Wednesday, June 17, 2020

ഇതിഹാസങ്ങള്‍ക്കു പിന്നിലെ ബ്രാഹ്‌മണ്യ കല്‍‌പനകള്‍


FB


ഇതിഹാസങ്ങള്‍ക്കു പിന്നിലെ ബ്രാഹ്‌മണ്യ കല്‍‌പനകള്‍
______________________________________________________
മനുഷ്യകുലത്തിനു വേണ്ട നന്‍‌മകളും മാതൃകാ ജീവിതങ്ങളും   സാരോപദേശങ്ങളും മറ്റും മറ്റും മറ്റും രേഖപ്പെടുത്തിവച്ചിരിക്കുന്ന  മഹനീയ സാഹിത്യരൂപങ്ങളാണു നമ്മുടെ ഇതിഹാസാദി ബ്രാഹ്‌മണ്യ  കൃതികള്‍ എന്നാണ് അംഗീകൃത പാഠം . എന്നാല്‍ ,  " ധര്‍‌മശാസ്‌ത്രങ്ങള്‍  "  എന്നു വിളിക്കുന്ന ബ്രാഹ്‌മണ്യ വംശീയ നിയമങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള വെറും വ്യാജ സാഹിത്യരൂപങ്ങളാണവ എന്നത്  ഒരു രഹസ്യമല്ല ഇന്ന് . ഇതിഹാസങ്ങള്‍ , പുരാണങ്ങള്‍ , കാവ്യ-നാടകങ്ങള്‍ തുടങ്ങിയവയൊക്കെ  എങ്ങനെയാണു ബ്രാഹ്‌മണ്യ പ്രകൃതിവിരുദ്ധ നിയമങ്ങളുടെ പ്രചാരണ സാമഗ്രികളാകുന്നത്  എന്നു തെളിയുന്ന  അതുല്യ   ഗവേഷണ ഗ്രന്ഥപരമ്പരയാണ്  HISTORY OF DHARMASASTRA . 5  വോള്യത്തിലായി   8 പുസ്‌തകവും  6500 - ല്‍‌പരം  പേയ്‌ജുമുള്ള , ഇതിഹാസമാനമുള്ള ഗവേഷണ രചനയാണിത് . പിന്നീടു  " ഭാരത രത്‌ന " നല്‍കി  രാഷ്ട്രം ആദരിച്ച മഹാപണ്ഡിതനായ പാണ്ഡുരംഗ് വാമന്‍ കാണെ എന്ന മറാഠി ബ്രാഹ്‌മണനാണു ഗ്രന്ഥകാരന്‍ .  1930  മുതല്‍ 1962   വരെയുള്ള  കൊല്ലങ്ങളിലാണ്   ഈ  8 പുസ്‌തകം  Bhandarkar Oriental Research Institute ( Poona - 4  , Maharashtra ) പ്രസിദ്ധീകരിച്ചത്  . ജാതി  നിയമങ്ങള്‍ക്കനുസരിച്ചു ചലിക്കുന്ന കഥാപാത്രങ്ങളും സംഭവങ്ങളുമാണ് രാമായണ - മഹാഭാരതാദി സം‌സ്‌കൃത ഗ്രന്ഥങ്ങളിലുള്ളതെന്ന് , കാണെയുടെ ധര്‍‌മശാസ്‌ത്ര സര്‍വെയിലൂടെ നമുക്കു വെളിവാകുകയാണ് .  അതെ , ബ്രാഹ്‌മണ്യ   ജാതിനിയമങ്ങളുടെ ഉറവിടവും പ്രയോഗവും വളര്‍‌ച്ചയും സംബന്ധിച്ച സവിസ്‌തര  സര്‍വെ തന്നെയാണു  മുക്കാല്‍ നൂറ്റാണ്ടു മുന്‍‌പ്  കാണെ നടത്തുന്നത് . നമുക്കു കിട്ടുന്നതാകട്ടെ  , ആദ്ധ്യാത്‌മിക പ്രഭാഷകരും  മറ്റു സ്‌ഥാപിത താത്‌പര്യക്കാരും മറച്ചുവയ്ക്കുന്ന  ജാതിവാഴ്‌ച്ച രഹസ്യങ്ങളുടെ  അതിവിപുലമായ അണിയറക്കഥകളും . ആര്‍‌ഷസാഹിത്യവും ആര്‍‌ഷേതര കാല സാഹിത്യവും സംബന്ധിച്ച നൂറുകണക്കിന് പഠനങ്ങളുണ്ട് ഇതില്‍ . ഇത്രത്തോളം വിലമതിക്കപ്പെടുന്ന വേറെ വല്ല കൃതിയും ബ്രാഹ്‌മണ്യചരിത്ര രചനാ രംഗത്ത്  ഉള്ളതായി കേട്ടിട്ടില്ല .  ആശയ സംവാദങ്ങളില്‍  ഏര്‍‌പ്പെടുന്ന പുരോഗമനവാദികള്‍ക്കു    മുന്നില്‍ തുറന്നുവച്ച അനന്തമായ വിവര ഉറവിടമാണിത് .  

ക്ഷേത്ര പ്രവേശം കെണിയാണുപോലും !




