Wednesday, June 17, 2020

അംബേഡ്‌കറുടെ തിരുവിതാംകൂര്‍ സന്ദര്‍ശനത്തിന്‍റെയും തെളിവ് കിട്ടി !




12 June at 02:13



അംബേഡ്‌കറുടെ

തിരുവിതാംകൂര്‍ സന്ദര്‍ശനത്തിന്‍റെയും

തെളിവ് കിട്ടി !

___________________________________

സമഗ്രമായി രേഖപ്പെടുത്തപ്പെട്ട 1950-ലെ ഡോ : ബി. ആര്‍ . അംബേഡ്‌കറുടെ

തിരുക്കൊച്ചി സന്ദര്‍ശനത്തിനു മുന്‍പ് , അദ്ദേഹം തിരുവിതാംകൂറില്‍

വന്നതിന്‍റെ തെളിവും കണ്ടുകിട്ടി . ഏക മകന്‍ യശ്വന്തിന്‍റെ വാതരോഗ

‌ചികിത്സയ്ക്കായി അദ്ദേഹം , ആലപ്പുഴ ചേര്‍‌ത്തലയിലെ പാണാവള്ളിയിലുള്ള

ചിറ്റയം കൃഷ്‌ണന്‍ വൈദ്യരുടെ വീട്ടില്‍ വന്നു താമസിച്ചിട്ടുണ്ട് . ആയുര്‍‌വേദ

ചികിത്സയില്‍ അതിപ്രശസ്‌തനായിരുന്ന വൈദ്യര്‍ മരിച്ചപ്പോള്‍ 4.7.1937 (

20. 11. 1112 ) -ന് കേരള കൗമുദി പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്

ഇക്കാര്യം ( പേജ് 11 , കോളം 2 ) ഉള്ളത് . വൈക്കം സത്യാഗ്രഹത്തിലെ

പങ്കാളിയും , " വരിക വരിക സഹജരേ " , " ഒരുവനുള്ളതല്ല രാജവീഥി നമ്മള്‍

നല്‍കിടും കരമെടുത്തു പണിനടത്തിയതു നമുക്കു പൊതുവിലാം വരിക "

എന്നീ പടപ്പാട്ടുകളുടെ രജയിതാവുമാണു വൈദ്യര്‍ ; വൈദ്യ മാസികകളിലെ

എഴുത്തുകാരനും , " വസ്‌തുപ്രദീപം " എന്ന വൈദ്യശാസ്‌ത്ര ഗ്രന്ഥത്തിന്‍റെ

കര്‍‌ത്താവുമാണ് ; ശ്രീമൂലം പ്രജാസഭാംഗം കൂടിയായിരുന്നു . യശ്വന്ത് രോഗം

ഭേദമായി മടങ്ങിയപ്പോഴും പത്രം അതേപ്പറ്റി എഴുതിയിരുന്നു എന്നുമുണ്ട്

പ്രസ്‌തുത ലേഖനത്തില്‍ : " ഡാക്‌ടര്‍ അംബേദ്ക്കരുടെ ഏകപുത്രന്‍

അശ്വനീകുമാരന്‍ ബോംബയില്‍നിന്നു കഴിഞ്ഞയാണ്ടു പാണാവള്ളിയില്‍

വന്നു താമസിച്ചു അദ്ദേഹത്തിനുണ്ടായിരുന്ന വാതരോഗം ഭേദമാക്കിപ്പോയതു

വായനക്കാര്‍ ഓര്‍മ്മി‌ക്കുമല്ലൊ . " പത്രത്തിന്‍റെ തീയതി വച്ചിരിക്കുന്നത്

മലയാളം ആണ്ട് 1112 എന്നും ഇംഗ്ലീഷ് ആണ്ട് 1937 എന്നുമായതിനാല്‍ , "

