Wednesday, June 17, 2020

ഒരു പുസ്‌തക സമരം കഴിഞ്ഞിട്ടു 10 കൊല്ലം

ഒരു പുസ്‌തക സമരം കഴിഞ്ഞിട്ടു  10  കൊല്ലം                FB ,31.12.19
--------------------------------------------
അയ്യന്‍‌കാളിയ്‌ക്ക്  ആദരത്തോടെ  എന്ന പുസ്‌തകത്തിന്‍റെ  പരിഷ്‌കരിച്ച പതിപ്പ്   സ്വന്തമായി  " ഉപരോധം  ബുക്‌സ് " എന്ന  ബാനറില്‍ പുറത്തിറക്കിയത്  2009 -ലാണ് .  ചുരുങ്ങിയത്  5 വ്യത്യസ്‌ത  പുസ്‌തകങ്ങളാക്കാന്‍ വേണ്ടത്ര അന്വേഷണ - പഠനങ്ങള്‍  കഴിഞ്ഞിരുന്നെങ്കിലും , ഓരോരോ പ്രബന്ധങ്ങളാക്കി ചുരുക്കി  ഒറ്റ പുസ്‌തകമാക്കുകയായിരുന്നു  (  കേരളീയ നവോത്ഥാന കാലം  കൂടുതല്‍ പഠിക്കാന്‍ സമയം കണ്ടെത്തിയത്  അങ്ങനെയാണ്  .  അയ്യന്‍‌കാളി പ്രസ്‌ഥാനത്തിന്‍റെ  അറിയപ്പെടാത്ത  ഏടുകള്‍ ഇനിയുമുണ്ടു  പുസ്‌തകരൂപത്തിലാക്കാന്‍  ;  സമയം കിട്ടിയാല്‍  നടക്കും  ) . സ്വന്തം പുസ്‌തകം  തനിച്ചുതന്നെ പ്രസിദ്ധീകരിക്കാതെ മറ്റു വഴിയില്ല എന്ന സ്‌ഥിതി വന്നാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന്  സ്വയം ഉത്തരം കണ്ടെത്തി .  എല്ലാ  ജില്ലകളിലുമായി   125 -ല്‍ പരം വിതരണക്കാരെ  കണ്ടുപിടിച്ചു . ചുരുങ്ങിയ  സമയത്തിനകം  കോപ്പികള്‍  വിറ്റു തീര്‍‌ന്നു (  കെ. പി. വള്ളോന്‍  നിയമസഭയില്‍ , അംബേഡ്‌കറുടെ  മരണം  എന്നിവയും  കൂടെ പ്രസിദ്ധീകരിച്ചിരുന്നു ) . വ്യാജ  പുരോഗമനക്കാരില്‍നിന്നാണ് ദുരനുഭവങ്ങള്‍   അധികവും  നേരിട്ടത് .  അയച്ചുകൊടുത്ത സാമ്പിള്‍ കോപ്പി മടക്കിയയച്ച  ബുക്‌‌സ്‌റ്റാളും , കോപ്പി കൈപ്പറ്റി എന്നുപോലും വായനക്കാരെ അറിയിക്കാതെ വെറുപ്പ്  എന്നോടു  നേരിട്ടു പ്രകടിപ്പിച്ച   പത്ര  വാരാന്തക്കാരനും  ഓര്‍‌മയില്‍ വരുന്നു  ( ആ വാരാന്തത്തിന്‍റെ   മറ്റൊരു അധിപന്‍  ,  3 കൊല്ലം കഴിഞ്ഞു ഞാന്‍ അയച്ചുകൊടുത്ത  കായല്‍‌സമ്മേളന ലേഖനം  നിരസിച്ചുകൊണ്ടു   ചോദിച്ചതും ഓര്‍‌മയിലുണ്ട് :   " ഈ  പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ തക്ക  പ്രാധാന്യമുണ്ടോ  അതിന് ? "  )   എല്ലാ പ്രധാന  ലൈബ്രറികളിലും  എന്‍റെ   "  അയ്യന്‍‌കാളി  "  ഉണ്ടായിരിക്കണം   എന്ന ആഗ്രഹംമൂലമാണ്  കണ്ണൂര്‍  യൂണിവേഴ്‌സിറ്റിയിലേയ്‌ക്കും  റെജിസ്‌റ്റേഡ്  ആയി  കോപ്പി അയച്ചത് .  ഏ.ഡി. കാര്‍‌ഡ്  മടങ്ങിയെത്തി .  പക്‌ഷെ ,  പിന്നീട്  അന്വേഷിച്ചപ്പോള്‍ അവര്‍ പറയുന്നത്  അവിടെയെത്തിയിട്ടില്ല എന്നാണ് . ഒടുവില്‍  വി.സി. യ്‌ക്കു വരെ പരാതി നല്‍‌കിയപ്പോഴാണ്   പുസ്‌തകം കൈപ്പറ്റിയിരുന്നു എന്ന് ബന്ധപ്പെട്ടയാള്‍  സമ്മതിച്ചത് !

