Wednesday, June 17, 2020

അംബേഡ്‌കറിനു കുറ്റം ചാര്‍ത്തല്‍




പൊള്ളയായ   അംബേഡ്‌കര്‍ വിമര്‍‌ശം      FB ,  14.9.19

________________________________________________


സങ്കടകരമായിപ്പോയി ആര്‍.കെ. ബിജുരാജിന്‍റെ അംബേഡ്‌കര്‍ വിമര്‍‌ശം (  " അംബേദ്‌കറും കമ്യൂണിസ്‌റ്റുകാരും " , പച്ചക്കുതിര മാസിക , 2019 സെപ്‌റ്റംബര്‍ ) . ഇതുപോലെ വെറും പ്രചാരണസാഹിത്യപരമായ ഒരു ലേഖനം മതി , അനുപമനായ ആ മഹാനെ വിലയിരുത്താന്‍ എന്നു ബിജുരാജിനു തോന്നിയത്  ഇന്നത്തെ കേരളത്തെ തിരിച്ചറിയാത്തതുകൊണ്ടാകണം.   ഇ. എം. എസിനെപ്പോലുള്ള  പരാജിത  മാര്‍‌ക്‌സിസ്‌റ്റുകളുടെ പൊള്ളയായ അംബേഡ്‌കര്‍ വിമര്‍‌ശം കേട്ടു സഹിച്ചുനിന്ന കാലത്തെ മലയാളമല്ല ഇന്നത്തേത് എന്നു പിടികിട്ടിയില്ല , ഇവിടെത്തന്നെയുള്ള ഒരു പത്രപ്രവര്‍ത്തകന് !  40 മലയാളം വോള്യങ്ങളിലും    5000-ത്തോളം  ഇം‌ഗ്‌ളിഷ്  പേജുകളിലുമായി  പരന്നുകിടക്കുന്ന ,   ആഴി സമാനം വിശാലമായ അംബേഡ്‌കര്‍ ചിന്തകള്‍  പരിചയമുള്ളവര്‍ ഒട്ടേറെയുണ്ട്      ഇന്നു  കേരളത്തില്‍ . അവരുടെ മുന്നിലേയ്‌ക്കാണ് ,  എഴുത്തിന്‍റെ  സത്യസന്ധതയില്‍ നിന്ന് ഏറെ വിദൂരമായ , എത്തിച്ചിരിക്കുന്നത് . അതെ , ഇഴകീറി പരിശോധിക്കേണ്ട തരം  രചനയല്ല അത് .

                ദേശീയപ്രസ്‌ഥാനം എന്ന സവര്‍ണ ഇടപെടലിന്‍റെ കൂടെ നിന്നില്ല എന്ന ആരോപണം , യഥാര്‍‌ഥത്തില്‍ അവര്‍ണനായകര്‍‌ക്കുള്ള ബഹുമതിയാണ് . തുറന്നുപറഞ്ഞുകൊണ്ടാണ് അവര്‍ ബ്രിട്ടിഷ് ഭരണത്തെ തുണച്ചത് . ആര്‍ഷ സം‌സ്‌കൃതിക്കാര്‍  അടിച്ചമര്‍‌ത്തിയിട്ടിരുന്ന അയിത്തജാതിക്കാരുടെ ഏക ആശ്രയമായിരുന്നു  ആ ഭരണകൂടം . അതൊന്നുമറിയാതെ , എന്തോ കൈത്തെറ്റു പറ്റിയപോലെയാണ് അംബേഡ്‌കര്‍ ദേശീയപ്രസ്‌ഥാനത്തില്‍നിന്നു മാറിനിന്നത് എന്ന എമണ്ടന്‍ കണ്ടെത്തല്‍ പരിഹാസ്യമാണ് .

             (  ഇന്‍‌ഡ്യയില്‍ ബ്രിട്ടിഷ് ഭരണത്തിന്‍റെ  സ്‌ഥാപന ദിനമാണ്  പീഡിതരുടെ സ്വാതന്ത്ര്യദിനമായി യഥാര്‍ഥത്തില്‍ ആഘോഷിക്കേണ്ടത് .  നമ്മുടെ  നാട്ടുരാജ്യ പൊന്നുതമ്പുരാക്കള്‍   നൂറ്റാണ്ടുകളോളം ജനങ്ങളെ  ദൈവിക അടിമത്തത്തില്‍ കെട്ടിയിട്ട്   പിഴിഞ്ഞെടുത്ത സമ്പത്തിന്‍റെയത്ര വരില്ല വിദേശികളുടെ ചൂഷണ മൂല്യം .  മാത്രമല്ല , കുടിലമായ വേദാന്ത ചിന്തയ്ക്കും  കുറ്റകരമായ ജാതിഭേദ വാഴ്‌ചയ്ക്കും  അപ്പുറം  പൗരസമത്വം  എന്നൊന്നുണ്ട് എന്ന്  ഇന്‍‌ഡ്യയെ പഠിപ്പിച്ചത്  ആ വിദേശികളും  ഒപ്പം വന്ന  പ്രൊട്ടെസ്‌റ്റന്‍റ്  ക്രിസ്‌ത്യന്‍  മിഷണറിമാരുമാണ് .

