Thursday, June 18, 2020

താത്രിക്കും ഒരു സ്മാരകം !


FB

താത്രിക്കും  ഒരു   സ്മാരകം  !
-----------------------


                         കൊച്ചി രാജ്യത്ത്   110  കൊല്ലം  മുന്‍പ്   വ്യഭിചാരക്കുറ്റത്തിന്   " സ്മാര്‍ത്ത "  വിചാരണ ചെയ്യപ്പെട്ട കുറിയേടത്ത്  താത്രി      അന്തര്‍ജനത്തിനു  വേണ്ടി  , പാലക്കാട്  ജില്ലയിലെ  ആറങ്ങോട്ടുകരയില്‍  അവരുടെ  ഇല്ലപ്പറമ്പിനടുത്ത്  വലിയ  സ്മാരകം  നിര്‍മിക്കുമെന്ന്  പത്രവാര്‍ത്ത .   ശ്രീജ  ആറങ്ങോട്ടുകരയുടെ  " ഓരോരോ കാലത്തിലും " എന്ന താത്രീ  നാടകത്തിന്‍റെ  അവതാരകരായ  ആറങ്ങോട്ടുകരയിലെ  കലാ പാ‌ഠശാലക്കാരാണ്    സ്മാരകം  നിര്‍മിക്കുന്നത്  (  ആര്‍ . ശശിശേഖര്‍  , തീയെരിഞ്ഞ  ഓര്‍മ  , മലയാള മനോരമ  ഞായറാഴ്ച  , 17 . 7 . 2016 )  .

