Sunday, July 7, 2019

വീണ്ടും വ്യാജ താത്രിക്കുട്ടി





വീണ്ടും  വ്യാജ   താത്രിക്കുട്ടി
--------------------------------------------------------------

ശ്രീജ  ആറങ്ങോട്ടുകരയുമായി  ഡോ: രാജന്‍ ചുങ്കത്ത്  നടത്തിയ   അഭിമുഖം (

മാതൃഭൂമി വാരാന്തപ്പതിപ്പ്  , 17. 7 . 16 )  വായിച്ചു .   താത്രീ സ്മാര്‍ത്തവിചാരം

സംബന്ധിച്ച  വസ്തുതകളുടെ ( ആര്‍ക്കൈവ്‌സ്   രേഖകളുടെ  )  വലിയൊരു

ഭാഗം  കഴിഞ്ഞ  10 കൊല്ലത്തിനകം   പുറത്തുകൊണ്ടുവരാന്‍   കഴിഞ്ഞിട്ടുണ്ട് 

എനിക്ക്   (  മലയാളം വാരിക , മാധ്യമം വാരിക , പച്ചക്കുതിര  മാസിക ,

സുശിഖം  മാസിക  )  .   അവയുടെ  വെളിച്ചത്തില്‍  നോക്കുമ്പോള്‍  , ശ്രീജയുടെ 

 മിക്ക അഭിപ്രായങ്ങളും    കഴമ്പില്ലാത്തവയാണ് .   കഴിഞ്ഞ 110

കൊല്ലത്തിനകം  താത്രിക്കഥ  പ്രമേയമാക്കിയ    ശ്രീജയുടേത്   ഉള്‍പ്പെടെയുള്ള 

സാഹിത്യ കൃതികളും  ലേഖനങ്ങളും വാര്‍ത്തകളും  സിനിമകളും

നാടകങ്ങളും  മറ്റും    വിശദമായി വിലയിരുത്തുന്നുണ്ട്  , വൈകാതെ

പുറത്തുവരുന്ന  എന്‍റെ  ഗവേഷണ ഗ്രന്ഥത്തില്‍ .   മലയാളത്തിലും 

ഇംഗ്ളീഷിലും  തമിഴിലും പ്രസിദ്ധീകരിക്കുന്ന  ആ  കൃതി  , ബന്ധപ്പെട്ട   

മുഴുവന്‍ ആര്‍ക്കൈവ്‌സ്  രേഖകളും  അതേപടി  ഉള്ളടങ്ങുന്നതുമായിരിക്കും .

അതിനാല്‍ , അഭിമുഖത്തോടുള്ള  പ്രതികരണം  തത്‌കാലം  ചില സൂചനകളില്‍

ഒതുക്കുന്നു  :--           
                             നമ്പൂതിരി സമുദായത്തില്‍ പില്‍ക്കാലത്തുണ്ടായ പരിഷ്കരണ

യത്‌‌ന‌ങ്ങള്‍ക്കെങ്കിലും താത്രീവിചാരം ഒരു നിമിത്തമായെന്ന വാദം  ഇനിയും

തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു .  വിചാരത്തിനു പിന്നാലെ കടന്നുവന്ന 

യോഗക്ഷേമ സഭക്കാര്‍ വര്‍ഷങ്ങളോളം ചെയ്തത് , സമുദായ അനാചാരങ്ങള്‍

പിന്നെയും കടുപ്പിക്കുകയായിരുന്നല്ലോ .  വിചാരം കഴിഞ്ഞു രണ്ട്

പതിറ്റാണ്ടെത്തിയപ്പോഴും , നമ്മുടെ  വി . ടി .   ഒരു    അമ്പലവാസിനിയോടു

സംബന്ധം കൂടി കഴിയുകയായിരുന്നു . പിന്നെയും കൊല്ലങ്ങള്‍

കഴിയുമ്പോഴാണ് അദ്ദേഹം , നമുക്കു പ്രിയനായ സാമൂഹിക കലാപകാരിയായി

വളരുന്നത് ;  " അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക് " കടക്കുന്നത് .