        ആദിവാസിവിരുദ്ധനാണെന്നു കാണിക്കാന്‍ അംബേഡ്‌കറുടെ ഒരു പ്രഭാഷണത്തിലെ   (  എഴുത്തിലേതല്ല ) ഏഴേ ഏഴ്  വാചകങ്ങള്‍ എടുത്തു കാണിക്കുക ; അത്തരം വര്‍ഗീയതതന്നെയാണു സവര്‍ണര്‍ ദലിതരോടു കാണിച്ചത് എന്ന്  ഉദ്‌ബോധിപ്പിച്ച് അവര്‍ണരെ  നിരായുധരാക്കുക  !  ബൗദ്ധിക  നേര്‍‌വഴിയല്ല ഇത് .   പറക്കോട് എന്‍. ആര്‍ .കുറുപ്പ് തര്‍‌ജുമചെയ്ത  " ഡോ. അംബേദ്‌കര്‍ സമ്പൂര്‍‌ണ കൃതികള്‍   " വോള്യം-2 ല്‍ ( കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട് , 1996 , പേ. 134 ) നിന്നാണ് ആ ഏഴ് വാചകങ്ങള്‍ എടുത്തിരിക്കുന്നത് . ആദിവാസികള്‍ക്കു വേണ്ടി ഉപയോഗിച്ച   instruments എന്ന മൂല വാക്കിനെ   "  ചട്ടുകങ്ങള്‍ " എന്നു തര്‍‌ജുമചെയ്യരുതെന്ന് ശ്രീ : കുറുപ്പിനോടു പറയാന്‍ നമുക്ക് അവകാശമില്ലതന്നെ . എന്നാല്‍ , ഭരണരംഗത്തെ പ്രായോഗികതയെപ്പറ്റി മാത്രം സൂചിപ്പിക്കുന്നിടത്ത്  വിദ്വേഷജനകമായ  ആ   അര്‍‌ഥം   തന്നെ , ജാതിഭേദ പ്രയോഗത്തിന്‍റെ  വലിയ  ഇരയായ  അംബേഡ്‌കറെപ്പോലൊരാള്‍ ഉദ്ദേശിക്കുമോ  എന്നു സംശയിക്കാന്‍പോലുമായില്ലല്ലോ കുറുപ്പിന് ! ആദിവാസികളുടെ രാഷ്ട്രീയബോധത്തെപ്പറ്റി സൂചിപ്പിക്കുന്ന   മൂലത്തിലെ പ്രധാന വാക്കുകള്‍  വിടുകയും ചെയ്തു അദ്ദേഹം .  ബിനുരാജിനാകട്ടെ , ഇതൊന്നും ചികയേണ്ട  ഉത്തരവാദിത്വമേയില്ല ; അംബേഡ്‌കറുടെ വര്‍ഗീയതയാണല്ലോ സ്‌ഥാപിക്കേണ്ടത്  . ടി വര്‍ഗീയവീക്‌ഷണം    തന്നെയാണ്    സവര്‍ണര്‍  ദലിതരുടെ കാര്യത്തില്‍ ഉയര്‍ത്തിയത്  എന്നു പറയുന്നതു  ന്യായമെന്നിരിക്കട്ടെ .  എങ്കില്‍ ,   അംബേഡ്‌കറിനും  മുന്‍‌പു‌ള്ള  നൂറ്റാണ്ടുകളിലെ  ദലിത് പീഡനത്തിന്‍റെ  പ്രകോപനമെന്തായിരുന്നു ?  (  ബ്രിട്ടിഷുകാരാണ് ഇവിടെ ജാതിഭേദം നടപ്പാക്കിയത്  എന്നു കണ്ടെത്തുന്ന വ്യാജ മാര്‍‌ക്സിസ്‌റ്റുകളോടും   ചോദിക്കാനുള്ളത്  ഇതുതന്നെ )



************




അംബേഡ്‌കറിനു കുറ്റം ചാര്‍ത്തല്‍ :                          FB, 20.9.19
മഞ്ഞപ്പത്രമെഴുത്ത് മായുന്നില്ല
__________________________________ 

