Wednesday, June 17, 2020

ഫ്‌ളാറ്റുകളെക്കൂടെ ശിക്‌ഷിക്കണോ !


ഫ്‌ളാറ്റുകളെക്കൂടെ  ശിക്‌ഷിക്കണോ  !                    FB, 29.9.19
_________________________________
കോടതിയെ മാനിക്കണമെന്നത്  പൗരജനത്തിന്‍റെ കടമയാണ് ; ഭരണഘടനയെ മാനിക്കലാണത് . നിയമങ്ങളെ വെല്ലുവിളിച്ചു ഫ്ളാറ്റുകള്‍ പണിതവരെ എത്ര കഠിനമായി ശിക്‌ഷിച്ചാലും അധികമാവില്ല . പക്‌ഷെ , ഈ പുതിയ വമ്പന്‍ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നത്  വമ്പന്‍ മണ്ടത്തരമായിരിക്കും . ഈ നാടിന്‍റെ സ്വന്തം മലകളും കുന്നുകളും ഇടിച്ചുനിരത്തിയെടുത്ത  കല്ലും മണ്ണും കൊണ്ടാണ്   ,  എണ്ണമറ്റ തൊഴിലാളികള്‍ അവ കെട്ടിപ്പൊക്കിയത് . ആ പ്രകൃതി ചൂഷണവും കാരണമായിട്ടുണ്ടു  പ്രളയങ്ങള്‍‌ക്ക് .  മരട്ടിലെ  വെള്ളപ്പൊക്കത്തിനു  കാരണം ഈ കെട്ടിടനിര്‍‌മാണമാണെന്ന് ആശങ്കപ്പെട്ട  സുപ്‌റീം കോടതിക്കു  മനസ്സിലാവാതെ വരില്ല ആ കാരണം .  ആ ഫ്ളാറ്റുകള്‍  ഇടിച്ചുനിരത്തി ശിക്‌ഷ നടപ്പാക്കി , കോടതിവിധിയുടെ  അലംഘനീയത സ്‌ഥാപിച്ചെടുക്കുമ്പോള്‍  ബാക്കിയാവുന്നത് , അമൂല്യമായ ആ  പ്രകൃതിവിഭവങ്ങള്‍ ആര്‍‌ക്കുമില്ലാതെ പാഴായിപ്പോകുക എന്നതുകൂടെയാണ് !  അതിനാല്‍ , ആ  ബുദ്ധിശൂന്യത തിരിച്ചറിഞ്ഞ് , ആ കെട്ടിടങ്ങള്‍  ഏറ്റെടുത്ത് പൊതു ആവശ്യങ്ങള്‍ക്കു  മാറ്റിവയ്‌ക്കാന്‍ സര്‍‌ക്കാരിനെ അനുവദിച്ചുകൂടേ ? ഫ്‌ളാറ്റുകള്‍ പണിതവര്‍  കുറ്റവാളികളാണെന്നു കണ്ടുള്ള ശിക്‌ഷകളിലേ‌യ്ക്കു കോടതി കടന്നുകഴിഞ്ഞു .  കുടിയിറക്കപ്പെടുന്നതോടെ ,  വളഞ്ഞ വഴിയില്‍ ഫ്ളാറ്റുകള്‍ വാങ്ങിയവരും  ശിക്‌ഷിക്കപ്പെടുകയാണ് . പരമോന്നത കോടതിയുടെ മഹത്ത്വം ഇതോടെ സ്‌ഥാപിക്കപ്പെട്ടുകഴിഞ്ഞു . എന്നിട്ടും ഫ്‌ളാറ്റുകളെക്കൂടെ  ശിക്‌ഷിച്ചു  പൊടിയാക്കിയാലേ ആ  മഹത്ത്വം തിളങ്ങൂ എന്നു ചിന്തിക്കുന്നത്  ,  ആലോചനാ ശേഷിയുടെ ലക്‌ഷണമല്ല ;  നിസ്സാര  വീഴ്‌ചകളുടെ  കാര്യത്തിലും   " കല്ലിനെപ്പോലും  പിളര്‍ക്കുന്ന  "   കല്‍‌പനകള്‍  വീശിയെറിഞ്ഞിരുന്ന പഴയ  രാജഭരണത്തിന്‍റെ  ധാര്‍‌ഷ്‌ട്യം നിറഞ്ഞ മുഖം  ഓര്‍മപ്പെ‌ടുത്തലാണ് . യാന്ത്രികമാകരുതു നിയമപാലനം .


അനീതിക്കും അന്യായത്തിനും ശിക്‌ഷ കൊടുത്തുകഴിഞ്ഞല്ലോ കോടതി . അന്യായമായി  കെട്ടിടങ്ങള്‍  പണിതവര്‍ക്കും   , നേര്‍‌വഴിക്കല്ലാതെ അവ സ്വന്തമാക്കിയവര്‍ക്കും ആ ശിക്‌ഷയുടെ  ആഘാതം  ചെറുതായിരിക്കുമെന്നു തോന്നുന്നില്ല .  ആ ശിക്‌ഷയെ   ഉയര്‍‌ത്തിപ്പിടിക്കയും ചെയ്യുന്നുണ്ടു ഞാന്‍ . പിന്നെന്ത് apology ? അമൂല്യമായ പ്രകൃതിവിഭവങ്ങള്  കൊണ്ടുണ്ടാക്കിയ  കെട്ടിടങ്ങള്‍  ഇടിച്ചുനിരത്തി പൊടിയാക്കിയാലേ കോടതിവിധി‌യ്ക്കു മഹത്ത്വമേറൂ എന്നാണെങ്കില്‍ , നന്നായ് വരട്ടെ ! 

       (  രണ്ടു കൊല്ലം മുന്‍‌പ് ചെന്നൈയിലെ മുഗളിവാക്കത്ത്   , എന്‍റെ താമസ സ്‌ഥലത്തിനടുത്ത് , കോടതിവിധിപ്രകാരം ഒരു  11 നില  കെട്ടിടം തകര്‍‌ക്കുന്നതു കാണേണ്ടിവന്നിട്ടുണ്ട് എനിക്ക് . നിര്‍‌മാണ പിഴവായിരുന്നു കോടതിവിധിയ്‌ക്കു കാരണം . എന്നിട്ടും ആ കാഴ്‌ചയുടെ അസ്വസ്‌ഥത ഒഴിയുന്നില്ല .  തമിഴ്‌‌നാടിന്‍റെ ഉള്‍‌പ്രദേശങ്ങളില്‍  ഞാന്‍ പതിവായി കണ്ടിരുന്ന മലതുരക്കലും പാറമല പൊട്ടിച്ചുതീര്‍‌ക്കലുമൊക്കെയാണ് അതിന്‍റെ കൂട്ടു കാഴ്‌ചകള്‍  ) 

No comments:

Post a Comment