രംഗം കൈയടക്കുകയായിരുന്നു എന്നുതന്നെയാണ് എന്‍റെ നിഗമനം . )

താത്രിക്കും ഒരു സ്മാരകം !


FB

താത്രിക്കും  ഒരു   സ്മാരകം  !
-----------------------


                         കൊച്ചി രാജ്യത്ത്   110  കൊല്ലം  മുന്‍പ്   വ്യഭിചാരക്കുറ്റത്തിന്   " സ്മാര്‍ത്ത "  വിചാരണ ചെയ്യപ്പെട്ട കുറിയേടത്ത്  താത്രി      അന്തര്‍ജനത്തിനു  വേണ്ടി  , പാലക്കാട്  ജില്ലയിലെ  ആറങ്ങോട്ടുകരയില്‍  അവരുടെ  ഇല്ലപ്പറമ്പിനടുത്ത്  വലിയ  സ്മാരകം  നിര്‍മിക്കുമെന്ന്  പത്രവാര്‍ത്ത .   ശ്രീജ  ആറങ്ങോട്ടുകരയുടെ  " ഓരോരോ കാലത്തിലും " എന്ന താത്രീ  നാടകത്തിന്‍റെ  അവതാരകരായ  ആറങ്ങോട്ടുകരയിലെ  കലാ പാ‌ഠശാലക്കാരാണ്    സ്മാരകം  നിര്‍മിക്കുന്നത്  (  ആര്‍ . ശശിശേഖര്‍  , തീയെരിഞ്ഞ  ഓര്‍മ  , മലയാള മനോരമ  ഞായറാഴ്ച  , 17 . 7 . 2016 )  .