  ആര്‍.കെ. ബിജുരാജിന്‍റെ അംബേഡ്‌കര്‍ വിമര്‍‌ശത്തിലെ (  " അംബേദ്‌കറും കമ്യൂണിസ്‌റ്റുകാരും " , പച്ചക്കുതിര മാസിക , 2019 സെപ്‌റ്റംബര്‍ ) ചില കാര്യങ്ങളെ എതിര്‍ത്ത്  FB യില്‍ത്തന്നെ   14.9.2019-ന്    ഞാന്‍  എഴുതിയിരുന്നു  (  സി . എസ് . രാജേഷ്   കുഴിയാടിയില്‍ എഴുതിയ പോസ്‌റ്റിനോടുള്ള കമെന്‍റായും   എന്‍റെ സ്വന്തം പോസ്‌റ്റായും :  (    https://www.facebook.com/photo.php?fbid=2966902099992565&set=a.202536313095838&type=3&theater ). മറ്റു ചിലരും എഴുതിയിരുന്നു ബിജുരാജിനോടു വിയോജിച്ചുകൊണ്ട് .  ആ എതിര്‍ കുറിപ്പുകളില്‍   "  ചില നുണകളും വസ്തുതകളല്ലാത്ത കാര്യങ്ങളും "  ഉണ്ടെന്നു പറഞ്ഞ്  അവയെ വിശദീകരിച്ച്  ബിജുരാജ് വീണ്ടും എഴുതിയ കുറിപ്പാണ് എന്‍റെ മുന്നിലുള്ളത്  (     https://www.facebook.com/permalink.php?story_fbid=10158307372519714&id=564784713&hc_location=ufi ) . ബിജുരാജിനു  മറുപടിയായി ,  എന്‍റെ ആരോപിത  "  നുണ " കളെക്കുറിച്ചു മാത്രം  ചിലതു  ചുരുക്കത്തില്‍    കുറിക്കാനേ  ഞാന്‍  ഇവിടെ തുനിയുന്നുള്ളൂ .  സമയം   കുറവാണ് .

              " മഞ്ഞപ്പത്രമെഴുത്തിന്‍റെ സൂത്രപ്പണികള്‍ കൊണ്ടു മെനഞ്ഞെടുത്ത ഒരു ചരക്ക്  "  ആണു ബിജുരാജിന്‍റെ   " പച്ചക്കുതിര "  ലേഖനം എന്നു ഞാന്‍ വിലയിരുത്തിയതിനെ  , തനിക്കെതിരായ   " വിദ്വേഷ പ്രചരണ " ങ്ങളില്‍ ഒന്നായാണ്  അദ്ദേഹം വിശേഷിപ്പിക്കുന്നത് .  എന്നാല്‍ , എന്‍റെ വിലയിരുത്തല്‍ തീര്‍ത്തും  ശരിയാണെന്നു വീണ്ടും തെളിയിച്ചിരിക്കയാണു   മറുപടിയിലൂടെ അദ്ദേഹം .   ‘‘ആദിവാസിവിരുദ്ധനാണെന്നു കാണിക്കാന്‍ അംബേഡ്കറുടെ ഒരു പ്രഭാഷണത്തിലെ ( എഴുത്തിലേതല്ല ) ഏഴേ ഏഴ് വാചകങ്ങള്‍ എടുത്തു കാണിക്കുക’’ യാണ്  അദ്ദേഹം ചെയ്തത് എന്ന എന്‍റെ  ആരോപണത്തെ  ഖണ്ഡിക്കാനായി  അദ്ദേഹം  എഴുതുന്നു  :   " ഏഴേ ഏഴ് വാചകങ്ങളല്ല ലേഖനത്തില്‍ ഉദ്ധരിച്ചിരിക്കുന്നത് . 1936 ലെ ‘ജാതി ഉന്മൂലന’ത്തിലും 1945 ലെ ‘സാമുദായിക സ്തംഭനവും പരിഹാരമാര്‍ഗവും’ എന്നീ രണ്ട് കൃതികളിലും വന്ന ആദിവാസി വിരുദ്ധമായ പ്രസ്താവനകളാണ് .  രണ്ടു കൃതികള്‍ക്കിടയിലെ പത്തുവര്‍ഷത്തെ കാല അന്തരത്തിലും അംബേദ്കര്‍ക്ക് ആദിവാസി നിലപാടുകളില്‍ മാറ്റമുണ്ടായില്ല "  .

                                   പക്ഷെ ,  1936-ലെ  " ജാതി നിര്‍മൂലന " ത്തില്‍ നിന്ന്   " പച്ചക്കുതിര " യില്‍ എടുത്തെഴുതിയപ്പോഴും    " മഞ്ഞപ്പത്രമെഴുത്തിന്‍റെ സൂത്രപ്പണികള്‍ " തന്നെയാണല്ലോ  ബിജുരാജ്  ആവര്‍‌ത്തിച്ചത്  !   തന്‍റെ  ഇംഗിതത്തിന്   (  അംബേഡ്‌കറെ ആദിവാസിവിരുദ്ധനായി  അവതരിപ്പിക്കുന്നതിന് )   ഇണങ്ങുന്ന  ഭാഗം മാത്രം മുറിച്ചെടുത്ത്  വായനക്കാരെ കാണിക്കുക  ;  ദാ , ഇങ്ങനെ   : --   "  ആദിവാസികളുടെ അംഗസംഖ്യ  ഏറ്റവും കുറഞ്ഞത്  13 ദശലക്ഷമാണ് . പുതിയ ഭരണഘടനയില്‍ അവരെ ഒഴിച്ചുനിര്‍‌ത്തിയതിന്‍റെ ഔചിത്യമോ  അനൗചിത്യമോ ഇവിടെ പരിഗണിക്കുന്നില്ല . എന്നാല്‍ , ഒരു വസ്‌തുത എടുത്തു പറയേണ്ടതുണ്ട് . സഹസ്രാബ്‌ദങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്ന ഒരു രാജ്യത്ത് ഈ ആദിവാസികള്‍ അവരുടെ പ്രാകൃതവും അപരിഷ്‌കൃതവുമായ നിലയില്‍ത്തന്നെ ജീവിതം തുടരുന്നു . അവര്‍ അപരിഷ്‌കൃതരെന്നു മാത്രമല്ല , അവരില്‍ ചിലരുടെ ചെയ്‌തികള്‍  അവരെ കുറ്റവാളികളുടെ ഗണത്തില്‍ ഉള്‍‌പ്പെടുത്താന്‍ പോന്നതുമാണ് . നാഗരികതയുടെ നടുവില്‍ 13 ദശലക്ഷം മനുഷ്യര്‍ മൃഗാവസ്‌ഥയില്‍ പരമ്പരാഗത കുറ്റവാളികളായി ജീവിതം നയിക്കുന്നു . "