അക്കാലത്ത് ആഞ്ഞടിച്ചിരുന്ന അവര്‍ണ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ

തിരയടിയില്‍നിന്നാണ് വി . ടി. യെപ്പോലുള്ള പരിഷ്കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നത്

; അല്ലാതെ താത്രിയുടെ വ്യഭിചാര ഭൂകമ്പത്തില്‍നിന്നല്ല .  കൊച്ചി രാജ്യത്തെ 

ജാതിവാഴ്ച്ചവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രമറിഞ്ഞാലേ ഇത് വ്യക്തമാകൂ .

വല്ല സാമൂഹിക പരിഷ്കരണ യത്‌നങ്ങള്‍ക്കും താത്രീസംഭവം പ്രേരണയായെന്നു

തെളിയിക്കാന്‍ നമ്മുടെ ആഗ്രഹചിന്തകള്‍ വിളിച്ചുപറഞ്ഞാല്‍ പോരാ ; ചരിത്ര

വസ്തുതകള്‍ തന്നെ വേണം .   

              ഒരു വ്യാഴവട്ടം മുന്‍പ്   ശ്രീജ  തന്‍റെ  ഭാവനാധിഷ്ഠിതമായ  " ഓരോരോ 

കാലത്തിലും " എന്ന നാടകത്തില്‍  അവതരിപ്പിച്ച ഒരു 

രാജമുദ്രമോതിരക്കഥയുണ്ട് . മറ്റു നാടകക്കാരും എഴുത്തുകാരുമൊക്കെ

തലങ്ങും വിലങ്ങും എടുത്തു പ്രയോഗിക്കുന്ന ഒരു   മഞ്ഞ  താത്രിക്കഥയാണത് .

ഇപ്പോള്‍  ശ്രീജയെ ഇന്‍റര്‍വ്യൂ  ചെയ്ത  ഡോ:  രാജന്‍ ചുങ്കത്ത് തന്നെ ഒരാണ്ടു മുന്നേ

മാതൃഭൂമി വാരാന്തപ്പതിപ്പില്‍  ( 12 . 7 . 15 ) , പട്ടചോമയാരത്ത്   കൃഷ്ണന്‍ 

നമ്പൂതിരിയുമായി നടത്തിയ  ഒരു അഭിമുഖം എഴുതിയിരുന്നു .  അതില്‍ 

നമ്പൂതിരിയും രാജാവിനെ  താത്രിയുടെ  ജാരനാക്കുന്ന  കഥ ഏറ്റുപറഞ്ഞപ്പോള്‍

   അതിനെ   എതിര്‍ത്തു ഞാന്‍   (  വാരാന്തപ്പതിപ്പ് , 26 . 7 . 15 )   .

അതുകൊണ്ടാണോ എന്നറിയില്ല ,  ശ്രീജ ഇപ്പോള്‍ തന്‍റെ  പഴയ നാടകാന്ത

രാജമുദ്രമോതിരക്കഥ വേഷം മാറ്റിയാണ് അവതരിപ്പിക്കുന്നത്  :  "

സ്മാര്‍ത്തവിചാരണയ്ക്കുശേഷം താത്രിക്ക് കൊച്ചിരാജാവ് ചാലക്കുടിപ്പുഴയുടെ

തീരത്ത്  കരമൊഴിവാക്കി കുറച്ചു ഭൂമിയും  സഹായത്തിന് ഒരു  ' ഇരിക്കണമ്മ '

യെയും  കൊടുത്തിരുന്നുവത്രെ . "    ഭ്രഷ്ടകള്‍ക്ക്   കൊച്ചിയില്‍   സ്റ്റേയ്റ്റ്   

പതിവായി ചെയ്തുകൊടുക്കുന്ന  സഹായമാണിത്   ;  രാജാവ്  ഇഷ്ടക്കാരിക്കു 

നല്‍കിയ കൈമടക്കല്ല .
                    താത്രിയുടെ  ജനനനേരത്തുണ്ടായ  ജ്യോതിഷ പ്രവചനം  കൂടി 