                      സാമൂഹികവിരുദ്ധ സ്വഭാവമുള്ള  എത്രയോ പേരുടെ നാമം  അനശ്വരമാക്കാന്‍  സ്മാരകങ്ങള്‍  ഉയര്‍ന്നിട്ടുള്ള നാടാണു കേരളം . എങ്കില്‍പ്പിന്നെ  ഒരു ലൈംഗിക " കലാപകാരി " യുടെ   പേരിലും ഒന്ന്  ഉയര്‍ന്നുവരുന്നതില്‍  അത്ഭുതപ്പെടാനില്ല . അവര്‍ തനിയെ   വ്യഭിചാരിണിയായതല്ല  (  വ്യഭിചരിക്കുന്നതല്ല ,  ആ നല്ല കാര്യത്തെ  വ്യഭിചാരമെന്നു വിളിക്കുന്നതാണു  തെറ്റ്  എന്ന  മട്ടിലുള്ള  സദ് വിചാരങ്ങള്‍  കാണാതെയല്ല  ആ  വാക്ക്   ഇവിടെ  ഉപയോഗിക്കുന്നത്  ;  സാധാരണക്കാര്‍ക്ക്   എളുപ്പം മനസ്സിലാകാനാണ്   ) .   മൃഗത്വം മുറ്റിയ   ബ്രാഹ്മണ്യ ആണധികാരികള്‍   കൗമാരത്തിലേ  ആ കുഞ്ഞിനെ ആക്രമിച്ചു കീഴടക്കുകയും , ബ്ളാക്ക് മെയ്‌ലിങ് എന്ന തുടര്‍ കെണിവച്ചു പിടിക്കുകയുമാണുണ്ടായത് . പിന്നീട് ,
പ്രൊഫഷണല്‍ നിലവാരത്തിലെത്തിയ ശേഷം താത്രി ചില കക്ഷികളെ സ്വമേധയാ ബന്ധപ്പെട്ടതായി , ലൈംഗിക വേട്ട
നടത്തിയതായി കാണുന്നുണ്ട് . ജാരന്‍മാരുടെ എണ്ണം കൂടുന്നത് താത്രി ഒരു ഹരമായി ആസ്വദിച്ചിരുന്നു  എന്നു വേണം  സാഹചര്യത്തെളിവുകളില്‍ നിന്നു  മനസ്സിലാക്കാന്‍ .     തന്‍റേതല്ലാത്ത കുറ്റംകൊണ്ട്  ഒരു വ്യഭിചാരിണിയായി  ജീവിക്കേണ്ടിവന്നയാളാണു താത്രി .  അതുപോലെതന്നെയാണ്  , തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട്  താത്രിയുടെ കാമവേട്ടയ്ക്കിരകളായി  ജീവിതം തുലയ്ക്കേണ്ടിവന്ന പുരുഷന്‍മാരുടെയും  സ്ഥിതി  .  താത്രി കുറ്റവാളിയായി  വരുന്ന  അത്തരം  എപ്പിസോഡുകളുമുണ്ടു  താത്രീ ചരിതത്തില്‍ എന്നത്  നമ്മുടെ സാധു ബുദ്ധിജീവികള്‍ ചര്‍ച്ചചെയ്തു കണ്ടിട്ടില്ല . പ്രശസ്ത കഥകളിപ്രതിഭയായ കാവുങ്കല്‍ ശങ്കരപ്പണിക്കരും മറ്റുമാണ്  ആ  ഇരകള്‍ .    തന്നെ  പ്രലോഭിപ്പിച്ചവരായതുകൊണ്ടല്ല അവരുടെ പേരുകള്‍  താത്രി വിചാരണക്കാരോടു പറഞ്ഞുകൊടുത്തത്  എന്നാണ്   താത്രീമൊഴികളില്‍നിന്നു മനസ്സിലാകുന്നത്  . താന്‍  പ്രലോഭിപ്പിച്ചാണ്  അവരെ  ലൈംഗികബന്ധത്തിലേ‌യ്‌ക്കെത്തിക്കുന്നത് .  ആനിരപരാധികളുടെ  ജീവിതത്തകര്‍ച്ചയ്ക്കുത്തരവാദി  താത്രിയാണ്  (  അവരിലൊരാളുടേതടക്കം  രണ്ട്  ജാരന്‍മാരുടെ  അകാലമരണത്തെക്കുറിച്ചും  ചര്‍ച്ചചെയ്യേണ്ടതുണ്ട്  ) .   അതായത് ,  പീഡിപ്പിക്കപ്പെട്ടവളും കെണിയിലാക്കപ്പെട്ടവളും  മാത്രമല്ല ,  കാമവേട്ടക്കാരിയുമാണു താത്രി .  ശ്രീജയുടെ  "  ഓരോരോ കാലത്തി " ലും      കാണുന്നപോലെയോ , സൂര്യനെല്ലിപ്പെണ്‍കുട്ടിയെപ്പോലെയോ  അല്ലായിരുന്നു യഥാര്‍ഥ  താത്രി  (  അത്തരം കാല്‍പനിക  പരിവേഷം കെട്ടിയുയര്‍ത്തുന്നത് ,  താത്രി എന്ന  " മാനക്കേട് "   മറച്ചുവയ്ക്കാന്‍  സ്വജനങ്ങളും  ശിങ്കിടികളും  മറ്റും  നടത്തുന്ന  പാഴ്‌വേലയാണ് )  . വ്യഭിചാരിണിയാക്കപ്പെട്ട ആദ്യത്തെ അന്തര്‍ജനവുമല്ല   താത്രി  . മുന്‍പും  പിന്‍പുമുണ്ട്   ആ  വഴിയിലേയ്ക്കിറങ്ങിയ / ഇറക്കപ്പെട്ട  അന്തര്‍ജനങ്ങള്‍ .  അന്നത്തെ നമ്പൂതിരി കുടുംബ ജീവിതാന്തരീക്ഷത്തില്‍  ആ  വീഴ്ച  സവര്‍ണരിലാര്‍ക്കും  അദ്ഭുതകരമല്ലായിരുന്നു    എന്നാണ്  , താത്രീവിചാര രേഖകളിലൂടെ  കടന്നുപോകുമ്പോള്‍  നമ്മള്‍ ഞെട്ടലോടെ തിരിച്ചറിയുന്നത്  . ലൈംഗികതകൊണ്ടു കലാപം  നടത്തിയവളാണെന്നും  , അസാമാന്യ പ്രതിഭാശാലിയാണെന്നും  മറ്റുമുള്ള  കൃത്രിമ  തൊങ്ങലുകള്‍  , ബന്ധപ്പെട്ട  പുരാരേഖകള്‍ക്കു മുന്നില്‍ അഴിഞ്ഞുവീഴുകയാണ് .  വ്യഭിചാരക്കുറ്റത്തിന്  ഭ്രഷ്‌ഠയായി  ചാലക്കുടിപ്പുഴവക്കില്‍ തള്ളപ്പെട്ടപ്പോഴും  ,  പാര്‍ക്കാന്‍  അയിത്തജാതിക്കാരില്ലാത്ത ഇടം ചോദിച്ചുവാങ്ങുകയായിരുന്നു    നമ്മുടെ   അസാമാന്യ പ്രതിഭാശലി !   ഏതായാലും , കേരളത്തില്‍ ജീവിച്ചിരുന്ന ഏറ്റവും അപരിഷ്കൃതരായ ഒരു ജനവിഭാഗത്തിന്‍റെ  കുടുംബ - സാമൂഹിക ജീവിതാന്തരീക്ഷങ്ങളെപ്പറ്റി   കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍  പുതു തലമുറയ്ക്ക്  ആറങ്ങോട്ടുകര സ്മാരകം പ്രചോദനമാകും . താത്രിയുടെ  വ്യഭിചാര വിചാരണയാണ്  നമ്പൂതിരി സമുദായ പരിഷ്കരണങ്ങള്‍ക്കു തുടക്കം കുറിച്ചത് എന്നതുപോലുള്ള  കെട്ടുകഥകള്‍ക്ക്  അന്ത്യവുമാകും അതോടെ . അതേ സമയം , സ്മാരകം , കുട്ടികള്‍ക്കുള്ള  ആശ്രയകേന്ദ്രവും  കലാപഠനകേന്ദ്രവും കൂടിയായിരിക്കും എന്നു  പ്രസ്തുത പത്രവാര്‍ത്തയില്‍ കാണുന്നതുമാത്രമാണ്  എന്നെ ആശങ്കപ്പെടുത്തുന്നത്  . താത്രിയാരെന്നു  കുട്ടികള്‍    ചോദിച്ചാല്‍   അധ്യാപകര്‍  അക്കഥകളൊക്കെ    ലളിതമായി  വിശദീകരിച്ചുകൊടുക്കേണ്ടിവരില്ലേ  !  സാരമില്ല , ബ്രാഹ്മണ്യ   ആണ്‍കോയ്‌മ‌യ്‌ക്കെതിരെ  കലാപക്കൊടിയുയര്‍ത്തിയ പെണ്‍കരുത്താണു  താത്രി എന്നൊക്കെ  വാര്‍ഷികാഘോഷങ്ങളില്‍   വന്നുനിന്നു വിളിച്ചുപറയാന്‍ നമുക്ക് ,  ഡോക്ടറേറ്റുള്ള ബുദ്ധിജീവികളെ  കിട്ടാതെവരില്ല .

