Wednesday, June 17, 2020

അടൂര്‍ കണ്ടെത്തിയ അയ്യന്‍‌കാളി !




FB


അടൂര്‍  കണ്ടെത്തിയ അയ്യന്‍‌കാളി   !
_____________________________________
ഓരോരുത്തര്‍‌ക്കു തോന്നുന്നതെന്തും പ്രചരിപ്പിക്കാം അയ്യന്‍‌കാളിയെക്കുറിച്ച്  എന്ന രീതി നിലനില്‍‌ക്കുന്നുണ്ടു  കുറെക്കാലമായി .  അതിന്‍റെ ഒടുവിലെ ഉദാഹരണമാണ് , അടൂര്‍ ഗോപാലകൃഷ്‌ണനുമായി  മധുപാല്‍ നടത്തിയ അഭിമുഖത്തെപ്പറ്റി പി. എസ്. റംഷാദ്  എഴുതിയ റിപ്പോര്‍‌ട്  (  സമകാലിക മലയാളം വാരിക  ഓണപ്പതിപ്പ് , സെപ്‌റ്റം ., 2019 ) . സംഘപരിവാറുകാരുടെ  ആക്രമണമേറ്റു നില്‍‌ക്കുന്ന സമയമായതുകൊണ്ട്   അടൂരിനൊപ്പമാണ്  ജനാധിപത്യവാദികള്‍ . ഞാനും ആ പക്‌ഷത്താണ് . എന്നാല്‍ , ആ പഴുതില്‍ തന്‍റെ  പരിഹാസ്യമായ സവര്‍ണ ചരിത്രവ്യാഖ്യാനം പ്രചരിപ്പിക്കാനും നോക്കുന്നു അദ്ദേഹം . 
                             " അയ്യന്‍‌കാളിക്കുപോലും   ശ്രീമൂലം പ്രജാസഭയില്‍   അംഗമാകാന്‍ കരം അടച്ച് അര്‍‌ഹത നേടുന്നതിന്  ആവശ്യമായ ഭൂമി കൊടുത്തത്  നെയ്യാറ്റിന്‍‌കരയിലെ ഒരു നായര്‍ പ്രമാണിയാണ്  "  എന്നു കണ്ടെത്തുന്നു  പേരെടുത്ത സിനിമക്കാരന്‍  !  " കരം അടയ്‌ക്കുന്നവര്‍‌ക്കു മാത്രമേ അന്ന്  ശ്രീമൂലം പ്രജാസഭയില്‍ അംഗമാകാന്‍ സാധിക്കുമായിരുന്നുള്ളു "  എന്നുകൂടെയുണ്ട്  അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍ .   
                       സ്വന്തം ജനതയുടെ മോചനത്തിനുതകുന്ന വഴി സ്വയം വെട്ടിപ്പിടിച്ചു മുന്നേറിയ അയ്യന്‍‌കാളിയെ അംഗീകരിക്കാതെ വയ്യ എന്ന ഘട്ടത്തിലാണ്  തിരുവിതാംകൂര്‍  സര്‍‌ക്കാര്‍ അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭാംഗമായി  നാമനിര്‍‌ദേശം ചെയ്‌തത് .  കരം അടയ്‌ക്കലല്ല  അതിനു വേണ്ട യോഗ്യത . സര്‍‌ക്കാരിന്‍റെ  ബോധ്യമനുസരിച്ചാണ് പ്രജാസഭയിലേയ്‌ക്ക് ആരെയും  നാമനിര്‍‌ദേശം ചെയ്യുന്നത് . അതതു വ്യക്‌തികളുടെ  പൊതുസമ്മതിയാണ്  മിക്കവാറും കേസുകളില്‍ 
മാനദണ്ഡം .


        "  നെയ്യാറ്റിന്‍‌കരയിലെ ഒരു നായര്‍ പ്രമാണി " യുടെ  ഭൂമിദാനകഥ  വേറൊരു രൂപത്തില്‍  മുന്നേ കടന്നുകൂടിയതാണ്     അയ്യന്‍‌കാളിചരിത്രത്തില്‍. അതിന്‍റെ പൊള്ളത്തരം , ശക്‌തിയുള്ള  തെളിവുകളോടെ ഞാന്‍  29.12.2013 ലെയും ,  തൊട്ടടുത്ത മറ്റൊരു ഞായറാഴ്‌ചയിലെയും  " മാതൃഭൂമി  വാരാന്തപ്പതിപ്പു " കളില്‍  തുറന്നുകാട്ടിയതാണ് . ആറോളം കൊല്ലം മിണ്ടാതിരുന്ന   സ്‌ഥാപിത താത്‌പര്യക്കാര്‍ ,  ഇപ്പോഴിതാ വീണ്ടും  സവര്‍ണ ദാനമഹിമക്കഥയുമായി  വന്നിരിക്കുന്നു .  അയ്യന്‍‌കാളിയുടെ അച്‌ഛനും സഹോദരനും ചേര്‍ന്നു കാടു വെട്ടിത്തെളിച്ചു കൃഷിചെയ്‌ത് ഉയര്‍‌ത്തിയെടുത്ത ഭൂമി തട്ടിയെടുക്കുകയായിരുന്നു  വെങ്ങാനൂരിലെ  നായന്‍‌മാര്‍  .  സ്വന്തം ജീവിതം ചേര്‍ത്തുവച്ച തെളിവുകളോടെ ഇക്കാര്യം വിവരിക്കാന്‍ ,  അയ്യന്‍‌കാളിയുടെ  ബന്ധുവായ ,  95 വയസ്സുകഴിഞ്ഞ  ഒരു മുത്തശ്ശിയുണ്ട്  വെങ്ങാനൂരില്‍ ഇപ്പോഴും --  നോവലിസ്‌റ്റ്   എസ് . ഇ . ജയിംസിന്‍റെ അമ്മ ഗുണശീല  . പത്തോളം കേസുകള്‍ നടത്തിയിട്ടാണ്  അവരുടെ കുടുംബം  വര്‍ഷങ്ങള്‍‌ക്കു ശേഷം ആ ഭൂമിയില്‍  കുറച്ചു ഭാഗം തിരിച്ചുപിടിച്ചത് .

        സത്യം പുറത്തുവരുമ്പോള്‍   കുറച്ചുനാള്‍        മിണ്ടാതിരുന്നിട്ട്   , തക്കം നോക്കി പഴയ കള്ളക്കഥയുമായി രംഗത്തുവരുന്ന സൂത്രവിദ്യയാണ്   നമ്മള്‍  കണ്ടുകൊണ്ടിരിക്കുന്നത് .



No comments:

Post a Comment