           " അയ്യന്‍‌കാളി " യ്‌ക്ക്  വളരെയുണ്ടായി പകര്‍‌ത്തിയെഴുത്തുകള്‍   ,  ഗ്രന്ഥകാരന്‍റെ പേരുപോലും  സൂചിപ്പിക്കാതെ  .  എങ്കിലും സന്തോഷം , ഞാന്‍ അധ്വാനിച്ചു കണ്ടെത്തിയ  വിവരങ്ങള്‍  അങ്ങനെയും  വായനക്കാരിലെത്തിയല്ലോ !  ആ വ്യാജ എഴുത്തുകാരുടെ  നിലവാരം ഉയരാന്‍ എളുപ്പ വഴിയൊന്നുമില്ല .  ഉയര്‍‌ന്ന തരം  ഗവേഷണ രചനകള്‍ വായിക്കാന്‍  അവര്‍‌ക്ക്  അവസരമുണ്ടാകണം . അന്യരുടെ  രചനകളില്‍ നിന്ന്  ഒരൊറ്റ വാക്ക് കടമെടുക്കുമ്പോള്‍ പോലും ആ ഉറവിടം രേഖപ്പെടുത്തുന്ന തരം  കൃതികള്‍  (  ഉദാ : -  ഫിലിപ്   കെ .  ഹിറ്റിയുടെ History of the Arabs) വായിച്ച്  മനഃ സം‌സ്കരണം  നടന്നാലേ  അതുണ്ടാകൂ .

      പുതിയ  ആണ്ട്  എല്ലാ  സുഹൃത്തുക്കള്‍ക്കും  നന്നായ് വരട്ടെ .

അടൂര്‍ കണ്ടെത്തിയ അയ്യന്‍‌കാളി !




FB


അടൂര്‍  കണ്ടെത്തിയ അയ്യന്‍‌കാളി   !
_____________________________________
ഓരോരുത്തര്‍‌ക്കു തോന്നുന്നതെന്തും പ്രചരിപ്പിക്കാം അയ്യന്‍‌കാളിയെക്കുറിച്ച്  എന്ന രീതി നിലനില്‍‌ക്കുന്നുണ്ടു  കുറെക്കാലമായി .  അതിന്‍റെ ഒടുവിലെ ഉദാഹരണമാണ് , അടൂര്‍ ഗോപാലകൃഷ്‌ണനുമായി  മധുപാല്‍ നടത്തിയ അഭിമുഖത്തെപ്പറ്റി പി. എസ്. റംഷാദ്  എഴുതിയ റിപ്പോര്‍‌ട്  (  സമകാലിക മലയാളം വാരിക  ഓണപ്പതിപ്പ് , സെപ്‌റ്റം ., 2019 ) . സംഘപരിവാറുകാരുടെ  ആക്രമണമേറ്റു നില്‍‌ക്കുന്ന സമയമായതുകൊണ്ട്   അടൂരിനൊപ്പമാണ്  ജനാധിപത്യവാദികള്‍ . ഞാനും ആ പക്‌ഷത്താണ് . എന്നാല്‍ , ആ പഴുതില്‍ തന്‍റെ  പരിഹാസ്യമായ സവര്‍ണ ചരിത്രവ്യാഖ്യാനം പ്രചരിപ്പിക്കാനും നോക്കുന്നു അദ്ദേഹം . 
                             " അയ്യന്‍‌കാളിക്കുപോലും   ശ്രീമൂലം പ്രജാസഭയില്‍   അംഗമാകാന്‍ കരം അടച്ച് അര്‍‌ഹത നേടുന്നതിന്  ആവശ്യമായ ഭൂമി കൊടുത്തത്  നെയ്യാറ്റിന്‍‌കരയിലെ ഒരു നായര്‍ പ്രമാണിയാണ്  "  എന്നു കണ്ടെത്തുന്നു  പേരെടുത്ത സിനിമക്കാരന്‍  !  " കരം അടയ്‌ക്കുന്നവര്‍‌ക്കു മാത്രമേ അന്ന്  ശ്രീമൂലം പ്രജാസഭയില്‍ അംഗമാകാന്‍ സാധിക്കുമായിരുന്നുള്ളു "  എന്നുകൂടെയുണ്ട്  അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍ .   
                       സ്വന്തം ജനതയുടെ മോചനത്തിനുതകുന്ന വഴി സ്വയം വെട്ടിപ്പിടിച്ചു മുന്നേറിയ അയ്യന്‍‌കാളിയെ അംഗീകരിക്കാതെ വയ്യ എന്ന ഘട്ടത്തിലാണ്  തിരുവിതാംകൂര്‍  സര്‍‌ക്കാര്‍ അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭാംഗമായി  നാമനിര്‍‌ദേശം ചെയ്‌തത് .  കരം അടയ്‌ക്കലല്ല  അതിനു വേണ്ട യോഗ്യത . സര്‍‌ക്കാരിന്‍റെ  ബോധ്യമനുസരിച്ചാണ് പ്രജാസഭയിലേയ്‌ക്ക് ആരെയും  നാമനിര്‍‌ദേശം ചെയ്യുന്നത് . അതതു വ്യക്‌തികളുടെ  പൊതുസമ്മതിയാണ്  മിക്കവാറും കേസുകളില്‍ 
മാനദണ്ഡം .