FB

ക്ഷേത്ര പ്രവേശം   കെണിയാണുപോലും  !
_________________________________________


 അയിത്ത നീതിയുടെ മുഷ്ക്കിനെ , അപ്പാര്‍തീഡിനെ , ചെറുത്തുതോല്‍പ്പിക്കുക എന്നതാണ് സ്വാഭിമാനബോധമുള്ള ഏത് സമൂഹത്തിന്‍റ്റെയും ആദ്യ കടമ. തടയപ്പെടുന്ന പൗരസ്വാതന്ത്ര്യം മാത്രമാണ് അപ്പോഴത്തെ പ്രശ്നം . ബ്രാഹ്മണ്യ പക്ഷം മെനഞ്ഞെടുത്ത് അവതരിപ്പിച്ചിട്ടുള്ള ദൈവക്കോലങ്ങളില്‍ വിശ്വാസമുണ്ടോ ഇല്ലയോ എന്നതല്ല അവിടത്തെ വിഷയം ; എന്നതായിക്കൂടാ അവിടത്തെ ചര്‍ച്ച. പൊതു കാര്യങ്ങളില്‍ ജനങ്ങള്‍ക്കു തുല്യ പരിഗണന കിട്ടണമെന്നാഗ്രഹിക്കുന്ന ഏത് സമൂഹത്തിന്‍റ്റെയും മുന്നില്‍ ഉയരുന്ന വെല്ലുവിളികളാണ് ക്ഷേത്രങ്ങള്‍ കൊട്ടിയടക്കലും ,  കൊച്ചി ചേന്ദമംഗലത്തെ   പാലിയം വഴിയടക്കലും , തിരുവിതാംകൂറിലെ വൈക്കം വഴിതടയലും   പോലുള്ള ഭേദ കല്‍പനകള്‍ . നവോത്ഥാന ( ജാതിവിരുദ്ധ ) പോരാട്ടത്തിന്‍റെ അവശ്യ ഘടകമാണ് ആ വെല്ലുവിളികള്‍ ഏറ്റെടുക്കുക എന്നത് . ഇന്നത്തെ തമിഴ് നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ പാഠം വീണ്ടും വീണ്ടും പഠിപ്പിക്കയാണ് ഇന്‍ഡ്യയെ.

     അവര്‍ണസമൂഹത്തെ ബ്രാഹ്മണ്യത്തിന്‍റെ അടിമകളാക്കാനാണ് തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശം അനുവദിച്ചത് എന്നു കണ്ടെത്തുന്നുണ്ട് കുറച്ചു നാളായി നമ്മുടെ ചില എഴുത്തുകാര്‍. ഇവര്‍ ആ ചരിത്ര ഘട്ടത്തില്‍ ചെന്നു പിറന്ന് ഉപദേശിച്ചിരുന്നെങ്കില്‍ , പാവം സഹോദരനയ്യപ്പനും അയ്യന്‍കാളിയുമൊക്കെ ബ്രാഹ്മണ്യ അടിമത്തം ചോദിച്ചുവാങ്ങാതെ മാറിനിന്നേനെ ! അവര്‍ണ ജനത നീണ്ട കാലം പൊരുതിയിട്ടാണ് ക്ഷേത്രപ്രവേശം കിട്ടിയത് എന്ന സത്യം മറച്ചുവയ്ക്കുന്നു ഉപദേശികള്‍ . ( അയ്യന്‍കാളിയ്ക്ക് ക്ഷേത്രപ്രവേശനവുമായി ഒരു ബന്ധവുമില്ലെന്നു തറച്ചു പറഞ്ഞുകൊണ്ടിരുന്നവര്‍ പക്ഷെ , ഫോട്ടൊ തെളിവടക്കം    http://cheraayiraamadaas.blogspot.in പുറത്തുവന്നപ്പോള്‍ ഒന്നടങ്ങി . ) ഏത് അടിമത്തത്തെയും കുടഞ്ഞെറിയാനുള്ള പോംവഴി , മാനസ്സിക വളര്‍ച്ച നേടലാണ്. വലിയ വലിയ ബിരുദങ്ങളൊക്കെയുണ്ടെങ്കിലും പുതിയ യുഗത്തിന്‍റ്റെ മനസ്സ് നേടാന്‍ കഴിയാത്തവരെ കീഴടക്കാന്‍ ബ്രാഹ്മണ്യം തന്നെ വേണമെന്നില്ല , മറ്റു മതപ്രചാരകര്‍ക്കും കഴിയും നിസ്സാരമായി . ക്ഷേത്രം കൊണ്ടു മാത്രമേ ബ്രാഹ്മണ്യത്തിന് അവര്‍ണരെ അടിമകളാക്കാന്‍ കഴിയൂ എന്നു കരുതുന്നുണ്ടോ ഉപദേശികള്‍ ? ക്ഷേത്രബന്ധമേയില്ല വേദാന്തികള്‍ക്ക് ( തത്ത്വത്തില്‍ ) . ബ്രാഹ്മണ്യത്തിന്‍റ്റെ ഏറ്റവും കുടിലവും നീചവുമായ പ്രചാരണ മാധ്യമമാണ് വേദാന്തം അഥവാ ഉപനിഷത്തുകള്‍ . സുകുമാര്‍ അഴീക്കോട് അടക്കമുള്ള എത്രയോ അവര്‍ണരെ അടിമകളാക്കാന്‍ കഴിഞ്ഞു ബ്രാഹ്മണ്യത്തിന്‍റ്റെ ഉപനിഷത്തുകള്‍ക്ക് ( http://cheraayiraamadaas.blogspot.in ) . ക്ഷേത്രപ്രവേശം  ' നല്‍കി ' ബ്രാഹ്മണ്യം  ' അടിമ 'കളാക്കിയ അതേ അവര്‍ണ സമൂഹം ഉള്‍പ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ടിയാണ് , ബ്രാഹ്മണ്യത്തിന്‍റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന ഭൂപരിഷ്കരണത്തിനു മുന്നിട്ടിറങ്ങിയത് !







