Monday, March 11, 2019

" പുലച്ചോന്‍‌മാ " രും ചോതി ചാത്തനും

"  പുലച്ചോന്‍‌മാ " രും    ചോതി ചാത്തനും
____________________________________

സഹോദരന്‍ അയ്യപ്പന്‍റെ ജീവിതം     മുഴുനീളത്തില്‍  ആദ്യമായി ഒരു സാഹിത്യ കൃതിയിലേയ്ക്കു  കടന്നുവരുന്നത്  ,   എന്‍റെ സ്‌നേഹിതനായ എം . ആര്‍ . അജയന്‍റെ   "  പുലച്ചോന്‍‌മാര്‍  "   എന്ന നോവലിലൂടെയായിരിക്കണം . അയ്യപ്പന്‍റെ ചെറായി ഉള്‍പ്പെടുന്ന വൈപ്പിന്‍ ദ്വീപിലെ മറ്റൊരു ഗ്രാമ‌മായ ഓച്ചന്തുരുത്ത് ആണ് അജയന്‍റെ സ്വദേശം  .  നീണ്ട കാലമായി  പ്രശസ്‌ത 
മാധ്യമ പ്രവര്‍ത്തകനാണെങ്കിലും , ഈ കൃതിയിലൂടെയായിരിക്കും അജയനെ ചരിത്രം ഓര്‍മിക്കാന്‍ പോകുന്നത് . ഒരു നാടിന്‍റെ  പഴക്കമേറിയ പ്രതീക്‌ഷയാണ്  അജയന്‍ സഫലമാക്കിയിരിക്കുന്നത്  ( വിതരണം :  സി . ഐ . സി . സി . , പ്രെസ് ക്‌ളബ്  റോഡ് , എറണാകുളം - 682011 , വില :  300 രൂപ ,  ഫോണ്‍ :  0484 2353557 .  2017 നവംബറിലായിരുന്നു   പ്രകാശനം ) .   


          ചെറായിയുടെ സമീപ പ്രദേശമായ വടക്കന്‍ പറവൂരിലെ  എ . ഹരികുമാര്‍ എഴുതിയ  " മരച്ചക്കില്‍ ആട്ടിയ നല്ലെണ്ണ തയ്യാര്‍ "  എന്ന ചെറു നോവലിലാണ്   അയ്യപ്പന്‍റെ   ആദ്യ കഥാ രൂപം കാണുന്നത്  (  സൈന്‍  ബുക്‌സ്  , തിരുവനന്തപുരം  ,   signbooks@gmail.com  , പ്രകാശനം  :  2009 ജൂണ്‍ ) . 

               പഴയ തലമുറയിലെ  പ്രശസ്‌ത  സാഹിത്യകാരനും അധ്യാപകനുമായിരുന്ന  ശ്രീ :  ശങ്കരന്‍ കരിപ്പായി ,   മൂന്നര പതിറ്റാണ്ടു മുന്‍‌പ് ചെറായിയില്‍  ഞങ്ങള്‍ നല്‍‌കിയ ഒരു
സ്വീകരണ യോഗത്തില്‍   വച്ചു  വാക്കു പറഞ്ഞതാണ്   "  അയ്യപ്പന്‍റെ  ജീവിതം  ഞാന്‍ ഒരു നോവലായി  എഴുതും  "  എന്ന് .   മിശ്രഭോജനപ്പറമ്പിന്‍റെ  സമീപ പ്രദേശത്തുകാരനും  എന്‍റെ
അയല്‍വാസിയുമായിരുന്നു  കരിപ്പായി സാര്‍ .  സഹോദര പ്രസ്ഥാനത്തെ  അടുത്തറിഞ്ഞിരുന്ന അദ്ദേഹത്തെക്കാള്‍ യോഗ്യതയുള്ള  മറ്റൊരാളുമില്ലായിരുന്നു ആ കഥ എഴുതാന്‍ . വലിയ
പ്രതീക്‌ഷയോടെയാണു   ഞാന്‍ കാത്തിരുന്നത്  ആ നോവല്‍ വായിക്കാന്‍ .   പക്ഷെ ,  അതിനു കഴിയും മുന്‍‌പ്  എന്‍റെ  ഗുരുനാഥന്‍   ജീവിതത്തില്‍ നിന്നു വിടപറഞ്ഞു . 