        "  നെയ്യാറ്റിന്‍‌കരയിലെ ഒരു നായര്‍ പ്രമാണി " യുടെ  ഭൂമിദാനകഥ  വേറൊരു രൂപത്തില്‍  മുന്നേ കടന്നുകൂടിയതാണ്     അയ്യന്‍‌കാളിചരിത്രത്തില്‍. അതിന്‍റെ പൊള്ളത്തരം , ശക്‌തിയുള്ള  തെളിവുകളോടെ ഞാന്‍  29.12.2013 ലെയും ,  തൊട്ടടുത്ത മറ്റൊരു ഞായറാഴ്‌ചയിലെയും  " മാതൃഭൂമി  വാരാന്തപ്പതിപ്പു " കളില്‍  തുറന്നുകാട്ടിയതാണ് . ആറോളം കൊല്ലം മിണ്ടാതിരുന്ന   സ്‌ഥാപിത താത്‌പര്യക്കാര്‍ ,  ഇപ്പോഴിതാ വീണ്ടും  സവര്‍ണ ദാനമഹിമക്കഥയുമായി  വന്നിരിക്കുന്നു .  അയ്യന്‍‌കാളിയുടെ അച്‌ഛനും സഹോദരനും ചേര്‍ന്നു കാടു വെട്ടിത്തെളിച്ചു കൃഷിചെയ്‌ത് ഉയര്‍‌ത്തിയെടുത്ത ഭൂമി തട്ടിയെടുക്കുകയായിരുന്നു  വെങ്ങാനൂരിലെ  നായന്‍‌മാര്‍  .  സ്വന്തം ജീവിതം ചേര്‍ത്തുവച്ച തെളിവുകളോടെ ഇക്കാര്യം വിവരിക്കാന്‍ ,  അയ്യന്‍‌കാളിയുടെ  ബന്ധുവായ ,  95 വയസ്സുകഴിഞ്ഞ  ഒരു മുത്തശ്ശിയുണ്ട്  വെങ്ങാനൂരില്‍ ഇപ്പോഴും --  നോവലിസ്‌റ്റ്   എസ് . ഇ . ജയിംസിന്‍റെ അമ്മ ഗുണശീല  . പത്തോളം കേസുകള്‍ നടത്തിയിട്ടാണ്  അവരുടെ കുടുംബം  വര്‍ഷങ്ങള്‍‌ക്കു ശേഷം ആ ഭൂമിയില്‍  കുറച്ചു ഭാഗം തിരിച്ചുപിടിച്ചത് .

        സത്യം പുറത്തുവരുമ്പോള്‍   കുറച്ചുനാള്‍        മിണ്ടാതിരുന്നിട്ട്   , തക്കം നോക്കി പഴയ കള്ളക്കഥയുമായി രംഗത്തുവരുന്ന സൂത്രവിദ്യയാണ്   നമ്മള്‍  കണ്ടുകൊണ്ടിരിക്കുന്നത് .



ഫ്‌ളാറ്റുകളെക്കൂടെ ശിക്‌ഷിക്കണോ !