                      ഇവിടെവച്ചു മുറിക്കാതെ തുടര്‍ വാചകങ്ങളും  എടുത്തെഴുതിയിരുന്നെങ്കില്‍ ,  അംബേഡ്‌കറില്‍ നിറഞ്ഞുനില്‍‌ക്കുന്ന  മാനവികമായ സഹാനുഭൂതിയുടെ ചിത്രവും വായനക്കാര്‍‌ക്കു കാണാനാകുമായിരുന്നു . ഇതാണ്  ആ വാചകങ്ങള്‍  : --

                                 "  ഇതില്‍ ഹിന്ദുക്കള്‍ക്ക് ഒരിക്കലും ലജ്ജ തോന്നിയിട്ടില്ല . എന്‍റെ അഭിപ്രായത്തില്‍ മറ്റെങ്ങും കണ്ടിട്ടില്ലാത്ത ഒരു പ്രതിഭാസമാണിത് . ലജ്ജാകരമായ  ഈ സ്‌ഥിതിവിശേഷത്തിനു കാരണമെന്ത് ?  ഈ ആദിവാസികളെ പരിഷ്‌കാരത്തിന്‍റെ പടിവാതിലിലേക്കും അന്തസ്‌സുറ്റ ഒരു ജീവിതശൈലിയിലേക്കും പിടിച്ചുകയറ്റാന്‍ ഒരു പരിശ്രമവും നടത്തപ്പെടാതിരുന്നതെന്തുകൊണ്ടാണ് ? ആദിവാസികളുടെ മൃഗാവസ്‌ഥയ്ക്കു നിദാനം ജന്‍‌മസിദ്ധമായ മൂഢതയാണെന്നു പറയാന്‍ ഹിന്ദുക്കള്‍ തുനിഞ്ഞെന്നുവരാം . എന്നാല്‍ ആദിവാസികള്‍ മൃഗാവസ്‌ഥയില്‍ കഴിയുന്നത് ,  അവരെ പരിഷ്‌കരിക്കാനും , അവര്‍ക്കു  വിദ്യാഭ്യാസം നല്‍‌കാനും , അവരെ സമുദ്ധരിക്കാനും അവര്‍‌ക്കു വൈദ്യസഹായം നല്‍‌കാനും ,    അവരെ നല്ല പൗരന്‍‌മാരാക്കിത്തീര്‍‌ക്കാനും ഹിന്ദുക്കള്‍ ഒരു ശ്രമവും നടത്താതിരുന്നതുകൊണ്ടാണെന്ന് അവര്‍ സമ്മതിച്ചുതരില്ല . എന്നാല്‍ ഇക്കാര്യത്തില്‍ ക്രിസ്‌തീയ മിഷനറിമാര്‍ ചെയ്തുപോരുന്നത് ഒരു ഹിന്ദുവിനു ചെയ്യാന്‍ കഴിയുമായിരുന്നില്ലേ ? കഴിയുകയില്ല . ആദിവാസികളെ പരിഷ്‌കൃതരാക്കുകയെന്നുവച്ചാല്‍ അവരെ സ്വന്തമായി കരുതുകയും അവര്‍‌ക്കിടയില്‍  ജീവിക്കുകയും  അവരില്‍ സഹജാവബോധം വളര്‍ത്തുകയും , ചുരുക്കത്തില്‍ അവരെ സ്‌നേഹിക്കുകയും  ചെയ്യുകയെന്നതാണ് . ഇതു ചെയ്യാന്‍ ഒരുവനു കഴിയുന്നതെങ്ങനെ ?  ജീവിതം മുഴുവന്‍ സ്വന്തം ജാതിയുടെ  സംരക്ഷണവ്യഗ്രതയാണയാള്‍‌ക്ക് .  ജാതിയാണ് അയാള്‍‌ക്കു വിലപ്പെട്ട സമ്പത്ത് .  ഏതുതരത്തിലും അത് സംരക്ഷിക്കണം . വൈദികകാലത്തെ  അനാര്യന്‍‌മാരുടെ അവശിഷ്‌ടങ്ങളായ ആദിവാസികളുമായി സമ്പര്‍‌ക്കത്തില്‍ ഏര്‍‌പ്പെടുകവഴി തന്‍റെ ജാതി നഷ്‌ടപ്പെടുത്താന്‍  ഒരു ഹിന്ദു ഒരുക്കമല്ല .  "