          അജയന്‍റെ  നോവല്‍  എനിക്ക് ചില അനിഷ്ടങ്ങള്‍ക്കു കൂടി  കാരണമായിരിക്കയാണ്  . അവയില്‍ മുഖ്യമായതാണ് ഇവിടെ സൂചിപ്പിക്കുന്നത് .

         ചെറായിയും ഉള്‍‌പ്പെടുന്ന വൈപ്പിന്‍ ദ്വീപിനെ  , കായലിനപ്പുറത്തെ എറണാകുളം വന്‍‌കരയോടു ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങളുടെ ഉദ്‌ഘാടനം 15  കൊല്ലം മുന്‍‌പായിരുന്നു . ആ 
വേളയില്‍  ഒരു സൂവനീര്‍  പ്രസിദ്ധീകരിക്കാന്‍  അജയനും കൂട്ടരും തീരുമാനിച്ചു .  വൈ‌പ്പിന്‍കരയോടു ബന്ധമുള്ള ഒരു വിഷയം  എഴുതിക്കൊടുക്കാന്‍ എന്നോട്  ആവശ്യപ്പെട്ടു .  തീര്‍ത്തും
പുതിയതാവണം വിഷയം എന്നാണു ഞാന്‍ തീരുമാനിച്ചത്   .  മുന്‍‌പേതന്നെ    ചോതി ചാത്തന്‍  എന്‍റെ മനസ്സിലുണ്ടായിരുന്നു . 1913-ല്‍  കൊച്ചി പുലയ സഭയുടെ  , എറണാകുളത്തു ചേര്‍ന്ന  രണ്ടാം സമ്മേളനത്തില്‍  സ്വന്തം കവിത ചൊല്ലിയയാളാണെന്ന്  ആയിടെതന്നെ ഭാഷാപോഷിണി മാസിക ,  " ആദി പുലയ കവി  "  എന്ന ലേഖനത്തിലൂടെ  ( 1913  ഒക്‌റ്റോബര്‍ - ഡിസംബര്‍ ലക്കം ) പരിചയപ്പെടുത്തിയിരുന്നു .  വര്‍ഷങ്ങള്‍ക്കു മുന്‍‌പ് വേറെ ഒരു അന്വേഷണത്തിനിടയിലാണ്  ആ ലേഖനം  എന്‍റെ കണ്ണില്‍ പെട്ടത് .  പ്രസ്‌തുത  സമ്മേളന കവിതയില്‍‌ത്തന്നെ  കവി സൂചിപ്പിക്കുന്നുണ്ട് , താന്‍ നായരമ്പലം പുതുവനപ്പാപ്പുവിന്‍റെ ശിഷ്യനാണെന്ന് .  എന്‍റെ ചെറായിയില്‍ നിന്നു വെറും  10  കി. മീറ്റര്‍  അപ്പുറത്തുള്ള മറ്റൊരു  വൈപ്പിന്‍ ഗ്രാമ‌മാണു  നായരമ്പലം . എന്നിട്ടും  അദ്ദേഹത്തെ എനിക്കോ എന്‍റെ തലമുറയ്ക്കോ അറിയില്ലായിരുന്നു !  നാടിന്‍റെ  പൊതുവായ ഓര്‍മയില്‍‌നിന്ന് ആ പഴയ വിപ്ളവകാരി എന്നേ മറഞ്ഞുപോയി .   ചാത്തനെ കൂടുതല്‍ അറിയണമെന്ന ആഗ്രഹം മനസ്സിലങ്ങനെ കിടക്കുന്നുണ്ടായിരുന്നു .    സൂവനീറില്‍  ചാത്തനെക്കുറിച്ചുതന്നെ അന്വേഷിച്ച് എഴുതണമെന്നുറച്ച്  ഞാന്‍ കാക്കനാട്ടു നിന്നു വൈപ്പിന്‍‌കരയിലെത്തി . നീണ്ട നാളത്തെ അലച്ചില്‍ വേണ്ടിവന്നു  ഒരു  തുമ്പ് കിട്ടാന്‍ പോലും . എങ്കിലും  അന്വേഷിച്ചന്വേഷിച്ചു ചെന്നപ്പോള്‍  അറിഞ്ഞു കൊച്ചി രാജ്യത്തിലെ അടിത്തട്ടു സമൂഹങ്ങളില്‍ നിന്ന്     ഉയര്‍ന്നുവന്ന  രണ്ടാമത്തെ നവോത്ഥാന നായകന്‍റെ ( പണ്ഡിറ്റ്  കെ. പി . കറുപ്പനാണ്  ആദ്യ പോരാളി  ) മുന്നിലാണു ഞാന്‍  എത്തിയിരിക്കുന്നത്  ! 