     പഴയ കേരളത്തിലെ  സ്ഥാപനവത്‌കൃതമായ  ലൈംഗിക  അഴിഞ്ഞാട്ടങ്ങളെപ്പറ്റിയും  , ആ മോഹന കാലത്തിലേക്കു  പ്രത്യാശയോടെ നോക്കിനില്‍ക്കുന്ന , സ്ത്രീസ്വാതന്ത്ര്യവാദമുഖംമൂടിയുള്ള  ഇന്നത്തെ സെക്സ് മാര്‍ക്കറ്റ്  ഏജന്‍റുമാരെയും പരിചയപ്പെടേണ്ടതുണ്ട്   " ദാമ്പത്യബാഹ്യ നേരമ്പോക്ക് വ്യഭിചാരത്തിന്‍റെ പ്രൊമോഷണല്‍ സാഹിത്യസംവാദങ്ങ " ളെക്കുറിച്ചാണു ഞാന്‍ പറയുന്നത് .  ബുദ്ധിജീവിപരിവേഷമുള്ള  ആ  വ്യഭിചാരവും  , ഇന്നലത്തെ  കേരളത്തില്‍ സവര്‍ണ മാടമ്പികള്‍  അടിയാളപ്പെണ്ണുങ്ങളില്‍നിന്നു  കൈയൂക്കുകൊണ്ട് പിടിച്ചുപറ്റിയിരുന്ന നേരമ്പോക്കും മനുഷ്യസമൂഹത്തോടു  ചെയ്യുന്നത്  ഒന്നുതന്നെയാണ് :   ആധുനിക മനുഷ്യര്‍  പടിപടിയായി നേടിയെടുത്ത മാനസിക സംസ്കാരത്തെയും ജീവിതവിശുദ്ധിയേയും കൊഞ്ഞനംകുത്തല്‍ (  ഫാസിസ്റ്റ്   ദുരധികാരസ്ഥാപനം )   .  ഇത് രണ്ടും എന്തെന്നു  മനസ്സിലാക്കണമെങ്കില്‍ , നവോത്ഥാനകാല കേരളത്തിലെ  വലിയ മനുഷ്യര്‍  , ഇന്നും  ജനലക്ഷങ്ങള്‍  ഓര്‍മകളായി നെഞ്ചോടു  ചേര്‍ത്തുപിടിക്കുന്ന മഹാ ത്യാഗികള്‍ ,  സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ ബഹുജന പിന്തുണയോടെ നടത്തിയ   പോരാട്ടങ്ങള്‍  അന്വേഷിച്ചറിയേണ്ടതുണ്ട് .

