Wednesday, June 17, 2020

ക്ഷേത്ര പ്രവേശം കെണിയാണുപോലും !




FB

ക്ഷേത്ര പ്രവേശം   കെണിയാണുപോലും  !
_________________________________________


 അയിത്ത നീതിയുടെ മുഷ്ക്കിനെ , അപ്പാര്‍തീഡിനെ , ചെറുത്തുതോല്‍പ്പിക്കുക എന്നതാണ് സ്വാഭിമാനബോധമുള്ള ഏത് സമൂഹത്തിന്‍റ്റെയും ആദ്യ കടമ. തടയപ്പെടുന്ന പൗരസ്വാതന്ത്ര്യം മാത്രമാണ് അപ്പോഴത്തെ പ്രശ്നം . ബ്രാഹ്മണ്യ പക്ഷം മെനഞ്ഞെടുത്ത് അവതരിപ്പിച്ചിട്ടുള്ള ദൈവക്കോലങ്ങളില്‍ വിശ്വാസമുണ്ടോ ഇല്ലയോ എന്നതല്ല അവിടത്തെ വിഷയം ; എന്നതായിക്കൂടാ അവിടത്തെ ചര്‍ച്ച. പൊതു കാര്യങ്ങളില്‍ ജനങ്ങള്‍ക്കു തുല്യ പരിഗണന കിട്ടണമെന്നാഗ്രഹിക്കുന്ന ഏത് സമൂഹത്തിന്‍റ്റെയും മുന്നില്‍ ഉയരുന്ന വെല്ലുവിളികളാണ് ക്ഷേത്രങ്ങള്‍ കൊട്ടിയടക്കലും ,  കൊച്ചി ചേന്ദമംഗലത്തെ   പാലിയം വഴിയടക്കലും , തിരുവിതാംകൂറിലെ വൈക്കം വഴിതടയലും   പോലുള്ള ഭേദ കല്‍പനകള്‍ . നവോത്ഥാന ( ജാതിവിരുദ്ധ ) പോരാട്ടത്തിന്‍റെ അവശ്യ ഘടകമാണ് ആ വെല്ലുവിളികള്‍ ഏറ്റെടുക്കുക എന്നത് . ഇന്നത്തെ തമിഴ് നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ പാഠം വീണ്ടും വീണ്ടും പഠിപ്പിക്കയാണ് ഇന്‍ഡ്യയെ.

     അവര്‍ണസമൂഹത്തെ ബ്രാഹ്മണ്യത്തിന്‍റെ അടിമകളാക്കാനാണ് തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശം അനുവദിച്ചത് എന്നു കണ്ടെത്തുന്നുണ്ട് കുറച്ചു നാളായി നമ്മുടെ ചില എഴുത്തുകാര്‍. ഇവര്‍ ആ ചരിത്ര ഘട്ടത്തില്‍ ചെന്നു പിറന്ന് ഉപദേശിച്ചിരുന്നെങ്കില്‍ , പാവം സഹോദരനയ്യപ്പനും അയ്യന്‍കാളിയുമൊക്കെ ബ്രാഹ്മണ്യ അടിമത്തം ചോദിച്ചുവാങ്ങാതെ മാറിനിന്നേനെ ! അവര്‍ണ ജനത നീണ്ട കാലം പൊരുതിയിട്ടാണ് ക്ഷേത്രപ്രവേശം കിട്ടിയത് എന്ന സത്യം മറച്ചുവയ്ക്കുന്നു ഉപദേശികള്‍ . ( അയ്യന്‍കാളിയ്ക്ക് ക്ഷേത്രപ്രവേശനവുമായി ഒരു ബന്ധവുമില്ലെന്നു തറച്ചു പറഞ്ഞുകൊണ്ടിരുന്നവര്‍ പക്ഷെ , ഫോട്ടൊ തെളിവടക്കം    http://cheraayiraamadaas.blogspot.in പുറത്തുവന്നപ്പോള്‍ ഒന്നടങ്ങി . ) ഏത് അടിമത്തത്തെയും കുടഞ്ഞെറിയാനുള്ള പോംവഴി , മാനസ്സിക വളര്‍ച്ച നേടലാണ്. വലിയ വലിയ ബിരുദങ്ങളൊക്കെയുണ്ടെങ്കിലും പുതിയ യുഗത്തിന്‍റ്റെ മനസ്സ് നേടാന്‍ കഴിയാത്തവരെ കീഴടക്കാന്‍ ബ്രാഹ്മണ്യം തന്നെ വേണമെന്നില്ല , മറ്റു മതപ്രചാരകര്‍ക്കും കഴിയും നിസ്സാരമായി . ക്ഷേത്രം കൊണ്ടു മാത്രമേ ബ്രാഹ്മണ്യത്തിന് അവര്‍ണരെ അടിമകളാക്കാന്‍ കഴിയൂ എന്നു കരുതുന്നുണ്ടോ ഉപദേശികള്‍ ? ക്ഷേത്രബന്ധമേയില്ല വേദാന്തികള്‍ക്ക് ( തത്ത്വത്തില്‍ ) . ബ്രാഹ്മണ്യത്തിന്‍റ്റെ ഏറ്റവും കുടിലവും നീചവുമായ പ്രചാരണ മാധ്യമമാണ് വേദാന്തം അഥവാ ഉപനിഷത്തുകള്‍ . സുകുമാര്‍ അഴീക്കോട് അടക്കമുള്ള എത്രയോ അവര്‍ണരെ അടിമകളാക്കാന്‍ കഴിഞ്ഞു ബ്രാഹ്മണ്യത്തിന്‍റ്റെ ഉപനിഷത്തുകള്‍ക്ക് ( http://cheraayiraamadaas.blogspot.in ) . ക്ഷേത്രപ്രവേശം  ' നല്‍കി ' ബ്രാഹ്മണ്യം  ' അടിമ 'കളാക്കിയ അതേ അവര്‍ണ സമൂഹം ഉള്‍പ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ടിയാണ് , ബ്രാഹ്മണ്യത്തിന്‍റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന ഭൂപരിഷ്കരണത്തിനു മുന്നിട്ടിറങ്ങിയത് !







No comments:

Post a Comment