കേരളത്തിലെ ആദ്യ ദലിത് എഴുത്തുകാരനാണ് എനിക്കു മുന്നില്‍ നില്‍‌ക്കുന്നത് !  സഹോദരന്‍ അയ്യപ്പന്‍  പൊതുരംഗത്തു വരുന്നതിനു നാലു കൊല്ലം മുന്‍‌പ് , എറണാകുളം പട്ടണത്തില്‍ സമ്മേളിച്ച ഒരു വന്‍ സദസ്സിനു മുന്നില്‍ നിന്നു സ്വന്തം  വിപ്ളവ കവിത ചൊല്ലിയ  അഗ്രഗാമിയാണു ചോതി ചാത്തന്‍ !    അക്കാര്യം ,  അന്ന് ഏറ്റവും ഉന്നതിയില്‍ നിന്നിരുന്ന  സാംസ്‌കാരിക പത്രം  വഴി  കേരളമാകെ അറിഞ്ഞതുമാണ് . അതിതീവ്രമായ  ആ ജാതിവിരുദ്ധ ആശയങ്ങള്‍ , മര്‍ദനം നേരിട്ടുതന്നെ നാട്ടിടകളില്‍ പാടിയറിയിക്കയായിരുന്നു    ചോതി ചാത്തന്‍ !   

ചുരുക്കത്തില്‍ ,  വൈപ്പിന്‍ ദ്വീപില്‍  ആദ്യമായി ജാതിഭേദവിരുദ്ധമായ ഒരു സാമൂഹിക പോര്‍‌മുഖം തുറന്നത്   സഹോദരന്‍ അയ്യപ്പനല്ല , ചോതി ചാത്തനായിരുന്നു  ! അദ്ദേഹം വൈപ്പിന്‍‌കരയിലും പരിസരങ്ങളിലും നടത്തിയ  പ്രചാരണങ്ങളുടെ സാമൂഹിക  സമ്മര്‍ദം ,  മിശ്രഭോജന കലാപകാരികളെ സ്വാധീനിച്ചെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ .

          സൂവനീറിനുള്ള ലേഖനം ഞാന്‍ യഥാസമയം നല്‍‌കി . പക്ഷെ , എന്തോ കാരണത്താല്‍ സൂവനീര്‍ പ്രസിദ്ധീകരണം അവര്‍ വേണ്ടെന്നു വച്ചു ; ലേഖനം തിരിച്ചു തന്നു . അതു ഞാന്‍ മാധ്യമം ആഴ്ച്ചപ്പതിപ്പിനയച്ചു ;  2. 7. 2004 - ന്‍റെ ലക്കത്തില്‍ അച്ചടിച്ചുവന്നു . എന്‍റെ  " അയ്യന്‍‌കാളിയ്ക്ക്  ആദരത്തോടെ " എന്ന   പുസ്‌തകത്തിലും (  2006 - ന്‍റെയും 2009 - ന്‍റെയും
പതിപ്പുകളില്‍ ) ചേര്‍ത്തു അത് . വര്‍ഷങ്ങളായി എന്‍റെ  ബ്ളോഗിലും  ( cheraayiraamadaas.blospot.com ) കിട്ടുന്നുണ്ട് അത്  (  https://www.blogger.com/blogger.g?blogID=2618185346078499273#editor/target=post;postID=6523366083859776444;onPublishedMenu=publishedposts;onClosedMenu=publishedposts;postNum=60;src=postname    ) .



