Sunday, April 28, 2019

കേട്ടുകേള്‍വി ചരിത്രമാകില്ല


to Mathrubhumi weekly , calicut  ,  28.4.2019

 (  വായനക്കാര്‍ എഴുതുന്നു )



കേട്ടുകേള്‍വി ചരിത്രമാകില്ല
________________________

113 കൊല്ലം മുന്‍‌പ് കൊച്ചി രാജ്യത്തു നടന്ന താത്രീ സ്‌മാര്‍ത്തവിചാരത്തെപ്പറ്റി ഡോ : രാജന്‍ ചുങ്കത്ത് പറയുന്ന

പലതും ( 97 : 6 ) അവാസ്‌തവമാണെന്നു തെളിയിക്കാന്‍ ആ ലേഖനംതന്നെ മതി  !  ആ വ്യഭിചാരക്കേസിലെ  പ്രതികളില്‍ ഒരാളായി വി . കെ . നാരായണ " ഭട്ടതിരി " യെ തെറ്റായി , പകരക്കാരനായി , ചേര്‍ക്കുകയായിരുന്നു

എന്നാണു ലേഖകന്‍റെ വെറും വാക്കാല്‍ വാദം . അഛ്‌ചന്‍ സ്‌മാര്‍ത്തവിചാരണയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല

എന്നാണ് ഭട്ടതിരിയുടെ മകന്‍ പി . ചന്ദ്രശേഖരന്‍ , ലേഖകന്‍റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞിരിക്കുന്നത് .

തന്‍റെ വേളിയ്‌ക്ക് താന്‍ , ഭ്രഷ്‌ടനായ ഭട്ടതിരിയെ പങ്കെടുപ്പിച്ചതിനാല്‍ സ്വജനങ്ങളുടെ എതിര്‍പ്പ്

നേരിട്ടതിനെപ്പറ്റിയാണ് കവി അക്കിത്തം ലേഖകനോടു പറയുന്നത് . അദ്ദേഹത്തിനു പോലും അറിയില്ല ലേഖകന്‍

കണ്ടെടുക്കുന്ന സാങ്കല്‍‌പ്പിക "  ആള്‍മാറാട്ടക്കഥ " എന്ന് ആ വാക്കുകള്‍ തെളിയിക്കുന്നുണ്ടല്ലോ :  "

 ... പകരക്കാരനെ പ്രതിയായി ഹാജരാക്കുന്നതുപോലെ ഒരു ഏര്‍‌പ്പാട്  114 കൊല്ലം മുമ്പും ഉണ്ടായിരുന്നു എന്ന്

കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു . "  ഭട്ടതിരിയുടെ ജ്യേഷ്‌ഠന്‍  വി . കെ . നീലകണ്ഠന്‍ ഭട്ടതിരിയുടെ

പേരമകന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിനെ താന്‍ ബന്ധപ്പെട്ടെന്നു  ലേഖകന്‍ എഴുതിയിട്ടുണ്ടെങ്കിലും   , അദ്ദേഹം

എന്തു പറഞ്ഞു എന്നു നമുക്കറിയില്ല . പിന്നെയുള്ളത് ,  "  പകരക്കാരനായി അനുജന്‍ നാരായണ ഭട്ടതിരി

പ്രതിചേര്‍‌ക്കപ്പെടുകയാണുണ്ടായതെന്നാണ് നാട്ടുകാരില്‍ പലരും അഭിപ്രായപ്പെട്ടത് "  എന്ന അന്തസ്സില്ലാത്ത

ഒരേയൊരു വാചകമാണു ലേഖകന്‍റെ പിടിവള്ളി .  " അനുജന്‍ " എന്നു ചേര്‍ത്തിട്ടുള്ളതുകൊണ്ട് , ജ്യേഷ്‌ഠനായിരുന്നു യഥാര്‍‌ഥ പ്രതി എന്നു വായനക്കാര്‍ ഊഹിച്ചോട്ടെ എന്നു ലേഖകന്‍ കരുതുന്നുണ്ടോ ആവോ ! സ്വന്തം മകന്നും സുഹൃത്തായ അക്കിത്തത്തിനും പോലും അറിവില്ലാത്ത , നാലു തലമുറയ്ക്കെങ്കിലും മുന്‍‌പു നടന്ന ആള്‍മാറാട്ടക്കഥ പറഞ്ഞുതരാന്‍ യോഗ്യരായ ആ നാട്ടുകാരുടെ പേരും അവര്‍ പറഞ്ഞതിന്‍റെ വിശദാംശങ്ങളും വായനക്കാര്‍ അറിയേണ്ടതില്ല എന്നാണോ ?