ഏറ്റുപറഞ്ഞതോടെ  ശ്രീജ ,  അവരെ ഒരു അവതാരത്തിന്‍റെ  സ്റ്റാറ്റസ്  നല്‍കി

ഉയര്‍ത്തുകയാണ്  !  ഒപ്പം ,  " പ്രണയം അന്വേഷിച്ചു  നടന്നിരുന്ന " 

വാന്‍ഗോഗിനോട്  ഉപമിച്ച്  താത്രിക്ക്  ഒരു  ഇന്‍റര്‍നാഷണല്‍  സ്ഥാനവും 

നല്‍കുന്നു .  " താത്രിക്ക്  ജീവിതത്തോട്  പ്രണയമായിരുന്നു "  എന്നും ,  " 

കേരളം കണ്ട ഏറ്റവും വലിയ കലാസ്വാദകയായ  "    അവര്‍  " സ്വന്തം ശരീരം

ഉപയോഗിച്ചത് അവരുടെ  കലാതൃഷ്ണയെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗം എന്ന

നിലയ്ക്കായിരുന്നു  "      എന്നും നിരീക്ഷിച്ച്  ,  ഇന്നലത്തെ കേരളത്തിന്‍റെ

വൃത്തികെട്ട  ലൈംഗിക അരാജകത്വത്തിനു കാവ്യഭാഷ്യം ചമയ്ക്കുന്നു  (

ഇങ്ങനെ  ജീവിതത്തെ പ്രണയിച്ചു നടന്നിരുന്ന 30 നമ്പൂതിരിമാരുണ്ടല്ലോ 

താത്രിയുടെ ജാരന്‍മാരില്‍ . അവരെയും വാന്‍ഗോഗിന്‍റെ  പ്രണയക്കള്ളിയില്‍

ചേര്‍ക്കരുതോ ?   എങ്കില്‍പ്പിന്നെ  , നമ്പൂതിരി സമുദായത്തില്‍ വി. ടി. ക്കും മറ്റും 

ഒരു പരിഷ്കരണവും നടത്തേണ്ടി വരുമായിരുന്നില്ലല്ലോ !  ) 
                     വ്യഭിചാരത്തിനു  പ്രതിഫലമായി താത്രി കക്ഷികളോട് 

ആവശ്യപ്പെട്ടത്  പുസ്തകങ്ങളും  കഥകളിയുമായിരുന്നു  എന്ന പറച്ചിലും

അതിവായനയുടെ ഫലമാണ് . അതൊക്കെ ചിലരോടു ചോദിച്ചിട്ടുണ്ട് എന്നത്

ശരിയാണ്  . എന്നാല്‍ , കൂടുതലും മറ്റു സാധാരണ സമ്മാനങ്ങള്‍  (  പണവും

പുടവയും  ആഭരണങ്ങളും  മറ്റും )  ആയിരുന്നു  ചോദിച്ചത്  .  എന്തിന്  ,

അവരുടെ ആരാധ്യപുരുഷനായ    കാവുങ്കല്‍ ശങ്കരപ്പണിക്കരില്‍

നിന്നുപോലും  " സേവന " ത്തിനു  പണം വാങ്ങിയിട്ടുണ്ട് .   പണിക്കരുടെ

കീചകവേഷം   കഥകളി നടത്തിത്തരണം   എന്നാണ്   ദേശമംഗലം

നമ്പൂതിരിപ്പാടിനോട് പ്രതിഫലമായി  ആവശ്യപ്പെട്ടതെന്നു    ശ്രീജ  ,  ജീനിയസ് 

താത്രിയെപ്രതി  കോള്‍മയിര്‍കൊള്ളുന്നു .  എന്നാല്‍ , അതേ  താത്രി 

അയാളില്‍ നിന്നു കൈപ്പറ്റിയത്   "  കല്ലുവച്ച  മൊതിരം ... 18 പണത്തൂക്കം 

സൊര്‍ണ്ണം ...  കുഴലും മൊതിരം... പല ആവിശ്യങ്ങളും ... "    ഇവയും കൂടിയാണ് .