                      സാമൂഹികവിരുദ്ധ സ്വഭാവമുള്ള  എത്രയോ പേരുടെ നാമം  അനശ്വരമാക്കാന്‍  സ്മാരകങ്ങള്‍  ഉയര്‍ന്നിട്ടുള്ള നാടാണു കേരളം . എങ്കില്‍പ്പിന്നെ  ഒരു ലൈംഗിക " കലാപകാരി " യുടെ   പേരിലും ഒന്ന്  ഉയര്‍ന്നുവരുന്നതില്‍  അത്ഭുതപ്പെടാനില്ല . അവര്‍ തനിയെ   വ്യഭിചാരിണിയായതല്ല  (  വ്യഭിചരിക്കുന്നതല്ല ,  ആ നല്ല കാര്യത്തെ  വ്യഭിചാരമെന്നു വിളിക്കുന്നതാണു  തെറ്റ്  എന്ന  മട്ടിലുള്ള  സദ് വിചാരങ്ങള്‍  കാണാതെയല്ല  ആ  വാക്ക്   ഇവിടെ  ഉപയോഗിക്കുന്നത്  ;  സാധാരണക്കാര്‍ക്ക്   എളുപ്പം മനസ്സിലാകാനാണ്   ) .   മൃഗത്വം മുറ്റിയ   ബ്രാഹ്മണ്യ ആണധികാരികള്‍   കൗമാരത്തിലേ  ആ കുഞ്ഞിനെ ആക്രമിച്ചു കീഴടക്കുകയും , ബ്ളാക്ക് മെയ്‌ലിങ് എന്ന തുടര്‍ കെണിവച്ചു പിടിക്കുകയുമാണുണ്ടായത് . പിന്നീട് ,
പ്രൊഫഷണല്‍ നിലവാരത്തിലെത്തിയ ശേഷം താത്രി ചില കക്ഷികളെ സ്വമേധയാ ബന്ധപ്പെട്ടതായി , ലൈംഗിക വേട്ട
നടത്തിയതായി കാണുന്നുണ്ട് . ജാരന്‍മാരുടെ എണ്ണം കൂടുന്നത് താത്രി ഒരു ഹരമായി ആസ്വദിച്ചിരുന്നു  എന്നു വേണം  സാഹചര്യത്തെളിവുകളില്‍ നിന്നു  മനസ്സിലാക്കാന്‍ .     തന്‍റേതല്ലാത്ത കുറ്റംകൊണ്ട്  ഒരു വ്യഭിചാരിണിയായി  ജീവിക്കേണ്ടിവന്നയാളാണു താത്രി .  അതുപോലെതന്നെയാണ്  , തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട്  താത്രിയുടെ കാമവേട്ടയ്ക്കിരകളായി  ജീവിതം തുലയ്ക്കേണ്ടിവന്ന പുരുഷന്‍മാരുടെയും  സ്ഥിതി  .  താത്രി കുറ്റവാളിയായി  വരുന്ന  അത്തരം  എപ്പിസോഡുകളുമുണ്ടു  താത്രീ ചരിതത്തില്‍ എന്നത്  നമ്മുടെ സാധു ബുദ്ധിജീവികള്‍ ചര്‍ച്ചചെയ്തു കണ്ടിട്ടില്ല . പ്രശസ്ത കഥകളിപ്രതിഭയായ കാവുങ്കല്‍ ശങ്കരപ്പണിക്കരും മറ്റുമാണ്  ആ  ഇരകള്‍ .    തന്നെ  പ്രലോഭിപ്പിച്ചവരായതുകൊണ്ടല്ല അവരുടെ പേരുകള്‍  താത്രി വിചാരണക്കാരോടു പറഞ്ഞുകൊടുത്തത്  എന്നാണ്   താത്രീമൊഴികളില്‍നിന്നു മനസ്സിലാകുന്നത്  . താന്‍  പ്രലോഭിപ്പിച്ചാണ്  അവരെ  ലൈംഗികബന്ധത്തിലേ‌യ്‌ക്കെത്തിക്കുന്നത് .  ആനിരപരാധികളുടെ  ജീവിതത്തകര്‍ച്ചയ്ക്കുത്തരവാദി  താത്രിയാണ്  (  അവരിലൊരാളുടേതടക്കം  രണ്ട്  ജാരന്‍മാരുടെ  അകാലമരണത്തെക്കുറിച്ചും  ചര്‍ച്ചചെയ്യേണ്ടതുണ്ട്  ) .   അതായത് ,  പീഡിപ്പിക്കപ്പെട്ടവളും കെണിയിലാക്കപ്പെട്ടവളും  മാത്രമല്ല ,  കാമവേട്ടക്കാരിയുമാണു താത്രി .  ശ്രീജയുടെ  "  ഓരോരോ കാലത്തി " ലും      കാണുന്നപോലെയോ , സൂര്യനെല്ലിപ്പെണ്‍കുട്ടിയെപ്പോലെയോ  അല്ലായിരുന്നു യഥാര്‍ഥ  താത്രി  (  അത്തരം കാല്‍പനിക  പരിവേഷം കെട്ടിയുയര്‍ത്തുന്നത് ,  താത്രി എന്ന  " മാനക്കേട് "   മറച്ചുവയ്ക്കാന്‍  സ്വജനങ്ങളും  ശിങ്കിടികളും  മറ്റും  നടത്തുന്ന  പാഴ്‌വേലയാണ് )  . വ്യഭിചാരിണിയാക്കപ്പെട്ട ആദ്യത്തെ അന്തര്‍ജനവുമല്ല   താത്രി  . മുന്‍പും  പിന്‍പുമുണ്ട്   ആ  വഴിയിലേയ്ക്കിറങ്ങിയ / ഇറക്കപ്പെട്ട  അന്തര്‍ജനങ്ങള്‍ .  അന്നത്തെ നമ്പൂതിരി കുടുംബ ജീവിതാന്തരീക്ഷത്തില്‍  ആ  വീഴ്ച  സവര്‍ണരിലാര്‍ക്കും  അദ്ഭുതകരമല്ലായിരുന്നു    എന്നാണ്  , താത്രീവിചാര രേഖകളിലൂടെ  കടന്നുപോകുമ്പോള്‍  നമ്മള്‍ ഞെട്ടലോടെ തിരിച്ചറിയുന്നത്  . ലൈംഗികതകൊണ്ടു കലാപം  നടത്തിയവളാണെന്നും  , അസാമാന്യ പ്രതിഭാശാലിയാണെന്നും  മറ്റുമുള്ള  കൃത്രിമ  തൊങ്ങലുകള്‍  , ബന്ധപ്പെട്ട  പുരാരേഖകള്‍ക്കു മുന്നില്‍ അഴിഞ്ഞുവീഴുകയാണ് .  വ്യഭിചാരക്കുറ്റത്തിന്  ഭ്രഷ്‌ഠയായി  ചാലക്കുടിപ്പുഴവക്കില്‍ തള്ളപ്പെട്ടപ്പോഴും  ,  പാര്‍ക്കാന്‍  അയിത്തജാതിക്കാരില്ലാത്ത ഇടം ചോദിച്ചുവാങ്ങുകയായിരുന്നു    നമ്മുടെ   അസാമാന്യ പ്രതിഭാശലി !   ഏതായാലും , കേരളത്തില്‍ ജീവിച്ചിരുന്ന ഏറ്റവും അപരിഷ്കൃതരായ ഒരു ജനവിഭാഗത്തിന്‍റെ  കുടുംബ - സാമൂഹിക ജീവിതാന്തരീക്ഷങ്ങളെപ്പറ്റി   കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍  പുതു തലമുറയ്ക്ക്  ആറങ്ങോട്ടുകര സ്മാരകം പ്രചോദനമാകും . താത്രിയുടെ  വ്യഭിചാര വിചാരണയാണ്  നമ്പൂതിരി സമുദായ പരിഷ്കരണങ്ങള്‍ക്കു തുടക്കം കുറിച്ചത് എന്നതുപോലുള്ള  കെട്ടുകഥകള്‍ക്ക്  അന്ത്യവുമാകും അതോടെ . അതേ സമയം , സ്മാരകം , കുട്ടികള്‍ക്കുള്ള  ആശ്രയകേന്ദ്രവും  കലാപഠനകേന്ദ്രവും കൂടിയായിരിക്കും എന്നു  പ്രസ്തുത പത്രവാര്‍ത്തയില്‍ കാണുന്നതുമാത്രമാണ്  എന്നെ ആശങ്കപ്പെടുത്തുന്നത്  . താത്രിയാരെന്നു  കുട്ടികള്‍    ചോദിച്ചാല്‍   അധ്യാപകര്‍  അക്കഥകളൊക്കെ    ലളിതമായി  വിശദീകരിച്ചുകൊടുക്കേണ്ടിവരില്ലേ  !  സാരമില്ല , ബ്രാഹ്മണ്യ   ആണ്‍കോയ്‌മ‌യ്‌ക്കെതിരെ  കലാപക്കൊടിയുയര്‍ത്തിയ പെണ്‍കരുത്താണു  താത്രി എന്നൊക്കെ  വാര്‍ഷികാഘോഷങ്ങളില്‍   വന്നുനിന്നു വിളിച്ചുപറയാന്‍ നമുക്ക് ,  ഡോക്ടറേറ്റുള്ള ബുദ്ധിജീവികളെ  കിട്ടാതെവരില്ല .