     എന്നിട്ടും ആ വഴികാട്ടിയെ  " പുലച്ചോന്‍‌മാ " രില്‍  നമുക്കു കാണാന്‍ കഴിയുന്നത് ,  ഒരു കവിതയെഴുത്തുകാരന്‍ മാത്രമായാണ് . ഒരിടത്ത് , അയ്യപ്പനു തുണ പോകുന്നയാളുമാക്കിയിട്ടുണ്ട് !
കൊച്ചി രാജ്യത്തിലെ ജാതിമാനികളെ ആദ്യമായി ഞെട്ടിച്ച  കവിതാലാപന പോരാട്ടം നടത്തിയ ദലിതന്‍റെ  നേര്‍‌ച്ചിത്രമാണ് ഇവിടെ കാഴ്‌ചയില്‍നിന്നു മറഞ്ഞുപോയിരിക്കുന്നത് . 

സമൂഹത്തിന്‍റെ ഓര്‍മപ്പിശകുകളെ മറികടന്ന്   എന്‍റെ എളിയ വാക്കുകളിലൂടെ  പുതിയ കാലത്തിലേയ്ക്കു നടന്നു കയറിയ ചോതി ചാത്തന്‍ , നോവലില്‍ ഒരു അധ്യായത്തിന്‍റെ പേരായി മാറി
എന്നതു സന്തോഷകരം . എന്നാല്‍ , അതേ ലേഖനത്തില്‍ നിന്നു നേടിയ വിവരം വച്ചുതന്നെ അദ്ദേഹം ഒരു രണ്ടാം നിരക്കാരനായിരിക്കയാണ് ഇവിടെ . മങ്ങിയ ഒരു ചിത്രമെങ്കിലും ഉണ്ടല്ലോ എന്നു സമാധാനിക്കട്ടെ ഞാന്‍ . മേല്‍ജാതിക്കാരെ കണ്ടാല്‍ ഓടിപ്പോയി തോട്ടിലോ വയലിറമ്പിലോ ഒളിച്ചിരിക്കേണ്ടിവരുന്ന അയിത്തക്കാരനായ ചാത്തന്‍റെ വിപ്ളവകരമായ ആ ഇടപെടലിന്‍റെ ചരിത്ര മാനം തിരിച്ചറിയുന്ന ഒരു സാഹിത്യകാരന്‍ നാളെ കടന്നുവരാതിരിക്കില്ല .

                  കാലങ്ങളായി നാം പാടിവരുന്ന പോലെ  സ്വയംഭൂവായി വന്നു ഭവിച്ചതാണു മിശ്രഭോജന കലാപം എന്ന അപപാഠം തിരുത്താന്‍ നേരം വൈകി .  മിശ്രഭോജനത്തിനു മുന്‍‌പ്
അയ്യപ്പന്‍ വിദ്യാര്‍ഥിയായി തിരുവനന്തപുരത്തു താമസിക്കുമ്പോഴാണ്  അവിടെ അയ്യന്‍‌കാളി പ്രസ്‌ഥാനത്തിന്‍റെ രൂക്‌ഷമായ ജാതിഭേദവിരുദ്ധ പോരാട്ടങ്ങള്‍ നടന്നിരുന്നത് . ആ സാമൂഹിക
സമ്മര്‍‌ദം  അയ്യപ്പന്‍റെ ചെറായിയിലെ മിശ്രഭോജന കലാപത്തിനു പ്രേരകമായിട്ടുണ്ടാകും എന്ന് ന്യായമായിത്തന്നെ  ഊഹിക്കാം . അതേക്കുറിച്ചുള്ള എന്‍റെ വിലയിരുത്തല്‍   1993 മുതല്‍ അഞ്ചു 
തവണ എഴുതിയിട്ടുണ്ട് . അതിനു ശേഷമാണ് ,  കൊച്ചി രാജ്യത്ത് കാലഘട്ടത്തെ വഴിതിരിച്ചു വിടുന്നതില്‍ ചോതി ചാത്തന്‍റെ   ഇടപെടല്‍ എന്തായിരുന്നു  എന്നു കണ്ടെത്താന്‍ എനിക്കു
കഴിഞ്ഞത് . അയ്യപ്പന്‍റെ തിരുവിതാംകൂര്‍ - കൊച്ചി ബന്ധങ്ങളുടേതായ ഈ  വസ്‌തുതകള്‍ നാം അംഗീകരിക്കുന്നതുകൊണ്ട് , അദ്ദേഹത്തിന്‍റെ വ്യക്‌തിപരമായ ഔന്നത്യമോ  ത്യാഗധീരതയോ ,
ചരിത്രത്തില്‍ അദ്ദേഹത്തിനു കിട്ടിയ സമാനതയില്ലാത്ത ഇടമോ  പ്രശസ്തിയോ ഇല്ലാതാകുന്നില്ല . പുതിയ കാലത്തിന് നടന്നുകയറാന്‍ വഴിയൊരുക്കിത്തന്ന മറ്റു പൂര്‍‌വിക പോരാളികളോടു
നീതിചെയ്തു എന്നേ വരൂ .


