Saturday, June 16, 2018

അംബേഡ്‌കര്‍ ഫയല്‍ ഇതാ , മുന്നില്‍ !

അംബേഡ്‌കര്‍ ഫയല്‍ ഇതാ , മുന്നില്‍ !
-------------------------------------------------------------
10 കൊല്ലം മുന്‍‌പാണ് ഞാന്‍ കേരള ആര്‍ക്കൈവ്സ് ഡയറക്ടറേറ്റില്‍ നിന്ന് ഡോ : ബി . ആര്‍ . അംബേഡ്‌കറുടെ തിരുക്കൊച്ചി സന്ദര്‍ശന രേഖകള്‍ കണ്ടെടുത്തു പ്രസിദ്ധീകരിച്ചത് ( മാതൃഭൂമി ആഴ്ചപ്പതിപ്പ് , 13 . 4 . 2008 ) . 1950 - ല്‍ , കേന്ദ്ര നിയമമന്ത്രിയായിരുന്ന അദ്ദേഹം , ഹൈദരാബാദ് - മദ്രാസ് - സിലോണ്‍ വഴിയാണു തിരുവനന്തപുരത്തെത്തിയത് . ഇവിടം വിട്ടു വീണ്ടും മദ്രാസിലിറങ്ങി താമസിച്ചിട്ടാണു ബോംബെയ്ക്കു പോയത് . തിരുവനന്തപുരം യാത്രയുടെ മുന്നോടിയായ മദ്രാസ് സന്ദര്‍ശനത്തിന്‍റെ രേഖ [ G . O . No . 3010 , dt . 6 . 7 . 1950 , Public ( Political - B ) , pages 68 ] ഇപ്പോഴാണ് എനിക്ക് ചെന്നൈ ആര്‍ക്കൈവ്സില്‍ നിന്നു കണ്ടെത്താനായത് .
19 . 5 . 1950 - ന് ന്യൂ ഡെല്‍‌ഹിയില്‍ നിന്നു വിമാനത്തില്‍ ഹൈദരാബാദിലെത്തി മൂന്നു നാള്‍ ( 20 , 21 , 22 ) അവിടെ തങ്ങുന്നു ( c/o J . H . Subbiah , 135 - C , Prenderghast Rd . , Secunderabad ) . 23 - ന് ഉച്ചയ്ക്ക് അവിടന്നു വിമാനത്തില്‍ പുറപ്പെട്ട് രണ്ടു മണിക്കൂര്‍ കൊണ്ട് മദ്രാസ് മീനംബാക്കം വിമാനത്താവളത്തില്‍ ഇറങ്ങുന്നു . പിറ്റേന്നും മദ്രാസില്‍ തങ്ങുന്നു ( ഗവ . ഗസ്റ്റ് ഹൗസ് , ചെപോക്ക് ? ) . 24 - ന് കൊളംബോയിലേയ്ക്ക് . ജൂണ്‍ 7 - ന് സിലോണില്‍ നിന്ന് വിമാനത്തില്‍ മടങ്ങി തിരുച്ചിറപ്പള്ളിയില്‍ ഇറങ്ങുന്നു . ചെങ്കോട്ട പാസഞ്ചര്‍ ട്രെയ്‌നില്‍ ഘടിപ്പിച്ച പ്രത്യേക സലൂണില്‍ രാത്രി 9. 50 - ന് തിരിച്ച് വെളുപ്പിന് 2 . 53 - ന് മധുരയില്‍ എത്തുന്നു . രാവിലെ 7 . 33 - ന് , സലൂണ്‍ ട്രിവാന്‍ഡ്രം എക്സ്‌പ്രെസില്‍ ഘടിപ്പിച്ച് , യാത്ര തുടര്‍ന്ന് വൈകീട്ട് 6 . 45 - ന് തിരുവനന്തപുരത്ത് എത്തുന്നു . ( ജൂണ്‍ 9 , 10 തീയതികളിലെ തിരുക്കൊച്ചി സന്ദര്‍ശന വിവരത്തിന് എന്‍റെ മുന്‍ സൂചിപ്പിച്ച മാതൃഭൂമി ലേഖനം കാണുക . അതു തന്നെ എന്‍റെ " അയ്യന്‍‌കാളിയ്ക്ക് ആദരത്തോടെ " എന്ന പുസ്‌തകത്തിലും എന്‍റെ ഗൂഗ്ള്‍ ഡ്രൈവ് സൈറ്റിലും ( https://drive.google.com/…/1UbdFHFsIEX98870Uc4X1Co4F95s4U0N… ) ഉണ്ട് . 