     പഴയ കേരളത്തിലെ  സ്ഥാപനവത്‌കൃതമായ  ലൈംഗിക  അഴിഞ്ഞാട്ടങ്ങളെപ്പറ്റിയും  , ആ മോഹന കാലത്തിലേക്കു  പ്രത്യാശയോടെ നോക്കിനില്‍ക്കുന്ന , സ്ത്രീസ്വാതന്ത്ര്യവാദമുഖംമൂടിയുള്ള  ഇന്നത്തെ സെക്സ് മാര്‍ക്കറ്റ്  ഏജന്‍റുമാരെയും പരിചയപ്പെടേണ്ടതുണ്ട്   " ദാമ്പത്യബാഹ്യ നേരമ്പോക്ക് വ്യഭിചാരത്തിന്‍റെ പ്രൊമോഷണല്‍ സാഹിത്യസംവാദങ്ങ " ളെക്കുറിച്ചാണു ഞാന്‍ പറയുന്നത് .  ബുദ്ധിജീവിപരിവേഷമുള്ള  ആ  വ്യഭിചാരവും  , ഇന്നലത്തെ  കേരളത്തില്‍ സവര്‍ണ മാടമ്പികള്‍  അടിയാളപ്പെണ്ണുങ്ങളില്‍നിന്നു  കൈയൂക്കുകൊണ്ട് പിടിച്ചുപറ്റിയിരുന്ന നേരമ്പോക്കും മനുഷ്യസമൂഹത്തോടു  ചെയ്യുന്നത്  ഒന്നുതന്നെയാണ് :   ആധുനിക മനുഷ്യര്‍  പടിപടിയായി നേടിയെടുത്ത മാനസിക സംസ്കാരത്തെയും ജീവിതവിശുദ്ധിയേയും കൊഞ്ഞനംകുത്തല്‍ (  ഫാസിസ്റ്റ്   ദുരധികാരസ്ഥാപനം )   .  ഇത് രണ്ടും എന്തെന്നു  മനസ്സിലാക്കണമെങ്കില്‍ , നവോത്ഥാനകാല കേരളത്തിലെ  വലിയ മനുഷ്യര്‍  , ഇന്നും  ജനലക്ഷങ്ങള്‍  ഓര്‍മകളായി നെഞ്ചോടു  ചേര്‍ത്തുപിടിക്കുന്ന മഹാ ത്യാഗികള്‍ ,  സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ ബഹുജന പിന്തുണയോടെ നടത്തിയ   പോരാട്ടങ്ങള്‍  അന്വേഷിച്ചറിയേണ്ടതുണ്ട് .