                       ജാതിഭേദവിരുദ്ധ പോരാട്ടങ്ങളില്‍ മഹത്ത്വമുള്ള പല ഏടുകളും ഈഴവ-തീയ നായകര്‍ക്ക്  അവകാശപ്പെട്ടവയാണ് . എന്നാല്‍ , ശ്രീനാരായണപ്രസ്‌ഥാനം  ദലിതോന്‍‌മുഖമാകുന്നത്  ഈ നായകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാണ് എന്ന മട്ടില്‍ വ്യക്‌തികേന്ദ്രീകൃത മഹത്ത്വ സ്‌ഥാപനത്തിലേയ്ക്ക് ചരിത്രത്തെ വ്യാഖ്യാനിക്കുന്നതു ശരിയല്ല .
സവര്‍ണരെപ്പോലെതന്നെ ദലിതരെ അടിച്ചമര്‍ത്തുന്ന ഈഴവ-തീയ പ്രമാണികളെ പല പ്രദേശങ്ങളുടെയും പുരാരേഖകളില്‍ കാണാം . സവര്‍ണവാഴ്ചയില്‍ നാടൊട്ടുക്ക് നിറഞ്ഞാടിയ അയിത്ത
പീഡനങ്ങളില്‍ നിന്ന് ഈഴവ-തീയ സമൂഹങ്ങളും മോചിതരല്ലായിരുന്നു  എന്നത് മറ്റൊരു ചിത്രം . )  തിരുവിതാംകൂറിലും കൊച്ചിയിലും ദലിത സമൂഹങ്ങള്‍ ജാതിഭേദവിരുദ്ധമായി നടത്തിയ
ചെറുത്തുനില്‍‌പ്പുകളാണ്, മിതവാദിയായിരുന്ന ശ്രീനാരായണപ്രസ്‌ഥാനത്തില്‍ നിന്ന് തീവ്രവാദിയായ " സഹോദര സംഘ " ത്തെ ഉയിരെടുപ്പിച്ചത്  എന്നു ന്യായമായി ഊഹിക്കാം . അതിനു മുന്‍‌പ്
ബോംബെയിലും കോഴിക്കോട്ടും ആലപ്പുഴയിലും നടന്ന മിശ്രഭോജനങ്ങളും അയ്യപ്പനെ സ്വാധീനിച്ചിരിക്കാം . തിരുവിതാംകൂര്‍ ബന്ധം സംബന്ധിച്ച് , രേഖാപരമായ സാഹചര്യ തെളിവുകള്‍ വച്ചു 
കാല്‍ നൂറ്റാണ്ടു മുന്‍‌പു തൊട്ടേ   ഞാന്‍ വിലയിരുത്തുന്നുണ്ട്  . കൊച്ചിയിലെ ദലിത് ഇടപെടല്‍ എങ്ങനെ സ്വാധീനിച്ചു എന്ന ചര്‍ച്ചയ്ക്ക്  , മുഖ്യമായി ചോതി ചാത്തന്‍റെ പ്രവര്‍ത്തനങ്ങളാണു ഞാന്‍ തത്‌കാലം മുന്നോട്ടു വയ്ക്കുന്നത് .