തമിഴ് അയ്യന്‍‌കാളി പ്രകാശനം ചെയ്‌തു




FB
തമിഴ്  അയ്യന്‍‌കാളി  പ്രകാശനം ചെയ്‌തു
-------------------------------------
" മഹാത്‌മ അയ്യന്‍‌കാളി - കേരളത്തിന്‍ മുതല്‍ ദലിത് പോരാളി "  ( മഹാത്‌മ

അയ്യന്‍‌കാളി -  കേരളത്തിലെ ആദ്യ ദലിത് പോരാളി )     എന്ന  തമിഴ് പുസ്‌തകം

43-ാം ചെന്നൈ ബുക് ഫെയറില്‍ (  ജനു. 14-21 ) പ്രകാശനം ചെയ്‌തു .  "

നിര്‍‌മാല്യ "   മണിയാണു  ഗ്രന്ഥകാരന്‍  .  അയ്യന്‍‌കാളിയുടെ  ജീവിതചരിത്രം

മാത്രമല്ല , ആ കാലഘട്ടത്തിലെ  മറ്റു കേരളീയ  സാമൂഹിക ചലനങ്ങളെയും

ജനനായകരെയും ഇതില്‍ വിവരിക്കുന്നുണ്ടെന്ന്  അദ്ദേഹം  പറഞ്ഞു.   . ഒട്ടേറെ

മലയാളം പുസ്‌തകങ്ങള്‍ തമിഴിലേയ്‌ക്കു തര്‍‌ജുമചെയ്‌തിട്ടുള്ള പ്രശസ്‌ത 

എഴുത്തുകാരനാണു നിര്‍‌മാല്യ .  നാഗര്‍‌കോവിലിലെ  കാലച്ചുവട് 

പബ്‌ളിക്കേഷന്‍സ് പ്രൈ. ലിമിറ്റഡ്  ആണു പ്രസാധകര്‍ (04652- 278525 ) . പേജ്

 302 , വില 350 രൂപ ) .  ശ്രീ : മണിയുടെ  രണ്ടാമത്തെ  അയ്യന്‍‌കാളി

പുസ്‌തകമാണിത് . അദ്ദേഹത്തെക്കുറിച്ച് ഞാന്‍ 5.01.2020 -ന് എഫ്.ബി.യില്‍

ഒരു പോസ്‌റ്റ്  എഴുതിയിട്ടുണ്ട് .

കടലേറ്റത്തിന്‍റെ കരുത്തോടെ പ്രൊഫ : ഡാര്‍‌വിന്‍ വീണ്ടും

FB



കടലേറ്റത്തിന്‍റെ കരുത്തോടെ 
 പ്രൊഫ :   ഡാര്‍‌വിന്‍  വീണ്ടും
----------------------------
 കേരളചരിത്ര സംബന്ധമായ  ഏഴ് പുസ്‌തകങ്ങള്‍ ഒരു പതിറ്റാണ്ടിനകം  എഴുതി

പ്രസിദ്ധീകരിച്ച   പ്രൊഫ:  ജെ. ഡാര്‍‌വിന്‍റെ  പുതിയ രചനയാണു " 

നഷ്‌ടജനതകളുടെ ഉണര്‍ത്തുപാട്ട് " . കടലേറ്റത്തിന്‍റെ കരുത്തോടെ

ചരിത്രചര്‍‌ച്ചകളിലേയ്‌ക്ക് ഇടിച്ചുകയറിയ  " നാടുണര്‍‌ത്തിയ നാടാര്‍ പോരാട്ടങ്ങ

"ളുടെ  രചയിതാവിനെ  ഇനിയാര്‍‌ക്കും പരിചയപ്പെടുത്തേണ്ടതില്ലല്ലോ .

പൈതൃകത്തിന്‍റെ വേരുകള്‍ , ജെ.സി.ഡാനിയേല്‍-മലയാള സിനിമയുടെ

പിതാവ് , തീച്ചട്ടിയിലാക്കിയ ആദ്യ  ഇര ,  ആര്യാധിനിവേശത്തിന്‍റെ 

കാണാപ്പുറങ്ങള്‍ , പുല്‍പ്പള്ളി സായുധ പോരാട്ടം, ഒരു നഷ്‌ടജനതയും രാജ്യവും

ഇവയാണു മറ്റു കൃതികള്‍ . ചരിത്രരചനയിലെ അപ‌പാഠങ്ങളെ  പിടിച്ചു

കുലുക്കുകയാണ്  പ്രൊഫ:   ഡാര്‍‌വിന്‍   എന്ന് , ലേശം പോലും

അതിശയോക്‌തിയില്ലാതെയാണു ഞാന്‍ കുറിക്കുന്നത് . ഇതുപോലെ

അദ്‌ഭുതകരമായ ഊര്‍ജം പ്രസരിപ്പിക്കുന്ന   വേറെ  ഒരു ചരിത്രകാരന്‍

നമുക്കിടയിലുണ്ടെന്നു തോന്നുന്നില്ല . ആ  ഊര്‍ജവും പ്രസരിപ്പും 

നിറഞ്ഞുനില്‍‌‌ക്കുന്ന   33  ലേഖനങ്ങളാണു  310-ഓളം പേജുകളിലായി     

പുതിയ പുസ്‌തകത്തിലുള്ളത് .  ചരിത്രമെഴുത്തിലെ  " ജാതിരഹിത "   

പണ്ഡിതമ്മന്യര്‍  പാടിപ്പതിപ്പിച്ച ഒട്ടുവളരെ  കേരളീയ  കപടതകളെ 

തുറന്നുകാട്ടുന്നുണ്ട് ഇവിടെ .   90-ഓളം പേജിലായി  8  പ്രശസ്‌തര്‍ 

ഗ്രന്ഥകാരന്‍റെ  രചനകളെ ആഴത്തില്‍  വിലയിരുത്തുന്നുണ്ടുമുണ്ട് .  