      ആധുനിക  മനുഷ്യ സമൂഹം  നവോത്ഥാന കാലത്ത്  ഈ നാട്ടില്‍ പൊരുതി നേടിയതാണ് , ലൈംഗിക അച്ചടക്കത്തോടെ  ,  " സ്വാഭാവിക സദാചാര " ത്തോടെ    ജീവിക്കാന്‍ വേണ്ട സ്വാതന്ത്ര്യം . ഈ നാട് എങ്ങനെയാണ് ആ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതെന്നറിയാന്‍  , ഫേസ്ബുക്ക് വിട്ട് ജനങ്ങള്‍ക്കിടയിലേക്ക്  ഒന്നിറങ്ങിയാല്‍ മതി .
               കേരളത്തില്‍ നിലനിന്നിരുന്നത് , ബ്രാഹ്മണ്യ ദുര്‍നീതിപരമായ ജാതിവാഴ്ചയാണ് . അതിന്‍റെ തണലിലാണ്   ബ്രാഹ്മണരും മറ്റും  സവര്‍ണ  സ്ത്രീസമൂഹത്തെ  ക്രൂരവും ആഭാസകരവുമായ  ' സംബന്ധ ' വേഴ്ചകള്‍ക്ക്  ഇരകളാക്കിയിരുന്നത് . അതേ ലൈംഗിക അരാജകത്വത്തിന്‍റെ  ഭീകര മുഖമാണ്  , സവര്‍ണ മാടമ്പികള്‍  അടിയാളപ്പെണ്ണുങ്ങളില്‍നിന്നു  കൈയൂക്കുകൊണ്ട് പിടിച്ചുപറ്റിയിരുന്ന ലൈംഗികാസ്വാദനത്തില്‍  കാണുന്നത് . ഇത്തരം ലൈംഗിക അഴിഞ്ഞാട്ടങ്ങളെ  ചങ്ങലയ്ക്കിട്ടത്  നവോത്ഥാനകാല ചെറുത്തുനില്‍പ്പുകളാണ് .ആധുനിക കേരളത്തിലെ  പുരോഗമന ചലനങ്ങള്‍ക്കെല്ലാം തുടക്കമിട്ടത് , ജാതിവാഴ്ചയ്ക്കും   ലൈംഗിക അഴിഞ്ഞാട്ടങ്ങള്‍ക്കും എതിരായ   പോരാട്ടങ്ങളാണ്.
            ലൈംഗികതയെപ്പറ്റി  തങ്ങള്‍ക്കു ഹിതകരമല്ലാത്ത വല്ല പരാമര്‍ശവും വന്നാല്‍ , അതിനെ വഴക്കു പറഞ്ഞും തെറി പറഞ്ഞും ആക്രോശമുയര്‍ത്തിയും മറ്റും നേരിടുന്ന ബുദ്ധിജീവി നാട്യക്കാരെ  എഫ് ബി-യില്‍  പലപ്പോഴും കാണാറുണ്ട് .  തങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കുത്തഴിഞ്ഞ ലൈംഗികതയെ ആരെങ്കിലും എതിര്‍ത്താല്‍  , സമനില തെറ്റി പ്രതികരിക്കും ,  സെക്സ് മാര്‍ക്കറ്റിന്‍റെ  ആ അംബാസഡര്‍മാര്‍ . ഇന്നലെ  ഈ നാട് പൊരുതിനേടിയ സദാചാര മൂല്യങ്ങളും ജീവിത വിശുദ്ധിയും അവരുടെ വ്യാജ ലൈംഗിക സ്വാതന്ത്ര്യവാദത്തിന്‍റെ  മറവില്‍ ആക്രമണത്തിന്നിരയാവുകയാണ് .  " മോറൽ പോലീസിങ് ന്റെയും സദാചാര ഗുണ്ടായിസത്തിന്റെയും ആധിപത്യതേർവാഴ്ച  "യെ  എതിര്‍ക്കുന്ന കൂട്ടത്തില്‍  പ്രസ്തുത ബൗദ്ധിക ക്രിമിനലുകളെയും ചെറുക്കാന്‍  ഒന്നു മനസ്സുവയ്ക്കണമെന്ന്  അപേക്ഷിക്കയാണ് .   