 ഈ  " പ്രൊഫഷന്‍ "   ഉയര്‍ന്ന നിലയില്‍  കൈകാര്യം ചെയ്യുന്ന പലരും ,   

നാട്ടുഭരണ  വ്യവസ്ഥയ്ക്കു  പ്രിയമായ  തരം സാഹിത്യവും , അതേ

ജനുസ്സില്‍പ്പെട്ട   കലയുമൊക്കെ ഇഷ്ടപ്പെടുന്നവരും    , ചില സവിശേഷ

ഭ്രമങ്ങളുള്ളവരുമാകുന്നത്  അത്ര  അദ്ഭുതമൊന്നുമല്ല . എന്നാല്‍ , ഈ 

വിനോദമാത്ര  യോഗ്യത  മതിയാകുമായിരിക്കും  താത്രിക്ക്  ശ്രീജയുടെ  "

അസാമാന്യ  ജീനിയസ്  " പട്ടം  കിട്ടാന്‍ .  (  താത്രിയുടെ  കക്ഷി

വൃത്തങ്ങളില്‍ത്തന്നെ അത്തരം യോഗ്യതയുള്ള  ആണ്‍പിറന്നവരുണ്ട് .

പണ്ഡിതരും വിദ്വാന്‍‌മാരുമാണു  ചിലര്‍ . അവര്‍ക്കത്  മറ്റുള്ളവരില്‍നിന്നു 

തങ്ങളെ വ്യത്യസ്തരാക്കുന്ന ലേബലുകളുമാണ് . ആ തലയെടുപ്പ്

അനുകരണീയമായി തോന്നിയിരിക്കണം താത്രിക്ക് .   )  . തുടക്കത്തില്‍ 

ആണധികാരത്തിന്‍റെ  കാമക്കൈയേറ്റങ്ങള്‍ക്ക്  അടിപ്പെട്ടുപോവുകയും 

അതുവഴി , തുടര്‍ച്ചയായ കാമക്കുരുക്കുകളില്‍   ( അവസാനകാലത്തും

അതുണ്ടായി . ) പെട്ടുപോവുകയും ചെയ്ത   താത്രി   പിന്നീട്   ,  ജാരന്‍മാരുടെ

എണ്ണം കൂടുന്നത്  ഒരു ഹരമായി ആസ്വദിച്ചിരുന്നു എന്നു വേണം കരുതാന്‍ . 

ഒളിബന്ധങ്ങളുടെ  എണ്ണം കൂടുന്നത് ഒരു  ഗമയായിക്കരുതിയിരുന്ന 

അക്കാലത്തെ  ചില ആണധികാരികളെ  താത്രി  മാതൃകയാക്കിയിട്ടുണ്ടാകാം .
                    നമ്മളിപ്പോള്‍  ജീനിയസ് പട്ടം നല്‍കി  ആദരിക്കുന്നയാള്‍ക്ക്  , 

വ്യഭിചാരക്കുറ്റത്തിന്  ഭ്രഷ്‌ഠയായി  ചാലക്കുടിപ്പുഴവക്കില്‍ തള്ളപ്പെട്ടപ്പോഴും  , 

അയിത്തജാതിക്കാരില്ലാത്ത ഇടം വേണമായിരുന്നു   പാര്‍ക്കാന്‍   !
                      താത്രി  " ഒരു  നായര്‍സ്ത്രീ  ആയിരുന്നെങ്കില്‍ ഇത് അത്ര വലിയ

