Wednesday, June 17, 2020

ഇ . എം . എസ് . അല്ല പുതിയ കേരളത്തിൻറെ നിർ‌മാതാവ്



ഇ . എം . എസ് .  അല്ല പുതിയ കേരളത്തിൻറെ നിർ‌മാതാവ്           FB , 13.6.19
______________________________________________

 പുതിയ കാലത്ത് ധൈഷണിക സംവാദങ്ങളിൽ ഇടപെടുന്ന മാർ‌ക്‌സിസ്‌റ്റുകളെ ഗതികേടിലാക്കുന്നതാണ് ഇ.എം.എസിൻറെ വ്യാജ മാർ‌ക്‌സിയൻ ജൽ‌പനങ്ങൾ . അടിത്തട്ടു സമൂഹങ്ങളിൽ നിന്ന് ഉണർന്നെണീറ്റ യുവതയ്ക്കു മുന്നിൽ നിമിഷനേരം പോലും പിടിച്ചുനിൽ‌ക്കാനാവില്ല ആ കുടില വക്രോക്‌തികൾക്ക് .  പാർ‌ടി പത്രത്തിലെ സ്‌തുതിപാഠകൻ‌മാരും  ,  പാർടിയിലെ ഭയജടിലൻ‌മാരും , ആകമാന സ്‌ഥാപിത ജാതി താത്‌പര്യക്കാരും ചേർന്നു തിടമ്പേറ്റിനിർ‌ത്തിയിരുന്ന ആ കോമാളിവേഷമല്ല , ഇൻ‌ഡ്യയുടെ ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയത് . ആ നേട്ടത്തിന് അടിത്തറയൊരുക്കിയത് , ഒന്നര നൂറ്റാണ്ടു കാലം ജാതിവാഴ്‌ചയോടു പൊരുതിയ നവോത്ഥാന പ്രസ്‌ഥാനങ്ങളാണ് . ആ അടിത്തറയിൽ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തെ ഉയർ‌ത്തിക്കൊണ്ടു വന്നത് , ഇ . എം . എസ് . കാണാതെപോയ ജാതിവിരുദ്ധ പോരാളികളുടെ പിൻ‌മുറക്കാരാണ് .


     താന്‍ ജനിച്ച മലബാറിലോ , കേരളത്തില്‍ത്തന്നെയുള്ള  തിരുവിതാംകൂര്‍ , കൊച്ചി നാട്ടുരാജ്യങ്ങളിലോ  നടന്ന  ദീര്‍‌ഘമായ ജാതിവിരുദ്ധ പോരാട്ടങ്ങളെപ്പറ്റി  ഇ. എം. എസ്.  കേട്ടിട്ടുപോലുമില്ലായിരുന്നല്ലോ  വയസ്സുകാലമെത്തും മുന്‍‌പ്  !  നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ബ്രാഹ്‌മണ്യ തെമ്മാടിവാഴ്ചയില്‍ എങ്ങനെയാണ് അടിത്തട്ടു സമൂഹങ്ങള്‍ കൊല്ലാക്കൊല ചെയ്യപ്പെട്ടിരുന്നതെന്ന്  അറിയുന്നവര്‍‌ക്കേ മനസ്സിലാകൂ  അവയുടെ പ്രാധാന്യം .

