Wednesday, June 17, 2020

വ്യാജചരിത്ര നിര്‍‌മാണം

FB


വ്യാജചരിത്ര നിര്‍‌മാണം
_____________________________________

ചരിത്രം , നമ്മള്‍ നോക്കിയിരിക്കെത്തന്നെ കെട്ടുകഥയാക്കുകയാണു ചിലര്‍ . പോയ കാലത്തിലെ സംഭവങ്ങളെയോ വ്യക്‌തികളെയൊ ചിലര്‍ തങ്ങളുടെ ഇഷ്‌ടപ്പടി മാറ്റിവരയ്‌ക്കുന്നത് ഏതു കാലഘട്ടവും നേരിടുന്ന വെല്ലുവിളിയാണ് . ഗവേഷകരും എഴുത്തുകാരുമൊക്കെ കഷ്‌ടപ്പെട്ടു കണ്ടെടുക്കുന്ന സത്യ ചിത്രങ്ങളെ വകഞ്ഞുമാറ്റി ഇരുളിലാഴ്‌ത്താന്‍ , എം . ടി . യുടേതുപോലുള്ള  സിനിമകളിലെ വെറും ഭാവനയില്‍ ജീവിക്കുന്ന പഴശ്ശിയ്ക്കോ വടക്കന്‍‌പാട്ടു നായകര്‍ക്കോ താത്രിക്കോ  കഴിയും . നൂറ്റാണ്ടൊന്നു കഴിയേണ്ടിവന്നു , സി . വി . രാമന്‍ പിള്ള അക്ഷരങ്ങള്‍ കൊണ്ടു വികലമാക്കിയ " മാര്‍ത്താണ്ഡവര്‍മ " യിലെ അനന്തപദ്‌മനാഭന്‍ നാടാരുടെ നേര്‍‌ചിത്രം തിരിച്ചുപിടിക്കാന്‍ . പോയ തലമുറകളിലെ മനുഷ്യരുടെ ജീവിതത്തിനും പോരാട്ടങ്ങള്‍ക്കും തരിമ്പെങ്കിലും വിലവയ്‌ക്കുന്നവര്‍ക്കു കഴിയില്ല വൈകല്യ നിര്‍‌മിതി .

                പുതിയ കാലത്തു കാണാന്‍ കഴിയുന്ന രണ്ടു വ്യാജ നിര്‍മിതികളുണ്ട് :  കൊച്ചി രാജ്യത്തു നടന്ന പുലയരുടെ കായല്‍ സമ്മേളനത്തിന്‍റെ നേതൃത്വ പദവി , അന്നു കൗമാരം പിന്നിടാത്ത കെ . പി . വള്ളോനു ചാര്‍ത്തിക്കൊടുക്കലാണ് ഒന്ന് . തിരുവിതാംകൂറിലെ ഊരൂട്ടമ്പലം സ്‌കൂള്‍ പ്രവേശ സമരം തുടങ്ങിവച്ച ദലിത് ക്രിസ്‌ത്യാനികളെ ഒഴിവാക്കി , അന്നു സ്‌ഥലത്തില്ലാഞ്ഞ അയ്യന്‍‌കാളി ഒരു പഞ്ചമിക്കൊച്ചിനെയും കൊണ്ട് സ്‌കൂളിലേയ്‌ക്കു ചെല്ലുന്ന സങ്കല്‍‌പ ചിത്രം വരച്ചു  വയ്‌ക്കലാണു രണ്ടാമത്തേത് . ഈ ചിത്രം ഔദ്യോഗികമായി ഏറ്റെടുത്തു പ്രചരിപ്പിക്കുന്ന കേരള സര്‍‌ക്കാരിന്‍റെ നടപടി , കുറ്റകരവും ഉത്തരവാദിത്വരഹിതവുമാണ് . സ്വന്തം ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിട്ടുള്ള  നൂറ്റാണ്ടു പഴക്കമുള്ള ഔദ്യോഗിക രേഖകള്‍ക്കു വിരുദ്ധമാണതെന്ന് മന്ത്രിമാരെ ബോധ്യപ്പെടുത്തേണ്ടിയിരുന്നത് ഉദ്യോഗസ്‌ഥരാണ് .

No comments:

Post a Comment