ഫ്‌ളാറ്റുകളെക്കൂടെ  ശിക്‌ഷിക്കണോ  !                    FB, 29.9.19
_________________________________
കോടതിയെ മാനിക്കണമെന്നത്  പൗരജനത്തിന്‍റെ കടമയാണ് ; ഭരണഘടനയെ മാനിക്കലാണത് . നിയമങ്ങളെ വെല്ലുവിളിച്ചു ഫ്ളാറ്റുകള്‍ പണിതവരെ എത്ര കഠിനമായി ശിക്‌ഷിച്ചാലും അധികമാവില്ല . പക്‌ഷെ , ഈ പുതിയ വമ്പന്‍ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നത്  വമ്പന്‍ മണ്ടത്തരമായിരിക്കും . ഈ നാടിന്‍റെ സ്വന്തം മലകളും കുന്നുകളും ഇടിച്ചുനിരത്തിയെടുത്ത  കല്ലും മണ്ണും കൊണ്ടാണ്   ,  എണ്ണമറ്റ തൊഴിലാളികള്‍ അവ കെട്ടിപ്പൊക്കിയത് . ആ പ്രകൃതി ചൂഷണവും കാരണമായിട്ടുണ്ടു  പ്രളയങ്ങള്‍‌ക്ക് .  മരട്ടിലെ  വെള്ളപ്പൊക്കത്തിനു  കാരണം ഈ കെട്ടിടനിര്‍‌മാണമാണെന്ന് ആശങ്കപ്പെട്ട  സുപ്‌റീം കോടതിക്കു  മനസ്സിലാവാതെ വരില്ല ആ കാരണം .  ആ ഫ്ളാറ്റുകള്‍  ഇടിച്ചുനിരത്തി ശിക്‌ഷ നടപ്പാക്കി , കോടതിവിധിയുടെ  അലംഘനീയത സ്‌ഥാപിച്ചെടുക്കുമ്പോള്‍  ബാക്കിയാവുന്നത് , അമൂല്യമായ ആ  പ്രകൃതിവിഭവങ്ങള്‍ ആര്‍‌ക്കുമില്ലാതെ പാഴായിപ്പോകുക എന്നതുകൂടെയാണ് !  അതിനാല്‍ , ആ  ബുദ്ധിശൂന്യത തിരിച്ചറിഞ്ഞ് , ആ കെട്ടിടങ്ങള്‍  ഏറ്റെടുത്ത് പൊതു ആവശ്യങ്ങള്‍ക്കു  മാറ്റിവയ്‌ക്കാന്‍ സര്‍‌ക്കാരിനെ അനുവദിച്ചുകൂടേ ? ഫ്‌ളാറ്റുകള്‍ പണിതവര്‍  കുറ്റവാളികളാണെന്നു കണ്ടുള്ള ശിക്‌ഷകളിലേ‌യ്ക്കു കോടതി കടന്നുകഴിഞ്ഞു .  കുടിയിറക്കപ്പെടുന്നതോടെ ,  വളഞ്ഞ വഴിയില്‍ ഫ്ളാറ്റുകള്‍ വാങ്ങിയവരും  ശിക്‌ഷിക്കപ്പെടുകയാണ് . പരമോന്നത കോടതിയുടെ മഹത്ത്വം ഇതോടെ സ്‌ഥാപിക്കപ്പെട്ടുകഴിഞ്ഞു . എന്നിട്ടും ഫ്‌ളാറ്റുകളെക്കൂടെ  ശിക്‌ഷിച്ചു  പൊടിയാക്കിയാലേ ആ  മഹത്ത്വം തിളങ്ങൂ എന്നു ചിന്തിക്കുന്നത്  ,  ആലോചനാ ശേഷിയുടെ ലക്‌ഷണമല്ല ;  നിസ്സാര  വീഴ്‌ചകളുടെ  കാര്യത്തിലും   " കല്ലിനെപ്പോലും  പിളര്‍ക്കുന്ന  "   കല്‍‌പനകള്‍  വീശിയെറിഞ്ഞിരുന്ന പഴയ  രാജഭരണത്തിന്‍റെ  ധാര്‍‌ഷ്‌ട്യം നിറഞ്ഞ മുഖം  ഓര്‍മപ്പെ‌ടുത്തലാണ് . യാന്ത്രികമാകരുതു നിയമപാലനം .


അനീതിക്കും അന്യായത്തിനും ശിക്‌ഷ കൊടുത്തുകഴിഞ്ഞല്ലോ കോടതി . അന്യായമായി  കെട്ടിടങ്ങള്‍  പണിതവര്‍ക്കും   , നേര്‍‌വഴിക്കല്ലാതെ അവ സ്വന്തമാക്കിയവര്‍ക്കും ആ ശിക്‌ഷയുടെ  ആഘാതം  ചെറുതായിരിക്കുമെന്നു തോന്നുന്നില്ല .  ആ ശിക്‌ഷയെ   ഉയര്‍‌ത്തിപ്പിടിക്കയും ചെയ്യുന്നുണ്ടു ഞാന്‍ . പിന്നെന്ത് apology ? അമൂല്യമായ പ്രകൃതിവിഭവങ്ങള്  കൊണ്ടുണ്ടാക്കിയ  കെട്ടിടങ്ങള്‍  ഇടിച്ചുനിരത്തി പൊടിയാക്കിയാലേ കോടതിവിധി‌യ്ക്കു മഹത്ത്വമേറൂ എന്നാണെങ്കില്‍ , നന്നായ് വരട്ടെ ! 