11 - ന് ഉച്ചയ്ക്ക് 12 . 45 - ന് വിമാനത്തില്‍ തിരുവനന്തപുരം വിട്ട് വൈകീട്ട് 5 . 05 - ന് മദ്രാസില്‍ ഇറങ്ങുന്നു . പ്രമുഖ ദലിത് നേതാവും , മുന്‍ മദ്രാസ് മേയറും ( 1945 ) , പിന്നീട് ( 1957 - 61 ) ലോക്‌സഭാംഗവുമായ അഡ്വ : എന്‍ . ശിവരാജിന്‍റെ വീട്ടിലായിരുന്നു ( 144 , Gandhi Nagar , Adayar ) പിറ്റേന്നു താമസം . 13 - ന് രാവിലെ 7 . 30 - ന് വിമാനത്തില്‍ ബോംബെയ്ക്കു തിരിക്കുന്നു . 11 . 30 - ന് ബോംബെയില്‍ ഇറങ്ങുന്നു .
" ഡോ . അംബേദ്‌കര്‍ : ജീവിതവും ദര്‍ശനവും " ( ധനഞ്ജയ് കീര്‍ , അംബേദ്‌കര്‍ പബ്ളിക്കേഷന്‍‌സ് , തിരുവനന്തപുരം - 12 , 2003 , പേജ് 453- 57 ) എന്ന പുസ്‌തകത്തില്‍ നിന്ന് ഈ വിവരങ്ങളും കിട്ടുന്നുണ്ട് :--- " ന്യൂഡല്‍‌ഹിയില്‍ ബുദ്ധ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിച്ചുകൊണ്ട് ഹിന്ദുമതത്തിലെ ദിവ്യന്‍‌മാരെ അദ്ദേഹം കഠിനമായി വിമര്‍ശിച്ചു . ബുദ്ധമതം സദാചാര നിബദ്ധമാണെന്ന് അദ്ദേഹം പ്രസ്‌താവിച്ചു . " " താമസിയാതെ ഔറംഗാബാദില്‍ സ്‌ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കോളേജിന്‍റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് മേയ് 19 ന് ഹൈദ്രാബാദിലേയ്ക്ക് പോയി . യംഗ്‌മെന്‍‌സ് ബുദ്ധിസ്‌റ്റ് അസ്സോസിയേഷന്‍ കൊളംബോയില്‍ നടത്തുന്ന ബുദ്ധമത സമ്മേളനത്തിലേക്കു തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് ഹൈദ്രാബാദിലെ താമസക്കാലത്ത് അദ്ദേഹം പറഞ്ഞു . " പത്‌നിയോടും പാര്‍ട്ടി സെക്രട്ടറി രാജ്‌ഭോജിനോടുമൊപ്പം 1950 മേയ് 25 ന് അംബേദ്‌കര്‍ വിമാനമാര്‍ഗ്ഗം കൊളംബോയില്‍ എത്തിച്ചേര്‍ന്നു . താന്‍ അവിടെ എത്തിയിട്ടുള്ളത് ബുദ്ധമതത്തിന്‍റെ ചടങ്ങുകളും അനുഷ്‌ഠാനങ്ങളും നിരീക്ഷിക്കുവാനും ബുദ്ധന്‍റെ മതം എത്രമാത്രം ചൈതന്യവത്താണെന്നു കണ്ടെത്താനുമാണെന്ന് കൊളംബോയില്‍ എത്തിയ ഉടന്‍ അദ്ദേഹം പത്രലേഖകരോടു പറഞ്ഞു . " " മടക്കയാത്രയില്‍ അംബേദ്‌കര്‍ തിരുവനന്തപുരവും മദ്രാസും സന്ദര്‍ശിച്ചു . "