Sunday, July 7, 2019

അയ്യന്‍കാളിയും ക്ഷേത്രപ്രവേശനവും


            അയ്യന്‍കാളിയും    ക്ഷേത്രപ്രവേശനവും
             ______________________________________________
             (   ഒന്നിപ്പ് മാസികയില്‍   എഴുതിയ  പ്രതികരണം  )




            ഒന്നിപ്പ്  ജനുവരി  ലക്കത്തില്‍   ശ്രീ :  ഐ. ശാന്തകുമാര്‍   എഴുതിയ   ' ക്ഷേത്രപ്രവേശന വിളംബരവും  ചില  ചരിത്രയാഥാര്‍ത്ഥ്യങ്ങളും '  എന്ന  ലേഖനത്തോടു  ചേര്‍ന്നുള്ള  പേജ്   29 -ലെ   ഹൈലൈറ്റില്‍  (  ലേഖനത്തിലല്ല  )      ,  അയ്യന്‍കാളി ക്ഷേത്രപ്രവേശന വിളംബരത്തോടു     പ്രതികരിച്ചില്ല    എന്നു  കാണുന്നു .  വേറെയാണു   വസ്തുത എന്ന്   ,  എട്ട്  കൊല്ലം  മുന്‍പേ  എഴുതിയ ലേഖനത്തിലൂടെ  ( അയ്യന്‍കാളിയെക്കുറിച്ചുള്ള  അസത്യങ്ങള്‍  , സമകാലിക മലയാളം വാരിക , 29 . 2 . 2008 )  ഞാന്‍  വായനക്കാരെ  അറിയിച്ചിട്ടുള്ളതാണ് .  ഒരാണ്ടു കഴിഞ്ഞു പ്രസിദ്ധീകരിച്ച  എന്‍റെ   ' അയ്യന്‍കാളിയ്ക്ക്  ആദരത്തോടെ  '  എന്ന  പുസ്തകത്തിലുമുണ്ട്  ആ ലേഖനം .  തുടര്‍ന്ന്  ഇന്‍റര്‍നെറ്റില്‍  എന്‍റെ   ബ്ളോഗിലും  ചേര്‍ത്തിട്ടുണ്ട്   അത്  (  കാണുക :   c h e r a a y i r a a m a d a a s . b l o g s p o t . i n   )   . 
                   അയ്യന്‍കാളി  തിരുവിതാംകൂര്‍   ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ  പക്ഷത്തായിരുന്നു  എന്ന്  ,  ഒറിജിനല്‍  ചരിത്ര രേഖകളുടെയും  ഫോട്ടൊയുടെയും തുണയോടെ  തെളിയിച്ചിട്ടുണ്ട്    ടി  ലേഖനത്തില്‍  .  വിളംബരം നടന്ന്  ഒരാണ്ടെത്തിയപ്പോള്‍  തിരുവനന്തപുരത്തു  രൂപംകൊണ്ട   ക്ഷേത്രപ്രവേശന വിളംബര സ്മാരക സമിതിയുടെ  വര്‍ക്കിങ് കമ്മിറ്റിയംഗമായിരുന്നു   അയ്യന്‍കാളി . സമിതി  1942-ല്‍ പ്രസിദ്ധീകരിച്ച  Souvenir  of the   Temple  Entry   Proclamation   (  printed at the Govt. Press, Tvm .   ;   Regional Archives Ernakulam ) - ല്‍  പേജ് 10-നു ശേഷം ,   ദിവാന്‍  സര്‍   സി. പി. യും  അയ്യന്‍കാളി  ഉള്‍പ്പെടെയുള്ള  സമിതിയംഗങ്ങളും  ചേര്‍ന്ന   ഗ്രൂപ്  ഫോട്ടൊയുണ്ട് . വഴിയേ പോയപ്പോള്‍  ഫോട്ടൊയ്ക്കു കയറിനിന്നതല്ല അയ്യന്‍കാളി എന്നു തിരിച്ചറിയാന്‍ , ആ  ജീവിതത്തിന്‍റെ  രേഖാപരമായ തെളിവുകളും  സമകാലികരുടെ  സാക്ഷ്യങ്ങളും  (   എന്‍റെ  ലേഖനത്തിലും  ഉണ്ട്  അവ ) പരിചയമുള്ളവര്‍ക്ക് പ്രയാസമില്ല . 