       (  രണ്ടു കൊല്ലം മുന്‍‌പ് ചെന്നൈയിലെ മുഗളിവാക്കത്ത്   , എന്‍റെ താമസ സ്‌ഥലത്തിനടുത്ത് , കോടതിവിധിപ്രകാരം ഒരു  11 നില  കെട്ടിടം തകര്‍‌ക്കുന്നതു കാണേണ്ടിവന്നിട്ടുണ്ട് എനിക്ക് . നിര്‍‌മാണ പിഴവായിരുന്നു കോടതിവിധിയ്‌ക്കു കാരണം . എന്നിട്ടും ആ കാഴ്‌ചയുടെ അസ്വസ്‌ഥത ഒഴിയുന്നില്ല .  തമിഴ്‌‌നാടിന്‍റെ ഉള്‍‌പ്രദേശങ്ങളില്‍  ഞാന്‍ പതിവായി കണ്ടിരുന്ന മലതുരക്കലും പാറമല പൊട്ടിച്ചുതീര്‍‌ക്കലുമൊക്കെയാണ് അതിന്‍റെ കൂട്ടു കാഴ്‌ചകള്‍  ) 

ഇതിഹാസങ്ങള്‍ക്കു പിന്നിലെ ബ്രാഹ്‌മണ്യ കല്‍‌പനകള്‍


FB


ഇതിഹാസങ്ങള്‍ക്കു പിന്നിലെ ബ്രാഹ്‌മണ്യ കല്‍‌പനകള്‍
______________________________________________________
മനുഷ്യകുലത്തിനു വേണ്ട നന്‍‌മകളും മാതൃകാ ജീവിതങ്ങളും   സാരോപദേശങ്ങളും മറ്റും മറ്റും മറ്റും രേഖപ്പെടുത്തിവച്ചിരിക്കുന്ന  മഹനീയ സാഹിത്യരൂപങ്ങളാണു നമ്മുടെ ഇതിഹാസാദി ബ്രാഹ്‌മണ്യ  കൃതികള്‍ എന്നാണ് അംഗീകൃത പാഠം . എന്നാല്‍ ,  " ധര്‍‌മശാസ്‌ത്രങ്ങള്‍  "  എന്നു വിളിക്കുന്ന ബ്രാഹ്‌മണ്യ വംശീയ നിയമങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള വെറും വ്യാജ സാഹിത്യരൂപങ്ങളാണവ എന്നത്  ഒരു രഹസ്യമല്ല ഇന്ന് . ഇതിഹാസങ്ങള്‍ , പുരാണങ്ങള്‍ , കാവ്യ-നാടകങ്ങള്‍ തുടങ്ങിയവയൊക്കെ  എങ്ങനെയാണു ബ്രാഹ്‌മണ്യ പ്രകൃതിവിരുദ്ധ നിയമങ്ങളുടെ പ്രചാരണ സാമഗ്രികളാകുന്നത്  എന്നു തെളിയുന്ന  അതുല്യ   ഗവേഷണ ഗ്രന്ഥപരമ്പരയാണ്  HISTORY OF DHARMASASTRA . 5  വോള്യത്തിലായി   8 പുസ്‌തകവും  6500 - ല്‍‌പരം  പേയ്‌ജുമുള്ള , ഇതിഹാസമാനമുള്ള ഗവേഷണ രചനയാണിത് . പിന്നീടു  " ഭാരത രത്‌ന " നല്‍കി  രാഷ്ട്രം ആദരിച്ച മഹാപണ്ഡിതനായ പാണ്ഡുരംഗ് വാമന്‍ കാണെ എന്ന മറാഠി ബ്രാഹ്‌മണനാണു ഗ്രന്ഥകാരന്‍ .  1930  മുതല്‍ 1962   വരെയുള്ള  കൊല്ലങ്ങളിലാണ്   ഈ  8 പുസ്‌തകം  Bhandarkar Oriental Research Institute ( Poona - 4  , Maharashtra ) പ്രസിദ്ധീകരിച്ചത്  . ജാതി  നിയമങ്ങള്‍ക്കനുസരിച്ചു ചലിക്കുന്ന കഥാപാത്രങ്ങളും സംഭവങ്ങളുമാണ് രാമായണ - മഹാഭാരതാദി സം‌സ്‌കൃത ഗ്രന്ഥങ്ങളിലുള്ളതെന്ന് , കാണെയുടെ ധര്‍‌മശാസ്‌ത്ര സര്‍വെയിലൂടെ നമുക്കു വെളിവാകുകയാണ് .  അതെ , ബ്രാഹ്‌മണ്യ   ജാതിനിയമങ്ങളുടെ ഉറവിടവും പ്രയോഗവും വളര്‍‌ച്ചയും സംബന്ധിച്ച സവിസ്‌തര  സര്‍വെ തന്നെയാണു  മുക്കാല്‍ നൂറ്റാണ്ടു മുന്‍‌പ്  കാണെ നടത്തുന്നത് . നമുക്കു കിട്ടുന്നതാകട്ടെ  , ആദ്ധ്യാത്‌മിക പ്രഭാഷകരും  മറ്റു സ്‌ഥാപിത താത്‌പര്യക്കാരും മറച്ചുവയ്ക്കുന്ന  ജാതിവാഴ്‌ച്ച രഹസ്യങ്ങളുടെ  അതിവിപുലമായ അണിയറക്കഥകളും . ആര്‍‌ഷസാഹിത്യവും ആര്‍‌ഷേതര കാല സാഹിത്യവും സംബന്ധിച്ച നൂറുകണക്കിന് പഠനങ്ങളുണ്ട് ഇതില്‍ . ഇത്രത്തോളം വിലമതിക്കപ്പെടുന്ന വേറെ വല്ല കൃതിയും ബ്രാഹ്‌മണ്യചരിത്ര രചനാ രംഗത്ത്  ഉള്ളതായി കേട്ടിട്ടില്ല .  ആശയ സംവാദങ്ങളില്‍  ഏര്‍‌പ്പെടുന്ന പുരോഗമനവാദികള്‍ക്കു    മുന്നില്‍ തുറന്നുവച്ച അനന്തമായ വിവര ഉറവിടമാണിത് .  