                 ഈവിധം ഒരു കേട്ടുകേള്‍വിയുമായി വായനക്കാര്‍ക്കു മുന്നില്‍ വരും മുന്‍‌പ്  , സം‌സ്‌ഥാന

ആര്‍ക്കൈവ്സ് വകുപ്പില്‍ ഇതു സംബന്ധിച്ചു സൂക്ഷിച്ചിട്ടുള്ള വന്‍ രേഖാ ശേഖരം ഒന്നു പരിശോധിക്കാമായിരുന്നു

ലേഖകന് ( അതില്‍ നിന്ന് ഒട്ടേറെ രേഖകള്‍ ഞാനും പുറത്തുകൊണ്ടുവന്നിട്ടുണ്ട് ) . ആ വിവരങ്ങള്‍

നിഷേധിച്ചുകൊണ്ടു വേണമായിരുന്നു തന്‍റെ കഥാകഥനം . വിചാരണയ്ക്കൊടുവില്‍  "  സാധനം "  ,  തന്‍റെ

വ്യഭിചാര കക്‌ഷിയായ കൊച്ചി രാജാവിന്‍റെ മുദ്രമോതിരം  ഉയര്‍ത്തിക്കാട്ടിയെന്നും ,

ഇനിയും വേണോ കക്‌ഷികളുടെ പേര്  എന്നു ചോദിച്ച് അവര്‍  ഭീഷണിപ്പെടുത്തിയതിനാലാണു വിചാരണ

ടപ്പേന്ന് നിര്‍ത്തിവച്ചതെന്നും  മറ്റും വ്യാഖ്യാനിക്കുന്ന  നാടകവും  പെയ്‌ന്‍റിങ്ങും കൊച്ചുപുസ്‌തകവുമുണ്ടു

സങ്കല്‍‌പ്പക്കാര്‍ക്കു കൂട്ടിന്  ! അതേ സ്‌ഥാനമാണ് ,   " കപ്‌ളിങ്ങാട് " എന്നെഴുതിയ മുദ്രമോതിരം താത്രിക്ക്

കുളക്കടവില്‍നിന്നു കിട്ടിയതുവഴിയാണു ഭട്ടതിരി പ്രതിയാക്കപ്പെട്ടതെന്ന കേള്‍വിക്കുമുള്ളത് .

                 എറണാകുളം റീജിയണല്‍ ആര്‍ക്കൈവ്‌സിലുള്ള  File - 8 ( " പൊടിഞ്ഞ രേഖകള്‍ " ) ലെ 13 . 11 .

1080 ന്‍റെ ദിനസരിക്കുറിപ്പില്‍നിന്ന്   : " കപ്‌ളിങ്ങാട്ട നാരായണന്‍ നമ്പൂരി [ " നമ്പൂരി " എന്നാണു രേഖ ]

യെപറ്റി സാധനത്തിന്‍റെ മൊഴി വാങ്ങി .  നാരായണന്‍ നമ്പൂരിയെ വിസ്‌തരിച്ചു .  അദ്ദെഹത്തിന്‍റെ

സാക്‌ഷിയായി നടുവിലെ മടത്തില്‍ വെങ്കിടെശ്വര പട്ടരെ വിസ്‌തരിച്ചൂ  " (  പേജ് D 16 - I ) .

                 
                    File - 1 ( " സ്‌മാര്‍ത്തന്‍റെ തീരുമാനവും സ്വരൂപം ചൊല്ലിയവരുടെ പേരുവിവര പട്ടികയും " ) ല്‍

നിന്ന് : "  28 . വരൊര കപ്‌ളിങ്ങാട്ട നാരായണന്‍ നമ്പൂരി ___ പുരുഷന്‍ നിഷെധിക്കുകയല്ലാതെ വിശേഷ ഹേതു

ഉള്ളതായി പറയുക പൊലും ചെയ്യുന്നില്ലാ . പുരുഷന്‍ വിസ്‌തരിച്ച ഒരു സാക്‌ഷി കെവലം ഇഷ്ടത്തിന്ന വെണ്ടി

പറയാന്‍ ആളാണന്ന ആയാളുടെ മൊഴികൊണ്ടതന്നെ ഊഹിക്കാവുന്നതാണ . സാധനത്തിന്‍റെ മൊഴിയിന്‍‌മെല്‍

അവിശ്വാസം ജനിക്കുന്നില്ലാ  "  (  പേജ് 43 ) .

         പിന്നീട്  കേരളീയ നവോത്ഥാന പോരാട്ടങ്ങളെ ധൈഷണികമായി തുണച്ചു , എഴുത്തുകാരനായി പ്രശസ്‌തി നേടിയ വി. കെ .

നാരായണ ഭട്ടതിരി   . ജാതിഭേദവാഴ്ച വാദത്തെ തന്‍റെ  വേദ പാണ്ഡിത്യ ഗരിമകൊണ്ടു ചോദ്യം

ചെയ്‌തു ആ ഭ്രഷ്ടന്‍ . നമ്മള്‍ ഇന്നനുഭവിക്കുന്ന സാമൂഹിക സമത്വത്തിനു പിന്നില്‍ , ബ്രാഹ്‌മണ്യത്തിന്‍റെ  ആ

ഇരയുടെ കൈത്താങ്ങുമുണ്ട് .  അദ്ദേഹം അര്‍ഹിക്കുന്ന ആദരം  പുതിയ കേരളം ഇതുവരെ നല്‍‌കിയിട്ടില്ല . അതേസമയം , വസ്‌തുനിഷ്‌ഠമല്ലാത്തതൊന്നും ചരിത്രചര്‍ച്ചയില്‍ വന്നുകൂടാ എന്നതുകൊണ്ടാണ്  ഞാന്‍ ഡോ : രാജന്‍ ചുങ്കത്തിന്‍റെ വാദങ്ങളെ എതിര്‍ക്കുന്നത് .



                                            -- ചെറായി രാമദാസ് ,
                                               എടത്തല , എറണാകുളം