" പുലച്ചോന്‍മാര്‍ " ചോതി ചാത്തനോടു ചെയ്‌തത്



FB  , 11.3.2019


" പുലച്ചോന്‍മാര്‍ "  

ചോതി ചാത്തനോടു ചെയ്‌തത്

_____________________________________________________________________

മൂന്നര പതിറ്റാണ്ടു    മുന്‍‌പ്    ചെറായി ( എറണാകുളം ജില്ല )  
എ. കെ.  ജി.  സ്‌റ്റഡി  സെന്‍ററില്‍ ഞങ്ങള്‍ നല്‍‌കിയ ഒരു സ്വീകരണ യോഗത്തില്‍   വച്ചു  
വാക്കു പറഞ്ഞതാണ് ശങ്കരന്‍ കരിപ്പായി സാര്‍ :  " സഹോദരന്‍  അയ്യപ്പന്‍റെ  ജീവിതം  ഞാന്‍ 
ഒരു നോവലായി  എഴുതും  " . 

" മിശ്രഭോജന "പ്പറമ്പിന്‍റെ  സമീപ പ്രദേശത്തുകാരനും  എന്‍റെ ഗുരുനാഥനും
അയല്‍വാസിയുമായിരുന്നു   സാര്‍ .  സഹോദര പ്രസ്ഥാനത്തെ

അടുത്തറിഞ്ഞിരുന്ന അദ്ദേഹത്തെക്കാള്‍ യോഗ്യതയുള്ള

മറ്റൊരാളുമില്ലായിരുന്നു ആ കഥ എഴുതാന്‍ .  മുന്‍ തലമുറയിലെ  പ്രശസ്‌ത എഴുത്തുകാരനാണ് . 
വലിയ പ്രതീക്‌ഷയോടെയാണു   ഞാന്‍ കാത്തിരുന്നത്  ആ നോവല്‍ വായിക്കാന്‍ .   പക്ഷെ ,   
അതിനു കഴിയും മുന്‍‌പ്  അദ്ദേഹം

ജീവിതത്തില്‍ നിന്നു വിടപറഞ്ഞു .  പിന്നെ പതിറ്റാണ്ടുകള്‍ക്കു ശേഷം  എന്‍റെ

സ്‌നേഹിതന്‍  അജയന്‍ ഓച്ചന്തുരുത്ത് ആണ് ആ ദൗത്യം   , " പുലച്ചോന്‍‌മാര്‍ " 
എന്ന നോവലിലൂടെ പൂര്‍ത്തിയാക്കിയിരിക്കുന്നത്  . പ്രശസ്‌ത
മാധ്യമ പ്രവര്‍ത്തകനാണെങ്കിലും , ഈ കൃതിയിലൂടെയായിരിക്കും അജയനെ

ചരിത്രം ഓര്‍മിക്കുന്നത് . ഒരു നാടിന്‍റെ  നീണ്ട കാലത്തെ പ്രതീക്‌ഷയാണ്

അദ്ദേഹം നിറവേറ്റിയിരിക്കുന്നത് .  ഒരു അപകടത്തില്‍ പെട്ടു വലിയ യാതന 
അനുഭവിക്കുമ്പോഴാണ് അജയന്‍  അത് എഴുതിയത് .

              എന്നാല്‍  , എനിക്ക് വലിയൊരു അനിഷ്ടത്തിനു കൂടി

കാരണമായിരിക്കയാണ് ഈ കൃതി .  ചെറായിയും ഉള്‍‌പ്പെടുന്ന വൈപ്പിന്‍

ദ്വീപിനെ  , കായലിനപ്പുറത്തെ എറണാകുളം
വന്‍‌കരയോടു ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങളുടെ ഉദ്‌ഘാടനം 15  കൊല്ലം

മുന്‍‌പായിരുന്നു . ആ  വേളയില്‍  ഒരു സൂവനീര്‍  പ്രസിദ്ധീകരിക്കാന്‍  , 
വൈപ്പിന്‍ കരയിലെ ഓച്ചന്തുരുത്ത് ഗ്രാമവാസിയായ 

അജയനും കൂട്ടരും തീരുമാനിച്ചു .
വൈ‌പ്പിന്‍ കരയോടു ബന്ധമുള്ള ഒരു വിഷയം  എഴുതിക്കൊടുക്കാന്‍ എന്നോട്

ആവശ്യപ്പെട്ടു .  തീര്‍ത്തും പുതിയതാവണം വിഷയം എന്നു തീരുമാനിച്ചു

ഞാന്‍ .  

        മുന്‍‌പേതന്നെ    ചോതി ചാത്തന്‍  എന്‍റെ മനസ്സിലുണ്ടായിരുന്നു . 
1913-ല്‍  കൊച്ചി പുലയ സഭയുടെ  , എറണാകുളത്തു ചേര്‍ന്ന  രണ്ടാം സമ്മേളനത്തില്‍
സ്വന്തം കവിത ചൊല്ലിയയാളാണെന്ന്  ആയിടെതന്നെ  തനിച്ച്  ഒരു ലേഖനത്തിലൂടെ
ഭാഷാപോഷിണി മാസിക പരിചയപ്പെടുത്തിയിരുന്നു .  വര്‍ഷങ്ങള്‍ക്കു മുന്‍‌പ്

ഒരു അന്വേഷണത്തിനിടയിലാണ്  ആ ലേഖനം  എന്‍റെ കണ്ണില്‍ പെട്ടത് .