            1936 - ല്‍    പുറത്തുവന്ന  " ജാതിനിര്‍‌മൂലനം "   എന്ന പുസ്‌തകത്തിന്  1944 - ല്‍  പ്രസിദ്ധീകരിച്ച മൂന്നാം പതിപ്പിലുമുണ്ട്  ഡോ :  അംബേഡ്‌കറുടെ  പുതിയ മുഖവുര (  1.12.1944 - ന് എഴുതിയത്  ) .  1937-ലെ  " രണ്ടാം  പതിപ്പിന്‍റെ ഒരു ആവര്‍‌ത്തനം മാത്രമാണ്  "   ഈ പതിപ്പെന്ന്   അതില്‍ പറയുന്നുണ്ട് .  ഈ പതിപ്പാണു  ഭാഷാ ഇന്‍‌സ്‌റ്റിറ്റ്യൂട്ട്  തര്‍‌ജുമ ചെയ്ത്  പ്രസിദ്ധീകരിച്ചിരിക്കുന്നത്   ( വോള്യം  1  ,  1996  ,  പേ.  61-62 )  .  അതില്‍ നിന്നാണ്  മേല്‍ കണ്ടതുപോലെ ബിജുരാജും ഞാനും  എടുത്തെഴുതിയിരിക്കുന്നത് .  ബിജുരാജ്  പ്രധാന ഭാഗം പൂഴ്‌ത്തിയെങ്കിലും ,  7 കൊല്ലം കഴിഞ്ഞിട്ടും അംബേഡ്‌കര്‍ തന്‍റെ ആദിവാസി സമീപനത്തില്‍ ഉറച്ചുനിന്നു എന്ന്  ആര്‍ക്കും വായിക്കാം അവിടെ .


            1.12.1944 - ന് എഴുതിയ  മുഖവുര എന്ന കൈയൊപ്പ് ചാര്‍‌ത്തി   അംബേഡ്‌കര്‍ വീണ്ടും  വായനക്കാര്‍‌ക്കു മുന്നിലേയ്‌ക്കയച്ച മേല്‍ കണ്ട  ആദിവാസി സമീപനം ഓര്‍‌മയില്‍  നിര്‍‌ത്തുക . എന്നിട്ട് ,    കൃത്യം   5  മാസം  കഴിഞ്ഞുള്ള  6.5.1945-ന്‍റെ  ബോംബെ അഖിലേന്‍ഡ്യ പട്ടികജാതി  ഫെഡറേഷന്‍  സമ്മേളന പ്രഭാഷണത്തിലെ " ആദിവാസികള്‍ "  എന്ന ഭാഗത്തേയ്ക്കു (  "  സാമുദായിക സ്‌തംഭനവും  പരിഹാര മാര്‍ഗവും "  ,  ഭാഷാ  ഇന്‍സ്‌റ്റിറ്റ്യൂട്ട്  വോള്യം 2 , 1996 ,  പേ.  134    )  വരിക .  ബിജുരാജ്  ഈ ഭാഗം   " പച്ചക്കുതിര "  യില്‍  എടുത്തെഴുതിയിരിക്കുന്നത്  , ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ   2007 - ലെ   റീ പ്രിന്‍റിലുള്ള  150-ാം പേജില്‍നിന്നാണ്  . പറക്കോട്  എന്‍ . ആര്‍ . കുറുപ്പാണ്  വോള്യം 2 തര്‍‌ജുമ  ചെയ്തിരിക്കുന്നത്  : --  "  ആദിവാസികള്‍ അംഗസംഖ്യയില്‍  സിഖുകാര്‍ , ആംഗ്ളോ - ഇന്ത്യക്കാര്‍ , ഇന്ത്യന്‍ ക്രിസ്‌ത്യാനികള്‍ , പാഴ്‌സികള്‍ എന്നീ ന്യൂനപക്ഷങ്ങളെക്കാള്‍  മുന്തിനില്‍ക്കുന്നവരാണെങ്കിലും എന്‍റെ നിര്‍‌ദേശങ്ങളില്‍ അവര്‍ ഉള്‍‌പ്പെടുന്നില്ല .  അവരെ ഒഴിവാക്കിയതിന്  കാരണമുണ്ട് . ആദിവാസികള്‍ ഒരു രാഷ്ട്രീയബോധം  നേടിയിട്ടില്ല . അവര്‍ ഏതെങ്കിലും   ഭൂരിപക്ഷത്തിന്‍റെയോ  ന്യൂനപക്ഷത്തിന്‍റെയോ ചട്ടുകങ്ങള്‍ മാത്രമാണ്  . അവര്‍ക്ക് സ്വന്തമായി യാതൊരു ഗുണവും സിദ്ധിക്കാതിരിക്കുകയും സന്തുലനം തകരാറിലാക്കുകയും ചെയ്യുമെന്നതുകൊണ്ടാണ് അവരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയത് . അവരുടെ ഇന്നത്തെ സ്‌ഥിതിയില്‍ അവര്‍ക്കുവേണ്ടി ചെയ്യാവുന്ന ഉചിതമായ നടപടി ദക്ഷിണാഫ്രിക്കന്‍ ഭരണഘടനയില്‍ ചെയ്‌തതുപോലെ   " ഒഴിവാക്കപ്പെട്ട   പ്രദേശങ്ങള്‍ "   എന്നു വിളിക്കപ്പെടുന്ന  സ്‌ഥലങ്ങളിലെ  ഭരണം നടത്താന്‍ നിയമവിധേയമായ ഒരു കമ്മീഷനെ ഏര്‍‌പ്പെടുത്തുകയെന്നതാണ് . ഇത്തരം പ്രദേശങ്ങളുള്ള ഓരോ  പ്രവിശ്യയിലും പ്രസ്‌തുത പ്രദേശങ്ങളുടെ ഭരണത്തിലേക്ക് ഒരു നിശ്‌ചിത തുക പ്രതിവര്‍ഷം നല്‍‌കിയിരിക്കണം .  "