ക്ഷേത്ര പ്രവേശം കെണിയാണുപോലും !




FB

ക്ഷേത്ര പ്രവേശം   കെണിയാണുപോലും  !
_________________________________________


 അയിത്ത നീതിയുടെ മുഷ്ക്കിനെ , അപ്പാര്‍തീഡിനെ , ചെറുത്തുതോല്‍പ്പിക്കുക എന്നതാണ് സ്വാഭിമാനബോധമുള്ള ഏത് സമൂഹത്തിന്‍റ്റെയും ആദ്യ കടമ. തടയപ്പെടുന്ന പൗരസ്വാതന്ത്ര്യം മാത്രമാണ് അപ്പോഴത്തെ പ്രശ്നം . ബ്രാഹ്മണ്യ പക്ഷം മെനഞ്ഞെടുത്ത് അവതരിപ്പിച്ചിട്ടുള്ള ദൈവക്കോലങ്ങളില്‍ വിശ്വാസമുണ്ടോ ഇല്ലയോ എന്നതല്ല അവിടത്തെ വിഷയം ; എന്നതായിക്കൂടാ അവിടത്തെ ചര്‍ച്ച. പൊതു കാര്യങ്ങളില്‍ ജനങ്ങള്‍ക്കു തുല്യ പരിഗണന കിട്ടണമെന്നാഗ്രഹിക്കുന്ന ഏത് സമൂഹത്തിന്‍റ്റെയും മുന്നില്‍ ഉയരുന്ന വെല്ലുവിളികളാണ് ക്ഷേത്രങ്ങള്‍ കൊട്ടിയടക്കലും ,  കൊച്ചി ചേന്ദമംഗലത്തെ   പാലിയം വഴിയടക്കലും , തിരുവിതാംകൂറിലെ വൈക്കം വഴിതടയലും   പോലുള്ള ഭേദ കല്‍പനകള്‍ . നവോത്ഥാന ( ജാതിവിരുദ്ധ ) പോരാട്ടത്തിന്‍റെ അവശ്യ ഘടകമാണ് ആ വെല്ലുവിളികള്‍ ഏറ്റെടുക്കുക എന്നത് . ഇന്നത്തെ തമിഴ് നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ പാഠം വീണ്ടും വീണ്ടും പഠിപ്പിക്കയാണ് ഇന്‍ഡ്യയെ.