പ്രസ്‌തുത  സമ്മേളന കവിതയില്‍‌ത്തന്നെ  കവി സൂചിപ്പിക്കുന്നുണ്ട് , താന്‍ നായരമ്പലം 
പുതുവനപ്പാപ്പുവിന്‍റെ ശിഷ്യനാണെന്ന് .  എന്‍റെ ചെറായിയില്‍ നിന്നു വെറും  10 കി. മീറ്റര്‍ 
അപ്പുറത്ത്  , വൈപ്പിന്‍  ദ്വീപില്‍ത്തന്നെയുള്ള മറ്റൊരു   ഗ്രാമ‌മാണു  നായരമ്പലം . എന്നിട്ടൂം
അദ്ദേഹത്തെ എനിക്കോ എന്‍റെ

തലമുറയ്ക്കോ അറിയില്ലായിരുന്നു !  നാടിന്‍റെ  പൊതുവായ ഓര്‍മയില്‍‌നിന്ന്

ആ പഴയ വിപ്ളവകാരി എന്നേ മറഞ്ഞുപോയി .   ചാത്തനെ കൂടുതല്‍ അറിയണമെന്ന ആഗ്രഹം
മനസ്സിലങ്ങനെ കിടക്കുന്നുണ്ടായിരുന്നു .  അതുകൊണ്ടാണ്  സൂവനീറില്‍ 
ചോതി   ചാത്തനെക്കുറിച്ചുതന്നെ അന്വേഷിച്ച് എഴുതണമെന്നു ഞാന്‍ തീരുമാനിച്ചത്.നീണ്ട 
അലച്ചില്‍ വേണ്ടിവന്നു  ഒരു  തുമ്പ് കിട്ടാന്‍ പോലും . എങ്കിലും  അന്വേഷിച്ചന്വേഷിച്ചു ചെന്നപ്പോള്‍
അറിഞ്ഞു കൊച്ചി രാജ്യത്തിലെ അടിത്തട്ടു സമൂഹങ്ങളില്‍ നിന്ന്     

ഉയര്‍ന്നുവന്ന  രണ്ടാമത്തെ നവോത്ഥാന നായകന്‍റെ ( പണ്ഡിറ്റ്  കെ. പി . കറുപ്പനാണ്  ആദ്യ പോരാളി  ) 
മുന്നിലാണു ഞാന്‍  എത്തിയിരിക്കുന്നത്   !   കേരളത്തിലെ ആദ്യ ദലിത് 

എഴുത്തുകാരനാണ് എനിക്കു മുന്നില്‍ നില്‍‌ക്കുന്നത്  !  സഹോദരന്‍ അയ്യപ്പന്‍  പൊതുരംഗത്തു വരുന്നതിനു 
നാലു കൊല്ലം മുന്‍‌പ് , എറണാകുളം പട്ടണത്തില്‍ സമ്മേളിച്ച ഒരു വന്‍ സദസ്സിനു 

മുന്നില്‍ നിന്നു സ്വന്തം  വിപ്ളവ കവിത ചൊല്ലുകയായിരുന്നു  ചോതി !    അക്കാര്യം ,  അന്ന് ഏറ്റവും 
ഉന്നതിയില്‍ നിന്നിരുന്ന  ഭാഷാപോഷിണി മാസികയുടെ  1913  ഒക്‌റ്റോബര്‍ - ഡിസംബര്‍ 

ലക്കം വഴി  കേരളമാകെ അറിഞ്ഞതുമാണ് . അതിതീവ്രമായ  ആ ജാതിവിരുദ്ധ ആശയങ്ങള്‍ , മര്‍ദനം
നേരിട്ടുതന്നെ നാട്ടിടകളില്‍ പാടിയറിയിക്കയായിരുന്നു    ചോതി ചാത്തന്‍ !    

ചുരുക്കത്തില്‍ ,  വൈപ്പിന്‍ ദ്വീപില്‍  ആദ്യമായി ജാതിഭേദവിരുദ്ധമായ ഒരു സാമൂഹിക പോര്‍‌മുഖം തുറന്നത്  
സഹോദരന്‍ അയ്യപ്പനല്ല , ചോതി ചാത്തനായിരുന്നു  ! അദ്ദേഹം 

വൈപ്പിന്‍‌കരയിലും പരിസരങ്ങളിലും നടത്തിയ ജാതിഭേദവിരുദ്ധ പ്രചാരണങ്ങളുടെ സാമൂഹിക  സമ്മര്‍ദം 
മിശ്രഭോജന കലാപകാരികളെ സ്വാധീനിച്ചെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ .  