താത്രിയും രാജാവും ഏഷ്യാനെറ്റും

FB
താത്രിയും  രാജാവും  ഏഷ്യാനെറ്റും  
---------------------------------
ഇന്ന്  (  10 . 7 . 2016 ) സന്ധ്യയ്ക്ക്  6. 30 -ന് ഏഷ്യാനെറ്റ്  ന്യൂസ്  ടിവി ചാനലില്‍  " യാത്ര "   എന്ന പരിപാടിയില്‍  കേട്ടതിന്‍റെ  സാരം :---
          സ്മാര്‍ത്തവിചാരത്തില്‍  താത്രി തന്‍റെ  അറുപത്തഞ്ചാം  ജാരനെ പരിചയപ്പെടുത്തുന്നതിന്‍റെ  മുന്നോടിയായി  കൊച്ചി രാജാവ്  സമ്മാനിച്ച മുദ്രമോതിരം  ഉയര്‍ത്തിക്കാട്ടിയത്രെ ! 
      ഇത് ഏറ്റുപാടുന്ന  അവസാനത്തെയാളാവില്ല ഈ യാത്രക്കാരന്‍ എന്ന് എനിക്കുറപ്പുണ്ട് . എത്ര തിരുത്തിയാലും  വരും ആളുകള്‍ ഇനിയും ഈ പാട്ടുമായി   .     രാജാവിനെ ജാരനാക്കാന്‍ , ദുര്‍ബലമായ ഒരു തെളിവെങ്കിലും പുരാരേഖകളില്‍നിന്നു ഹാജരാക്കാന്‍  കഴിയുമോ  ഏറ്റുപാട്ടുകാര്‍ക്ക് ? അല്ലെങ്കില്‍ , ഒരു 50 കൊല്ലമെങ്കിലും മുന്‍പത്തെ  ഒരു വിവര ഉറവിടം  ചൂണ്ടിക്കാട്ടാമോ  ?

അയ്യന്‍കാളിയുടെ അച്ഛനും അമ്മയുമാണത്

FB
അയ്യന്‍കാളിയുടെ  അച്ഛനും അമ്മയുമാണത് 
___________________________________________







അയ്യന്‍കാളിയുടെ  അച്ഛനും അമ്മയുമാണത് 
________________________________________________________



S N D P   Y o g a m   A y a m k u d y   U n i o n - ന്‍റെ  F B  പേജില്‍ നിന്നാണ്  തെറ്റായ  (   നാരായണ ഗുരുവിന്‍റെ  അച്ഛനും അമ്മയും എന്ന ) അടിക്കുറിപ്പുള്ള   ഈ ഫോട്ടൊ  കിട്ടിയത്  . അയ്യന്‍കാളിയുടെ  അച്ഛന്‍ അയ്യനും  അമ്മ മാലയുമാണിത് .  1113  (  1937 ) ചിങ്ങം 27-ന്‍റെ മനോരമ ആഴ്ചപ്പതിപ്പില്‍നിന്നാണ് ഞാന്‍ ഇത് കണ്ടെടുത്തത് . തുടര്‍ന്ന്   എന്‍റെ  "  ഉപരോധം "  മാസികയുടെ 1998 മേയ് ലക്കം  കവറിലാണ്  , 60 കൊല്ലത്തിനു ശേഷം ,  ഇത് ആദ്യമായി  പുനഃപ്രസിദ്ധീകരിച്ചത് .  പിന്നെ  2006 - ല്‍  എന്‍റെ  "  അയ്യന്‍കാളിയ്ക്ക്   ആദരത്തോടെ  "   എന്ന പുസ്തകത്തിന്‍റെ   ഒന്നാം പതിപ്പിന്‍റെ  കവര്‍ ചിത്രമായി  ഇത് . ഈ പുസ്തകത്തിന്‍റെ  രണ്ടാം  പതിപ്പില്‍ ( 2009 ) രണ്ടാം പേജിലും ഇത് അച്ചടിച്ചു . അവിടന്ന്  ,  എന്‍റെ  അടിക്കുറിപ്പോടെയുള്ള  പ്രസ്തുത  ഫോട്ടൊ  കോപ്പിചെയ്ത്  , അടിക്കുറിപ്പ്  മറച്ചുവച്ചിട്ടാണ്  ആയാംകുടിക്കാര്‍ അയ്യന്‍കാളിയേയും  അച്ഛനമ്മമാരെയും അപമാനിക്കുന്നത് . 1 5 0 0 -ല്‍ പരം പേര്‍ ഇതിനകം തന്നെ ഈ തോന്ന്യാസ സൃഷ്ടി  ഷെയര്‍ ചെയ്തു കഴിഞ്ഞു. ഉടന്‍ തെറ്റു തിരുത്തി അറിയിപ്പു പ്രസിദ്ധീകരിക്കണം കുറ്റവാളികള്‍ .