      ആധുനിക  മനുഷ്യ സമൂഹം  നവോത്ഥാന കാലത്ത്  ഈ നാട്ടില്‍ പൊരുതി നേടിയതാണ് , ലൈംഗിക അച്ചടക്കത്തോടെ  ,  " സ്വാഭാവിക സദാചാര " ത്തോടെ    ജീവിക്കാന്‍ വേണ്ട സ്വാതന്ത്ര്യം . ഈ നാട് എങ്ങനെയാണ് ആ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതെന്നറിയാന്‍  , ഫേസ്ബുക്ക് വിട്ട് ജനങ്ങള്‍ക്കിടയിലേക്ക്  ഒന്നിറങ്ങിയാല്‍ മതി .
               കേരളത്തില്‍ നിലനിന്നിരുന്നത് , ബ്രാഹ്മണ്യ ദുര്‍നീതിപരമായ ജാതിവാഴ്ചയാണ് . അതിന്‍റെ തണലിലാണ്   ബ്രാഹ്മണരും മറ്റും  സവര്‍ണ  സ്ത്രീസമൂഹത്തെ  ക്രൂരവും ആഭാസകരവുമായ  ' സംബന്ധ ' വേഴ്ചകള്‍ക്ക്  ഇരകളാക്കിയിരുന്നത് . അതേ ലൈംഗിക അരാജകത്വത്തിന്‍റെ  ഭീകര മുഖമാണ്  , സവര്‍ണ മാടമ്പികള്‍  അടിയാളപ്പെണ്ണുങ്ങളില്‍നിന്നു  കൈയൂക്കുകൊണ്ട് പിടിച്ചുപറ്റിയിരുന്ന ലൈംഗികാസ്വാദനത്തില്‍  കാണുന്നത് . ഇത്തരം ലൈംഗിക അഴിഞ്ഞാട്ടങ്ങളെ  ചങ്ങലയ്ക്കിട്ടത്  നവോത്ഥാനകാല ചെറുത്തുനില്‍പ്പുകളാണ് .ആധുനിക കേരളത്തിലെ  പുരോഗമന ചലനങ്ങള്‍ക്കെല്ലാം തുടക്കമിട്ടത് , ജാതിവാഴ്ചയ്ക്കും   ലൈംഗിക അഴിഞ്ഞാട്ടങ്ങള്‍ക്കും എതിരായ   പോരാട്ടങ്ങളാണ്.
            ലൈംഗികതയെപ്പറ്റി  തങ്ങള്‍ക്കു ഹിതകരമല്ലാത്ത വല്ല പരാമര്‍ശവും വന്നാല്‍ , അതിനെ വഴക്കു പറഞ്ഞും തെറി പറഞ്ഞും ആക്രോശമുയര്‍ത്തിയും മറ്റും നേരിടുന്ന ബുദ്ധിജീവി നാട്യക്കാരെ  എഫ് ബി-യില്‍  പലപ്പോഴും കാണാറുണ്ട് .  തങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കുത്തഴിഞ്ഞ ലൈംഗികതയെ ആരെങ്കിലും എതിര്‍ത്താല്‍  , സമനില തെറ്റി പ്രതികരിക്കും ,  സെക്സ് മാര്‍ക്കറ്റിന്‍റെ  ആ അംബാസഡര്‍മാര്‍ . ഇന്നലെ  ഈ നാട് പൊരുതിനേടിയ സദാചാര മൂല്യങ്ങളും ജീവിത വിശുദ്ധിയും അവരുടെ വ്യാജ ലൈംഗിക സ്വാതന്ത്ര്യവാദത്തിന്‍റെ  മറവില്‍ ആക്രമണത്തിന്നിരയാവുകയാണ് .  " മോറൽ പോലീസിങ് ന്റെയും സദാചാര ഗുണ്ടായിസത്തിന്റെയും ആധിപത്യതേർവാഴ്ച  "യെ  എതിര്‍ക്കുന്ന കൂട്ടത്തില്‍  പ്രസ്തുത ബൗദ്ധിക ക്രിമിനലുകളെയും ചെറുക്കാന്‍  ഒന്നു മനസ്സുവയ്ക്കണമെന്ന്  അപേക്ഷിക്കയാണ് .   

No comments:

Post a Comment