എന്നിട്ടൂം ആ വഴികാട്ടിയെ  " പുലച്ചോന്‍‌മാ " രില്‍  നമുക്കു കാണാന്‍ കഴിയുന്നത് ,  ഒരു കവിതയെഴുത്തുകാരന്‍ 
മാത്രമായാണ് . ജാതിമാനികള്‍ക്കു ഞെട്ടലുണ്ടാക്കും വിധം മുഴക്കമേറിയ 

കവിതാലാപന പ്രസ്‌ഥാനമായിരുന്നു അതെന്ന നേര്‍‌ച്ചിത്രമാണ് ഇവിടെ കാഴ്‌ചയില്‍നിന്നു മറഞ്ഞുപോയിരിക്കുന്നത് . 
സമൂഹത്തിന്‍റെ ഓര്‍മപ്പിശകുകളെ മറികടന്ന്   എന്‍റെ എളിയ 

വാക്കുകളിലൂടെ  പുതിയ കാലത്തിലേയ്ക്കു നടന്നു കയറിയ ചോതി ചാത്തന്‍ , നോവലില്‍ ഒരു അധ്യായത്തിന്‍റെ 
പേരായി മാറി എന്നതു സന്തോഷകരം . എന്നാല്‍ , കാലങ്ങളായി നാം 

പാടിവരുന്ന പോലെ , സ്വയംഭൂവായി വന്നു ഭവിച്ചതാണു മിശ്രഭോജന കലാപം എന്ന അപപാഠം തിരുത്താന്‍ 
നേരമായി.  മിശ്രഭോജനത്തിനു മുന്‍‌പ് അയ്യപ്പന്‍ വിദ്യാര്‍ഥിയായി തിരുവനന്തപുരത്തു 

താമസിക്കുമ്പോഴാണ്  അവിടെ അയ്യന്‍‌കാളി പ്രസ്‌ഥാനത്തിന്‍റെ രൂക്‌ഷമായ ജാതിഭേദവിരുദ്ധ പോരാട്ടങ്ങള്‍ 
നടന്നിരുന്നത് . അതേക്കുറിച്ചുള്ള എന്‍റെ വിലയിരുത്തല്‍   1998 മുതല്‍ അഞ്ചു  

തവണ എഴുതിയിട്ടുണ്ട് .    
                      

                  ലേഖനം യഥാസമയം ഞാന്‍ സൂവനീര്‍‌കാരെ ഏല്‍‌പ്പിച്ചു . എന്നാല്‍ ,

എന്തോ കാരണത്താല്‍ , സൂവനീര്‍ പ്രസിദ്ധീകരണം അവര്‍ വേണ്ടെന്നു വച്ചു .

ലേഖനം തിരിച്ചു തന്നു . വൈകാതെ അതു ഞാന്‍ മാധ്യമം ആഴ്ച്ചപ്പതിപ്പിനയച്ചു ;  2.7.2004 - ന്‍റെ 
ലക്കത്തില്‍ അച്ചടിച്ചുവന്നു . തുടര്‍ന്ന്    എന്‍റെ  " അയ്യന്‍‌കാളിയ്ക്ക്  ആദരത്തോടെ " എന്ന പുസ്‌തകത്തില്‍
2006 - ന്‍റെയും 2009 - ന്‍റെയും  പതിപ്പുകളില്‍ ചേര്‍ത്തു .  വര്‍ഷങ്ങളായി അത്

എന്‍റെ ബ്ളോഗിലും  ( cheraayiraamadaas.blogspot.com ) കിട്ടുന്നുണ്ട്  .

               

      
FB, 2020

  കൊച്ചി രാജ്യത്ത്  ഒന്നര നൂറ്റാണ്ടു മുന്‍‌പ്  
 ഒരു അടിമത്തവിരുദ്ധ യത്‌നം
  ( വിനില്‍ പോളിന്‍റെ    പോസ്‌റ്റിനോടുള്ള  പ്രതികരണം )
__________________________________________________________

    വളരെ  ഗൗരവത്തോടെ  അന്വേഷിക്കേണ്ടതാണ്   കുന്നംകുളത്തെ അയ്യപ്പന്‍

സംഭവം . തമിഴകത്തുപോലും  ദലിതര്‍  സംഘടിതമായി ഉണരും മുന്‍‌പാണ് 

കൊച്ചി നാട്ടുരാജ്യത്ത്  അവര്‍  സ്വാതന്ത്ര്യത്തിനായി  ധീരമായി , 

അപകടകരമായി , യത്‌നിച്ചത് .   ആ  കൊച്ചി നാട്ടുരാജ്യ പ്രജകള്‍  ( അടിമകള്‍ )

രാജാധികാരത്തെ ധിക്കരിച്ചാണ്  ബ്രിട്ടിഷ്  മദ്രാസ് ഗവര്‍‌ണര്‍‌ക്ക്  1852-ല്‍ ഒരു

പരാതി നല്‍‌കുന്നത് . ചെന്നൈ  ആര്‍‌ക്കൈവ്‌സിലും എറണാകുളം റീജിയണല്‍

ആര്‍‌ക്കൈവ്‌സിലുമായി  രണ്ടു തരത്തില്‍  സൂക്‌ഷിച്ചിട്ടുണ്ട് അത് .

ഗവര്‍‌ണറുടെ കൗണ്‍‌സില്‍ മീറ്റിങ്ങിന്‍റെ  മിനുട്ട്‌സ്  എന്നനിലയിലാണ് 

ചെന്നൈയിലേത്  ( ബിഷപ്  ഗ്ളാഡ്‌സ്‌റ്റന്‍റെ   1984-ലെ  " Protestant

Xianity..." എന്ന    ഗവേഷണ ഗ്രന്ഥത്തില്‍  സൂചിപ്പിക്കുന്നുണ്ട്  ഇക്കാര്യം

എന്നു വിനില്‍ പോള്‍   അറിയിച്ചതനുസരിച്ചാണ് ഞാന്‍  2  കൊല്ലം മുന്‍‌പ്  ആ 

രേഖ തേടിയെടുത്തത് ) . കൗണ്‍‌സില്‍  മീറ്റിങ്  ആ വിഷയം ,  തിരു /

കൊച്ചികളുടെ ബ്രിട്ടിഷ് റെസിഡന്‍റിന്  അയക്കാന്‍  ഉത്തരവായി . കൂടെ ,

തങ്ങള്‍  1850-ല്‍  അദ്ദേഹം വഴി  തിരു / കൊച്ചി രാജാക്കള്‍‌ക്ക്   (  സമാന

പരാതികളിന്‍‌മേല്‍  ? )  നല്‍‌കിയ  നിര്‍‌ദേശങ്ങളില്‍   എന്തു നടപടിയുണ്ടായി

എന്ന് കൗണ്‍‌സില്‍  അദ്ദേഹത്തോടു  ചോദിക്കുന്നതായുമുണ്ടു മിനുട്ട്‌സില്‍ .