     അവര്‍ണസമൂഹത്തെ ബ്രാഹ്മണ്യത്തിന്‍റെ അടിമകളാക്കാനാണ് തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശം അനുവദിച്ചത് എന്നു കണ്ടെത്തുന്നുണ്ട് കുറച്ചു നാളായി നമ്മുടെ ചില എഴുത്തുകാര്‍. ഇവര്‍ ആ ചരിത്ര ഘട്ടത്തില്‍ ചെന്നു പിറന്ന് ഉപദേശിച്ചിരുന്നെങ്കില്‍ , പാവം സഹോദരനയ്യപ്പനും അയ്യന്‍കാളിയുമൊക്കെ ബ്രാഹ്മണ്യ അടിമത്തം ചോദിച്ചുവാങ്ങാതെ മാറിനിന്നേനെ ! അവര്‍ണ ജനത നീണ്ട കാലം പൊരുതിയിട്ടാണ് ക്ഷേത്രപ്രവേശം കിട്ടിയത് എന്ന സത്യം മറച്ചുവയ്ക്കുന്നു ഉപദേശികള്‍ . ( അയ്യന്‍കാളിയ്ക്ക് ക്ഷേത്രപ്രവേശനവുമായി ഒരു ബന്ധവുമില്ലെന്നു തറച്ചു പറഞ്ഞുകൊണ്ടിരുന്നവര്‍ പക്ഷെ , ഫോട്ടൊ തെളിവടക്കം    http://cheraayiraamadaas.blogspot.in പുറത്തുവന്നപ്പോള്‍ ഒന്നടങ്ങി . ) ഏത് അടിമത്തത്തെയും കുടഞ്ഞെറിയാനുള്ള പോംവഴി , മാനസ്സിക വളര്‍ച്ച നേടലാണ്. വലിയ വലിയ ബിരുദങ്ങളൊക്കെയുണ്ടെങ്കിലും പുതിയ യുഗത്തിന്‍റ്റെ മനസ്സ് നേടാന്‍ കഴിയാത്തവരെ കീഴടക്കാന്‍ ബ്രാഹ്മണ്യം തന്നെ വേണമെന്നില്ല , മറ്റു മതപ്രചാരകര്‍ക്കും കഴിയും നിസ്സാരമായി . ക്ഷേത്രം കൊണ്ടു മാത്രമേ ബ്രാഹ്മണ്യത്തിന് അവര്‍ണരെ അടിമകളാക്കാന്‍ കഴിയൂ എന്നു കരുതുന്നുണ്ടോ ഉപദേശികള്‍ ? ക്ഷേത്രബന്ധമേയില്ല വേദാന്തികള്‍ക്ക് ( തത്ത്വത്തില്‍ ) . ബ്രാഹ്മണ്യത്തിന്‍റ്റെ ഏറ്റവും കുടിലവും നീചവുമായ പ്രചാരണ മാധ്യമമാണ് വേദാന്തം അഥവാ ഉപനിഷത്തുകള്‍ . സുകുമാര്‍ അഴീക്കോട് അടക്കമുള്ള എത്രയോ അവര്‍ണരെ അടിമകളാക്കാന്‍ കഴിഞ്ഞു ബ്രാഹ്മണ്യത്തിന്‍റ്റെ ഉപനിഷത്തുകള്‍ക്ക് ( http://cheraayiraamadaas.blogspot.in ) . ക്ഷേത്രപ്രവേശം  ' നല്‍കി ' ബ്രാഹ്മണ്യം  ' അടിമ 'കളാക്കിയ അതേ അവര്‍ണ സമൂഹം ഉള്‍പ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ടിയാണ് , ബ്രാഹ്മണ്യത്തിന്‍റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന ഭൂപരിഷ്കരണത്തിനു മുന്നിട്ടിറങ്ങിയത് !







തമിഴ് അയ്യന്‍‌കാളി പ്രകാശനം ചെയ്‌തു




FB
തമിഴ്  അയ്യന്‍‌കാളി  പ്രകാശനം ചെയ്‌തു
-------------------------------------
" മഹാത്‌മ അയ്യന്‍‌കാളി - കേരളത്തിന്‍ മുതല്‍ ദലിത് പോരാളി "  ( മഹാത്‌മ

അയ്യന്‍‌കാളി -  കേരളത്തിലെ ആദ്യ ദലിത് പോരാളി )     എന്ന  തമിഴ് പുസ്‌തകം

43-ാം ചെന്നൈ ബുക് ഫെയറില്‍ (  ജനു. 14-21 ) പ്രകാശനം ചെയ്‌തു .  "

