Thursday, January 2, 2020

ഒരു പുസ്‌തക സമരം കഴിഞ്ഞിട്ടു 10 കൊല്ലം










Cherayi Ramadas ,FB ,31 December 2019 at 22:48


ഒരു പുസ്‌തക സമരം കഴിഞ്ഞിട്ടു 10 കൊല്ലം .
-----------------------------------------------------------------------------------
അയ്യന്‍‌കാളിയ്‌ക്ക് ആദരത്തോടെ എന്ന പുസ്‌തകത്തിന്‍റെ പരിഷ്‌കരിച്ച പതിപ്പ് സ്വന്തമായി " ഉപരോധം ബുക്‌സ് " എന്ന ബാനറില്‍ പുറത്തിറക്കിയത്
2009 -ലാണ് . ചുരുങ്ങിയത് 5 വ്യത്യസ്‌ത പുസ്‌തകങ്ങളാക്കാന്‍ വേണ്ടത്ര അന്വേഷണ - പഠനങ്ങള്‍ കഴിഞ്ഞിരുന്നെങ്കിലും , ഓരോരോ പ്രബന്ധങ്ങളാക്കി
ചുരുക്കി ഒറ്റ പുസ്‌തകമാക്കുകയായിരുന്നു ( കേരളീയ നവോത്ഥാന കാലം കൂടുതല്‍ പഠിക്കാന്‍ സമയം കണ്ടെത്തിയത് അങ്ങനെയാണ് . അയ്യന്‍‌കാളി
പ്രസ്‌ഥാനത്തിന്‍റെ അറിയപ്പെടാത്ത ഏടുകള്‍ ഇനിയുമുണ്ടു പുസ്‌തകരൂപത്തിലാക്കാന്‍ ; സമയം കിട്ടിയാല്‍ നടക്കും ) . സ്വന്തം പുസ്‌തകം തനിച്ചുതന്നെ
പ്രസിദ്ധീകരിക്കാതെ മറ്റു വഴിയില്ല എന്ന സ്‌ഥിതി വന്നാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്തി . എല്ലാ ജില്ലകളിലുമായി 125 -ല്‍ പരം വിതരണക്കാരെ കണ്ടുപിടിച്ചു . ചുരുങ്ങിയ സമയത്തിനകം കോപ്പികള്‍ വിറ്റു തീര്‍‌ന്നു ( കെ. പി. വള്ളോന്‍ നിയമസഭയില്‍ , അംബേഡ്‌കറുടെ
മരണം എന്നിവയും കൂടെ പ്രസിദ്ധീകരിച്ചിരുന്നു ) .
വ്യാജ പുരോഗമനക്കാരില്‍നിന്നാണ് ദുരനുഭവങ്ങള്‍ അധികവും നേരിട്ടത് . അയച്ചുകൊടുത്ത
സാമ്പിള്‍ കോപ്പി മടക്കിയയച്ച ബുക്‌‌സ്‌റ്റാളും , കോപ്പി കൈപ്പറ്റി എന്നുപോലും വായനക്കാരെ അറിയിക്കാതെ വെറുപ്പ് എന്നോടു നേരിട്ടു പ്രകടിപ്പിച്ച
പത്ര വാരാന്തക്കാരനും ഓര്‍‌മയില്‍ വരുന്നു ( ആ വാരാന്തത്തിന്‍റെ മറ്റൊരു അധിപന്‍ , 3 കൊല്ലം കഴിഞ്ഞു ഞാന്‍ അയച്ചുകൊടുത്ത കായല്‍‌സമ്മേളന
ലേഖനം നിരസിച്ചുകൊണ്ടു ചോദിച്ചതും ഓര്‍‌മയിലുണ്ട് : " ഈ പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ തക്ക പ്രാധാന്യമുണ്ടോ അതിന് ? " ) എല്ലാ പ്രധാന
ലൈബ്രറികളിലും എന്‍റെ " അയ്യന്‍‌കാളി " ഉണ്ടായിരിക്കണം എന്ന ആഗ്രഹംമൂലമാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലേയ്‌ക്കും റെജിസ്‌റ്റേഡ് ആയി
കോപ്പി അയച്ചത് . ഏ.ഡി. കാര്‍‌ഡ് മടങ്ങിയെത്തി . പക്‌ഷെ , പിന്നീട് അന്വേഷിച്ചപ്പോള്‍ അവര്‍ പറയുന്നത് അവിടെയെത്തിയിട്ടില്ല എന്നാണ് . ഒടുവില്‍
വി.സി. യ്‌ക്കു വരെ പരാതി നല്‍‌കിയപ്പോഴാണ് പുസ്‌തകം കൈപ്പറ്റിയിരുന്നു എന്ന് ബന്ധപ്പെട്ടയാള്‍ സമ്മതിച്ചത് !
" അയ്യന്‍‌കാളി " യ്‌ക്ക് വളരെയുണ്ടായി പകര്‍‌ത്തിയെഴുത്തുകള്‍ , ഗ്രന്ഥകാരന്‍റെ പേരുപോലും സൂചിപ്പിക്കാതെ . എങ്കിലും സന്തോഷം , ഞാന്‍
അധ്വാനിച്ചു കണ്ടെത്തിയ വിവരങ്ങള്‍ അങ്ങനെയും വായനക്കാരിലെത്തിയല്ലോ ! ആ വ്യാജ എഴുത്തുകാരുടെ നിലവാരം ഉയരാന്‍ എളുപ്പ
വഴിയൊന്നുമില്ല . ഉയര്‍‌ന്ന തരം ഗവേഷണ രചനകള്‍ വായിക്കാന്‍ അവര്‍‌ക്ക് അവസരമുണ്ടാകണം . അന്യരുടെ രചനകളില്‍ നിന്ന് ഒരൊറ്റ വാക്ക്
കടമെടുക്കുമ്പോള്‍ പോലും ആ ഉറവിടം രേഖപ്പെടുത്തുന്ന തരം കൃതികള്‍ ( ഉദാ : - ഫിലിപ് കെ . ഹിറ്റിയുടെ History of the Arabs) വായിച്ച് മനഃ
സം‌സ്കരണം നടന്നാലേ അതുണ്ടാകൂ .
പുതിയ ആണ്ട് എല്ലാ സുഹൃത്തുക്കള്‍ക്കും നന്നായ് വരട്ടെ .