വിഷയമാകുമായിരുന്നോ  "   എന്നു ചോദിക്കുന്നു  ശ്രീജ .  അതായത് , നായര്‍

സ്ത്രീകള്‍ക്ക്  ഇത്തരം  " ജീനിയസ്  "   വ്യാപാരങ്ങള്‍  വെറും പതിവു

കാര്യങ്ങളാണെന്ന്  !   എന്നാല്‍ , താത്രിയുടെ ചെമ്മന്തട്ടയുടെയും 

ആറങ്ങോട്ടുകരയുടെയും  സമീപ ദേശങ്ങളില്‍പ്പോലും അക്കാലത്ത്  ഇത്തരം

എത്രയോ അന്തര്‍ജനക്കേസുകള്‍ കേട്ടു  ജനമിളകിയിരിക്കുന്നു .
                     വസ്തുതാപരമായ  പിശകുകള്‍  ഇനിയുമുണ്ട്  ഈ അഭിമുഖത്തില്‍ .

ആ പരിശോധന  എന്‍റെ  , വരാനിരിക്കുന്ന  പുസ്തകത്തിലേക്കു മാറ്റിവയ്ക്കുന്നു .





നേരമ്പോക്ക്  വ്യഭിചാരം  ഇന്‍ഡ്യയ്ക്ക്  , വിശേഷിച്ചു കേരളത്തിന്  പുതിയതല്ല

.താത്രിയുടെ കാലത്ത്  കേരളം  സവര്‍ണ പ്രമാണികളുടെ  ഒരു തുറന്ന 

ലൈംഗിക കോളനിയായിരുന്നു . ദേവദാസി സമ്പ്രദായം , സംബന്ധ വ്യവസ്ഥ 

തുടങ്ങിയ നാമങ്ങളിലാണ്  ആ ലൈംഗിക ചൂഷണം വിളയാടിയിരുന്നത് .

പുതിയ മനുഷ്യരുടെ സദാചാരബോധവുമായി വന്ന  മിഷണറിമാരുടെയും 

ആധുനികതയുടെയും   വെളിച്ചം പരന്നതോടെ , ആ  ദൈവിക

വ്യഭിചാരത്തിന്‍റെ നാറ്റം അസഹ്യമായി . അപ്പോഴാണ്  സവര്‍ണരിലെതന്നെ 

അഭിമാനികള്‍   മു‌ന്‍‌കൈയെടുത്ത് ,   സവര്‍ണ ജാതികളുടെ പേരിട്ട  ബില്ലുകള്‍

നിയമസഭകളില്‍ കൊണ്ടുവന്ന് പാസാക്കി  നേരമ്പോക്ക് വ്യഭിചാരവ്യവസ്ഥയെ

 ഇല്ലാതാക്കിയത് . പിന്നെ അഞ്ചാറു  പതിറ്റാണ്ടുകള്‍ക്കു ശേഷം   ആഗോള

സാമ്പത്തിക കുത്തകകളുടെ വ്യാപനത്തോടൊപ്പം പിടിമുറുക്കിയ 

ഓണ്‍‌ലൈന്‍  സെക്സ്  മാര്‍ക്കറ്റിന്‍റെ ഉത്സവകാലമായി . ആ  മാംസച്ചന്തയ്ക്ക് 

ബുദ്ധിജീവി നാട്യപരമായ വ്യാഖ്യാനങ്ങളും കൊഴുത്തതോടെയാണ്  ,

താത്രിയേയും നളിനി ജമീലയേയും മറ്റും മുന്നില്‍ നിര്‍ത്തി  , ദാമ്പത്യബാഹ്യ

നേരമ്പോക്ക് വ്യഭിചാരത്തിന്‍റെ പ്രൊമോഷണല്‍ സാഹിത്യസംവാദങ്ങള്‍ 

കളംനിറഞ്ഞാടാന്‍ തുടങ്ങിയത് .

No comments:

Post a Comment