Wednesday, June 17, 2020

ഗുരുവിന്‍റെ വിലയും വംശഹത്യക്കാരന്‍റെ ചങ്ങാത്തവും

FB , 3.48 am , 14.4.19



ഗുരുവിന്‍റെ വിലയും  വംശഹത്യക്കാരന്‍റെ ചങ്ങാത്തവും
_______________________________________________
  നാരായണ ഗുരുവിനെ വിറ്റാല്‍ എത്ര കിട്ടും എന്ന് ആദ്യം ചോദിക്കേണ്ടത് തുഷാര്‍ വെള്ളാപ്പിള്ളിയോടല്ല ; ആര്‍ . ശങ്കറോടാണ് . " നായർ-ഈഴവ ഐക്യം "  എന്ന തൻ ലാഭ കേന്ദ്രിത കച്ചവട കരാറിലൂടെ , ഇന്നത്തെ കൊല സംഘപരിവാറിന്  അവർണ നായകരെ വിലപറഞ്ഞെടുക്കാൻ വഴിതുറന്നുകൊടുത്തത് അയാളായിരുന്നു . പിന്നീട് ഒരു പ്രമുഖ ഒറ്റുകാരനെ കേരളം കാണുന്നത് നടേശനിലാണ് . അധോലോക ബിസിനസ്സുകാരനും ഗുരുനിന്ദകനുമായ അയാൾ , സമുദായ സംഘടനയെ  സംഘപരിവാറുകാർക്ക്  കയറി മേയാൻ പാകത്തിലാക്കിക്കൊടുത്തു .  തന്റെ ക്രിമിനൽ സാമ്പത്തിക ഇടപാടുകളുടെ നീക്കിബാക്കിയായ അഴിയെണ്ണൽ ഒഴിവാക്കുന്നതിനുള്ള പ്രതിഫലമായിരുന്നു അത് . യോഗ - സമുദായ നായകത്വങ്ങളില്‍ " ശങ്കര്‍ യുഗം " തൊട്ടു കയറിവന്നവരില്‍ ഏറെയും ബ്രാഹ്മണ്യ പാദസേവകരോ ,  " പരിവാര " ബന്ധുക്കളോ  , അധോലോക ഇടപാടുകാരോ  ആയിരുന്നു . ആയിരം കോടിയുടെ നികുതിവെട്ടിപ്പു നടത്തിയ ഗോകുലാധിപതിയെപ്പോലെ അത്ര മുഴുത്ത തെമ്മാടികളല്ലെങ്കിലും ഒട്ടേറെ പ്രമാണികളുണ്ട് ഗുരുവിനെ വിറ്റുതിന്നുന്നവരായി ( ഈ ഗോകുലന്‍ തന്‍റെ പണക്കൊഴുപ്പു കാട്ടി വിരിച്ചുകൊടുത്ത മേല്‍ വിതാനത്തിനു കീഴില്‍ നിലകൊള്ളേണ്ട ഗതികേടിലാണ് , ഗുരു ജനിച്ച  ചെമ്പഴന്തി വയല്‍‌വാരത്തു വീട്  ഇന്ന് ! )  ഗുരുവാര് , നവോത്ഥാനപ്പോരാട്ടങ്ങളെന്ത് , മറ്റ് അടിത്തട്ടു സമൂഹങ്ങളോടു ശ്രീനാരായണീയര്‍ക്കുള്ള കടമയെന്ത് , തിരിച്ചടിക്കുന്ന നവയുഗ ബ്രാഹ്മണ്യ വിളയാട്ടങ്ങളെ ചെറുക്കാന്‍  മുന്നിട്ടിറങ്ങേണ്ടതു ഗുരു നയിച്ച സംഘടനയല്ലേ , മതദ്വേഷത്തെ അന്ത്യംവരെ വെറുത്ത ഗുരുവിന്‍റെ തണലില്‍ നിന്നുകൊണ്ടുതന്നെ ആ ദുഷ്‌കര്‍മം ചെയ്യാമോ -- ഇത്തരം ഒന്നിനെക്കുറിച്ചും വേവലാതിപ്പെടേണ്ടതില്ലാത്ത ഒരു പറ്റം സാമൂഹികവിരുദ്ധര്‍ക്കു കീഴിലായിപ്പോയി , ജാതിവാഴ്ചയെ അടിമുടി ചെറുത്ത സമുദായത്തിന്‍റെ നേതൃസംഘടന . ചരിത്രത്തിലും വര്‍ത്തമാനകാലത്തും കാണുന്ന മിക്ക വിപ്‌ളവസംഘങ്ങള്‍ക്കും  ഇതേ അന്ത്യമാണുള്ളത് . ദൂഷിത നായകത്വത്തോടൊപ്പം ,  ചുറ്റും നിരക്കുന്ന അന്യ വര്‍ഗ സമ്മര്‍ദമാണ്  ഇത്തരം പതനത്തിനു മുഖ്യ ഹേതു എന്ന് ബുദ്ധമതാരംഭകാലം തൊട്ടേ  ചരിത്രം നമുക്കു പറഞ്ഞുതരുന്നുണ്ട് .  ലോകമാകെ കേള്‍വികേട്ട ഒരു വംശഹത്യക്കാരനൊപ്പം , ഒരു സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി  വേദി പങ്കിടുന്ന പുതിയ ഒറ്റുകാരന്‍ പൊതുസമൂഹത്തിന് ഒരു കൗതുകംപോലുമാകാത്തത് ആ സമ്മര്‍‌ദംമൂലമാണ് .
കൊല സംഘപരിവാറിനു നന്ദി ! 

No comments:

Post a Comment