                         വിദ്വേഷജനകമായ  " ചട്ടുകങ്ങള്‍ "  എന്ന    വാക്ക്     അംബേഡ്‌കറുടെ (  DBAWS , vol. 1 ,2014 ,  p. 375 )     " instruments " -നു പകരം  ഉപയോഗിക്കാമോ എന്ന സംശയമേ  തോന്നിയില്ല തര്‍‌ജുമക്കാരന്‍  ശ്രീ : കുറുപ്പിന്  .  തന്നെയല്ല ,    " they may easily become  mere instruments " (" അവര്‍ എളുപ്പത്തില്‍ വെറും ഉപകരണങ്ങളായേക്കാം " )   എന്നു മാത്രം  അംബേഡ്‌കര്‍  ഊഹിച്ചിടത്ത്   " അവര്‍ ...   ചട്ടുകങ്ങള്‍ മാത്രമാണ്  "    എന്ന്  ഉറച്ചു പറയുകയാണു    തര്‍‌ജുമക്കാരന്‍ ! ഇതുപോലെതന്നെ  യാന്ത്രികമായാണ് അദ്ദേഹം   അംബേഡ്‌കറുടെ   "  The Aboriginal Tribes have not as yet developed  any political sense to make the best use of their political opportunities and they may easily become  mere instruments in the hands either of a majority or a minority and thereby disturb  the balance without doing any good to themselves  "   എന്ന അര്‍ഥസമ്പുഷ്‌ടമായ സംയുക്‌ത  വാചകത്തിനു നല്‍‌കിയിരിക്കുന്ന വികല തര്‍‌ജുമയും  : --  "  ആദിവാസികള്‍ ഒരു രാഷ്ട്രീയബോധം  നേടിയിട്ടില്ല . അവര്‍ ഏതെങ്കിലും   ഭൂരിപക്ഷത്തിന്‍റെയോ  ന്യൂനപക്ഷത്തിന്‍റെയോ ചട്ടുകങ്ങള്‍ മാത്രമാണ്  . അവര്‍ക്ക് സ്വന്തമായി യാതൊരു ഗുണവും സിദ്ധിക്കാതിരിക്കുകയും സന്തുലനം തകരാറിലാക്കുകയും ചെയ്യുമെന്നതുകൊണ്ടാണ് അവരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയത് .  "     തര്‍‌ജുമയില്‍ വൈകല്യമുണ്ടെന്നു മാത്രമല്ല , അംബേഡ്‌കറുടെ പ്രധാന ഊന്നല്‍ (  " to make the best use of their political opportunities " ) ഒഴിവാക്കുകയും ചെയ്‌തു .   "  തങ്ങള്‍ക്കു കിട്ടുന്ന രാഷ്‌ട്രീയ അവസരങ്ങളില്‍നിന്ന്  ഏറ്റവും നല്ല നേട്ടമുണ്ടാക്കാന്‍ വേണ്ട   ഒരു  രാഷ്‌ട്രീയ ബോധത്തിലേയ്ക്കും ആദിവാസികള്‍ ഉയര്‍‌ന്നിട്ടില്ലാത്തതിനാല്‍ ,     ഭൂരിപക്ഷക്കാരുടെയോ  ന്യൂനപക്ഷക്കാരുടെയോ കൈകളില്‍   അവര്‍ വെറും ഉപകരണങ്ങളായി എളുപ്പത്തില്‍ മാറിയേക്കാം .   അതുവഴി  ,  തങ്ങള്‍‌ക്കുതന്നെ വല്ല ഗുണവും ചെയ്യാതെ   അവര്‍ സാമൂഹിക സന്തുലിതാവസ്‌ഥയെ തകരാറിലാക്കിയേക്കാം . "  ---- ഇതുപോലെയിരിക്കും  ശരിയോടടുത്ത  തര്‍‌ജുമ എന്നു തോന്നുന്നു .