നിര്‍‌മാല്യ "   മണിയാണു  ഗ്രന്ഥകാരന്‍  .  അയ്യന്‍‌കാളിയുടെ  ജീവിതചരിത്രം

മാത്രമല്ല , ആ കാലഘട്ടത്തിലെ  മറ്റു കേരളീയ  സാമൂഹിക ചലനങ്ങളെയും

ജനനായകരെയും ഇതില്‍ വിവരിക്കുന്നുണ്ടെന്ന്  അദ്ദേഹം  പറഞ്ഞു.   . ഒട്ടേറെ

മലയാളം പുസ്‌തകങ്ങള്‍ തമിഴിലേയ്‌ക്കു തര്‍‌ജുമചെയ്‌തിട്ടുള്ള പ്രശസ്‌ത 

എഴുത്തുകാരനാണു നിര്‍‌മാല്യ .  നാഗര്‍‌കോവിലിലെ  കാലച്ചുവട് 

പബ്‌ളിക്കേഷന്‍സ് പ്രൈ. ലിമിറ്റഡ്  ആണു പ്രസാധകര്‍ (04652- 278525 ) . പേജ്

 302 , വില 350 രൂപ ) .  ശ്രീ : മണിയുടെ  രണ്ടാമത്തെ  അയ്യന്‍‌കാളി

പുസ്‌തകമാണിത് . അദ്ദേഹത്തെക്കുറിച്ച് ഞാന്‍ 5.01.2020 -ന് എഫ്.ബി.യില്‍

ഒരു പോസ്‌റ്റ്  എഴുതിയിട്ടുണ്ട് .

കടലേറ്റത്തിന്‍റെ കരുത്തോടെ പ്രൊഫ : ഡാര്‍‌വിന്‍ വീണ്ടും

FB



കടലേറ്റത്തിന്‍റെ കരുത്തോടെ 
 പ്രൊഫ :   ഡാര്‍‌വിന്‍  വീണ്ടും
----------------------------
 കേരളചരിത്ര സംബന്ധമായ  ഏഴ് പുസ്‌തകങ്ങള്‍ ഒരു പതിറ്റാണ്ടിനകം  എഴുതി

പ്രസിദ്ധീകരിച്ച   പ്രൊഫ:  ജെ. ഡാര്‍‌വിന്‍റെ  പുതിയ രചനയാണു " 

നഷ്‌ടജനതകളുടെ ഉണര്‍ത്തുപാട്ട് " . കടലേറ്റത്തിന്‍റെ കരുത്തോടെ

ചരിത്രചര്‍‌ച്ചകളിലേയ്‌ക്ക് ഇടിച്ചുകയറിയ  " നാടുണര്‍‌ത്തിയ നാടാര്‍ പോരാട്ടങ്ങ

"ളുടെ  രചയിതാവിനെ  ഇനിയാര്‍‌ക്കും പരിചയപ്പെടുത്തേണ്ടതില്ലല്ലോ .

പൈതൃകത്തിന്‍റെ വേരുകള്‍ , ജെ.സി.ഡാനിയേല്‍-മലയാള സിനിമയുടെ

പിതാവ് , തീച്ചട്ടിയിലാക്കിയ ആദ്യ  ഇര ,  ആര്യാധിനിവേശത്തിന്‍റെ 

കാണാപ്പുറങ്ങള്‍ , പുല്‍പ്പള്ളി സായുധ പോരാട്ടം, ഒരു നഷ്‌ടജനതയും രാജ്യവും

ഇവയാണു മറ്റു കൃതികള്‍ . ചരിത്രരചനയിലെ അപ‌പാഠങ്ങളെ  പിടിച്ചു

കുലുക്കുകയാണ്  പ്രൊഫ:   ഡാര്‍‌വിന്‍   എന്ന് , ലേശം പോലും

അതിശയോക്‌തിയില്ലാതെയാണു ഞാന്‍ കുറിക്കുന്നത് . ഇതുപോലെ

അദ്‌ഭുതകരമായ ഊര്‍ജം പ്രസരിപ്പിക്കുന്ന   വേറെ  ഒരു ചരിത്രകാരന്‍

നമുക്കിടയിലുണ്ടെന്നു തോന്നുന്നില്ല . ആ  ഊര്‍ജവും പ്രസരിപ്പും 

നിറഞ്ഞുനില്‍‌‌ക്കുന്ന   33  ലേഖനങ്ങളാണു  310-ഓളം പേജുകളിലായി     

പുതിയ പുസ്‌തകത്തിലുള്ളത് .  ചരിത്രമെഴുത്തിലെ  " ജാതിരഹിത "   

പണ്ഡിതമ്മന്യര്‍  പാടിപ്പതിപ്പിച്ച ഒട്ടുവളരെ  കേരളീയ  കപടതകളെ 

തുറന്നുകാട്ടുന്നുണ്ട് ഇവിടെ .   90-ഓളം പേജിലായി  8  പ്രശസ്‌തര്‍ 

ഗ്രന്ഥകാരന്‍റെ  രചനകളെ ആഴത്തില്‍  വിലയിരുത്തുന്നുണ്ടുമുണ്ട് .