         എ . കെ. ജി. യേയും   ഇ. എം. എസിനെയും  ചേര്‍ത്തുപറയുമ്പോള്‍  കരുതല്‍ വേണം :  ഒരാള്‍  , സ്‌നേഹത്തോടെ സാധുജനം  നെഞ്ചേറ്റുന്ന ,സമാനതയില്ലാത്ത ജനകീയ പോരാളി . മറ്റെയാള്‍ ,  സ്‌തുതിപാഠകരാല്‍ താങ്ങിനിര്‍‌ത്തപ്പെട്ട ബുദ്ധിജീവിതം   നയിച്ച പാര്‍‌ടി നേതാവ് .    ജാതിവാഴ്ചയുടെ   ഹുങ്ക്  അസ്‌തമിച്ചിട്ടില്ലാഞ്ഞ   അക്കാലത്ത് , വ്യാജമഹത്ത്വ സൂചകമായ   ജാതിവാലിനോടുള്ള   ഭയഭക്‌ത്യാദരങ്ങള്‍ മൂലം പാര്‍ടിയില്‍  നേടാനായ  മേല്‍ നില .  വായില്‍ തോന്നിയതു  കോതയ്ക്കു  പാട്ട്  എന്ന നിലവാരമുള്ള  , പൊള്ളയായ ആ ബുദ്ധിജീവിതത്തിന്‍റെ  നീക്കിബാക്കിയില്‍ പെടുന്നവയാണ്  അംബേഡ്‌കറുടെ "  ബൂര്‍‌ഷ്വാസി ബന്ധ " വും , കുമാരനാശാന്‍റെ  " രാജപാദസേവ " യും ,  കേസരി ബാലകൃഷ്ണപിള്ളയുടെ  " ബൂര്‍ഷ്വാപണ്ഡിത മൂഢത്വ " വും  , കാണാതെപോയ അയ്യന്‍‌കാളിയും അടിത്തട്ടു സമൂഹങ്ങളുടെ പോരാട്ടചരിത്ര കാലങ്ങളും മറ്റും മറ്റും .

      കമ്യൂണിസ്‌റ്റ് പാര്‍‌ടി വരുംമുന്‍‌പേ തന്നെ  ,   ഒന്നര നൂറ്റാണ്ടിന്‍റെ  തീവ്രമായ ജാതിവിരുദ്ധ സമരങ്ങളാല്‍ ഉത്തേജിതരായിരുന്നു വലിയ പങ്ക് കേരളീയരും .  ആ സമരങ്ങളുടെ പുതിയ ഘട്ടങ്ങള്‍ക്കു വേണ്ടി കാത്തിരുന്ന അവര്‍ സ്വാഭാവികമായും പാര്‍ടിയിലേയ്ക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു  (  കമ്യൂണിസത്തോടും സോവിയറ്റ് യൂണിയനോടും , സഹോദരന്‍ അയ്യപ്പന്‍ പുലര്‍ത്തിയ അനുഭാവവും  , മൂലധന ശക്‌തികളെ നിയമസഭയില്‍വരെ എതിര്‍ത്ത കെ. പി. വള്ളോന്‍റെ  നിലപാടും  മറ്റും  സാഹചര്യം അനുകൂലമാക്കിയിരുന്നു ) . സമൂഹത്തിലെ ആ തൊഴിലാളി ശക്‌തിയാണു  പാര്‍ടിയുടെ അടിത്തറയായതും പാര്‍ടിയെ ജനകീയമാക്കിയതും . തുടര്‍ന്ന്  , പ്രമാണി വിഭാഗങ്ങളും   ഭരണകൂടങ്ങളും അഴിച്ചുവിട്ട മര്‍‌ദനം ഏറെയും സഹിക്കേണ്ടിവന്നതും അവരാണ് . അവരുടെ  പിന്‍‌മുറക്കാരില്‍  ബൗദ്ധികമായി  ഉയര്‍ച്ച നേടിയ ഒട്ടേറെപ്പേര്‍ ,  ഇ. എം. എസിന്‍റെയും  മറ്റും  മുന്‍ സൂചിപ്പിച്ച  അന്യവര്‍ഗ താത്‌പര്യ  പ്രഘോഷണങ്ങളില്‍  മനസ്സു മടുത്തു പാര്‍‌ടി വിട്ടു പോയിട്ടുണ്ട് . ഇന്നത്തെ ദലിത് - പിന്നാക്ക ആശയ പ്രചാരകരില്‍  ധാരാളം പേരുണ്ട് അത്തരക്കാര്‍ .

           ' ഇന്ത്യ മുഴുവനും ഇത്തരം മുന്നേറ്റം  [ നവോത്ഥാനം ]    അക്കാലത്ത് നടന്നിട്ടില്ലേ ' എന്നു ചോദിക്കുന്നു ചിലർ.  മറുപടി : കേരളത്തിലല്ലാതെ  മറ്റെവിടെ‌യാണ്   , വ്യാപകമായി  അടിത്തട്ടു സമൂഹങ്ങള്‍  നയിച്ച  ജാതിവിരുദ്ധ പോരാട്ടങ്ങള്‍  ഉണ്ടായത് ?    

No comments:

Post a Comment