Tuesday, August 24, 2021

അവാര്‍ഡ് എന്നത് ലേലംവിളിയാണെങ്കില്‍ ഇത്തവണ ഞാനില്ല പുസ്തകം നിര്‍‌ദേശിക്കാന്‍

 FB , 16.8.21



അവാര്‍ഡ് എന്നത് ലേലംവിളിയാണെങ്കില്‍

ഇത്തവണ ഞാനില്ല പുസ്തകം നിര്‍‌ദേശിക്കാന്‍

__________________________________

   മാന്യരേ ,


      '   2019 ഡിസംബര്‍ 31 ന് തൊട്ടുമുമ്പുള്ള തുടര്‍ച്ചയായ  അഞ്ച് വര്‍ഷങ്ങള്‍‌ക്കുള്ളില്‍ ( 2015 , 2016 , 2017 , 2018 , 2019 ) പ്രഥമ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള മലയാളത്തിലെ മൗലിക കൃതികളില്‍  അവാര്‍‌ഡിനര്‍ഹമായി പരിഗണിക്കാവുന്നതെന്ന് അങ്ങേയ്‌ക്ക് അഭിപ്രായമുള്ള ഏറ്റവും നല്ല മൂന്ന് ( 3 ) കൃതികളുടെ പേരുകള്‍ ഇതോടൊപ്പം വച്ചിരിക്കുന്ന ഫോറത്തില്‍ പേരും ഒപ്പും ഉള്‍‌പ്പെടെ രേഖപ്പെടുത്തി അയച്ചുതരണമെന്ന് അപേക്ഷിക്കുന്നു . അങ്ങയുടെ അഭിപ്രായം ഉള്‍‌പ്പെടെ അഭിപ്രായവോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ ലഭിക്കുന്ന ( 5 ) അഞ്ച് കൃതികളാണ് പ്രഥമ പരിശോധനയ്‌ക്ക് തെരഞ്ഞെടുക്കപ്പെടുന്നത് . വിദഗ്‌ധരായ 20 പേരാണ് പ്രഥമ പരിശോധന നടത്തുന്നത് . പ്രഥമ പരിശോധനയില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ ലഭിക്കുന്ന മൂന്ന് കൃതികളില്‍നിന്നാണ് ജഡ്‌ജിംഗ് കമ്മിറ്റി അവാര്‍ഡിനര്‍ഹമായ കൃതിയുടെ തെരഞ്ഞെടുപ്പ് നടത്തുന്നത് . '     ----


       ഈ കത്ത് കിട്ടിയതനുസരിച്ചാണ് ( വ്യക്‌തിപരമായി , ഒരുവിധ സമ്മാനവും സ്വീകരിക്കില്ലെന്നു തീരുമാനിച്ചിട്ടുള്ള എഴുത്തുകാരനാണെങ്കിലും ) ഞാന്‍ മേല്‍ നിബന്ധനകളനുസരിച്ചു  2 കൃതികള്‍ നിര്‍ദേശിച്ചു യഥാവിധി നിങ്ങള്‍ക്കു മറുപടി  അയച്ചത് . ശ്രീ : മുടക്കാരിന്‍ എഴുതിയ ' തീണ്ടാപ്പാട് ' എന്ന നോവലും , ശ്രീമതി വിനീതാ വിജയന്‍ തയ്യാറാക്കിയ ' സംവരണത്തിന്‍റെ എഴുപതാണ്ട് വര്‍‌ത്തമാനം ' എന്ന പഠനഗ്രന്ഥവുമാണു ഞാന്‍ നിര്‍‌ദേശിച്ചത് . അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം ഞാന്‍ നിങ്ങളോട് ( സമിതി  സെക്രട്ടറിയോട് ) ഫോണില്‍ സംസാരിച്ചപ്പോള്‍ ,  എന്നെപ്പോലെ 200 പേരില്‍ നിന്നാണു നിര്‍‌ദേശങ്ങള്‍ കിട്ടിയത് എന്നറിഞ്ഞു . എങ്കില്‍ , രണ്ട് ചെറിയ പ്രസാധകര്‍ വഴി പുറത്തുവന്ന എന്‍റെ പുസ്‌തകങ്ങളുടെ പേരുകള്‍  മറ്റ് അധികം നിര്‍‌ദേശകര്‍  ഉന്നയിച്ചിരിക്കില്ല എന്നുതന്നെ കരുതുന്നു . അതായത് , പ്രസ്‌തുത കാലയളവില്‍ പുറത്തുവന്ന , അതത് വിഭാഗത്തിലെ ഏറ്റവും മികച്ച കൃതികള്‍ എന്ന് ആരെയും ബോധ്യപ്പെടുത്താന്‍ എനിക്കു കഴിയുന്ന പുസ്‌തകങ്ങള്‍ ആദ്യ റൗണ്ടില്‍‌ത്തന്നെ ഔട്ട് ! ഈ അപഹാസ്യത ഒഴിവാകണമെങ്കില്‍ , നിര്‍‌ദേശകരില്‍നിന്നു കിട്ടുന്ന പേരുകള്‍ അനുസരിച്ചുള്ള പുസ്‌തകങ്ങള്‍ വരുത്തി ജഡ്‌ജിംഗ് കമ്മിറ്റിക്കു നല്‍കിയിട്ട് വിലയിരുത്താന്‍ ആവശ്യപ്പെടണം . അല്ലെങ്കില്‍ , അന്തസ്സുള്ള , യുക്‌തിസഹമായ മറ്റേതെങ്കിലും സംവിധാനം കണ്ടെത്തണം . കൃതികളുടെ  ഉള്ളടക്കമാണ് , വിറ്റ കോപ്പികളുടെ ബാഹുല്യമല്ല , മത്‌സരത്തിനടിസ്‌ഥാനം എന്നു വന്നാലേ അവാര്‍ഡിനു മാന്യതയുണ്ടാകൂ . അവാര്‍ഡ് , ഇക്കാര്യത്തിലെപ്പോലെ സര്‍ക്കാര്‍ പണംകൊണ്ടു നല്‍കുന്നതാകുമ്പോള്‍ വിശേഷിച്ചും .


            ആയതിനാല്‍ , ഇത്തവണയും പുസ്‌തകങ്ങള്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെടുന്ന നിങ്ങളുടെ കത്തിനോട് ഞാന്‍ പ്രതികരിക്കുന്നില്ല ; പാഴാക്കാന്‍ സമയമില്ല .


                              

No comments:

Post a Comment