Thursday, June 18, 2020

നന്ദികേടിന്‍റെ ഗോശ്രീ പാലങ്ങള്‍


നന്ദികേടിന്‍റെ  ഗോശ്രീ പാലങ്ങള്‍
_____________________________________ 


     വൈപ്പിന്‍ പാലങ്ങള്‍ നിര്‍ദേശിച്ചത്  , നവോത്ഥാനകാലത്തിന്‍റെ  പ്രിയനായ  ധിക്കാരി സഹോദരനയ്യപ്പനാണെന്നതു ശരി . ആ മഹനീയ നാമം പാലങ്ങളില്‍ ഓര്‍മിക്കപ്പെടുകയും  വേണം .  എന്നാല്‍ , ഈ മൂന്ന് പാലങ്ങള്‍  കൂട്ടിയോജിപ്പിക്കുന്ന  നാലു കരകളില്‍ മൂന്നെണ്ണത്തിലും  , ആധുനിക കേരളത്തിന്‍റെ അഭിമാനപാത്രങ്ങളായ  മറ്റു  സാമൂഹിക പോരാളികളും ജീവിച്ചിരുന്നു അക്കാലത്ത്  എന്നത് മറന്നുകൂടാ ; ആ  മറവി  ചരിത്രത്തോടു കാണിക്കുന്ന നന്ദികേടാണ് .
                 വൈപ്പിന്‍‌കരയില്‍ത്തന്നെ , നായരമ്പലത്ത് ,  സഹോദരന്നും    മുന്‍പേ സാമൂഹിക വിപ്ളവ മുദ്രാവാക്യമുയര്‍ത്തിയ  ചോതി ചാത്തനുണ്ട് . കേരളത്തിലെ  അറിയപ്പെടുന്ന   ആദ്യ ദലിത് എഴുത്തുകാരനാണ്  ,  " ആദി പുലയ കവി "  എന്നു  ഭാഷാപോഷിണി മാസിക   ഒരു നൂറ്റാണ്ടു മുന്‍പേ വിശേഷിപ്പിച്ച ,  നാടുനീളേ സാമൂഹികവിപ്ളവ ഗാനങ്ങള്‍ പാടിനടന്നിരുന്ന  ചോതി ചാത്തന്‍ .  കൊച്ചി രാജ്യത്തെ ആദ്യ ദലിത് നായക പോരാളിയായ കൃഷ്ണേതി ആശാനും , കൊച്ചി നിയമസഭയിലെ ആദ്യ ദലിത് പ്രതിനിധിയും  പണ്ഡിറ്റ് കറുപ്പന്‍  കവിതയിലെ  " ചാഞ്ചന്‍‌കുട്ടി " യുമായ   പി . സി . ചാഞ്ചനും മുളവുകാട്ടുകാരാണ് . കൊച്ചി നിയമസഭയേയും ഇന്‍ഡ്യന്‍ ഭരണഘടനാനിര്‍മാണസഭയേയും ത്രസിപ്പിച്ച ദാക്ഷായണി വേലായുധനും ആ ദ്വീപുകാരിയാണ് . ദലിത് സ്ത്രീ എന്ന നിലയില്‍  കൊച്ചിയിലും കേരളത്തിലും  ഇന്‍ഡ്യയിലാകെയും പല ഒന്നാം സ്ഥാനങ്ങള്‍ക്കും ഉടമയാണ് , ബൗദ്ധിക പെണ്‍ കരുത്തിന്‍റെ  പ്രതീകമായ ആ അധ്യാപിക . നിയമസഭയിലും പുറത്തും കൊച്ചിയിലെ ദലിത സമൂഹത്തിനു വേണ്ടി  പൊരുതിക്കയറിയ  കെ . പി .  വള്ളോനും ആ നാട്ടുകാരനാണ് . സ്വജീവിതം സഹജീവികള്‍ക്കു വേണ്ടി വലിച്ചെറിഞ്ഞ്  അകാലത്തില്‍ മരണം വരിച്ച്  , കൊച്ചിയുടെ മനഃസാക്ഷിയില്‍  എക്കാലത്തേയ്ക്കും  വിങ്ങലായി മാറിയ  വള്ളോന്‍  .  