കഴിഞ്ഞയാണ്ടു " വിന്‍റെ സ്‌ഥാനം കൃത്യമായി മനസ്സിലാക്കാനാവില്ല . ഒന്നുകില്‍

1936 -ല്‍ എപ്പോഴെങ്കിലുമാകാം . അല്ലെങ്കില്‍ , 1111 ചിങ്ങം 1 മുതല്‍

കര്‍‌ക്കടകം 31 വരെയ്ക്കു തുല്യമായ 1935 ഓഗസ്‌റ്റ് 17 മുതല്‍ 1936 ഓഗസ്‌റ്റ് 15

വരെ എവിടെയെങ്കിലുമാകാം . അതുകൊണ്ട് ഈ ചികിത്സ 1935-ലോ 1936-ലോ

ആകാം .

എട്ടു മാസം മുന്‍‌പ് നമ്മുടെ പത്ര ചരിത്രകാരന്‍ ജി. പ്രിയദര്‍‌ശനന്‍ സാര്‍ തന്‍റെ

ഭാഷാപോഷിണി മാസികാ പംക്‌തിയില്‍ ( പഴമയില്‍നിന്ന് , 2019 സെപ്‌റ്റംബര്‍ )

പാണാവള്ളിയില്‍ കൃഷ്‌ണന്‍ വൈദ്യരെക്കുറിച്ച് എഴുതിയപ്പോള്‍ ഈ

ചികിത്സാ കാര്യം സൂചിപ്പിച്ചിരുന്നു . ഇന്നലെ ഞാന്‍ ചോദിച്ചതു പ്രകാരം

അതിന്‍റെ വിവര ഉറവിടം ( മുന്‍ പറഞ്ഞ കേരള കൗമുദി പേജ് ) അദ്ദേഹം

എനിക്കയച്ചു തന്നു . അങ്ങനെയാണ് ഈ വാര്‍‌ത്ത ഇവിടെ

പരസ്യപ്പെടുത്താനായത് .

18 കൊല്ലമായി ഞാന്‍ ഈ അംബേഡ്‌കര്‍ സന്ദര്‍‌ശന വിവരം തേടുന്നു . 2002

സെപ്‌റ്റംബര്‍ 1-15 ന്‍റെ " യോഗനാദം " ദ്വൈവാരികയിലാണ് ആദ്യ സൂചന

കണ്ടത് . പ്രശസ്‌ത പത്രപ്രവര്‍‌ത്തകന്‍ എം. പി. പ്രകാശം , കമ്യൂണിസ്‌റ്റ് നേതാവ്

സി. ജി. സദാശിവനെക്കുറിച്ച് എഴുതിയ ലേഖനത്തിലാണത് . സി. ജി. യുടെ

വല്യച്ഛനാണു കൃഷ്‌ണന്‍ വൈദ്യര്‍ . " ഭരണഘടനാ ശില്‍‌പി ഡോ. ബി. ആര്‍.