                                  ശ്രീ : കുറുപ്പിന്‍റെ  പ്രസ്‌തുത തര്‍ജുമയെപ്പറ്റി എന്‍റെ ആദ്യ മറുപടിയില്‍  ആക്ഷേപം ഉന്നയിച്ചപ്പോള്‍  ബിജുരാജ്  അദ്ദേഹത്തെ ന്യായീകരിച്ചതു നമ്മള്‍ കണ്ടതാണല്ലോ ( " ഇംഗ്ളീഷ് വേര്‍ഷന്‍ പരിശോധിച്ച് ഉറപ്പാക്കിയശേഷമാണ് ഞാന്‍ ലേഖനത്തില്‍ ഉദ്ധരിച്ചത്. " ) .  അതായത് , അംബേഡ്‌കറുടെ മൂല രചന യഥാര്‍‌ഥത്തില്‍ പരിശോധിക്കാതെയാണ്  അദ്ദേഹത്തെ വലിയ കുറ്റവാളിയാക്കാന്‍  പുറപ്പെട്ടിരിക്കുന്നത് !     


**********

                             
അംബേഡ്‌കറും  കുറ്റവാളി ഗോത്രക്കാരും               FB , 25.9.19
________________________________
          ആര്‍.കെ. ബിജുരാജിന്‍റെ അംബേഡ്‌കര്‍ വിമര്‍‌ശത്തിലെ (  " അംബേദ്‌കറും കമ്യൂണിസ്‌റ്റുകാരും " , പച്ചക്കുതിര മാസിക , 2019 സെപ്‌റ്റംബര്‍ )  ഒരു പ്രധാന പോയ്‌ന്‍റാണ്  , ആദിവാസികള്‍‌  പരമ്പരാഗതകുറ്റവാളികളായി ജീവിക്കേണ്ടിവരുന്നു എന്നു ഡോ : അംബേഡ്‌കര്‍  പറഞ്ഞത്  .  "  അതില്‍ ഗുരുതരമായ വീഴ്‌ചയുണ്ട്  , കുറ്റകൃത്യമുണ്ട് "  എന്നാണു ബിജുരാജ് ആരോപിക്കുന്നത് . ഇവിടെ  ,  വേണ്ടത്ര ചരിത്രപഠനം നടത്താതെ ഒരു പഴയ കാല സാമൂഹികാവസ്‌ഥയെ വിലയിരുത്തിക്കളഞ്ഞു എന്ന തെറ്റാണു ലേഖകന്‍ ചെയ്‌തിരിക്കുന്നത് .  ആ സാമൂഹികാവസ്‌ഥയെ അദ്ദേഹത്തിനു  മനസ്സിലാകും വിധം  ഇപ്പോള്‍‌ത്തന്നെ വിശദമാക്കാന്‍ എനിക്കു  പരിമിതിയുണ്ട് . ഏറെ സമയം വേണമതിന് .  ബ്രിട്ടിഷ് ഭരണത്തിലുള്ള ഒരു  ( മദ്രാസ് )  പ്രെസിഡെന്‍‌സിയിലെ  ആ അവസ്‌ഥയുടെ പുരാരേഖകള്‍ വലിയ തോതില്‍  പരിശോധിച്ചിട്ടുണ്ടു  ഞാന്‍  .  അവയില്‍നിന്ന്  ഒരു ഫയല്‍ ,   അപരിചിതര്‍‌ക്ക്  ഒരു ഏകദേശരൂപം കിട്ടാനായി മാത്രം , ഇവിടെ ചേര്‍‌ക്കുന്നു  (  ചെന്നൈ ആര്‍‌ക്കൈവ്‌സിലാണ്  ഇതിന്‍റെ ഒറിജിനല്‍ സൂക്ഷിച്ചിട്ടുള്ളത്  ) . ഒന്നോ രണ്ടോ  പുസ്‌തകങ്ങളില്‍ കാണുന്ന ചില പരാമര്‍‌ശങ്ങള്‍ വച്ച് ചരിത്രകാലങ്ങളെയും  മഹാ ജനനായകരെയും വിലയിരുത്തുന്നത് വലിയ അനീതിയാണെന്നു ബിജുരാജിനെയും കൂട്ടാളികളെയും  അറിയിക്കുന്നതിന്‍റെ  സൂചനമാത്രമാണിത് .