അതായത് , അയ്യപ്പന്‍റെ  വഴിയേതന്നെ ,  മുന്‍‌പേതന്നെ  , തിരു / കൊച്ചികളിലെ

ദലിതര്‍  ( ? ) നടന്നു തുടങ്ങിയിരുന്നു .  " Paraman Cherooman Ayyappan and

others of Koonam Koolangara Proverty in Talappalli Talook in

Cochin " എന്നാണു  മിനുട്ട്സിലുള്ളത് . എന്നാല്‍ , ഗവര്‍‌ണറില്‍ നിന്ന്   കൊച്ചി

 സര്‍‌‌ക്കാരിന്  അയച്ചുകിട്ടിയ   ആ മിനുട്ട്‌സിനൊപ്പമുള്ള  പ്രസ്‌തുത പരാതിയും

അതിന്‍റെ  ടൈപ്‌ഡ്  കോപ്പിയും ( എറണാകുളം റീജിയണല്‍

ആര്‍‌ക്കൈവ്‌സിലുള്ളത്  ; അത്  ഇവിടെ  ചേര്‍‌ക്കുന്നു .  )  ആള്‍  പേരുകള്‍ 

മുഴുവന്‍ വ്യക്‌തമാക്കുന്നുണ്ട് :-  കുന്നംകുളങ്ങരെ പ്രവൃത്തിയില്‍  പാറമല്‍

ചെറുമന്‍ അയ്യപ്പന്‍ , മെപ്പടി [ യില്‍ ] ചെക്കാലി , ചുങ്കത്ത്  പൂവരയ്‌ക്ക

കൊള്ളനൂര്‍  ചാത്തന്‍ .

        കുന്നംകുളത്ത്  കാര്യമായ അന്വേഷണം നടത്തിയാല്‍  ആ  പഴയ  ദലിത് 

പോരാട്ടത്തിനു  തെളിച്ചം കിട്ടും.






            അയ്യന്‍കാളിയും    ക്ഷേത്രപ്രവേശനവും
______________________________________________

ഒന്നിപ്പ്  ജനുവരി  ലക്കത്തില്‍   ശ്രീ :  ഐ. ശാന്തകുമാര്‍   എഴുതിയ   '

ക്ഷേത്രപ്രവേശന വിളംബരവും  ചില  ചരിത്രയാഥാര്‍ത്ഥ്യങ്ങളും '  എന്ന 

ലേഖനത്തോടു  ചേര്‍ന്നുള്ള  പേജ്   29 -ലെ   ഹൈലൈറ്റില്‍  (  ലേഖനത്തിലല്ല  ) 

    ,  അയ്യന്‍കാളി ക്ഷേത്രപ്രവേശന വിളംബരത്തോടു     പ്രതികരിച്ചില്ല    എന്നു 

കാണുന്നു .  വേറെയാണു   വസ്തുത എന്ന്   , എട്ട്  കൊല്ലം  മുന്‍പേ  എഴുതിയ

ലേഖനത്തിലൂടെ  (   അയ്യന്‍കാളിയെക്കുറിച്ചുള്ള  അസത്യങ്ങള്‍  , സമകാലിക

മലയാളം വാരിക , 29 . 2 . 2008 )  ഞാന്‍  വായനക്കാരെ 

അറിയിച്ചിട്ടുള്ളതാണ് .  ഒരാണ്ടു  കഴിഞ്ഞു പ്രസിദ്ധീകരിച്ച  എന്‍റെ   '

അയ്യന്‍കാളിയ്ക്ക്  ആദരത്തോടെ  '  എന്ന  പുസ്തകത്തിലുമുണ്ട്  ആ ലേഖനം . 

തുടര്‍ന്ന്   എന്‍റെ   ബ്ളോഗിലും  ചേര്‍ത്തിട്ടുണ്ട്   അത്  (  കാണുക :   c h e r a a

y i r a a m a d a a s . b l o g s p o t . i n   )   . 
                   അയ്യന്‍കാളി  തിരുവിതാംകൂര്‍   ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 

പക്ഷത്തായിരുന്നു  എന്ന്  ,  ഒറിജിനല്‍  ചരിത്ര രേഖകളുടെയും 

ഫോട്ടൊയുടെയും തുണയോടെ  തെളിയിച്ചിട്ടുണ്ട്   എന്‍റെ ലേഖനത്തില്‍  . 