നവോത്ഥാനകാലാന്ത്യത്തില്‍  താന്‍‌പോരിമയുടെയും ആദര്‍ശദാര്‍ഢ്യത്തിന്‍റെയും ആള്‍രൂപമായ  കെ . കെ . മാധവന്‍ മാഷും  (  ദാക്ഷായണി ടീച്ചറിന്‍റെ സഹോദരന്‍ )  മുളവുകാട്ടുകാരനാണ് .  കേരളത്തിന്‍റെ  സാമൂഹികവിപ്ളവ രംഗത്ത്  ആദ്യ എഴുത്തുകാരനായി  ഉദയം ചെയ്ത പണ്ഡിറ്റ്  കെ . പി . കറുപ്പന്‍  , അടിമവര്‍ഗത്തിനുവേണ്ടി പട നയിച്ചത്  എറണാകുളം കരയില്‍ ജീവിച്ചുകൊണ്ടാണ് .  സാഹിത്യത്തിലെ  ധീരതയും  രംഗബോധവും എന്തെന്നു  മലയാളത്തെ  പഠിപ്പിച്ച   ആ  ഗുരുനാഥന്‍റെ  കാലടി പതിയാത്ത , ആ  ജീവിതവും  ആ പോരാട്ട തന്ത്രങ്ങളും  തൊട്ടുനില്‍ക്കാത്ത  ഒരിടവും എറണാകുളം കരയിലുണ്ടാവില്ല . . .   
                                                    ഈ കണ്ട മഹാ ജന‌സ്നേഹികളെ മറക്കരുത് , അവര്‍ നിലപാടു നിന്ന മനുഷ്യവാസ കേന്ദ്രങ്ങളെ ഒരുമിപ്പിക്കുന്ന  പാലത്തിനു പേരിടുമ്പോള്‍  (  ഒരു പാലത്തിനു മാത്രം  പേരിടുകയും ബാക്കി രണ്ടു പാലങ്ങളെ  ഒഴിച്ചുനിര്‍ത്തുകയും ചെയ്ത സംഘാടകരുടെ  യുക്തി എനിക്കു പിടികിട്ടുന്നില്ല  )   . മാത്രമല്ല , ഒരു ചരിത്രവിദ്യാര്‍ഥിയെന്ന നിലയില്‍ ഞാന്‍ അറിയുന്ന   " പുലയനയ്യപ്പ " നു  ഹിതകരമാകാനിടയില്ല , തന്നോടൊപ്പം ഒരു പോരാട്ട കാലം പങ്കുവച്ചു  ജനമനസ്സു കീഴടക്കിയ  സഹപ്രവര്‍ത്തകരോട്  പിന്‍‌തലമുറ കാണിക്കുന്ന ഈ പന്തിഭേദം . (  പാലങ്ങളുടെ  ഉദ്ഘാടനവേളയിലും  ഈ ആവശ്യം ഞാന്‍ പത്രങ്ങള്‍ വഴി ഉന്നയിച്ചിരുന്നു  , ബധിര കര്‍ണങ്ങള്‍ക്കുവേണ്ടി  !  തുടര്‍ന്ന് ,  സഹോദരന്‍റെ പേരുയര്‍ത്തി ചില കോമരങ്ങള്‍  പിന്നാലെ രംഗത്തുവന്നതും ചൂണ്ടിക്കാട്ടി  ഗോശ്രീവാദികള്‍  എളുപ്പത്തില്‍ ക്രിയ ചെയ്ത്   "  ഗോശ്രീ പാലങ്ങള്‍ "   എന്നു പേരിട്ടു രംഗം കൈയടക്കുകയായിരുന്നു എന്നുതന്നെയാണ് എന്‍റെ നിഗമനം . )

No comments:

Post a Comment