        നമ്മള്‍ ഇന്ന് അറിയുന്ന തരം ആദിവാസികളെയല്ല  അംബേഡ്‌കര്‍  പരാമര്‍ശിക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ വിശദീകരണത്തില്‍ നിന്നു തന്നെ തെളിയുന്നുണ്ട് ; കുറ്റവാളി ഗോത്രങ്ങള്‍ (  criminal tribes ) എന്നു ബ്രിട്ടിഷ്  സര്‍ക്കാര്‍ വിശേഷിപ്പിച്ചവരെക്കുറിച്ചാണു  പറയുന്നത് . പൊതുസമൂഹത്തിനു ഭീഷണിയായി , കുറ്റകൃത്യങ്ങള്‍ ജീവിതവൃത്തിയായി സ്വീകരിച്ച ചെറു ചെറു സമൂഹങ്ങളായിരുന്നു അവര്‍ . ബ്രിട്ടിഷുകാര്‍ വരും മുന്നേയുണ്ട്  അവരുടെ ഭീഷണി  ( ആദ്യം തുറന്ന ജയിലുകളിലും , അവിടന്ന് സാല്‍‌വേഷന്‍ ആര്‍‌മി പോലുള്ള  പ്രൊട്ടെസ്‌റ്റന്‍റ്    ക്രിസ്‌ത്യന്‍ സംഘങ്ങളുടെ മേല്‍‌നോട്ടത്തിലുള്ള   പുനരധിവാസ കോളനികളിലും പാര്‍‌പ്പിച്ചാണ്  അവരെ പൊതുസമൂഹത്തിന്‍റെ ഭാഗമാക്കാന്‍  ശ്രമിച്ചത് . അവര്‍ക്കു വേണ്ടി സ്‌കൂളുകളും തൊഴില്‍പരിശീലനശാലകളും മറ്റും ഏര്‍‌പ്പെടുത്തിയിരുന്നു .  മദ്രാസ് പ്രെസിഡെന്‍‌സിയിലെ കാര്യമാണിത് ) .

 ‘‘ഇന്‍ഡ്യയില്‍ ബ്രിട്ടിഷ് ഭരണത്തിന്‍െറ സ്ഥാപന ദിനമാണ് പീഡിതരുടെ സ്വാതന്ത്ര്യദിനമായി യഥാര്‍ഥത്തില്‍ ആഘോഷിക്കേണ്ടത്’’  എന്ന എന്‍റെ   അഭിപ്രായത്തിന്  ,  "  സാമ്രാജ്യത്വകൊള്ളയും സേച്ഛാധിപത്യവും തുടങ്ങിയ ദിനം സ്വാതന്ത്ര്യദിനമായി ആഘോഷിക്കണമെങ്കില്‍ ആയിക്കോളൂ.  അതിന് അംബേദ്കറെയും ദലിതരെയും മറ്റ് അടിസ്ഥാന ജന വിഭാഗങ്ങളെയും കക്ഷിചേര്‍ക്കേണ്ടതില്ല " എന്നാണു ബിജുരാജിന്‍റെ മറുപടി .  ആരെയെങ്കിലും കക്ഷിചേര്‍‌ക്കല്‍  എന്‍റെ വാക്കുകളില്‍  എവിടെ കണ്ടു  ?  അത്  എന്‍റെ സ്വന്തം വാക്കുകളായി കണക്കാക്കുന്നതില്‍ എന്തായിരുന്നു  തടസ്സം ?     ആരുടെയെങ്കിലും തുണ തേടി ഒന്നും പറഞ്ഞിട്ടില്ല  ഞാന്‍ ഇന്നോളം . വേണ്ടതിലേറെ സമയമെടുത്തു പഠിച്ചിട്ടാണ് ഇത്തരം കാര്യങ്ങള്‍  പറയാറ് . അതുകൊണ്ടാണ്  , എത്ര പേര്‍ എതിര്‍ത്താലും എന്‍റെ വാക്കുകളില്‍   ഉറച്ചുനില്‍‌ക്കാന്‍ കഴിയുന്നത് .      ഒരു  ആവേശത്തിനു പറഞ്ഞുപോയതല്ല . ബ്രിട്ടിഷ് ഭരണത്തെപ്പറ്റി  ആ അഭിപ്രായം   രേഖാപരമായിത്തന്നെ എത്രവേണമെങ്കിലും  വിശദമാക്കാന്‍ വേണ്ട പഠനം നടത്തിയിട്ടുണ്ടു ഞാന്‍ . "  ഇന്ത്യയില്‍ നടന്ന അസംഖ്യം സ്വാതന്ത്ര്യപോരാട്ടങ്ങള്‍, രക്തസാക്ഷിത്വങ്ങള്‍, സഹനങ്ങള്‍ എല്ലാം അനാവശ്യമായിരു " ന്നോ  എന്നാണു ബിജുരാജിന്‍റെ ചോദ്യം . സവര്‍ണ താത്‌പര്യപ്രചോദിതമായ വെറും ലഹളകള്‍ മാറ്റിനിര്‍‌ത്തിയാല്‍ അവയില്‍ എത്രയുണ്ടു  പരിഗണിക്കാനായി എന്ന കണക്കാണ് ആദ്യമെടുക്കേണ്ടത് . 

No comments:

Post a Comment