വിളംബരം നടന്ന്  ഒരാണ്ടെത്തിയപ്പോള്‍  തിരുവനന്തപുരത്തു  രൂപംകൊണ്ട 

ക്ഷേത്രപ്രവേശന വിളംബര സ്മാരക സമിതിയുടെ  വര്‍ക്കിങ്

കമ്മിറ്റിയംഗമായിരുന്നു   അയ്യന്‍കാളി . സമിതി  1942-ല്‍ പ്രസിദ്ധീകരിച്ച 

Souvenir  of the   Temple  Entry   Proclamation   (  printed at

the Govt. Press, Tvm .   ;   Regional Archives Ernakulam ) - ല്‍ 

പേജ് 10-നു ശേഷം ,   ദിവാന്‍  സര്‍   സി. പി. യും  അയ്യന്‍കാളി  ഉള്‍പ്പെടെയുള്ള 

സമിതിയംഗങ്ങളും  ചേര്‍ന്ന   ഗ്രൂപ്  ഫോട്ടൊയുണ്ട് . വഴിയേ പോയപ്പോള്‍ 

ഫോട്ടൊയ്ക്കു കയറിനിന്നതല്ല അയ്യന്‍കാളി എന്നു തിരിച്ചറിയാന്‍ , ആ 

ജീവിതത്തിന്‍റെ  രേഖാപരമായ തെളിവുകളും  സമകാലികരുടെ 

സാക്ഷ്യങ്ങളും  പരിചയമുള്ളവര്‍ക്ക് പ്രയാസമില്ല . 
                                (  ക്ഷേത്രപ്രവേശന പ്രക്ഷോഭം  യഥാര്‍ഥത്തില്‍   

ഈശ്വരവിശ്വാസപരമായല്ല കാണേണ്ടത്  ;  പൗരാവകാശപ്പോരാട്ടത്തിന്‍റെ 

ഭാഗമായിരുന്നു  അത് .  അതുകൊണ്ടാണ്  അയ്യന്‍കാളിയടക്കമുള്ള

നവോത്ഥാന നായകരും  യുക്തിവാദികളും  പിന്നീട്  കമ്യൂണിസ്റ്റുകളും   ആ 

പക്ഷത്തു  നിന്നത് എന്നു വേണം കരുതാന്‍  . കേരളത്തിനു  വെളിയില്‍  ഇന്നും 

കമ്യൂണിസ്റ്റുകളുടെയും   മറ്റു  വിപ്ളവകാരികളുടെയും    നേതൃത്വത്തില്‍   

ദലിതരുടെ  അയിത്ത വിരുദ്ധ - ക്ഷേത്രപ്രവേശന സമരങ്ങള്‍  തീവ്രമാണ് . 

ബ്രാഹ്മണ്യത്തിന്‍റെ  ക്ഷേത്ര കേന്ദ്രിതമായ   സാമൂഹിക  അധീശത്വം

നിലനില്‍ക്കുന്ന കാലത്തോളം  , ആ കേന്ദ്രം , ക്ഷേത്രം , തന്നെയായിരിക്കും 

സാമൂഹിക സമത്വ പോരാട്ടത്തിന്‍റെ  ആദ്യ  ഉന്നം .   ബ്രാഹ്മണ്യ  ജാതിമേന്‍മ

വാദത്തിന്‍റെ      മര്‍മ്മങ്ങളിലൊന്ന്    ക്ഷേത്രമാണ്  .  അതുകൊണ്ടാണ് 

ക്ഷേത്രപ്രവേശന  സമരവും  അവര്‍ണരുടെ   ക്ഷേത്രസ്ഥാപനവും ,

തുടക്കത്തില്‍   ബ്രാഹ്മണ്യത്തിന്‍റെ മര്‍മ്മം പിളര്‍ക്കുന്ന  അടികളാകുന്നത് . 

അത്  ബ്രാഹ്മണ്യ ക്ഷേത്രങ്ങളിലേയ്ക്ക്  ആളെക്കൂട്ടാനുള്ള  സൂത്രമാണെന്നു 

വ്യാഖ്യാനിച്ചു   നടക്കുന്ന  ലളിത ബുദ്ധികള്‍ക്ക്   , ആഴമുള്ള സാമൂഹിക

യാഥാര്‍ഥ്യങ്ങള്‍  മനസ്സിലാകാന്‍   സമയമെടുക്കും . കാലക്രമേണ   ബ്രാഹ്മണ്യ

ക്ഷേത്രങ്ങള്‍  അവര്‍ണര്‍ക്കു  ചങ്ങലയാകുമെന്നതുകൊണ്ട്  ആരംഭത്തിലെ

പൗരാവകാശപ്പോരാട്ടമായ  ക്ഷേത്രപ്രവേശന  യത് നം  ഒഴിവാക്കാനാവില്ല 

ഒരുകാലത്തും . ഇതര സംസ്ഥാനങ്ങളിലെ  ഇന്നത്തെ  ക്ഷേത്രപ്രവേശന

സമരങ്ങള്‍  തെളിയിക്കുന്നത്  അതാണ് . ചങ്ങല വെട്ടിപ്പൊട്ടിക്കാന്‍ 

ശക്തിയുള്ള  ആയുധങ്ങള്‍ , അംബേഡ്കര്‍ - കമ്യൂണിസ്റ്റ് - യുക്തിവാദ

ദര്‍ശനങ്ങള്‍  , നമ്മുടെ ചാരെയുണ്ട്  . അവയെടുത്ത്  ബുദ്ധിപൂര്‍വകമായി 

പ്രയോഗിക്കണമെന്നു മാത്രം .  കൊണ്ടും കൊടുത്തും ആയിരത്താണ്ടുകള്‍ 

മുന്നേറിയ  ബ്രാഹ്മണ്യം  എന്ന സമഗ്ര ചൂഷണ  വ്യവസ്ഥിതിയെ  ചുമ്മാതങ്ങ് 

തോല്‍പ്പിച്ചുകളയാം  എന്നു  കരുതരുത്  .    )
                                      - ഒന്നിപ്പ്  മാസിക