                               ക്ഷേത്രപ്രവേശന പ്രക്ഷോഭം  യഥാര്‍ഥത്തില്‍    ഈശ്വരവിശ്വാസപരമായല്ല കാണേണ്ടത്  ;  പൗരാവകാശപ്പോരാട്ടത്തിന്‍റെ  ഭാഗമായിരുന്നു  അത് .  അതുകൊണ്ടാണ്  അയ്യന്‍കാളിയടക്കമുള്ള നവോത്ഥാന നായകരും  യുക്തിവാദികളും  പിന്നീട്  കമ്യൂണിസ്റ്റുകളും   ആ  പക്ഷത്തു  നിന്നത് എന്നു വേണം കരുതാന്‍  . കേരളത്തിനു  വെളിയില്‍  ഇന്നും  കമ്യൂണിസ്റ്റുകളുടെയും   ദലിത്  വിപ്ളവകാരികളുടെയും    നേതൃത്വത്തില്‍      അയിത്ത വിരുദ്ധ - ക്ഷേത്രപ്രവേശന സമരങ്ങള്‍  തീവ്രമാണ് .   ബ്രാഹ്മണ്യത്തിന്‍റെ  ക്ഷേത്ര കേന്ദ്രിതമായ   സാമൂഹിക  അധീശത്വം നിലനില്‍ക്കുന്ന കാലത്തോളം    , ക്ഷേത്രം  എന്ന  ആ  കേന്ദ്രം തന്നെയായിരിക്കും  സാമൂഹിക സമത്വ പോരാട്ടത്തിന്‍റെ  ആദ്യ  ഉന്നം .   ബ്രാഹ്മണ്യ  ജാതിമേന്‍മ വാദത്തിന്‍റെ      മര്‍മ്മങ്ങളിലൊന്ന്    ക്ഷേത്രമാണ്  .  അതുകൊണ്ടാണ്  ക്ഷേത്രപ്രവേശന  സമരവും  അവര്‍ണരുടെ   ക്ഷേത്രസ്ഥാപനവും , തുടക്കത്തില്‍   ബ്രാഹ്മണ്യത്തിന്‍റെ മര്‍മ്മം പിളര്‍ക്കുന്ന  അടികളാകുന്നത് .  അത്  ബ്രാഹ്മണ്യ ക്ഷേത്രങ്ങളിലേയ്ക്കും    സവര്‍ണപക്ഷത്തേയ്ക്കും      ആളെക്കൂട്ടാനുള്ള  സൂത്രമാണെന്നു  വ്യാഖ്യാനിച്ചു   നടക്കുന്നവര്‍ക്ക്   ,  ആഴമുള്ള സാമൂഹിക യാഥാര്‍ഥ്യങ്ങള്‍  മനസ്സിലാകാന്‍   സമയമെടുക്കും .   അവര്‍ണര്‍   മതം മാറുന്നതു  തടയുക  എന്ന  അടിയന്തിരോദ്ദേശ്യമായിരുന്നു ക്ഷേത്രപ്രവേശനാനുവാദത്തിനുണ്ടായിരുന്നത്    (  വസ്തുതയുണ്ടതില്‍  )  എന്ന്  പേര്‍ത്തും പേര്‍ത്തും   പറഞ്ഞതുകൊണ്ടൊന്നും  മാഞ്ഞുപോകുന്നതല്ല  ആ  പോരാട്ടത്തിന്‍റെ  വിപ്ളവകരമായ  ഉള്ളടക്കം .   കാലക്രമേണ   ബ്രാഹ്മണ്യ ക്ഷേത്രങ്ങള്‍  അവര്‍ണര്‍ക്കു  ചങ്ങലയാകുമെന്നതുകൊണ്ട്  , ജാതിസമൂഹത്തിലെ  തനത്  പൗരാവകാശപ്പോരാട്ടമായ  ക്ഷേത്രപ്രവേശന  യത് നം  ഒഴിവാക്കാനാവില്ല  ഒരുകാലത്തും .  ഇതര സംസ്ഥാനങ്ങളിലെ  ഇന്നത്തെ ക്ഷേത്രപ്രവേശന സമരങ്ങളും  തെളിയിക്കുന്നത്   അതാണ് .   അന്ധ ഭക്തരെ  ബ്രാഹ്മണ്യ ക്ഷേത്രാടിമത്തത്തില്‍നിന്നു മോചിപ്പിക്കാന്‍   ശക്തിയുള്ള  ആയുധങ്ങള്‍ , അംബേഡ്കര്‍ - കമ്യൂണിസ്റ്റ് - യുക്തിവാദ  ദര്‍ശനങ്ങള്‍  , നമ്മുടെ ചാരെയുണ്ട്  . അവയെടുത്ത്  ബുദ്ധിപൂര്‍വകമായി  പ്രയോഗിക്കണമെന്നു മാത്രം .  കൊണ്ടും കൊടുത്തും ആയിരത്താണ്ടുകള്‍  മുന്നേറിയതാണ്  ബ്രാഹ്മണ്യം  .  സമഗ്രവും  സങ്കീര്‍ണവും  കപടവേഷധാരിയുമായ  ആ  ചൂഷണ വ്യവസ്ഥിതിയെ  ചുമ്മാതങ്ങ്  നശിപ്പിച്ചുകളയാം എന്നു  വ്യാമോഹിക്കരുത് . തലമുറകള്‍  നീളുന്ന  കഠിന  യത് നം  വേണമതിന് .  )

No comments:

Post a Comment