അംബേദ്‌കര്‍ തന്‍റെ മകന്‍റെ ചികില്‍‌സാര്‍ത്ഥം കൃഷ്ണന്‍ വൈദ്യരുടെ വീട്ടില്‍

വന്ന് താമസിച്ചിട്ടുണ്ട് " എന്നാണ് ആ വാചകം ( പേജ് 11 ) . രണ്ടു കൊല്ലം

കഴിഞ്ഞു " യോഗനാദ " ത്തില്‍ തന്നെ ( 16.10 2004 ) കേരള കൗമുദി

എഡിറ്റോറിയല്‍ അഡ്വൈസര്‍ എന്‍. രാമചന്ദ്രന്‍ എഴുതിയ ലേഖനത്തിലും

കണ്ടു അംബേഡ്‌കര്‍ സന്ദര്‍ശന സൂചന . പ്രശസ്‌ത സീനിയര്‍ പത്രപ്രവര്‍‌ത്തകന്‍

ബി. ആര്‍ . പി. ഭാസ്‌കര്‍ സാറിന്‍റെ അച്ഛന്‍ എ. കെ. ഭാസ്‌കറെ

പരിചയപ്പെടുത്തുന്നതാണ് ആ ലേഖനം : " അംബേദ്‌കറുമായുള്ള

അദ്ദേഹത്തിന്‍റെ ബന്ധം അവസാനകാലം വരെ നീണ്ടുനിന്നു . അംബേദ്‌കര്‍

കൊല്ലത്തുള്ള എ. കെ. ഭാസ്‌കറിന്‍റെ ഭവനം സന്ദര്‍‌ശിച്ചിട്ടുണ്ട് . ഭാസ്‌കറിന്‍റെ

മൂത്ത മകന്‍ ബി. ആര്‍. പി. ഭാസ്‌കറിന്‍റെ ബാല്യ‌സ്മൃതിയില്‍ ഈ സന്ദര്‍‌ശനമുണ്ട് .

ഭാസ്‌കര്‍ അദ്ദേഹത്തെ ശിവഗിരിയില്‍ കൊണ്ടുപോയി . ജാതിവ്യവസ്ഥ

പൂര്‍‌ണ്ണമായി നിരാകരിച്ച ഗുരു അന്ത്യവിശ്രമംകൊള്ളുന്ന സമാധി സ്ഥാനത്ത്

അംബേദ്‌ക്കര്‍ ആദരാഞ്‌ജലികളര്‍‌പ്പിച്ചു. " അജ്ജാതി രക്‌തത്തിലുണ്ടോ

അസ്‌ഥി മജ്ജയിതുകളിലുണ്ടോ " യെന്നു ചോദിച്ച മഹാകവിക്കു [

കുമാരനാശാനു ] തണലേകിയ വൃക്‌ഷങ്ങളുടെ ചുവട്ടില്‍ അംബേദ്‌കര്‍

വിശ്രമിച്ചു . അഞ്ചുതെങ്ങിലുള്ള മിസിസ്സ് ഭാസ്‌കറുടെ തറവാട്ടു വീടും

അംബേദ്‌കര്‍ സന്ദര്‍‌ശിച്ചു " ( പേജ് 18 ) .

അടുത്ത പേജില്‍ എഡിറ്ററുടെ കുറിപ്പോടുകൂടി ചേര്‍‌ത്തിട്ടുള്ള ഒരു പഴയ

അഖില മലബാര്‍ ഹരിജന സമ്മേളന വാര്‍‌ത്തയില്‍ ( സഹോദരന്‍ വാരിക ,

22.12.1945 ) അംബേഡ്‌കറുണ്ട് . അടുത്ത കൊല്ലം ഏപ്രിലില്‍ വലപ്പാട്ട് ആ

സമ്മേളനം സംഘടിപ്പിക്കാന്‍ , മണപ്പുറം ഹരിജനസംഘത്തിന്‍റെ ജനറല്‍

കമ്മിറ്റി തീരുമാനിച്ചു എന്നാണു വാര്‍‌ത്ത . " ഡോക്‌ടര്‍ അംബേദ്‌കര്‍

സമ്മേളനത്തില്‍ സന്നിഹിതനാവാമെന്നു സദയം സമ്മതിച്ചിട്ടുള്ളതായി  "  ഇ. കണ്ണന്‍  എക്‌സ് എം.എല്‍. എ. യോഗത്തെ അറിയിച്ചു .

***********


താഴത്തെ ഒരു ഫോട്ടൊയില്‍   ' നടവടി ' യുമായി ഇരിക്കുന്ന വയസ്സനാണ് ,
 
നവോത്ഥാന യത്‌നങ്ങളുടെ മുന്നണിപ്പോരാളികൂടെയായിരുന്ന പാണാവള്ളി

 കൃഷ്‌ണന്‍ വൈദ്യര്‍ (  1878- 1937 ) .

























No comments:

Post a Comment