അമൃതാശ്രമത്തിലെ കൊല

FB
അമൃതാശ്രമത്തിലെ  കൊല
_______________________________
 കാല്‍ നൂറ്റാണ്ടു  മുന്‍പ്  അമൃതാശ്രമത്തില്‍  കൊല്ലപ്പെട്ട നാരായണന്‍ കുട്ടിയെക്കുറിച്ച്  അദ്ദേഹത്തിന്‍റ്റെ  " മൂത്ത സഹോദരി "  നടത്തുന്ന   " പൊളിച്ചെഴുത്ത് " വീഡിയോ കണ്ടു . നാരായണന്‍ കുട്ടിയെ കൊന്നതാണെന്ന പ്രചാരണം അമൃതവിരോധികളുടേതാണെന്നു സമര്‍ഥിക്കാന്‍ നോക്കുകയാണ്  ഈ  " സഹോദരി " . എന്‍റെ  സംശയം ഇതാണ്  : ആ മരണത്തെ പ്രതി നാട്ടുകാര്‍ പ്രക്ഷോഭം നടത്തുമ്പോഴും , പിന്നീട്  കാല്‍ നൂറ്റാണ്ടു കാലവും ഈ പൊളിച്ചെഴുത്തുകാരി   " സഹോദരി "  എവിടെയായിരുന്നു  ? (  ജന്‍മം നല്‍കിയവരെപ്പോലും  വിറ്റു കാശാക്കുന്ന  ഇക്കാലത്ത് , സ്വന്തം കൂടെ പ്പിറപ്പിനെ ഒരാള്‍  തന്‍ കാര്യസാധ്യത്തിനായി  തള്ളിപ്പറയുന്നതില്‍ ഒരത്ഭുതവും വേണ്ട ) . 


    അമൃത കൊലകളെക്കുറിച്ചു  നല്‍കിയ വാര്‍ത്തകളുടെ പേരില്‍  1 4  കൊല്ലം മുന്‍പ് ദേശാഭിമാനി പത്രം   ( 24 . 9 . 2002  )  മാപ്പു ചോദിക്കുന്ന  പ്രസ്താവനയും മറ്റുമുള്ള പത്രഭാഗത്തിന്‍റെ ഫോട്ടൊ കോപ്പിയും കണ്ടു . എന്നാല്‍ , മാപ്പ് അച്ചടിച്ച കടലാസ് കഷണം  ഒട്ടിച്ച് എടുത്ത  വ്യാജ ഫോട്ടൊ കോപ്പിയാണിതെന്നു ഞാന്‍ സംശയിക്കുന്നു . അല്ലായിരുന്നെങ്കില്‍ , മാപ്പ് ഭാഗം തെളിഞ്ഞും  ബാക്കി ഭാഗം മങ്ങിയും വന്നതെങ്ങനെ ? മാത്രമല്ല , അമൃതാലയത്തില്‍  തയ്യാറാക്കിയതാണ് , കര്‍ത്താവിന്‍റെ പേരോ പദവിയോ ഇല്ലാത്ത ഈ  മാപ്പ് പ്രസ്താവനയെന്ന്  ഒറ്റ വായനയില്‍ത്തന്നെ വെളിവായിപ്പോകുന്നുമുണ്ട് !  അതല്ല , എന്‍റെ  സംശയത്തിന്  അടിസ്ഥാനമില്ലെന്നു തെളിഞ്ഞാല്‍  മാപ്പു പറയാം .